മനോരമയുടെ പക്ഷം
പ്രീജിത്ത് രാജ്
25 ലക്ഷത്തിലേറെ ജനങ്ങള്‍ പങ്കെടുത്ത സമരം കഴിഞ്ഞയുടന്‍ 'പറയാതെ വയ്യ'യും കൊണ്ട് '' സംഘാടനത്തിലെ പാളിച്ചയാണോ അതോ സിപിഎമ്മിന്റെ സമരത്തില്‍ പങ്കെടുക്കാന്‍ ആളെ കിട്ടാത്ത അവസ്ഥയിലായതാണോ കാരണമെന്ന് സത്യസന്ധമായി പാര്‍ട്ടി പരിശോധിക്കേണ്ടതാണ്.'' എന്നൊക്കെ പറയാനുള്ള മാനസിക നില മലയാള മനോരമയ്ക്ക് മാത്രം സ്വന്തമാണ്. അത് ഇനിയും പ്രതീക്ഷിക്കുന്നുമുണ്ട്. കാരണം മനോരമയുടെ പിതാവ് കണ്ടത്തില്‍ മാപ്പിള പണ്ട് പറഞ്ഞത് കമ്യൂണിസ്റ്റുകള്‍ അധികാരത്തില്‍ വന്നാല്‍ വിഷം കഴിച്ചുമരിക്കുമെന്നാണ്. പക്ഷെ, ആ 'സത്യം മാത്രം പറയുന്ന മഹാന്‍' തൊഴിലാളി വര്‍ഗത്തെ ഇല്ലാതാക്കാന്‍ ശ്രമിച്ചുകൊണ്ട് പിന്നെയും ജീവിക്കുക തന്നെ ചെയ്തു. അയാളുടെ ബീജത്തിന്റെ പിന്തുടര്‍ച്ചക്കാരാവാന്‍ മത്സരിക്കുന്ന, സ്വന്തം സ്വത്വം മനസിലാക്കാന്‍ പ്രാപ്തിയില്ലാത്തവന്‍മാരുടെ പേനയില്‍ നിന്നും ഇത്തരം അഭ്യര്‍ത്ഥനകളേ ഇനിയും ഉണ്ടാവുകയുള്ളു. |
സിപിഐ എം ദേശീയതലത്തില്‍ പ്രഖ്യാപിച്ച പ്രക്ഷോഭത്തിന്റെ ഭാഗമായാണ് ആഗസ്ത് 11ന് കേരളത്തില്‍ ജനകീയ പ്രതിഷേധം സംഘടിപ്പിച്ചത്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ അഴിമതിക്കും ജനവിരുദ്ധനയങ്ങള്‍ക്കുമെതിരായി പടയണി ചേര്‍ന്ന ജനവിഭാഗങ്ങള്‍ ഉച്ചമുതലേ ഈ സമരത്തില്‍ അണിചേരാനായി കാസര്‍ഗോഡ് മഞ്ചേശ്വരം മുതല്‍ തിരുവനന്തപുരത്ത് സ്ഥിതി ചെയ്യുന്ന രാജ്ഭവന്‍ വരെ 1000 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ അണിനിരന്നു. ജില്ലകളില്‍ നിന്നുള്ള കണക്കുകള്‍ പരിശോധിക്കുമ്പോള്‍ 25 ലക്ഷത്തോളം ജനങ്ങള്‍ ഈ പ്രതിരോധത്തില്‍ പങ്കാളികളായിട്ടുണ്ട്.
വൈകുന്നേരം നാലുമണിമുതല്‍ നാഷണല്‍ ഹൈവേയുടെയും എം സി റോഡിന്റെയും പടിഞ്ഞാറ് ഭാഗത്ത് ജനകീയ പ്രതിരോധത്തിനെത്തിയവര്‍ ധര്‍ണാ സമരം തുടങ്ങി. വയനാട്ടിലും പാലക്കാടും ഇടുക്കിയിലും അതേ സമയം പതിനായിരങ്ങള്‍ പ്രതിരോധത്തില്‍ അണിനിരന്നു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ കാതുകളില്‍ ജനകീയ പ്രതിരോധത്തിന്റെ മുദ്രാവാക്യങ്ങള്‍ അലയടിച്ചു. മഞ്ചേശ്വരത്ത് സിപിഐ എം പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ളയാണ് ധര്‍ണയുടെ തുടക്കത്തില്‍ ഇരുന്നത്. തിരുവനന്തപുരം രാജ്ഭവനില്‍ സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി, ധര്‍ണയുടെ ഇങ്ങേയറ്റത്ത് ഇരിപ്പുറപ്പിച്ചു. യച്ചൂരി കേരളത്തിന്റെ മഹാപ്രതിരോധം ഉദ്ഘാടനം ചെയ്തു.
പൊതുവില്‍ മാധ്യമങ്ങളെല്ലാം സമരത്തിന്റെ മുദ്രാവാക്യത്തെയും ബഹുജന പങ്കാളിത്തത്തെയും പ്രകീര്‍ത്തിച്ചു. മലയാളമനോരമയുടെ പ്രിന്റ് എഡിഷന്‍ പോലും അതിന് നിര്‍ബന്ധിതരായി. പക്ഷെ, മനോരമയ്ക്ക് തങ്ങളുടെ തനിക്കുണം കാണിക്കാതിരിക്കാന്‍ കഴിയില്ലല്ലോ! തൊഴിലാളി വര്‍ഗത്തെ ഒന്ന് ആക്രമിച്ചില്ലെങ്കില്‍ മുതലാളി വര്‍ഗം അതാവില്ലല്ലോ. മനോരമ ന്യൂസിന്റെ “പറയാതെ വയ്യ” എന്ന പരിപാടിയില്‍ “അരിപ്പ പോലൊരു സിപിഎം സമരം” എന്ന പേരില്‍ ജനകീയ പ്രതിരോധ സമരത്തെ വിലയിരുത്തി, കേരളത്തെ ഇകഴ്ത്തി കാട്ടാന്‍ മനോരമ ശ്രമിച്ചു. മനോരമയ്ക്ക് അങ്ങനെ പറയാതിരിക്കാന്‍ കഴിയില്ലല്ലോ എന്നൊക്കെ പറയുമ്പോഴും മനോരമയുടെ ആ അവതരണം വിശ്വസിക്കുന്ന പതിനായിരങ്ങള്‍ ഈ സമൂഹത്തിലുണ്ട് എന്നത് മറ്റൊരു വസ്തുത തന്നെയാണ്.
മനോരമ ന്യൂസിന്റെ ഓണ്‍ലൈന്‍ എഡിഷനില്‍ ദൃശ്യത്തോടൊപ്പം കൊടുത്തിരിക്കുന്ന എഴുത്തിലൂടെ പോകാം. : “ഉള്ളത് പറയുന്നതിന്റെ പേരില്‍ വിമര്‍ശിക്കാം. സമൂഹമാധ്യമഭാഷയില്‍ പറഞ്ഞാല്‍ വേണമെങ്കില്‍ പൊങ്കാലിടാം. പക്ഷേ പറയാതിരിക്കാവില്ല. സിപിഎമ്മിന്റെ ഒരു സമരം കൂടി ദയനീയമായി പൊളിഞ്ഞു. ജനകീയ പ്രതിരോധത്തിനിറങ്ങിയ പാര്‍ട്ടി അരിപ്പ പോലെയായി.
അരുവിക്കരയില്‍ അവസാനം വരെ പൊരുതി. വിജയിക്കുമെന്ന് ഉറപ്പിച്ചു. പക്ഷെ കണക്കെടുത്ത് കഴിഞ്ഞപ്പോള്‍ ചിലര്‍ക്കെങ്കിലും തോന്നി ജയിക്കില്ലെന്ന്. അതുകൊണ്ടാകാം വോട്ടെണ്ണലിന്റെ മണിക്കൂറുകള്‍ക്ക് മുന്‍പ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പരാജയം സമ്മതിക്കുന്ന രീതിയില്‍ പ്രസ്താവന നടത്തിയത്. ഭരണവിരുദ്ധവികാരവോട്ടുകള്‍ ഭിന്നിച്ചുപോയി എന്ന ന്യായമാണ് വോട്ടെണ്ണലിന് മുന്‍പ് തന്നെ കോടിയേരി പറഞ്ഞുവെച്ചത്. അന്ന് തന്നെ ഓഗസ്റ്റ് പതിനൊന്നിലെ സമരവും പ്രഖ്യാപിച്ചു.
അഴിമതിക്കും വിലക്കയറ്റത്തിനുമെതിരായ ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായാണ് കേരളത്തില്‍ ജനകീയ പ്രതിരോധമെന്നു പേരിട്ട വ്യത്യസ്ത സമരം പ്രഖ്യാപിച്ചത്. പാറശാല മുതല്‍ മഞ്ചേശ്വരം വരെ ഇരുപത് ലക്ഷത്തിലധികം പേരെ അണിനിരത്താനായിരുന്നു തീരുമാനം.സമരങ്ങളെല്ലാം പരാജയമാകുന്നുവെന്ന കുറ്റപ്പെടുത്തല്‍ ഒഴിവാക്കിയെടുക്കാനും ജനങ്ങള്‍ ഇപ്പോഴും സിപിഎമ്മിനൊപ്പമുണ്ടെന്ന് വരുത്താനും ഈ സമരം വിജയിപ്പിക്കുക തന്നെ വേണമായിരുന്നു സിപിഎമ്മിന്.
നാല് മണിയാകുമ്പോഴേക്കും എല്ലാവരും റോഡില്‍ അണിനിരക്കുകയും ചേര്‍ന്ന് നിന്ന് പ്രതിജ്ഞ ചൊല്ലുകയും വേണം ഇതായിരുന്നു സമരത്തിന്റെ രീതി. പക്ഷേ തിരുവനന്തപുരത്തെ പ്രധാന സമരകേന്ദ്രത്തിന് തൊട്ടടുത്ത് വെച്ച് തന്നെ പ്രതിരോധസമരത്തില്‍ ഓട്ട വീണു. പാര്‍ട്ടി പ്രഖ്യാപിച്ച സമരത്തില്‍ തോളോള് തോള്‍ ചേര്‍ന്നിരിക്കാന്‍ ആളെകിട്ടിയില്ല എന്നു പറഞ്ഞാല്‍ അതാണ് പച്ച പരമാര്‍ഥം. ഇത് തിരുവനന്തപുരത്തെ മാത്രം അവസ്ഥയല്ല. ആയിരം കിലോമീറ്ററിനിടയ്ക്ക് പലയിടത്തും ഇത് തന്നെയായിരുന്നു സ്ഥിതി.
വന്നവര്‍ വന്നവര്‍ അവിടെയും ഇവിടെയും കൂട്ടം കൂടിയിരുന്നു. കേരളത്തില്‍ ഈ സമരത്തിന്റെ പ്രചാരണത്തിനായി 10,000 കുടുംബയോഗങ്ങളാണ് സംഘടിപ്പിച്ചത്. പക്ഷേ പറഞ്ഞിട്ടെന്ത് കാര്യം അവരാരും സമരത്തിന് വന്നില്ല. ഇനിയിപ്പോള്‍ ഹരിച്ചും ഗുണിച്ചും നോക്കിയാലറിയാം ഉത്തരവാദിത്തപ്പെട്ട പാര്‍ട്ടിക്കാര്‍ തന്നെ എത്ര പേര്‍ സമരത്തില്‍ പങ്കെടുക്കാതെ മുങ്ങിയെന്ന്.സംഘാടനത്തിലെ പാളിച്ചയാണോ അതോ സിപിഎമ്മിന്റെ സമരത്തില്‍ പങ്കെടുക്കാന്‍ ആളെ കിട്ടാത്ത അവസ്ഥയിലായതാണോ കാരണമെന്ന് സത്യസന്ധമായി പാര്‍ട്ടി പരിശോധിക്കേണ്ടതാണ്. ഇതിനിടെ അല്പം വൈകിയിട്ടാണെങ്കിലും പരിപാടിക്കെത്തിയ കുഞ്ഞന്‍ സഖാക്കള്‍ക്ക് പിണറായി വിജയന്റെ വക നല്ലത് കിട്ടുകയും ചെയ്തു.
മനുഷ്യച്ചങ്ങല പോലെ ബഹുജനശ്രദ്ധ പിടിച്ചുപറ്റിയ സമരങ്ങള്‍ സംഘടിപ്പിച്ച പ്രസ്ഥാനമാണ് ഇന്നിപ്പോള്‍ ഈ അവസ്ഥയില്‍ എത്തിയിരിക്കുന്നത്. തിരഞ്ഞെടുപ്പില്‍ വിജയം കാണാനാവുന്നില്ല, സമരങ്ങള്‍ ലക്ഷ്യം കാണുന്നില്ല, പാര്‍ട്ടിയുടെ മുദ്രാവാക്യങ്ങള്‍ ജനങ്ങള്‍ ഏറ്റെടുക്കുന്നില്ല. വന്ന് വന്ന് സമരത്തിന് അണിനിരത്താന്‍ പോലും ആളെ കിട്ടാത്ത അവസ്ഥയിലായിരിക്കുന്നു സിപിഎം. ഇതെല്ലാം കണ്ട് ആയുര്‍വേദചികിത്സയില്‍ കഴിയുന്ന ഒരാള്‍ ചിരിക്കുന്നുണ്ടാകണം. വി എസ് അച്യുതാനന്ദന്‍. എല്ലാനേതാക്കളെയും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി അണിനിരത്തിയപ്പോള്‍ വി എസ് മാത്രം എവിടെയുമില്ല. ചികിത്സയെന്നാണ് പാര്‍ട്ടി പറഞ്ഞ മറുപടി. പക്ഷേ വി എസ് അച്യുതാനനന്ദനെ സമരത്തിലേക്ക് വിളിക്കുക പോലും ചെയ്തിരുന്നില്ല എന്നതാണ് യാഥാര്‍ഥ്യം.'' ഇത്രയും എഴുതി പിടിപ്പിച്ചത് കമ്യൂണിസ്റ്റുകള്‍ അധികാരത്തില്‍ വന്നാല്‍ വിഷം കഴിച്ചുമരിക്കുമെന്ന് പറഞ്ഞ ഗണത്തിലുള്ള ഏതെങ്കിലും വര്‍ഗ വിരോധിയാവുമെന്നതില്‍ സംശയം വേണ്ട.
'പറയാതെ വയ്യ' എന്ന പരിപാടി അവതരിപ്പിച്ചത് 'പഴയ എസ് എഫ് ഐക്കാര'നെന്ന് അറിയപ്പെടുന്ന രാജീവ് ദേവരാജ് ആണെങ്കിലും ഓണ്‍ലൈന്‍ വാര്‍ത്തയില്‍ സ്വന്തം ലേഖകനെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതിനുള്ള കാരണം ഒന്നാമത്തെ പാരഗ്രാഫില്‍ നിന്ന് വായിച്ചെടുക്കാം. സാമൂഹ്യ മാധ്യമങ്ങളിലെ 'പൊങ്കാല'യാണ് സ്വ.ലേ ഭയക്കുന്നത്. കള്ളം പറയുമ്പോള്‍ പോടിക്കുകയും വേണമല്ലൊ.
രണ്ടാമത്തെ പാരഗ്രാഫില്‍ അരുവിക്കരയിലെ ഇടതുപക്ഷ പരാജയത്തെ അദ്ദേഹം വിലയിരുത്തുന്നു. ''ഭരണവിരുദ്ധവികാരവോട്ടുകള്‍ ഭിന്നിച്ചുപോയി എന്ന ന്യായമാണ് വോട്ടെണ്ണലിന് മുന്‍പ് തന്നെ കോടിയേരി പറഞ്ഞുവെച്ചത്'' ന്യായമല്ല കോടിയേരി പറഞ്ഞത്, വസ്തുതയാണ്. വസ്തുതയും ന്യായവും തമ്മിലുള്ള അന്തരം മനസിലാകണമെങ്കില്‍ സ്വന്തം ലേഖകന്‍ മനോരമയുടെ പടിയിറങ്ങണം. കൂലിപ്പണിയാവുമ്പോള്‍ മനോരമക്ക് രുചിക്കുന്ന പദങ്ങള്‍ തന്നെ ഉപയോഗിക്കേണ്ടി വരുമെന്ന പരിമിതിയാണ് സ്വ.ലേയുടെ ഈ എഴുത്ത്.
മൂന്നാമത്തെ പാരഗ്രാഫില്‍ സമരത്തെ കുറിച്ച് ഇതുവരെ അറിഞ്ഞിട്ടില്ലാത്ത, തിരുവനന്തപുരം പാളയത്തിനപ്പുറം പാറശാല വരെയുള്ള ജനങ്ങളെയാണ് ലക്ഷ്യമിട്ടിരിക്കുന്നത്. ''പാറശാല മുതല്‍ മഞ്ചേശ്വരം വരെ ഇരുപത് ലക്ഷത്തിലധികം പേരെ അണിനിരത്താനായിരുന്നു തീരുമാനം.'' അങ്ങനെയൊരു തീരുമാനം സിപിഐ എം എടുത്തതായി ആര്‍ക്കും അറിയില്ല. മഞ്ചേശ്വരം മുതല്‍ രാജ്ഭവന്‍ വരെയാണ് ജനകീയ പ്രതിരോധം. പാളയത്തിനപ്പുറത്ത് പാറശാല വരെയുള്ളവര്‍ ഈ വാര്‍ത്ത കേള്‍ക്കുമ്പോള്‍ സ്വാഭാവികമായും 'ഇവിടെയൊന്നും പ്രതിരോധം കണ്ടില്ലല്ലോ എന്ന്' അതിശയപ്പെട്ട് വാര്‍ത്തയിലെ കള്ളത്തെ സത്യമായി ധരിക്കാനുള്ള സാധ്യത തള്ളിക്കളയാന്‍ സാധിക്കില്ല. അതു തന്നെയാണ് സ്വ. ലേയുടെ ഉദ്ദേശ്യവും.
നാലാമത്തെ പാരഗ്രാഫിലും സ്വ.ലേ മലയാളമനോരമയുടെ മാനസ പുത്രനാകുന്നു. ''നാല് മണിയാകുമ്പോഴേക്കും എല്ലാവരും റോഡില്‍ അണിനിരക്കുകയും ചേര്‍ന്ന് നിന്ന് പ്രതിജ്ഞ ചൊല്ലുകയും വേണം ഇതായിരുന്നു സമരത്തിന്റെ രീതി. പക്ഷേ തിരുവനന്തപുരത്തെ പ്രധാന സമരകേന്ദ്രത്തിന് തൊട്ടടുത്ത് വെച്ച് തന്നെ പ്രതിരോധസമരത്തില്‍ ഓട്ട വീണു. പാര്‍ട്ടി പ്രഖ്യാപിച്ച സമരത്തില്‍ തോളോള് തോള്‍ ചേര്‍ന്നിരിക്കാന്‍ ആളെകിട്ടിയില്ല.'' നാല് മണിക്ക് എല്ലാവരും റോഡില്‍ അണിനിരക്കണമെന്ന് ആരും നിര്‍ദേശം കൊടുത്തിട്ടില്ല. നാല് മണിക്ക് ധര്‍ണ ആരംഭിക്കും കസേര ഉള്ളവര്‍ക്കി റോഡരികില്‍ അങ്ങനെയിരിക്കാം. അല്ലാത്തവര്‍ക്ക് റോഡരികില്‍ നിലത്തിരിക്കാം. വാഹന ഗതാഗതത്തിന് അസൗകര്യമൊരുക്കാത്ത രീതിയില്‍. പാര്‍ട്ടി പ്രഖ്യാപിച്ച സമരത്തില്‍ തോളോടുതോള്‍ ചെര്‍ന്ന് നില്‍ക്കുമെന്നൊക്കെയുള്ള വ്യാഖ്യാനങ്ങള്‍ സ്വ.ലേയുടെ 'പൊളിക്കല്‍ പൊലിപ്പിക്കാനുള്ള' വാചക കസര്‍ത്ത് മാത്രമാണ്. പ്രതിരോധ സമരത്തില്‍ ഓട്ടവീണു എന്നാണ് സ്വ.ലേ പിന്നെ സമര്‍ത്ഥിക്കുന്നത്. രാജ്ഭവന്റെ വിളിപ്പാടകലെ നിന്നും ഒന്ന് എത്തിനോക്കിയാല്‍ രാജ്ഭവന് മുന്നില്‍ തടിച്ചുകൂടിയ പുരുഷാരത്തെ കാണാനാവും. ഈ സമരം പ്രഖ്യാപിക്കുമ്പോള്‍ ഇങ്ങനെ തടിച്ചുകൂടണം എന്ന് പാര്‍ട്ടി പ്രഖ്യാപിച്ചിട്ടില്ല. സ്വ.ലേയുടെ സൃഷ്ടിയില്‍ എവിടെയും 'ജനങ്ങള്‍ തടിച്ചുകൂടി, സമരം ഉജ്ജ്വലം' എന്നോ, പൊളിഞ്ഞു എന്നോ എഴുതി കാണിക്കുന്നില്ല. അപ്പോള്‍ വല്ല കുറ്റവും കുറവും കണ്ടെത്താനാവുമോ എന്ന ഭൂതക്കണ്ണാടിയും പിടിച്ചാണ് മനോരമയുടെ പാദസേവകന്‍ പേനയുന്തിയിരിക്കുന്നത്. സ്വാഭാവികമായും നേതാക്കള്‍ അടുത്തുണ്ടെങ്കില്‍ അവരെ കേള്‍ക്കാനും കാണാനും അങ്ങോട്ടേക്ക് നീങ്ങി നില്‍ക്കുന്ന സ്വഭാവം സാധാരണ പ്രവര്‍ത്തകര്‍ക്കുണ്ട്. അതിനെ വിള്ളലായി ചിത്രീകരിക്കുന്ന സ്വ.ലേ, ഭാര്യയും ഭര്‍ത്താവും ഉറക്കത്തില്‍ തിരിഞ്ഞുകിടന്നാല്‍, 'കുടുംബകലഹം; ഭാര്യയും ഭര്‍ത്താവും ഒരേ കട്ടിലില്‍ തിരിഞ്ഞ് കിടന്നു' എന്നെഴുതാന്‍ പഠിപ്പിക്കുന്ന സ്‌കൂളില്‍ നിന്നാണ് ജീര്‍ണലിസത്തില്‍ പരിശീലനം നേടിയിട്ടുണ്ടാവുക.
അഞ്ചാമത്തെ പാരഗ്രാഫില്‍ പാര്‍ട്ടിക്കുള്ള ഉപദേശങ്ങളും സ്വ.ലേ യുടെ കണ്ടുപിടുത്തങ്ങളുമാണ്. ''10,000 കുടുംബയോഗങ്ങളാണ് സംഘടിപ്പിച്ചത്. പക്ഷേ പറഞ്ഞിട്ടെന്ത് കാര്യം അവരാരും സമരത്തിന് വന്നില്ല'' കുടുംബയോഗത്തില്‍ പങ്കെടുത്ത ആരും സമരത്തിന് വന്നില്ല എന്ന് ജനകീയ പ്രതിരോധം കഴിഞ്ഞ് മണിക്കൂറുകള്‍ക്കകം കമ്പിയില്ലാ കമ്പി വഴി സ്വ.ലേയ്ക്ക് മനസിലായത് എങ്ങിനെയാണാവോ? കുടുംബ യോഗത്തില്‍ പങ്കെടുത്ത എല്ലാവരും ആ സമരത്തില്‍ വരണമെന്ന് സിപിഐ എം ശഠിച്ചിട്ടുമില്ലല്ലോ. അങ്ങനെ വാശി പിടിക്കുമ്പോള്‍ ആ സമരം യഥാര്‍ത്ഥത്തില്‍ ജനങ്ങളുടെ അഭിലാഷമായി മാറില്ല. യാന്ത്രിക സമരമായി മാറും. എന്നാല്‍, കുടുംബയോഗത്തില്‍ പങ്കെടുത്ത ജനവിഭാഗങ്ങള്‍ക്കെല്ലാം തന്നെ എന്തിനാണ് ഈ സമരം എന്നതിന്റെ കാരണം മനസിലായിട്ടുണ്ട്. മുദ്രാവാക്യത്തിന്റെ പ്രസക്തി മനസിലായിട്ടുണ്ട്. അതിനോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചിട്ടുണ്ട്. കുടുംബയോഗങ്ങളില്‍ പങ്കെടുത്തവരില്‍ മിക്കവരും സമരത്തില്‍ പങ്കാളികളായിട്ടുമുണ്ട്. ചിലര്‍ക്ക് പങ്കെടുക്കാന്‍ സാധിക്കില്ല എന്നതും പരമാര്‍ത്ഥമാണ്. പക്ഷെ, ഇതൊന്നും സമരത്തിന് ആരും വന്നില്ല എന്നെഴുതാനുള്ള കാരണമാവുന്നില്ല. 25 ലക്ഷത്തിലേറെ ജനങ്ങള്‍ പങ്കെടുത്ത സമരം കഴിഞ്ഞയുടന്‍ 'പറയാതെ വയ്യ'യും കൊണ്ട് '' സംഘാടനത്തിലെ പാളിച്ചയാണോ അതോ സിപിഎമ്മിന്റെ സമരത്തില്‍ പങ്കെടുക്കാന്‍ ആളെ കിട്ടാത്ത അവസ്ഥയിലായതാണോ കാരണമെന്ന് സത്യസന്ധമായി പാര്‍ട്ടി പരിശോധിക്കേണ്ടതാണ്.'' എന്നൊക്കെ പറയാനുള്ള മാനസിക നില മലയാള മനോരമയ്ക്ക് മാത്രം സ്വന്തമാണ്. അത് ഇനിയും പ്രതീക്ഷിക്കുന്നുമുണ്ട്. കാരണം മനോരമയുടെ പിതാവ് കണ്ടത്തില്‍ മാപ്പിള പണ്ട് പറഞ്ഞത് കമ്യൂണിസ്റ്റുകള്‍ അധികാരത്തില്‍ വന്നാല്‍ വിഷം കഴിച്ചുമരിക്കുമെന്നാണ്. പക്ഷെ, ആ 'സത്യം മാത്രം പറയുന്ന മഹാന്‍' തൊഴിലാളി വര്‍ഗത്തെ ഇല്ലാതാക്കാന്‍ ശ്രമിച്ചുകൊണ്ട് പിന്നെയും ജീവിക്കുക തന്നെ ചെയ്തു. അയാളുടെ ബീജത്തിന്റെ പിന്തുടര്‍ച്ചക്കാരാവാന്‍ മത്സരിക്കുന്ന, സ്വന്തം സ്വത്വം മനസിലാക്കാന്‍ പ്രാപ്തിയില്ലാത്തവന്‍മാരുടെ പേനയില്‍ നിന്നും ഇത്തരം അഭ്യര്‍ത്ഥനകളേ ഇനിയും ഉണ്ടാവുകയുള്ളു.
ആറാമത്തെ പാരഗ്രാഫില്‍ മലയാളമനോരമയുടെ കണ്ടത്തില്‍ കുടുംബ പാരമ്പര്യം കൂടുതല്‍ തെളിയുന്നു. സ്വ.ലേകളെല്ലാം ഒരേ മൂശയില്‍ വാര്‍ത്തെടുക്കുന്ന ജന്‍മങ്ങളാണെന്ന് സംശയിക്കപ്പെടാവുന്ന നിലയിലുള്ള വിലയിരുത്തലാണ് നടത്തുന്നത്. ''സമരത്തിന് അണിനിരത്താന്‍ പോലും ആളെ കിട്ടാത്ത അവസ്ഥയിലായിരിക്കുന്നു സിപിഎം. ഇതെല്ലാം കണ്ട് ആയുര്‍വേദചികിത്സയില്‍ കഴിയുന്ന ഒരാള്‍ ചിരിക്കുന്നുണ്ടാകണം. വി എസ് അച്യുതാനന്ദന്‍. എല്ലാനേതാക്കളെയും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി അണിനിരത്തിയപ്പോള്‍ വി എസ് മാത്രം എവിടെയുമില്ല. ചികിത്സയെന്നാണ് പാര്‍ട്ടി പറഞ്ഞ മറുപടി. പക്ഷേ വി എസ് അച്യുതാനനന്ദനെ സമരത്തിലേക്ക് വിളിക്കുക പോലും ചെയ്തിരുന്നില്ല എന്നതാണ് യാഥാര്‍ഥ്യം.'' സമരത്തില്‍ അണിനിരന്ന ഇരുപത്തിയഞ്ച് ലക്ഷത്തിലേറെ വരുന്ന ജനങ്ങളെ ആളുകളായി പോലും പരിഗണിക്കാന്‍ മനോരമ തയ്യാറാവുന്നില്ല. സമരം കണ്ട് വി എസ് ചിരിച്ചുകാണും എന്ന് പറയുന്നത് ശരിയായിരിക്കും. ഇത്രയും ഉജ്ജ്വലമായ രീതിയില്‍, ദരിദ്രനാരായണന്‍മാര്‍ക്കുവേണ്ടിയുള്ള ഒരു വലിയ പ്രക്ഷോഭം വിജയിക്കുമ്പോള്‍ വി എസിന് ചിരിക്കാനേ സാധിക്കുകയുള്ളു. അവസാനത്തെ പരാമര്‍ശം ഒരു മറുപടി പോലും അര്‍ഹിക്കാത്തതാണ്. മലയാളമനോരമ ഈ സമരത്തെ അംഗീകരിക്കണം എന്നൊന്നും പറയുന്നില്ല. പക്ഷെ, പറയുന്ന കാര്യങ്ങള്‍ സത്യസന്ധമായിരിക്കണം. വസ്തുതാപരമായിരിക്കണം.
ഈ ജനകീയ പ്രതിരോധത്തില്‍ വിള്ളലുണ്ടായെങ്കില്‍ അത് സമരം പരാജയമാണെന്ന് വിലയിരുത്താനുള്ള അളവുകോല്‍ ആവുന്നില്ല. പട്ടം പ്ലാമൂട്ടിനും പി എസ് സി ഓഫീസിനും ഇടയില്‍ വിള്ളലുണ്ടായി. അത് വിള്ളലുണ്ടാക്കിയതാണ്. പെട്രോള്‍ പമ്പിന് മുന്നിലുള്ള, വാഹനങ്ങള്‍ കയറി വരാനും ഇറങ്ങാനുമുള്ള റോഡുകള്‍ അത്തരത്തില്‍ ഒഴിച്ചിട്ടുണ്ട്. ഗതാഗത തടസം ഇല്ലാതാക്കാന്‍ വേണ്ടി ജംഗ്ഷനുകളില്‍ റോഡില്‍ തടസമുണ്ടാക്കാതെ പ്രവര്‍ത്തകര്‍ കൂടി നിന്നിട്ടുണ്ട്. ചിലയിടങ്ങളില്‍ നാലും അഞ്ചും വരികളായി ആള്‍ക്കാര്‍ നിന്നിട്ടുണ്ട്. മെട്രോയുടെ പണി നടക്കുന്നതിനാല്‍ കൊച്ചിയില്‍ ആ ഭാഗത്ത് വിള്ളലുണ്ടാക്കിയിട്ടുണ്ട്. അതൊക്കെ ഫോട്ടോയെടുത്ത് കാണിച്ചാല്‍ നാട്ടിലുള്ള ജനങ്ങളുടെ ഭരണവിരുദ്ധ വികാരം മാറുമോ, മനോരമയുടെ സ്വ. ലേഖകാ?
ഈ പ്രതിരോധത്തില്‍ അണിചേര്‍ന്നതില്‍ ഭൂരിഭാഗവും തൊഴിലാളി വര്‍ഗത്തിലുള്ളവരാണ്. ദരിദ്രനാരായണന്‍മാരാണ്, ഇടത്തരക്കാരാണ്. അവരുടെ ജീവിതം നന്നായി കാണാനല്ല മലയാളമനോരമയും അവിടെ കൂലിപ്പണിയെടുക്കുന്ന സ്വ. ലേയും ശ്രമിക്കുന്നത്. മനോരമയില്‍ പരസ്യം തരുന്നത് ഇവരല്ല. ഇവരുടെ പരസ്യ കാശില്‍ നിന്നല്ല സ്വ. ലേ നാലുനേരം വെട്ടിവിഴുങ്ങുന്നത്. പരസ്യം തരുന്ന മുതലാളിമാരുടെ കാശില്‍ നിന്നാണ്. അപ്പോള്‍ സ്വ. ലേയ്ക്കും മനോരമക്കും കൂറ് മുതളാളിത്തത്തിനോട് മാത്രമേ കാണുകയുള്ളു. ആ കൂറ് വിണ്ടും വിണ്ടും പ്രകാശിപ്പിച്ചുകൊണ്ടാണ് മലയാള മനോരമ തങ്ങളുടെ അസ്തിത്വം പ്രഖ്യാപിക്കുന്നത്. അതിന് ത്ഫൂ.. എന്നുള്ള ഒരാട്ടല്‍ മാത്രമേ, പാവപ്പെട്ട തൊഴിലാളികള്‍ക്ക് മറുപടിയായുള്ളു. പിന്നെ നിങ്ങളുടെ ഈ ചാനലും പത്രവും തൊഴിലാളികളുടെ വീട്ടില്‍ വേണ്ടെന്ന തീരുമാനവും അതിന്റെ കൂടെ ഉണ്ടാവും.
13-Aug-2015
പ്രീജിത്ത് രാജ്
പ്രീജിത്ത് രാജ്
പ്രീജിത്ത് രാജ്
പ്രീജിത്ത് രാജ്
പ്രീജിത്ത് രാജ്