എന്റെ വകയും അഞ്ഞൂറ്!
അനില്‍ പള്ളൂര്‍
ഉമ്മന്‍ചാണ്ടി ഇനിയും കേരളത്തെ ഭരിച്ചാല്‍ നമ്മുടെ നാട് ഇല്ലാതാവുമെന്ന തിരിച്ചറിവിലേക്ക് എത്തുകയാണ് ജനങ്ങള്‍. സോഷ്യല്‍മീഡിയ പോലും ചരിത്രത്തില്‍ ആദ്യമായി അഴിമതിയുടെ അപ്പോസ്തലനായ ഒരു മന്ത്രിക്ക് അഞ്ഞൂറ് രൂപ കോഴ നല്കി, പൊതുജനങ്ങളെ കൊള്ള ചെയ്യല്‍ അവസാനിപ്പിക്കാന്‍ അഭ്യര്‍ഥിക്കുന്ന ക്യാമ്പയില്‍ ആരംഭിച്ചിരിക്കുന്നു. നാടിനെ വെറുതെ വിടുക, ഇതാ എന്റെ വിഹിതം ഒഴിഞ്ഞുപോകൂ... എന്നാണ് സോഷ്യല്‍മീഡിയ മന്ത്രി കെ എം മാണിയോട് പറയുന്നത്. "എന്റെവക 500 രൂപ" എന്ന അഴിമതി വിരുദ്ധ ക്യാമ്പയിനില്‍ സോഷ്യല്‍മീഡിയായില്‍ സജീവമായ കെ പി സി സി പ്രസിഡന്റ് വി എം സുധീരനും യുവ എം എല്‍ എ മാരായ വി ടി ബല്‍റാമും ഷാഫി പറമ്പിലും ഹരിത എം എല്‍ എമാരായി മാധ്യമങ്ങളില്‍ നിറഞ്ഞ, ടി എന്‍ പ്രതാപനും എം വി ശ്രേയാംസ്കുമാറും കെ എം ഷാജിയും പങ്കാളികളാകുമോ? അതോ കോഴപ്പണത്തില്‍ നിന്ന് തങ്ങളുടെ വിഹിതം വാങ്ങി അവരും ഏമ്പക്കം വിടുമോ? കേരളം ഉറ്റുനോക്കുകയാണ്. |
മദ്യനയമെന്നത് തങ്ങളില്‍ കേമത്തമുള്ളവര്ക്ക് കയ്യിട്ടുവാരാനുള്ള ല സ ഗു ആണെന്ന മൂഡധാരണയില്‍ അഭിരമിക്കുകയും അതിനുവേണ്ടി തമ്മില്‍ തല്ലുകയും പൊതുജന മധ്യത്തില്‍ തെറിയഭിഷേകം നടത്തുകയും ചെയ്യുന്ന കൊള്ളസംഘമാണ് ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള യു ഡി എഫ്. കേരളം അത് മനസിലാക്കി കഴിഞ്ഞു. ഈ കൊള്ള സംഘത്തെ പൊതുശല്യമായി പ്രഖ്യാപിക്കേണ്ടതല്ലേ എന്ന ന്യായമായ സംശയമാണ് ഇപ്പോള്‍ കേരളത്തില്‍ ഉയരുന്നത്.
മദ്യനയത്തിന്റെ പുത്തന്‍ വെളിപാടുകള്‍ കേട്ട് ഞെട്ടുന്ന കേരളം, ഈ അഴിമതികള്‍ മൊത്തം മാണിയുടെ മാത്രം തലയില്‍ കെട്ടി വെക്കുന്നതുപോലെയാണ് തോന്നുന്നത്. പക്ഷെ, സപ്തമശ്രീ തസ്കര സംഘത്തിന്റെ തലവന്‍ ഇപ്പോഴും ഉരുണ്ടുകളിക്കുകയും അരിയെത്ര എന്ന ചോദ്യത്തിന് പയര്‍ അഞ്ഞാഴി എന്നുപോലും പറയാതെ, അക്കുത്തിക്കുത്താനവരമ്പത്ത് എന്ന പൊട്ടന് കളി കളിച്ചു കൊണ്ടിരിക്കുകയുമാണ്. സംശയമുള്ളവര്‍ക്ക് രണ്ടുദിവസം മുന്‍പ് ചാനലുകള്‍ സംപ്രേക്ഷണം ചെയ്ത ആര് ബാലകൃഷ്ണപ്പിള്ള - ബിജുരമേഷ് ടെലിഫോണ്‍ സംഭാഷണവും അതിന് ശേഷമുള്ള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പ്രതികരണവും ശ്രദ്ധിക്കാവുന്നതാണ്.
ബിജുരമേഷ് - ആര് ബാലകൃഷ്ണപ്പിള്ള ടെലിഫോണ്‍ സംസാരങ്ങളില്‍ കൃത്യതയോടെ സുവ്യക്തമായി മന്ത്രി കെ എം മാണിയുടെ അഴിമതികള്‍ ഓരോന്നോരോന്നായി പിള്ള പറയുകയാണ്. സ്വര്‍ണ്ണ കടക്കാരില്‍ നിന്നും പത്തൊമ്പത് കോടി, അരികച്ചവടക്കാരില് നിന്നും രണ്ടുകോടി, ബേക്കറി കടക്കാരില്‍ നിന്ന് ഒരു കോടി.... ഞെട്ടിപ്പിക്കുന്നതാണ് വിവരണം. ഈ കാര്യങ്ങളൊക്കെ ഞാന്‍ ഉമ്മന്‍ചാണ്ടിയെ ധരിപ്പിച്ചിരുന്നു. അദ്ദേഹം താടിക്ക് കൈയും കൊടുത്ത് കേട്ടിരുന്നു എന്നാണ് പിള്ള പറയുന്നത്. ഈ ടെലിഫോണ്‍ സംഭാഷണം പുറത്ത് വന്നപ്പോള്‍ ആര് ബാലകൃഷ്ണപ്പിള്ള അത് തന്റെ ശബ്ദമാണ് എന്ന് സമ്മതിച്ചു. സംഭാഷണങ്ങള്‍ പുറത്ത് വന്ന് അഞ്ച്മിനുട്ടാവുമ്പോഴേക്കും മാധ്യമങ്ങള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കണ്ടു. മുഖ്യമന്ത്രിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു : 'ശ്രീ. ആര്. ബാലകൃഷ്ണപിള്ള ധനകാര്യമന്ത്രിക്കെതിരെ എന്നോട് എന്തൊക്കെയോ പറഞ്ഞു എന്ന് കേട്ടു. എന്നോട് അങ്ങനെ ഒരു കാര്യവും പറഞ്ഞിട്ടില്ല. ഈ വിവാദം വന്നതിന് ശേഷം ഞങ്ങള്‍ തമ്മില്‍ കണ്ടിട്ടില്ല. ആകെ കണ്ടത് പെരുന്നയില്‍ സ്റ്റേജില്‍ ഇരിക്കുന്നതാണ്. അന്ന് ഞങ്ങള്‍ പരസ്പരം സംസാരിച്ചിട്ടില്ല. ആരു വിചാരിച്ചാലും യുഡിഎഫ് സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ കഴിയില്ല. വിവാദങ്ങളും ആക്ഷേപങ്ങളും വന്നിട്ടും ഈ സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത് ജനങ്ങളുടെ പിന്തുണ കൊണ്ടാണ്. അതാണ് ഉപതെരഞ്ഞെടുപ്പുകളില്‍ ജയിച്ചത്. അതാണ് പാര്‍ലമെന്റ് ഇലക്ഷനില്‍ ജയിച്ചത്. നിയമസഭയില്‍ നേരിയ ഭൂരിപക്ഷമേ സര്‍ക്കാരിനുള്ളൂ. പക്ഷേ, ആരു വിചാരിച്ചാലും ഈ സര്‍ക്കാരിനെ ഒന്നും ചെയ്യാനാകത്തില്ല'.
ആടിനെ പട്ടി എന്ന് അഭിസംഭോധന ചെയ്തുകൊണ്ട് സ്വതസിദ്ധമായ വിഡ്ഢി ചിരിയോടെ മാധ്യമടെലിവിഷന് ചാനലുകളുടെ മൈക്കുകളെ തട്ടിമാറ്റി നടന്നു നീങ്ങുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കണ്ട് കേരളം മൂക്കത്ത് വിരല്‍ വെക്കുക മാത്രമല്ല, മൂക്ക് പൊത്തുകയാണ് ചെയ്തത്. കാരണം അഴിമതിയുടെ ദുര്‍ഗന്ധത്തില്‍ കുളിച്ചിരിക്കുകയാണ് ഈ സര്‍ക്കാര്‍.
ആദര്ശപുണ്യാളനായി നിലവാരമില്ലാത്ത ബാറുകള്‍ പൂട്ടണമെന്ന നിര്‍ബന്ധവുമായി രംഗപ്രവേശനം ചെയ്ത കെ പി സി സി പ്രസിഡന്റ് തന്നെ തന്റെ തെക്കുവടക്ക് യാത്രയുടെ പേരില്‍ പിരിച്ചതില്‍, എത്ര ലക്ഷമാണ് ബാറുടമകളുടെ കയ്യില്‍ നിന്നും സ്വീകരിച്ചതെന്നതിന്റെ കണക്കുകള്‍ ഇനി വരാനിരിക്കുന്നതേയുള്ളൂ. യാത്രാനന്തരം വീട്ടിലേക്കു മടങ്ങി, അഴിമതിരഹിത മദ്യവിമുക്ത കേരളം സ്വപ്നം കണ്ട് കിടന്ന കെ പി സി സി പ്രസിഡന്റ് വി എം സുധീരന്, ഉറക്കമുണര്ന്നെണീക്കുമ്പോഴേക്കും ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍, മദ്യനയം അട്ടിമറിച്ചുകഴിഞ്ഞിരുന്നു. കെ പി സി സി പ്രസിഡന്റ് വലിയവായില്‍ മാധ്യമങ്ങളെ വിളിച്ചുകൂട്ടി മദ്യനയം അട്ടിമറിച്ച കാര്യം അറിയിച്ചു. ആ പ്രസ്താവന കേട്ട കേരളം വീണ്ടും ഞെട്ടി. മദ്യനയം അട്ടിമറിച്ച യു ഡി എഫ് സര്‍ക്കാര്‍ താങ്കളുടെ പ്രസ്ഥാനം നേതൃത്വം കൊടുക്കുന്നതല്ലേ? കെ പി സി സി പ്രസിഡന്റ് ആയ താങ്കളേക്കാള്‍ ഉപരി യു ഡി എഫ് ഭരണത്തില്‍ സ്വാധീനം ചെലുത്താന്‍ കഴിയുന്ന ബാഹ്യശക്തികള്‍ ആരാണ് മഹാനുഭാവാ എന്ന് കേരളം അത്ഭുതത്തോടെ ചോദിച്ചുപോയി. ഇന്നും അതിനുള്ള ഉത്തരം നല്കാന് വി എം സുധീരന് കഴിഞ്ഞിട്ടില്ല. കെ എം മാണിയുടെ അഴിമതികാണ്ഢം അങ്കങ്ങളേറെ കഴിഞ്ഞ് മുന്നേറുമ്പോഴും വി എം സുധീരന് പുട്ടുവിഴുങ്ങി ഇരുപ്പാണ്. ഒച്ചയുംഓശയുമില്ല.
ഇതിനിടയില്‍ പലരും വിട്ടുപോയ ഒരു പശ്ചാത്തലമുണ്ട്. അത്, നിലവാരമില്ലാത്ത ബാറുകള്‍ എന്ന തലക്കെട്ട് മാറി നാനൂറ്റി പതിനേഴ് ബാറുകള്‍ എന്ന തലക്കെട്ടിലേക്ക് കാര്യങ്ങള്‍ വന്നതാണ്. സുധീരന്റെ ആദര്‍ശ യുദ്ധത്തിനിടയില്‍ 'എല്ലാ ബാര്‍ഹോട്ടലുകളും തുറന്നുതരുന്ന കാര്യം താന്‍ ഏറ്റുവെന്ന്'' മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉറപ്പുതന്ന കാര്യം കോട്ടയം അര്‍ക്കാഡിയാ ഹോട്ടല്‍ ഉടമ വെളിപ്പെടുത്തിയത് അധികമാരും ശ്രദ്ധിക്കാതെ പോയ കാര്യമാണ്. അപ്പോള്‍, മാണി വാങ്ങിയ കോഴ മാത്രമല്ല പ്രശ്നം. കോഴ മുതലിന്റെ അളവിലും അതിന്റെ വീതം വെയ്പ്പിലെ സങ്കീര്‍ണതകളിലും, തര്‍ക്കം തീരാതെ വന്നപ്പോഴാണ് പലപ്പോഴും യു ഡി എഫ് കോണ്‍ഗ്രസ് നേതൃയോഗങ്ങള്‍ അലസി പിരിഞ്ഞത്. ഒടുവില്‍ കോണ്‍ഗ്രസ് മീറ്റിങ്ങില്‍ സാക്ഷാല്‍ എ കെ ആന്റണി പറഞ്ഞത് അത്ഭുതകരമായ ഐക്യത്തോടെയാണ് മദ്യവിവാദം കേരള നേതൃത്വം അവസാനിപ്പിച്ചത് എന്നാണ്. അതാണ് കോണ്‍ഗ്രസിന്റെ അവസനാ വാക്ക്. എ കെ ആന്റണി കേരളത്തിലെ യു ഡി എഫ് അഴിമതിയുടെ ഡ്രയിനേജില്‍ മുങ്ങി താഴുമ്പോള്‍ സര്‍ക്കാരിന്റെ തലക്ക് മുകളിലുള്ള കാക്ക കാഷ്ടം തൂത്തുകളയുകയാണ്. മാണിയുടെ കോഴയെ പറ്റി ആന്റണി മിണ്ടാത്തത് ഉമ്മന്‍ചാണ്ടിയെ ഭയന്ന് മാത്രമാണ്.
എന്നാല്‍, ബിജുരമേഷ് - ആര് ബാലകൃഷ്ണപ്പിള്ള ടെലിഫോണ്‍ സംഭാഷണവും ബിജുരമേഷ് - പി സി ജോര്‍ജ്ജ് സംഭാഷണവും പുറത്ത് വന്നതോടുകൂടി പിസി ജോര്‍ജ്ജ് എന്ന മൂന്നു മുഖമുള്ള മനുഷ്യന്റെ തനി സ്വഭാവം, കേരള കോണ്‍ഗ്രസുകാര്‍ കൂടുതല്‍ മനസിലാക്കി. തന്റെ മുഖംമൂടി പിച്ചിചീന്തിയ ബിജുരമേഷിനോടുള്ള അരിശം തീര്‍ക്കാന്‍, ചാനലുകളില്‍ കയറിയിരുന്ന് ബിജുരമേഷിനെ മാനസിക രോഗിയെന്നും മറ്റും അധിക്ഷേപിച്ച്, അദ്ദേഹത്തിന്റെ മരിച്ചുപോയ തന്തയ്ക്ക് വിളിക്കുമ്പോള്‍ ചിലര്‍ക്ക് ഇതില്‍ അസ്വാഭാവികതയൊന്നും തോന്നുന്നില്ല. ജോര്‍ജ്ജിന്റെ സ്വാഭാവികപ്രതികരണമാണെന്നാണ് പലരും വിലയിരുത്തുന്നത്. ഈ സംഭാഷണങ്ങള്‍ പുറത്തുവിടാന്‍ ബിസിനസുകാരനായ ബിജുരമേഷിന് ആരോധൈര്യം പകര്‍ന്നിട്ടുണ്ട്. ബിജുരമേഷിന്റെ പുറകില്‍ കുറുക്കന്റെ കൗശലവുമായി നില്ക്കുന്ന മുഖം ഉമ്മന്‍ചാണ്ടിയുടേതാണോ എന്ന സംശയം ഇപ്പോഴും പലര്‍ക്കുമുണ്ട്. ഇത്തരം നാറിയ കളികളുടെ ചരിത്രമാണ് ഉമ്മന്‍ചാണ്ടിയുടെ രാഷ്ട്രീയ ജീവിതം. ഇത്തരം കളികളില്‍ താന്‍ മിടുക്കനാണെന്ന് അദ്ദേഹം പല തവണ തെളിയിച്ചിട്ടുമുണ്ട്.
ബാറുടമകള്‍ തങ്ങളുടെ ബിസിനസിന് മേല്‍ക്കൈയുണ്ടാക്കാനാണ് മന്ത്രിമാര്‍ക്ക് കോഴ കൊടുത്തത്. അഴിമതി നിരോധന നിയമ പ്രകാരം കോഴ വാങ്ങുന്നതും കൊടുക്കുന്നതും കുറ്റമാണ്. അങ്ങിനെയെങ്കില്‍ ബിജുരമേഷും പ്രതിയാണ്. കോഴ കൊടുത്തതിന്റെ വിശദാംശങ്ങള്‍ അദ്ദേഹം തുറന്നുപറയുന്നുണ്ട്. കാശുകൊടുത്തിട്ടും തങ്ങള്‍ക്ക് ഹിതകരമായ കാര്യങ്ങള്‍ നടക്കാത്തത് കൊണ്ടാണ് ബിജുരമേഷും ബാറുടമകളും മാണിക്കെതിരെ തിരിഞ്ഞത്. മാണിയെ പ്രതിക്കൂട്ടിലാക്കി, അദ്ദേഹത്തെ കൂടാതെ വേറെയും മന്ത്രിമാര്‍ കാശ് വാങ്ങിച്ചിട്ടുണ്ട് എന്ന് പ്രസ്താവന ഇറക്കിയ ബിജുരമേഷ്, എഡിറ്റ് ചെയ്ത് മാധ്യമങ്ങള്‍ക്ക് നല്കിയ സി ഡി യിയ്ക്കകത്ത് മറ്റ് മന്ത്രിമാരുടെ പേര് വരാതിരിക്കാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. ആ മന്ത്രിമാര്‍ കോണ്‍ഗ്രസ് മന്ത്രിമാരായ, എക്സൈസ് മന്ത്രി കെ ബാബു അടക്കമുള്ളവരാണെന്ന് അരിയാഹാരം കഴിക്കുന്ന ആര്‍ക്കും മനസിലാവും. കോണ്‍ഗ3സ് മന്ത്രിമാരെ സ്പര്‍ശിക്കാതെ ഈ തിരക്കഥ തയ്യാറാക്കിയ ചാണക്യബുദ്ധിയെയാണ് കേരളം തേടുന്നത്.
ബാര്‍ ഉടമകളില്‍നിന്ന് പണം വാങ്ങിയ എല്ലാവരും പ്രതിപ്പട്ടികയില്‍ വരണം. പ്രഥമ വിവര റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ച് കോടതിയുടെ മേല്‍നോട്ടത്തിലാകണം അന്വേഷണം നടത്തേണ്ടത്. കല്‍ക്കരിപ്പാടം, ടു ജി സ്പെക്ട്രം അഴിമതിക്കേസുകളില്‍ സുപ്രീംകോടതിയുടെ മേല്നോട്ടമുണ്ടായതിനാലാണ് 'കൂട്ടിലടയ്ക്കപ്പെട്ട തത്ത'യെന്ന് വിളിപ്പേരുള്ള സിബിഐക്ക് തങ്ങളുടെ രാഷ്ട്രീയ യജമാനന്മാരുടെ ഇംഗിതത്തിനൊത്ത് തുള്ളാന്‍ സാധിക്കാതെ വന്നത്. അന്വേഷണ ഏജന്‍സി ഏത് എന്നതിനേക്കാളുപരി കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളുടെ സ്വാധീനത്തില്‍നിന്ന് വിമുക്തമായ, സ്വതന്ത്രവും സമഗ്രവുമായ അന്വേഷണം കോടതിയുടെ മേല്‍നോട്ടത്തില്‍ നടന്നാല്‍ മാത്രമേ കുറ്റവാളികള്‍ നിയമത്തിന് മുന്നില്‍ എത്തുകയുള്ളു.
ഉമ്മന്‍ചാണ്ടിയാണ് ഈ ആരോപണത്തിന് പിന്നിലുള്ളതെന്ന സംശയമാണ് കേരളാ കോണ്‍ഗ്രസ്സ് ഉന്നയിച്ചിരിക്കുന്നത്. യുഡിഎഫില്‍ വളര്‍ന്നുവരുന്ന അവിശ്വാസത്തിന്റെ ബഹിര്‍സ്ഫുരണമാണ് കോഴ ആരോപണത്തിലൂടെ പുറത്തുവന്നതെന്ന് രാഷ്ട്രീയ നിരീക്ഷകരും കരുതുന്നു. വലതുമുന്നണിയുടെ അഭേദ്യഭാഗമായ കെ എം മാണിക്കെതിരെ ഉയര്‍ന്ന ആരോപണത്തെ, മലയാള മനോരമ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ്സ് അനുകൂല മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത രീതിയില്‍നിന്ന്, ഇക്കാര്യത്തിലുള്ള ഉമ്മന്‍ചാണ്ടിയുടെ പങ്ക് വായിച്ചെടുക്കാന്‍ സാധിക്കുമെന്ന് ചില രാഷ്ട്രീയ നിരീക്ഷകര്‍ സ്ഥാപിക്കുന്നു. ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള ഗവണ്മെന്റിനെ സംബന്ധിച്ച പല അജ്ഞാത രഹസ്യങ്ങളുടെയും നിലവറയായ, നെയ്യാറ്റിന്‍കര എം എല്‍ എയെ കൂടാതെ ആര് എസ് പിയുടെ രണ്ട് എം എല്‍ എ മാരെ കൂടി വലത് ക്യാമ്പില്‍ എത്തിച്ച പി സി ജോര്‍ജ്ജിനെ വരെ നിശബ്ധനാക്കാന്‍ ബിജുരമേഷ് - പി സി ജോര്‍ജ്ജ് സംഭാഷണത്തിന് കഴിയും. താന്‍ കേരള കോണ്‍ഗ്രസിന്റെ വര്‍ക്കിംഗ് ചെയര്മാന് ആയതുകൊണ്ട് കെ എം മാണിയെ പൊതുവേദിയില്‍ പിന്തുണക്കാതിരിക്കാന്‍ കഴിയില്ല എന്ന ജോര്‍ജ്ജിന്റെ പ്രസ്താവ്യം കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ ജോര്‍ജ്ജിന്റെ തനി സ്വരൂപം വെളിപ്പെടുത്തുന്നുണ്ട്. അതിന്റെ ജാള്യത മറക്കാന്‍ വേണ്ടി ചാനല്‍ വഴി തെറി അഭിഷേകം നടത്തിയ പി സി ജോര്‍ജ്ജിനെ, ബ്ലാക്ക് മെയില്‍ കേസിലെ പ്രതി ബിന്ദ്യയുമായി ബന്ധിപ്പിക്കുന്ന വിധത്തില്‍ കാര്യങ്ങള്‍ കൊണ്ട് വന്നുനിര്ത്തിയതിലൂടെ ഈ വിവാദം, ഉമ്മന്‍ ചാണ്ടി മന്ത്രിസഭയെ തകര്‍ക്കാനുള്ള സകല സാധ്യതയും തുറന്നു വെച്ചിരിക്കുകയാണ്.
കേരളത്തിന്റെ ചരിത്രത്തില്‍ ഇന്നുവരെയില്ലാത്ത വിധത്തില്‍, കോഴയില്‍ മുങ്ങിക്കുളിച്ചുപോയ യു ഡി എഫ് സര്‍ക്കാരിനെതിരെ കേരളത്തിന്റെ മനസാക്ഷി ഉണര്‍ന്നിരിക്കുകയാണ്. കോഴമന്ത്രി കെ എം മാണിയുടെ രാജിയും രാഷ്ട്രീയ വനവാസവുമാണ് കേരളം ആഗ്രഹിക്കുന്നത്. ഇതിന്റെയെല്ലാം പിറകില്‍ നിന്ന് ചരട് വലിക്കുന്ന ഉമ്മന്‍ചാണ്ടി ഇനിയും കേരളത്തെ ഭരിച്ചാല്‍ നമ്മുടെ നാട് ഇല്ലാതാവുമെന്ന തിരിച്ചറിവിലേക്ക് എത്തുകയാണ് ജനങ്ങള്‍. സോഷ്യല്‍മീഡിയ പോലും ചരിത്രത്തില്‍ ആദ്യമായി അഴിമതിയുടെ അപ്പോസ്തലനായ ഒരു മന്ത്രിക്ക് അഞ്ഞൂറ് രൂപ കോഴ നല്കി, പൊതുജനങ്ങളെ കൊള്ള ചെയ്യല്‍ അവസാനിപ്പിക്കാന്‍ അഭ്യര്‍ഥിക്കുന്ന ക്യാമ്പയില്‍ ആരംഭിച്ചിരിക്കുന്നു. നാടിനെ വെറുതെ വിടുക, ഇതാ എന്റെ വിഹിതം ഒഴിഞ്ഞുപോകൂ... എന്നാണ് സോഷ്യല്‍മീഡിയ മന്ത്രി കെ എം മാണിയോട് പറയുന്നത്. "എന്റെവക 500 രൂപ" എന്ന അഴിമതി വിരുദ്ധ ക്യാമ്പയിനില്‍ സോഷ്യല്‍മീഡിയായില്‍ സജീവമായ കെ പി സി സി പ്രസിഡന്റ് വി എം സുധീരനും യുവ എം എല്‍ എ മാരായ വി ടി ബല്‍റാമും ഷാഫി പറമ്പിലും ഹരിത എം എല്‍ എമാരായി മാധ്യമങ്ങളില്‍ നിറഞ്ഞ, ടി എന്‍ പ്രതാപനും എം വി ശ്രേയാംസ്കുമാറും കെ എം ഷാജിയും പങ്കാളികളാകുമോ? അതോ കോഴപ്പണത്തില്‍ നിന്ന് തങ്ങളുടെ വിഹിതം വാങ്ങി അവരും ഏമ്പക്കം വിടുമോ? കേരളം ഉറ്റുനോക്കുകയാണ്.
21-Jan-2015
പ്രീജിത്ത് രാജ്
ആനാവൂര്‍ നാഗപ്പന്
എം വി ഗോവിന്ദന്‍മാസ്റ്റര്‍
വിനീത മോഹൻ
ആർ.കെ. ബേബി