ഡല്‍ഹി ഫാസിസ്റ്റുകളെ തൂത്തെറിഞ്ഞു

ജനങ്ങള്‍ സമ്മാനിച്ച വിജയം ബിജെപിയുടെ വര്‍ഗീയ- ഉദാരവല്‍ക്കരണ നയങ്ങള്‍ക്കെതിരായുള്ള ജനവികാരത്തിന്റെ ഭാഗമാണ് എന്നത് ആം ആദ്മി പാര്‍ട്ടി മറന്നുപോകാന്‍ പാടില്ല. നരേന്ദ്രമോഡിയുടെ സാമ്രാജ്യത്വ വിധേയത്വവും ഹിന്ദു വര്‍ഗീയതയെ മുന്നില്‍ നിര്‍ത്തിയുള്ള കുത്സിത ശ്രമങ്ങളും ജനങ്ങള്‍ക്ക് സഹിക്കാവുന്നതിനപ്പുറത്തേക്ക് പോയി. കെജ്രിവാളിന്റെ നേതൃത്വത്തില്‍ നിലവില്‍ വരുന്ന ആം ആദ്മി സര്‍ക്കാര്‍ സ്വീകരിക്കുന്ന രാഷ്ട്രീയ-സാമ്പത്തിക നയങ്ങള്‍ എന്തായിരിക്കും എന്നതാണ് രാജ്യം ഉറ്റുനോക്കുന്നത്. ശക്തമായ ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ അഭാവത്തിലാണ് ബിജെപിക്കും കോണ്‍ഗ്രസിനും എതിരെ ചിന്തിക്കുന്ന ജനങ്ങള്‍ ആം ആദ്മിക്ക് പിന്നില്‍ അണിനിരന്നിട്ടുള്ളത്. ബിജെപി മുന്നോട്ട് വെക്കുന്ന വര്‍ഗീയ ഫാസിസത്തിനെതിരെ ഉദാരവത്കരണ-ആഗോളവത്കരണ പ്രേമികളായ കോണ്‍ഗ്രസ് ഇതര മതേതരജനാധിപത്യ കക്ഷികള്‍ക്ക് ബദല്‍ സൃഷ്ടിക്കാന്‍ കഴിയും എന്ന പ്രത്യാശയാണ് ഡല്‍ഹിയില്‍ സാര്‍ത്ഥകമായിരിക്കുന്നത്.

വെറും എട്ട് മാസം കൊണ്ട് നരേന്ദ്രമോഡിയെ തിരിച്ചറിഞ്ഞ ജനങ്ങള്‍ അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ബി ജെ പിയെ പുറംകാലുകൊണ്ട് തൂത്തെറിഞ്ഞു. ബി ജെ പിക്ക് വേണ്ടി വാഴ്ത്തുപാട്ടുപാടിയവര്‍ ഇപ്പോള്‍ മിണ്ടുന്നില്ല. ഡല്‍ഹിയില്‍ പ്രതിപക്ഷമാകാനുള്ള യോഗ്യതപോലും ലഭിക്കാതെയാണ് ബി ജെ പി തകര്‍ന്നുപോയത്. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിലും അതിന് മുന്നേ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലും മോഡിയുടെ പ്രഭാവത്തില്‍ മസില്‍ പെരുപ്പിച്ച് കാണിച്ച ബി ജെ പിക്കാണ് നാളേറെ കഴിയും മുന്‍പ് ഈ വീഴ്ചയുണ്ടായത്. നരേന്ദ്രമോഡിയുടെ വ്യക്തി പ്രഭാവം പണ്ടേ പോലെ ഫലിക്കുന്നില്ല എന്നാണ് ഡല്‍ഹി തെരഞ്ഞെടുപ്പ് ഫലം വിളിച്ചു പറയുന്നത്.

ഒബാമ സന്ദര്‍ശനം സ്വച്ച്ഭാരത് തുടങ്ങി മോഡിയുടെ ഭരണത്തെ കുറിച്ചുള്ള ഗീര്‍വാണങ്ങള്‍ക്ക് ജനങ്ങള്‍ കൊടുത്ത വിലയാണ് ഈ തെരഞ്ഞെടുപ്പ് ഫലം. കോടികള്‍ മുടക്കിയുള്ള റാലിയിലൂടെയല്ല ജനഹൃദയങ്ങളിലേക്ക് പ്രവേശിക്കാനുള്ളത് എന്ന വിളിച്ചുപറയല്‍. ഗാന്ധി സ്മൃതി ദിനത്തില്‍ ഒരു ചൂലുമായി കാണിച്ച സ്വച്ഛ്ഭാരത് നാടകമല്ല നാടിന് വേണ്ടതെന്ന തിരിച്ചറിവ്. ഡല്‍ഹിയില്‍ കേന്ദ്രീകരിച്ച് അമിത് ഷാ പുറത്തെടുത്ത വര്‍ഗീയ കാര്‍ഡുകളും വിലപോയില്ല. വര്‍ഗീയ കലാപങ്ങളിലൂടെ തീവ്ര ഹിന്ദുവികാരം ഉയര്‍ത്തിവിടാന്‍ ശ്രമിച്ച ബി ജെ പിക്ക് മതനിരപേക്ഷത ഉയര്‍ത്തിപ്പിടിച്ചുകൊണ്ടാണ് ഡല്‍ഹിവാസികള്‍ മറുപടി കൊടുത്തത്. ദീപാവലി ദിനത്തില്‍ സംഘപരിവാര്‍ സംഘടനകള്‍ വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്ക് തുടക്കമിട്ട ത്രിലോക്പുരിയില്‍ പതിനയ്യായിരത്തോളം വോട്ടുകള്‍ക്കാണ് ബിജെപി പരാജയപ്പെട്ടത്. ക്രിസ്ത്യന്‍ പള്ളികള്‍ക്കെതിരായി ആക്രമങ്ങള്‍ സംഘടിപ്പിച്ച് ഹിന്ദുവിനെ ഉണര്‍ത്താമെന്ന അമിത് ഷായുടെ കണക്ക് കൂട്ടലുകള്‍ അമിട്ടുകള്‍ പോലെ പൊട്ടിയമര്‍ന്നു. ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് വര്‍ഗീയവാദികളെ തിരിച്ചറിയാന്‍ സാധിച്ചു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കേവലഭൂരിപക്ഷത്തിലെത്തിയില്ലെങ്കിലും കൂടുതല്‍ സീറ്റ് നേടിയ ഒറ്റക്കക്ഷിയെന്ന സ്ഥാനം ബിജെപിക്കാണ് ലഭിച്ചത്. എഴുപതില്‍ 32 സീറ്റ് ലഭിച്ചു. കേവലഭൂരിപക്ഷമില്ലാത്തതിനാല്‍ ഭരണത്തില്‍നിന്ന് മാറിനിന്ന ബിജെപി, ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തരംഗത്തില്‍ ഏഴുസീറ്റുകള്‍ നേടി വെന്നിക്കൊടി പാറിച്ചു. കോടികള്‍ ചെലവാക്കി മോഡിയെ അമാനുഷകനാക്കി കാണിച്ച കോര്‍പ്പറേറ്റ് തന്ത്രങ്ങളില്‍ വീണുപോയ ഡല്‍ഹി ജനത വെറും എട്ടുമാസം കൊണ്ട് പകരംവീട്ടി. ജയിക്കണമെന്നുറപ്പിച്ചാണ് ബി ജെ പി കിരണ്‍ ബേദിയെ തങ്ങളുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കി ഗോദയിലിറക്കിയത്. അന്ന് തുടങ്ങിയതാണ് ഡല്‍ഹി ബി ജെ പിക്കകത്ത് കലാപവും. പക്ഷെ, ആ അസ്വാരസ്യങ്ങളെ മോഡിയുടെ 'ഇമേജു'കൊണ്ട് മറികടക്കാമെന്ന് ബി ജെ പി പ്രതീക്ഷിച്ചു. പക്ഷെ ഡല്‍ഹി സംസ്ഥാന ഘടകം പോലും മോഡിയെ അംഗീകരിച്ചില്ല എന്നാണ് തെരഞ്ഞെടുപ്പ് ഫലം പറയുന്നത്. നരേന്ദ്രമോഡിയുടെയും അമിത്ഷായുടെയും നോമിനിയായ കിരണ്‍ ബേദിയെ അംഗീകരിക്കാന്‍ പോലും അവര്‍ തയ്യാറായില്ല. ആര്‍ എസ് എസ് നേതൃത്വം അഡ്വാനിയെ മുന്നില്‍ നിര്‍ത്തി ശക്തമായ ഇടപെടലുകള്‍ നടത്തിയപ്പോഴാണ് സംസ്ഥാന ബി ജെ പി ഘടകത്തിന്റെ എതിര്‍പ്പുകള്‍ പുറമേക്ക് എങ്കിലും അടങ്ങിയത്. ബിജെപിയുടെ നില പരുങ്ങലിലാണെന്ന് ആര്‍എസ്എസിന്റെ മുഖപത്രം നേരത്തെതന്നെ വിലയിരുത്തിയിരുന്നു.

കോണ്‍ഗ്രസിനും ഈ വിധി തിരിച്ചടിയായി മാറി. ഒരു സീറ്റുപോലും ലഭിച്ചില്ല. അഴിമതികള്‍ക്ക് മാപ്പില്ല എന്നാണ് കോണ്‍ഗ്രസിനോട് ഡല്‍ഹിയിലെ ജനങ്ങള്‍ വിളിച്ചു പറയുന്നത്. ബിജെപിക്ക് പ്രതിപക്ഷത്തിരിക്കാന്‍ പോലും യോഗ്യതയില്ലാതായിരിക്കുന്നു എന്നതും എടുത്ത് പറയേണ്ട കാര്യമാണ്. പത്തിലൊന്ന് സീറ്റുകള്‍ നേടിയാലേ പ്രതിപക്ഷ നേതൃസ്ഥാനം ലഭിക്കൂകയുള്ളു. ഡല്‍ഹിയിലെ ഭൂരിപക്ഷത്തിന്റെ പിന്തുണ നേടാനായെന്നതാണ് അരവിന്ദ് കെജ്രിവാളിനും എഎപിക്കും ഗുണകരമായത്. 2013 ഡിസംബറില്‍ നടന്ന തെരഞ്ഞെടുപ്പിലാണ് 15 വര്‍ഷത്തെ കോണ്‍ഗ്രസിന്റെ അധികാരക്കുത്തക തകര്‍ത്ത്‌, ഒരു വര്‍ഷം മുമ്പ് മാത്രം രൂപീകരിച്ച ആം ആദ്മി പാര്‍ടി ഡല്‍ഹിയില്‍ അധികാരത്തിലെത്തിയത്. 70 അംഗ നിയമസഭയില്‍ കേവലഭൂരിപക്ഷമില്ലാത്തതിനാല്‍ 32 സീറ്റ് നേടിയ ബിജെപി മന്ത്രിസഭാ രൂപീകരണത്തില്‍ നിന്ന് പിന്‍മാറിയതോടെയാണ് 28 സീറ്റ് നേടിയ എഎപി ഭരണത്തിലെത്തുന്നത്. എട്ടുസീറ്റ് നേടിയ കോണ്‍ഗ്രസും ഓരോ സീറ്റ് വീതമുള്ള ജെഡിയുവും സ്വതന്ത്രനും അന്നവരെ പിന്തുണച്ചു. അഴിമതിക്കെതിരായ ജന്‍ലോക്പാല്‍ ബില്‍ നിയമസഭയില്‍ അവതരിപ്പിക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെ 48 ദിവസം മാത്രം പ്രായമുള്ള അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ രാജിവെക്കുകയായിരുന്നു.

കോണ്‍ഗ്രസും ബിജെപിയും ശക്തമായ നിലപാടെടുത്തതോടെയാണ് ബില്‍ അവതരിപ്പിക്കാനാവാതിരുന്നത്. നിയമസഭ പിരിച്ചുവിടണമെന്ന് മന്ത്രിസഭ തീരുമാനിച്ചെങ്കിലും ഗവര്‍ണര്‍ രാഷ്ട്രപതി ഭരണത്തിന് ശുപാര്‍ശ ചെയ്യുകയായിരുന്നു. കേന്ദ്രസര്‍ക്കാര്‍ ഇതിന് അംഗീകാരം നല്‍കിയതോടെ ഡല്‍ഹിയില്‍ ഒരു വര്‍ഷമായി രാഷ്പ്രതി ഭരണമായിരുന്നു. ഇപ്പോള്‍ വീണ്ടും ആം ആദ്മി പാര്‍ട്ടി ഗംഭീര വിജയം നേടി ജനങ്ങളുടെ സ്വന്തമാണ് തങ്ങളെന്ന് തെളിയിച്ചിരിക്കുന്നു. ഫലങ്ങള്‍ പുറത്തുവന്നപ്പോള്‍ കെജ്രിവാള്‍ പറഞ്ഞത്, വമ്പന്‍ വിജയം ഉത്തരവാദിത്തങ്ങള്‍ വര്‍ധിപ്പിക്കുന്നു എന്നാണ്. നരേന്ദ്രമോഡിയെ പോലെ ഗിമ്മിക്കുകളില്‍ അഭിരമിക്കാതെ ജനപക്ഷത്ത് നിന്ന് മുന്നോട്ടുപോകാനാണ് കെജ്രിവാള്‍ സര്‍ക്കാര്‍ ശ്രമിക്കേണ്ടത്. മൃഗീയ ഭൂരിപക്ഷം ഏറെ സ്വപ്‌നങ്ങള്‍ കാണാനും അവ ജനങ്ങളിലേക്കെത്തിക്കാനുമുള്ള സാധ്യതകള്‍ തുറന്നിടുന്നുണ്ട്.

തങ്ങള്‍ക്ക് ജനങ്ങള്‍ സമ്മാനിച്ച വിജയം ബിജെപിയുടെ വര്‍ഗീയ- ഉദാരവല്‍ക്കരണ നയങ്ങള്‍ക്കെതിരായുള്ള ജനവികാരത്തിന്റെ ഭാഗമാണ് എന്നത് ആം ആദ്മി പാര്‍ട്ടി മറന്നുപോകാന്‍ പാടില്ല. നരേന്ദ്രമോഡിയുടെ സാമ്രാജ്യത്വ വിധേയത്വവും ഹിന്ദു വര്‍ഗീയതയെ മുന്നില്‍ നിര്‍ത്തിയുള്ള കുത്സിത ശ്രമങ്ങളും ജനങ്ങള്‍ക്ക് സഹിക്കാവുന്നതിനപ്പുറത്തേക്ക് പോയി. കെജ്രിവാളിന്റെ നേതൃത്വത്തില്‍ നിലവില്‍ വരുന്ന ആം ആദ്മി സര്‍ക്കാര്‍ സ്വീകരിക്കുന്ന രാഷ്ട്രീയ-സാമ്പത്തിക നയങ്ങള്‍ എന്തായിരിക്കും എന്നതാണ് രാജ്യം ഉറ്റുനോക്കുന്നത്. ശക്തമായ ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ അഭാവത്തിലാണ് ബിജെപിക്കും കോണ്‍ഗ്രസിനും എതിരെ ചിന്തിക്കുന്ന ജനങ്ങള്‍ ആം ആദ്മിക്ക് പിന്നില്‍ അണിനിരന്നിട്ടുള്ളത്. ബിജെപി മുന്നോട്ട് വെക്കുന്ന വര്‍ഗീയ ഫാസിസത്തിനെതിരെ ഉദാരവത്കരണ-ആഗോളവത്കരണ പ്രേമികളായ കോണ്‍ഗ്രസ് ഇതര മതേതരജനാധിപത്യ കക്ഷികള്‍ക്ക് ബദല്‍ സൃഷ്ടിക്കാന്‍ കഴിയും എന്ന പ്രത്യാശയാണ് ഡല്‍ഹിയില്‍ സാര്‍ത്ഥകമായിരിക്കുന്നത്.

നരേന്ദ്രമോഡിയുടെയും അമിത് ഷായുടെയും നേതൃത്വത്തില്‍ ആര്‍ എസ് എസ് നേതൃത്വത്തിലുള്ള സംഘപരിവാരം ഇനി വെറുതെയിരിക്കുമെന്ന് കരുതരുത്. തങ്ങളുടെ ഗിമ്മിക്കുകള്‍ പരാജിതമാവുന്നിടത്ത് അവര്‍ തീവ്രമായ വര്‍ഗീയത പുറത്തെടുക്കും ഗുജറാത്ത് വംശഹത്യപോലുള്ള ഫാസിസ്റ്റ് പ്രയോഗങ്ങള്‍ ഉണ്ടാവും. ഡല്‍ഹിയില്‍ നിന്നുള്ള ഫാസിസ്റ്റ് വിരുദ്ധ ജനവിധി സന്തോഷം സമ്മാനിക്കുന്നതിനൊപ്പം ജാഗ്രത ആവശ്യപ്പെടുന്നുമുണ്ട്.

10-Feb-2015