ആര്‍ത്തവരാഷ്ട്രീയത്തിന്റെ വര്‍ത്തമാനം

ചിന്തിയ ചോരയുടെ ചരിത്രം രാഷ്ട്രീയമായി പുനര്‍വ്യാഖ്യാനിക്കാനും എണ്ണിപ്പറയാനുമുള്ള ആവേശം രാഷ്ട്രീയക്കാരില്‍ വിശിഷ്യ ഇടതുപക്ഷത്തില്‍ നമുക്ക് കാണാന്‍ സാധിക്കും. ഈ പ്രതീകാത്മകതയുടെ വേരുകള്‍ ആണ്‍കോയ്മയില്‍ ഊന്നിയുള്ള രാഷ്ട്രീയവും ശാരീരികവുമായ വൈകാരിക പ്രശ്‌നവത്കരണത്തിലൂന്നിയുള്ളവയാണ്. രക്തസാക്ഷികളുടെ ചോരയില്‍ നിന്ന് വളര്‍ന്ന പാര്‍ട്ടികളുള്ള നാട്ടില്‍, സ്ത്രീകളുടെ ശരീര ഘടികാരത്തിന്റെ ഭാഗമായ ആര്‍ത്തവ രക്തത്തെ ചുറ്റിപറ്റിയുള്ള ചരിത്രപരമായ പിന്തുടരലുകളെ മറികടക്കാന്‍ കാര്യമായ ശ്രമമുണ്ടായിട്ടില്ല. മറ്റേത് ദേശത്തേതുപോലെതന്നെയായിരുന്നു നവോത്ഥാന പ്രസ്ഥാനം ഉഴുതുമറിച്ചു എന്ന് പറയപ്പെടുന്ന കേരളത്തിലെയും സ്ത്രീയവസ്ഥ. ഋതുമതികളായാലുടന്‍ പെണ്‍കുട്ടികളെ സ്വന്തം കുടുംബത്തിന്റെ നേതൃത്വത്തിലുള്ള സന്‍മാര്‍ഗ-സദാചാര അവബോധസംഘം കയ്യോടെ പിടികൂടി പൊതു സമൂഹത്തില്‍ ഒരു സ്ത്രീ അനുഷ്ഠിക്കേണ്ട അഥവാ പ്രദര്‍ശിപ്പിക്കേണ്ട നിയമങ്ങളെ കുറിച്ച് ബോധവത്കരിക്കുകയും സ്വന്തം സ്തനം, നിതംബം തുടങ്ങിയവ പൊതുസമൂഹം 'കാണാതെ' ഒളിപ്പിക്കേണ്ട ആവശ്യകത, ഇലമുള്ള് സിദ്ധാന്തത്തിലൂന്നിയുള്ള ബോധവത്കരണങ്ങള്‍, ഉപദേശങ്ങള്‍ തുടങ്ങിയവ അടിച്ചേല്‍പ്പിക്കുകയും ചെയ്യും. സ്തനങ്ങളെ ഒളിപ്പിച്ചുകൊണ്ട് കൂനി നടക്കുന്ന 'പോസ്റ്റുറര്‍ ഡിഫക്ട്' പല സ്ത്രീകള്‍ക്കും പേറേണ്ടി വരുന്നത് മേല്‍പ്പറഞ്ഞ അടിച്ചേല്‍പ്പിക്കലിന്റെ ബാക്കിപത്രമായാണ്. ആര്‍ത്തവത്തിന് മുമ്പെ തന്നെ സ്ത്രീ-പുരുഷ വേര്‍തിരിവുകള്‍ ഒരു പെണ്‍കുട്ടിയുടെ ജീവിതത്തിലേക്ക് ബലമായി സ്ഥാപിച്ചെടുക്കുന്നതിന്റെ ഫലമായി സ്വന്തം ശരീരത്തിലെ വ്യതിയാനങ്ങളെ പറ്റി ലജ്ജിക്കുകയും ജൈവശാസ്ത്രപരമായ മാറ്റങ്ങളെയും പ്രക്രിയകളെയും തെല്ലൊരവജ്ഞയോടെ നോക്കിക്കാണുകയും ചെയ്യാന്‍ ജാതി-മത ഭേദമന്യേ സ്ത്രീകള്‍ നിര്‍ബന്ധിതരാകുകയാണ്.

സ്ത്രീക്ക് ആര്‍ത്തവം ഒരനുഭവമാണ്. പലപ്പോഴും പുറത്തുപറയാനാവാത്ത, വിശദീകരിക്കാന്‍ പറ്റാത്ത, വ്യാഖ്യാനിക്കാന്‍ ബുദ്ധിമുട്ടുള്ള ഒരവസ്ഥ. സ്ത്രീകള്‍ മാത്രം അനുഭവിക്കുന്ന ശാരീരികവും മാനസികവുമായ വ്യതിയാനമായതിനാലാവണം ഈയൊരവസ്ഥയെപറ്റി ഭ്രഷ്ടിന്റെ പശ്ചാത്തലത്തിലല്ലാതെ അധികമാരും വാചാലരാകാത്തത്. അതൊരു നിശബ്ദത തന്നെയാണ്. അത് കാരണമാവണം ആര്‍ത്തവത്തെ പറ്റി പറയാനും ചിന്തിക്കാനും പലരും അറക്കുന്നത്. ചര്‍ച്ച ചെയ്യാന്‍ പോലും വിരസത കാട്ടുന്നത്.

ഈയടുത്ത കാലത്ത് കൊച്ചിയില്‍, അസ്മ റബ്ബര്‍ പ്രോഡക്ട്‌സ് എന്ന സ്ഥാപനത്തില്‍ ടോയ്‌ലറ്റ് ബ്ലോക്കായപ്പോള്‍ അത് സാനിറ്ററി നാപ്കിന്‍ കുരുങ്ങിക്കിടക്കുന്നതുകൊണ്ടാണെന്ന് പറഞ്ഞ്, ആ സ്ഥാപനത്തിലെ സ്ത്രീ ജീവനക്കാര്‍ക്ക് ആര്‍ത്തവകാലമാണോ എന്ന് വസ്ത്രമഴിച്ചുപരിശോധിച്ച സംഭവം സോഷ്യല്‍ മീഡിയയില്‍ ഏറെ വിവാദമായതാണ്. വലിയ പ്രതിഷേധമാണ് ഇതിനെ തുടര്‍ന്ന് ഉയര്‍ന്നുവന്നത്. നൂറുകണക്കിന് രക്തം പുരണ്ട സാനിറ്ററി നാപ്കിനുകള്‍ പ്രസ്തുത സ്ഥാപനത്തിന്റെ എം ഡിക്ക് അയച്ചുകൊണ്ട് കേരളം ഇന്നുവരെ കാണാത്ത പ്രതിഷേധത്തിന്, സോഷ്യല്‍ മീഡിയ തിരികൊളുത്തി. ഈ പ്രതിഷേധത്തിന് പത്രമാധ്യമങ്ങള്‍ വേണ്ടത്ര വാര്‍ത്താ പ്രാധാന്യം നല്‍കിയില്ല. സോഷ്യല്‍ മീഡിയയില്‍ കൂടിതന്നെയാണ് പ്രതിഷേധം വൈറലായി പടര്‍ന്നത്.

സ്ത്രീത്വത്തിന്റെ തനത് പ്രശ്‌നങ്ങളെ ഉയര്‍ത്തികാണിക്കുന്ന നിലയിലുള്ള ഗൗരവപരമായ സംവാദങ്ങള്‍ ഈ വിഷയത്തെ തുടര്‍ന്ന് ഉണ്ടായി. സ്ത്രീസംബന്ധിയായ വിഷയങ്ങള്‍ പൊതുവേദിയില്‍ ചര്‍ച്ചയാവുമ്പോള്‍ ഉണ്ടാവുന്ന ഭിന്നിപ്പ്, വേര്‍തിരിവ്, വെറുപ്പ്, പരിഹാസം തുടങ്ങി പലതും ഇതോടൊപ്പം ഉയര്‍ന്നുവന്നു. ഒട്ടേറെ സ്ത്രീശബ്ദങ്ങള്‍ ഉയര്‍ന്നുപൊങ്ങി. അവയ്ക്ക് പ്രായത്തിന്റെയും ദേശത്തിന്റെയും വര്‍ണത്തിന്റെയും വര്‍ഗത്തിന്റെയും അതിര്‍വരമ്പുകള്‍ ഇല്ലായിരുന്നു. സ്ത്രീത്വത്തിന്റെ വിഷയമെന്ന നിലയിലാണ് വിഷയത്തെ ഭൂരിഭാഗം പേരും നോക്കി കണ്ടത്. എന്നാല്‍, എതിര്‍വാദങ്ങളും ഉണ്ടായിരുന്നു. ചില ആണ്‍കൂട്ടായ്മകള്‍ സോഷ്യല്‍ മീഡിയയിലുയര്‍ന്ന 'ആര്‍ത്തവത്തിന്റെ രാഷ്ട്രീയ'ത്തെ അടച്ചാക്ഷേപിച്ചു. ഇത്തരത്തില്‍ സജീവമായ, തുറന്ന ചര്‍ച്ചകള്‍ വേണ്ടുന്ന വിഷയമല്ല അതെന്ന നിരീക്ഷണവും ചിലഭാഗങ്ങളില്‍ നിന്നുണ്ടായി. ആര്‍ത്തവ പ്രശ്‌നത്തിനെ, നഗ്നതയും വിലക്ഷണതയും മഹത്വവത്കരിക്കുന്ന ബൗദ്ധിക വസ്ത്രാക്ഷേപമായി വിശേഷിപ്പിച്ച്, 'ഹോ! എന്താഭാസമാണിത്?' എന്നുള്ള രീതിയില്‍ പരിഹസിക്കുകയും പുരികം ചുളിക്കുകയും ചെയ്ത കൂട്ടം ചെറുതായിരുന്നില്ല. ഈ വിഷയത്തെ കുറിച്ചുള്ള ചര്‍ച്ചകളില്‍ നിശബ്ദരായി നിലകൊണ്ട ഒരു വിഭാഗവും ഉണ്ടായിരുന്നു.

ഈ സംവാദം, കേരളത്തെ പാശ്ചാത്യ രാജ്യങ്ങളുടെ മാതൃകയില്‍ മൂന്നാംഘട്ട ഫെമിനിസത്തിന്റെ ശ്രേണിയിലേക്ക് നയിച്ചുവോ എന്ന സംശയം ജനിപ്പിച്ചേക്കാമെങ്കിലും ആര്‍ത്തവം, ആര്‍ത്തവായിത്തം, മതപരവും ജാതീയവുമായ ആര്‍ത്തവശുദ്ധിയെ ചുറ്റിപ്പറ്റിയുള്ള സംഭാഷണങ്ങളും വാഗ്വാദങ്ങളും ഈയടുത്ത കാലത്തുവരെ കേരളീയ സമൂഹത്തില്‍ നിലനിന്നുപോന്നിരുന്നതാണ്. അത് സ്വകാര്യവും വ്യക്തിപരവുമായ സംഭാഷണങ്ങളിലും ചര്‍ച്ചകളിലും മാത്രം ഒതുങ്ങിനിന്നിരുന്നു എന്നുവേണം കരുതാന്‍.

സോഷ്യല്‍ മീഡിയയിലൂടെയുള്ള സ്ത്രീശരീരത്തെ കുറിച്ചുള്ള കാഴ്ചപ്പാടില്‍, പ്രത്യേകിച്ച് ആര്‍ത്തവവുമായി ബന്ധപ്പെട്ട, ഭ്രഷ്ടുകളെക്കുറിച്ചും അയിത്താചാരങ്ങളെ സംബന്ധിച്ചും ഉടലെടുത്ത ചര്‍ച്ചകളിലും സംവാദങ്ങളിലും പല തരത്തിലുള്ള അഭിപ്രായങ്ങളും വികാരങ്ങളും ഉയര്‍ന്നുവന്നു. ആര്‍ത്തവത്തെ രാഷ്ട്രീയവത്കരിക്കാനുള്ള താല്‍പ്പര്യം, ആര്‍ത്തവ രാഷ്ട്രീയത്തിന്റെ പ്രസക്തി, ബഹുഭൂരിപക്ഷത്തിന്റെ നിശബ്ദത അഥവാ നിര്‍വികാരികത, ആണ്‍ ബുദ്ധിജീവികളുടെ അവജ്ഞ, നിന്ദ തുടങ്ങിയവയൊക്കെ പ്രകടമായി. രാഷ്ട്രീയപരമായും ബൗദ്ധികപരമായും ആര്‍ത്തവരക്തത്തെ പറ്റിയുള്ള വാദപ്രതിവാദങ്ങള്‍ പൊതുസമൂഹത്തില്‍ സംവാദവിഷയമാവുമ്പോള്‍ ഉണ്ടാകുന്ന നൈസര്‍ഗികമായ പ്രത്യാഘാതങ്ങളായി ഈ പ്രതികരണങ്ങളെയും നിസംഗതയെയും വിലയിരുത്താം.

കേരളസമൂഹത്തിലെ രാഷ്ട്രീയ-ബൗദ്ധിക ശൃംഖലകള്‍ നോക്കുമ്പോള്‍ ചോരയ്ക്ക് അഥവാ രക്തത്തിന് യാഥാര്‍ത്ഥ്യത്തെവെല്ലുന്ന, പ്രതീകാത്മകമായ, പല തലങ്ങളിലുള്ള വ്യാഖ്യാനങ്ങള്‍ കാണാന്‍ സാധിക്കും. ചോരയുടെ നിറമാണ് ഇടത് രാഷ്ട്രീയത്തിലേക്ക് നോക്കുമ്പോള്‍ ആദ്യം കാണാന്‍ സാധിക്കുക. ചിന്തിയ ചോരയുടെ ചരിത്രം രാഷ്ട്രീയമായി പുനര്‍വ്യാഖ്യാനിക്കാനും എണ്ണിപ്പറയാനുമുള്ള ആവേശം ഇവരില്‍ നമുക്ക് കാണാന്‍ സാധിക്കും. ഈ പ്രതീകാത്മകതയുടെ വേരുകള്‍ ആണ്‍കോയ്മയില്‍ ഊന്നിയുള്ള രാഷ്ട്രീയവും ശാരീരികവുമായ വൈകാരിക പ്രശ്‌നവത്കരണത്തിലൂന്നിയുള്ളവയാണ്. രക്തസാക്ഷികളുടെ ചോരയില്‍ നിന്ന് വളര്‍ന്ന പാര്‍ട്ടികളുള്ള നാട്ടില്‍, സ്ത്രീകളുടെ ശരീര ഘടികാരത്തിന്റെ ഭാഗമായ ആര്‍ത്തവ രക്തത്തെ ചുറ്റിപറ്റിയുള്ള ചരിത്രപരമായ പിന്തുടരലുകളെ മറികടക്കാന്‍ കാര്യമായ ശ്രമമുണ്ടായിട്ടില്ല. മറ്റേത് ദേശത്തേതുപോലെതന്നെയായിരുന്നു നവോത്ഥാന പ്രസ്ഥാനം ഉഴുതുമറിച്ചു എന്ന് പറയപ്പെടുന്ന കേരളത്തിലെയും സ്ത്രീയവസ്ഥ. ഋതുമതികളായാലുടന്‍ പെണ്‍കുട്ടികളെ സ്വന്തം കുടുംബത്തിന്റെ നേതൃത്വത്തിലുള്ള സന്‍മാര്‍ഗ-സദാചാര അവബോധസംഘം കയ്യോടെ പിടികൂടി പൊതു സമൂഹത്തില്‍ ഒരു സ്ത്രീ അനുഷ്ഠിക്കേണ്ട അഥവാ പ്രദര്‍ശിപ്പിക്കേണ്ട നിയമങ്ങളെ കുറിച്ച് ബോധവത്കരിക്കുകയും സ്വന്തം സ്തനം, നിതംബം തുടങ്ങിയവ പൊതുസമൂഹം 'കാണാതെ' ഒളിപ്പിക്കേണ്ട ആവശ്യകത, ഇലമുള്ള് സിദ്ധാന്തത്തിലൂന്നിയുള്ള ബോധവത്കരണങ്ങള്‍, ഉപദേശങ്ങള്‍ തുടങ്ങിയവ അടിച്ചേല്‍പ്പിക്കുകയും ചെയ്യും. സ്തനങ്ങളെ ഒളിപ്പിച്ചുകൊണ്ട് കൂനി നടക്കുന്ന 'പോസ്റ്റുറര്‍ ഡിഫക്ട്' പല സ്ത്രീകള്‍ക്കും പേറേണ്ടി വരുന്നത് മേല്‍പ്പറഞ്ഞ അടിച്ചേല്‍പ്പിക്കലിന്റെ ബാക്കിപത്രമായാണ്. ആര്‍ത്തവത്തിന് മുമ്പെ തന്നെ സ്ത്രീ-പുരുഷ വേര്‍തിരിവുകള്‍ ഒരു പെണ്‍കുട്ടിയുടെ ജീവിതത്തിലേക്ക് ബലമായി സ്ഥാപിച്ചെടുക്കുന്നതിന്റെ ഫലമായി സ്വന്തം ശരീരത്തിലെ വ്യതിയാനങ്ങളെ പറ്റി ലജ്ജിക്കുകയും ജൈവശാസ്ത്രപരമായ മാറ്റങ്ങളെയും പ്രക്രിയകളെയും തെല്ലൊരവജ്ഞയോടെ നോക്കിക്കാണുകയും ചെയ്യാന്‍ ജാതി-മത ഭേദമന്യേ സ്ത്രീകള്‍ നിര്‍ബന്ധിതരാകുകയാണ്.

ഫെമിനിസത്തിന്റെ രണ്ടാം തരംഗത്തില്‍ അവര്‍ ഏറെ ഊന്നല്‍കൊടുത്തിട്ടുള്ളതും പ്രശ്‌നവല്‍ക്കരിച്ചതും സ്ത്രീശരീരത്തിന്റെ വസ്തുവത്ക്കരണമാണ്. ഇതിന്റെ വക്താക്കള്‍ വാദിച്ചത്, ജൈവിക നിര്‍ണയ സിദ്ധാന്തങ്ങളില്‍ ഊന്നിയായിരുന്നു. സ്ത്രീശരീരം, സ്ത്രീബുദ്ധി എന്നിവ പരീക്ഷണ വസ്തുക്കളായി കണക്കാക്കി, നിരീക്ഷണങ്ങളിലൂടെയും ശാസ്ത്രീയമായ പരീക്ഷണങ്ങളിലൂടെയും സ്ത്രീയുടെ അപകര്‍ഷത എടുത്തുകാട്ടിയും ബലിഷ്ഠമാക്കിയുമായിരുന്നു അവരുടെ വാദഗതികള്‍. മൂന്നാം തരംഗത്തിന്റെ തുടക്കമായിട്ടാണ് ഫെമിനിസ്റ്റുകള്‍ ആര്‍ത്തവ രാഷ്ട്രീയത്തിലേക്ക് ഉറ്റുനോക്കുകയും വിശകലനം ചെയ്യുകയും ചെയ്തുതുടങ്ങുന്നത്. പല രാജ്യങ്ങളിലും ആര്‍ത്തവരാഷ്ട്രീയത്തെ ചുറിച്ചുള്ള ചിന്തകള്‍ പല തലങ്ങളിലൂടെ ക്രിയാക്രമങ്ങളിലൂടെ കടന്നുപോവുകയാണ്. ഇന്ത്യയില്‍ ഒരു സ്ത്രീയുടെ ആര്‍ത്തവം അവളുടെ ജാതീയവും മതപരവുമായ അനുഷ്ഠാനങ്ങളുമായി ഗാഡമായി ബന്ധപ്പെട്ടിരിക്കുന്നു. ഋതുമതിയായ സ്ത്രീക്ക് പ്രധാനമായ മതാനുഷ്ഠാനങ്ങളിലും ഗൃഹസംബന്ധമായ ചടങ്ങുകളിലും പങ്കെടുക്കുവാനുള്ള അനുമതി പല ഹിന്ദു സമുദായങ്ങളിലും ഉണ്ടായിരുന്നില്ല. പല സമുദായങ്ങളിലും രജസ്വലയായ സ്ത്രീകളെ വീട്ടിലെ തന്നെ ഒഴിഞ്ഞമുറിയില്‍ മാറ്റി പാര്‍പ്പിക്കുകയും എല്ലാ ഗൃഹചര്യകളില്‍ നിന്നും ഒഴിവാക്കുകയും ചെയ്തുപോന്നു. ആര്‍ത്തവ ദിനങ്ങളില്‍ പല സ്ത്രീകള്‍ക്കും ദൈനംദിന ജീവിതചര്യകളുടെ താളം തെറ്റുന്ന അവസ്ഥയാണ് പൊതുവെ കണ്ടുവന്നിരുന്നത്. അശുദ്ധമായതും ദൂഷിതവുമായ രക്തപ്രവാഹമായിട്ടാണ് പുരാതന വൈദ്യശാസ്ത്രമായ ആയുര്‍വേദം ആര്‍ത്തവത്തെപറ്റി പറയുന്നത്. സ്ത്രീശരീരവുമായി ബന്ധപ്പെട്ട ആര്‍ത്തവ അയിത്തങ്ങള്‍ ഒരു മതത്തിന്റെ കിറുക്ക് മാത്രമല്ലെന്നും സാര്‍വ്വലൗകീകവും സാര്‍വ്വത്രീകവുമായ ഒരു സ്വഭാവമാണെന്നും മൂന്നാംഘട്ട ഫെമിനിസ്റ്റുകള്‍ വിളിച്ചോതുന്നു. പല ദേശങ്ങളിലും മതങ്ങളിലും ഈ ഭ്രഷ്ട് പല രീതികളില്‍ പ്രത്യക്ഷപ്പെടുന്നു എന്നാണ് പഠനങ്ങള്‍ കാണിക്കുന്നത്. ഇസ്ലാമില്‍ ആര്‍ത്തവകാലത്ത് സ്ത്രീകള്‍ വിശുദ്ധ പ്രവാചകന്‍മാരുടെ പേരുകളില്‍ തൊടുന്നതോ, വിശുദ്ധ ഗ്രന്ഥങ്ങളിലെ വരഹികള്‍ ചൊല്ലുന്നതോ നിഷിദ്ധമാണ്. അതുപോലെ, ആര്‍ത്തവമതിയായ മുസ്ലീം സ്ത്രീകള്‍ ദേവാലയങ്ങളില്‍ പോകുന്നതും വിലക്കപ്പെട്ടിരുന്നു. ക്രൈസ്തവ മതത്തിലും ആര്‍ത്തവമതിയായ സ്ത്രീയെ അശുദ്ധമായും അവളെ തൊടുകയോ പ്രാപിക്കുകയോ ചെയ്യുന്നത് പാപമായും അനുശാസിക്കുന്നു. ഋതുമതിയായ സ്ത്രീയെ തൊടുന്നത് പോലും പാപമാണെന്ന ഒരു ധാരണ ക്രൈസ്തവമതത്തിലുണ്ടായതായി കാണാന്‍ സാധിക്കും. രജസ്വലയായ സ്ത്രീയെ ഒരു അശുദ്ധപാത്രമായി കണ്ട് ദൈനംദിന ജീവിതത്തില്‍ നിന്നും മാറ്റി നിര്‍ത്തുകയും മതപരമായ ചടങ്ങുകളില്‍ ഭ്രഷ്ടാക്കുകയും ചെയ്തിരുന്നത് പണ്ടുമുതലേ അംഗീകരിക്കപ്പെട്ട ഒരു വസ്തുതയാണ്.

ആര്‍ത്തവ രാഷ്ട്രീയത്തിന്റെ വക്താക്കളില്‍ ഒരാളായ ക്രിസ് ബോബലിന്റെ അഭിപ്രായത്തില്‍ ആര്‍ത്തവ രാഷ്ട്രീയം സാമൂഹികവും മതപരവുമായ അറപ്പ്, തിരണ്ടാലുള്ള ഭ്രഷ്ട്, ആര്‍ത്തവവുമായി ബന്ധപ്പെട്ട മറ്റ് നിരോധനങ്ങള്‍, വിലക്കുകള്‍ എന്നിവയെ വിശകലനം ചെയ്യുകയും ഇവയിലെ അടിസ്ഥാനപരമായ സ്ത്രീ വിദ്വേഷവും സ്ത്രീ വിരുദ്ധതയും ശത്രുതാപരമായ പല മനോഭാവങ്ങളും നിലപാടുകളും പുറത്തുകൊണ്ടുവരികയും ചെയ്യുന്നു. ആര്‍ത്തവാചാരങ്ങളും സ്ത്രീകളുടെ ആരോഗ്യവും പാശ്ചാത്യഫെമിനിസ്റ്റുകള്‍ പ്രശ്‌നവത്കരിക്കുമ്പോള്‍ ഇന്ത്യയിലെ സ്ത്രീപക്ഷ പ്രവര്‍ത്തകര്‍ ആര്‍ത്തവദിനങ്ങള്‍ സ്ത്രീകളില്‍ ചെലുത്തുന്ന സമ്മര്‍ദ്ദങ്ങളെ കുറിച്ച് ചരിത്രപരമായും സാമൂഹിക ശാസ്ത്രപരമായും ജാതീയമായും മതപരമായും സാംസ്‌കാരികമായും അവലോകനം ചെയ്യുന്നു. കൂടാതെ അവരുടെ പ്രവര്‍ത്തന മേഖലയില്‍ ആര്‍ത്തവമതികളായ സ്ത്രീകളനുഭവിക്കുന്ന പല രീതിയിലുള്ള ക്രൂരതകള്‍ക്കും ഉപദ്രവങ്ങള്‍ക്കും വിവേചനങ്ങള്‍ക്കുമെതിരെ ശക്തമായി പ്രതികരിക്കുകയും സോഷ്യല്‍ മീഡിയയില്‍ മാത്രമല്ല, യഥാര്‍ത്ഥ ജീവിതത്തില്‍ തന്നെ ശക്തമായി എതിര്‍ക്കുകയും ചെയ്യുന്നു. ഇന്ത്യയില്‍ 1970 തൊട്ട് 90വരെ സാധാരണ സ്ത്രീകളില്‍ നിന്നും വിഭിന്നമായി സര്‍വ്വകലാശാലകളില്‍ സൈദ്ധാന്തികമായ മാത്രം നിലനിന്നിരുന്ന ഫെമിനിസ്റ്റ് രാഷ്ട്രീയം ആര്‍ത്തവ രാഷ്ട്രീയവത്കരിക്കലിലൂടെ അടിസ്ഥാനവും മൗലീകവുമായ ചോദ്യങ്ങളിലേക്കും പ്രവര്‍ത്തനങ്ങളിലേക്കും ആഴ്ന്നിറങ്ങുന്നത് നമുക്ക് വ്യക്തമായി കാണാന്‍ സാധിക്കുന്നു. അതിനിയും വളരേണ്ടതുണ്ട്.

 

08-May-2015