ഫെമിനിസ്റ്റ്‌ കൊച്ചമ്മമാരുടെ അറിവിലേക്ക്

കുപ്രചരണങ്ങളുടെയും വളച്ചൊടിക്കലുകളുടെയും കുന്തമുനയായി നിന്ന്, ഫെമിനിസ്റ്റ് പോരാട്ട ധാരയെ പോലും വഞ്ചിക്കുന്ന ഈ സ്ത്രീയെ ഫെമിനിസ്റ്റ് കൊച്ചമ്മ എന്നല്ലാതെ എന്താണ് വിളിക്കേണ്ടത്? ഫെമിനിസ്റ്റ് എന്ന് വിളിക്കാനുള്ള യോഗ്യത ആ വനിതയ്ക്ക് ഇല്ല എന്ന് അവര്‍ തെളിയിച്ചുകൊണ്ടിരിക്കുക തന്നെയാണ്. പ്രീത ജി നായരുടെ ഫെമിനിസ്റ്റ് പരിപാടി എന്നത് സിപിഐ എം എന്ന പാര്‍ട്ടിയുടെ  നേതാക്കളെ തെറി വിളിക്കലാണ്. അവരെ തെറിവിളിച്ചാല്‍ കേരളത്തിലെ, ഈ രാജ്യത്തെ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഉണ്ടാവുമെന്ന് ഐക്യദാര്‍ഡ്യ സ്ത്രീപക്ഷവാദികള്‍ കരുതുന്നുണ്ടോ? എന്തുകൊണ്ട് പ്രീത ജി നായര്‍ക്ക് ഇന്ന് രാജ്യത്തെ ഇടതുപക്ഷത്തിനെ നയിക്കുന്ന സിപിഐ എമ്മുമായി കൈകോര്‍ക്കാന്‍ സാധിക്കുന്നില്ല?

അന്ധമായ മാര്‍ക്‌സിസ്റ്റ് വിരുദ്ധത വച്ചുപുലര്‍ത്തുന്ന ചിലരുടെ ചാവേര്‍ പോരാളിയായി മാറുകയാണ് ആ സ്ത്രീ. അവരെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ ഉടന്‍ അവര്‍ ഇരയായി മാറുകയും ചെയ്യും. ആ ഗ്യാപ്പില്‍ അവരുടെ കൂട്ടത്തിലുള്ള ചിലര്‍ തന്നെ ചെഗുവേരയുടെയും സീതാറാം യച്ചൂരിയുടെയും പ്രൊഫൈല്‍ ചിത്രമുള്ള ഫേക് ഐഡികളിലൂടെ ഫെമിനിസ്റ്റ് കൊച്ചമ്മയെ ചീത്ത വിളിക്കും. ഉടന്‍ തന്നെ ആ കൂട്ടം ഐക്യദാര്‍ഡ്യ കമ്മറ്റിയായി വേഷംകെട്ടും. പിന്നെ ഇന്‍ബോക്‌സുകളിലേക്ക് ഐക്യദാര്‍ഡ്യ അഭ്യര്‍ത്ഥനകള്‍. തുടര്‍ന്ന് ഗ്രൂപ്പ് അറ്റാക്കിംഗ്. സിപിഐ എം എന്ന പാര്‍ട്ടിയുടെ സംസ്‌ക്കാരം കണ്ടോ, സ്ത്രീ വിരുദ്ധത കണ്ടോ, ഫാസിസം കണ്ടോ എന്ന് ഒറ്റക്കെട്ടായി ആര്‍ത്ത് വിളിക്കും. ഇതാണ് സ്ഥിരം കലാപരിപാടി. ഇതാണോ ഫെമിനിസം?

സ്ത്രീകളുടെ ഫാക്ടറി കമ്മറ്റികള്‍ 1946ല്‍ മറ്റൊരു ധര്‍മ്മം കൂടി ഏറ്റെടുത്തു. ഭാര്യയെ തല്ലല്‍, ഭാര്യയെ ഉപേക്ഷിക്കല്‍, ഭാര്യമാരെ രാഷ്ട്രീയ പരിപാടികളില്‍ പങ്കെടുപ്പിക്കുന്നതിനെ തടയല്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അക്കാലത്ത് ശ്രമമാരംഭിച്ചു. ആ ഒക്‌ടോബറില്‍ ത്രികക്ഷി തൊഴില്‍ ചര്‍ച്ചയില്‍ കെ. മീനാക്ഷി, ട്രാവന്‍കൂര്‍ കയര്‍ ഫാക്ടറി വര്‍ക്കേഴ്‌സ് യൂണിയനെ പ്രതിനിധീകരിച്ച് പങ്കെടുത്തു. “ഞാന്‍ റിക്ഷയിലാണ് പോയത്. ഞാന്‍ റിക്ഷയില്‍ നിന്നും തന്റേടത്തോടെ ചാടിയിറങ്ങിയത് അവിടെയുള്ളവരെ അത്ഭുതപ്പെടുത്തി. കൂടിയാലോചന പരാജയപ്പെട്ടപ്പോള്‍, തൊഴിലാളികള്‍ തല്ലുകൊണ്ടുചാവുമെന്ന് ലേബര്‍ കമ്മീഷണര്‍ ഭീഷണിപ്പെടുത്തി. ആ ഭീഷണി കേട്ട് എന്റെ രക്തം തിളച്ചു; ഞാന്‍ മേശയിലിടിച്ച് അട്ടഹസിച്ചു, 'ഞങ്ങളുടെ ചോരയൊലിച്ചേക്കാം. ഞങ്ങള്‍ പക്ഷെ, പൊരുതുകയും ജയിക്കുകയും ചെയ്യും.' ഞാന്‍ യോഗം ബഹിഷ്‌കരിച്ച് ഇറങ്ങിപ്പോന്നപ്പോള്‍ അവര്‍ക്ക് ശബ്ദമില്ലാതായി.” (TCFWU സുവര്‍ണ ജൂബിലി സ്മരണിക, മഹിളാ സംഘം ഇന്ന്, ഇന്നലെ, നാളെ, പേജ് 127-130, 1972) ആലപ്പുഴയിലെ കയര്‍ തൊഴിലാളികളുടെ മുന്നേറ്റത്തിന്റെ മുന്‍നിരയില്‍ സ്വന്തം ശക്തി തിരിച്ചറിഞ്ഞ, അത് പ്രയോഗിക്കാനുള്ളതാണെന്ന് ബോധ്യമുള്ള സ്ത്രീകളുണ്ടായിരുന്നു. 'തിരുവിതാംകൂറിലെ വനിതാ പ്രസ്ഥാനത്തിന്റെ മാതാവ്' എന്ന് വിശേഷിപ്പിക്കപ്പെട്ട കാളിക്കുട്ടി ആശാട്ടിയും കെ മീനാക്ഷി, അരുന്ധതി, ഗോമതി, ലക്ഷ്മിക്കുട്ടി തുടങ്ങിയവരുമെല്ലാം ആ കാലത്ത് സ്ത്രീകളെ സംഘടിപ്പിച്ചു.

ദേവയാനിയെ പോലുള്ള വനിതാ ആക്ടിവിസ്റ്റുകള്‍ മറ്റ് ജില്ലകളില്‍ സഞ്ചരിച്ച് സ്ത്രീകളുടെ യോഗം വിളിച്ചു ചേര്‍ത്തു. സ്ത്രീകളുടെ സ്വാതന്ത്ര്യം, തുല്യകൂലി, പാവപ്പെട്ട പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസ സൗകര്യങ്ങള്‍ എന്നിവയായിരുന്നു ആ കൂട്ടായ്മയിലെ പ്രധാന ചര്‍ച്ചാ വിഷയങ്ങള്‍. 1943ല്‍ ഗോമതി ദേവ്, കാളിക്കുട്ടി ആശാട്ടി, കെ മീനാക്ഷി എന്നിവര്‍ നയിച്ച ആദ്യത്തെ വനിതാ പ്രകടനത്തില്‍ 300 പേരാണ് പങ്കെടുത്തത്. ആ പ്രകടനം 'ആണുങ്ങളെല്ലാം വീട്ടില്‍ ഭക്ഷണം പാകം ചെയ്യട്ടെ, ഇനി പെണ്ണുങ്ങള്‍ പോയി പ്രകടനം നടത്തട്ടെ' എന്ന വിമര്‍ശനം പുരുഷന്‍മാരില്‍ ഉയര്‍ത്തിവിട്ടു. ആ പ്രകടനത്തെ കമ്പനി ഉടമകള്‍ ആക്രമിച്ചു. ഒരു സ്ത്രീക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

കെ ആര്‍ ഗൗരി അധ്യക്ഷത വഹിച്ച ഒരു സമ്മേളനം ആ കാലയളവില്‍ കിടങ്ങാപറമ്പില്‍ സംഘടിപ്പിച്ചു. 1943ല്‍ രൂപീകൃതമായ അമ്പലപ്പുഴ താലൂക്ക് മഹിളാസംഘമായിരുന്നു സംഘാടകര്‍. ദിവാന്റെ മര്‍ദ്ദകഭരണം, പ്രസവാനുകൂല്യം, രാഷ്ട്രീയ സ്ഥിതിഗതികള്‍, ഉത്തരവാദിത്തഭരണം തുടങ്ങിയവയാണ് സമ്മേളനത്തില്‍ ചര്‍ച്ചയായ വിഷയങ്ങള്‍. കാളിക്കുട്ടി ആശാട്ടി പറയുന്നു. : “ കമ്യൂണിസ്റ്റ് പാര്‍ട്ടി വനിതാ സംഘനയ്ക്ക് വേണ്ട 'താങ്ങും തണലും' നല്‍കി. എല്ലാ തൊഴിലാളി സമരങ്ങളിലും വനിതാ സംഘടനയുടെ സാന്നിധ്യമുണ്ടായി....” (TCFWU സുവര്‍ണ ജൂബിലി സ്മരണിക, മഹിളാ സംഘം ഇന്ന്, ഇന്നലെ, നാളെ, പേജ് 127-130, 1972)

കര്‍ഷക തൊഴിലാളികള്‍, തോട്ടം തൊഴിലാളികള്‍ തുടങ്ങി മറ്റ് മേഖലയിലുള്ള സ്ത്രീകളെയെല്ലാം ആക്കാലത്ത് വനിതാ ആക്റ്റിവിസ്റ്റുകള്‍ സംഘടിപ്പിച്ചു. തൊഴിലാളികളുടെ ജീവിതത്തെ സ്പര്‍ശിക്കുന്ന മിക്കവാറും എല്ലാ തലങ്ങളിലേക്കും എത്തിചേരുന്ന വിധത്തിലുള്ള വിവിധ വേദികള്‍ക്ക് രൂപംകൊടുക്കുകയും ചെയ്തു. തൊഴിലാളി സാംസ്‌കാരിക കേന്ദ്രം പോലുള്ള വേദികള്‍ പിറവികൊണ്ടു. കെ മീനാക്ഷി പറയുന്നത് ഇങ്ങനെയാണ് : “ട്രാവന്‍കൂര്‍ കയര്‍ ഫാക്ടറി വര്‍ക്കേഴ്‌സ് യൂണിയന്റെ പ്രവര്‍ത്തന മേഖല വളരെ വിശാലമായിരുന്നു. ഞങ്ങള്‍ക്ക് അസാധ്യമായി യാതൊന്നുമില്ലായിരുന്നു. ഞാനും കുറച്ചുകാലം ട്രാവന്‍കൂര്‍ കയര്‍ ഫാക്ടറി വര്‍ക്കേഴ്‌സ് യൂണിയന്റെ ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. എനിക്കത് ആത്മവിശ്വാസം നല്‍കി. എങ്ങിനെയാണ് കാര്യങ്ങള്‍ ചെയ്യേണ്ടതെന്ന് കാണിച്ചുതരാന്‍ ഞങ്ങള്‍ക്ക് ആരുമില്ലായിരുന്നു. പക്ഷെ, ഞങ്ങള്‍ എല്ലാം ചെയ്തു. ഞങ്ങള്‍ ഞങ്ങളുടേതായ കീഴ്‌വഴക്കം ഉണ്ടാക്കി.” (TCFWU സുവര്‍ണ ജൂബിലി സ്മരണിക, മഹിളാ സംഘം ഇന്ന്, ഇന്നലെ, നാളെ, പേജ് 127-130, 1972)

ഒരു ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ വന്ന ലേഖനം വായിച്ചപ്പോഴാണ് ഇത്രയും ചരിത്രം പറയാന്‍ തോന്നിയത്. ഫെമിനിസത്തെ പറ്റി ഗൂഗിള്‍ ചെയ്ത് മനസിലാക്കാനുള്ള ഒരു വനിതയുടെ ആഹ്വാനത്തിന് 1940കളില്‍ നിന്നുള്ള ഒരു മറുപടി വേണമെന്നുള്ളതുകൊണ്ടാണ് ഇവിടെ ചരിത്രം പറഞ്ഞത്. “എങ്ങിനെയാണ് കാര്യങ്ങള്‍ ചെയ്യേണ്ടതെന്ന് കാണിച്ചുതരാന്‍ ഞങ്ങള്‍ക്ക് ആരുമില്ലായിരുന്നു.” എന്നാണ് കെ മീനാക്ഷി പറഞ്ഞത്. ഗൂഗിള്‍ പോയിട്ട് പൊതുവിലുള്ള ഐക്യദാര്‍ഡ്യം പോലും ഇല്ലായിരുന്നു. പക്ഷെ, അവര്‍ ആ ശൂന്യതയില്‍ നിന്ന് മുന്നേറ്റമുണ്ടാക്കി. അത്തരത്തിലുള്ള മുന്നേറ്റത്തിന് അവസരമൊരുക്കുന്നതാണോ പ്രീത ജി നായര്‍ പറയുന്ന ഫെമിനിസം (അങ്ങനെയൊന്നുണ്ട് എങ്കില്‍). എന്റെ ഒരു സുഹൃത്താണ് ഫേസ്ബുക്കില്‍ നടക്കുന്ന ഈ അസംബന്ധങ്ങള്‍ എനിക്ക് കാണിച്ചുതന്നത്. ഞാന്‍ ഇപ്പോള്‍ ഒരു സിപിഐ എം അംഗം അല്ലെങ്കിലും ഫെമിനിസത്തിന്റെ പേരില്‍ കാട്ടിക്കൂട്ടുന്ന ഈ വൃത്തികേടുകള്‍ക്കെതിരെ പ്രതികരിക്കാതെ വയ്യ.

2014 ജൂലൈ 21ന് പ്രീത ജി നായര്‍ ഫേസ്ബുക്കില്‍ പ്രസിദ്ധീകരിച്ച ഒരു പോസ്റ്റും ഞാന്‍ കാണാനിടയായി. ആ പോസ്റ്റിടാന്‍ നായര്‍ക്ക് ലഭിച്ച പ്രചോദനം ഒരു പത്ര കട്ടിംഗ് ആണ്. “ ചോറ്റാനിക്കര ദേവീ ക്ഷേത്രത്തില്‍ കോടിയേരിയുടെ മകന്റെ പേരില്‍ പ്രസാദ ഊട്ട്” എന്നാണ് ആ വാര്‍ത്തയുടെ നീളന്‍ തലക്കെട്ട്. കോടിയേരിയോ, അദ്ദേഹത്തിന്റെ മകനോ അല്ല അത് ചെയ്തിരിക്കുന്നത് എന്ന് ആ വാര്‍ത്തയില്‍ നിന്ന് വ്യക്തമാവുന്നുമുണ്ട്. പക്ഷെ, പ്രീത ജി നായര്‍, പാര്‍ട്ടിക്കെതിരെ കോടിയേരിക്കെതിരെ പ്രകോപിതയായി പോസ്റ്റ് ഇട്ടിരിക്കയാണ്. “ഇനിയും സാമ്രാജ്യത്വത്തിനും /മുതലാളിത്തത്തിനും എതിരെയും വഴിപാട് നടത്തിയാല്‍ മതി സഖാവെ. ചുമ്മാ എന്തിനാണ് പാര്‍ട്ടി. അത് പിരിച്ചു വിട്ടു രാമായണവും ഖുറാനും ഒക്കെ വായിക്കു നാട് നന്നാവാന്‍. വ്യക്തി സ്വാതത്ര്യം എന്ന് പറഞ്ഞു ഇങ്ങോട്ട് പൊങ്കാല ഇടാന്‍ വരേണ്ട. അത് അവരുടെ സ്വാതത്ര്യം തന്നെ ആണ്. എങ്കിലും ഇതൊന്നും ഇല്ലാതെ സ്വന്തമായും വീട്ടുകാരെയും ഒക്കെ രാഷ്ട്രീയ വഴികളില്‍ സഞ്ചരിക്കാന്‍ പ്രപ്തര്‍ ആക്കിയ ഒരു പാട് പ്രവര്‍ത്തകര്‍ ഉള്ളപ്പോള്‍ ഇവര്‍ തന്നെ വേണോ നേതാക്കള്‍ ആയി. ഇനിയിപ്പോള്‍ ഇല്ല എങ്കില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം എന്നാ നിലയില്‍ സിപിഎം പരാചയം ആണ്. ഗാസയില്‍ നിന്ന് ഇസ്രയേല പിന്മാരാനും ഒരു വഴിപ്പാട് നടത്തണം സിപിഎം . കോടിയേരിയുടെ മോനോട് പറഞ്ഞാല്‍ മതി . പുള്ളി സ്ഥിരം കസ്റ്റമര്‍ ആയതു കൊണ്ട് പെട്ടന്ന് സമയം കിട്ടും.” ഒരു കഴമ്പില്ലാത്ത പത്രവാര്‍ത്തയില്‍ നിന്നും സിപിഐ എം എന്നത് വളരെ മോശപ്പെട്ട ഒരു പാര്‍ട്ടിയാണെന്നും അതിന്റെ നേതൃത്വം കഴിവുകെട്ടവരാണെന്നും ധ്വനിപ്പിക്കാന്‍ പെടാപ്പാടുപെടുന്ന ഒരു സ്ത്രീയുടെ ജല്‍പ്പനങ്ങള്‍ക്കാണോ ചില വനിതാ രത്‌നങ്ങള്‍ ഐക്യദാര്‍ഡ്യം നല്‍കുന്നത്?

സിപിഐ എം അംഗങ്ങള്‍ പ്രീത ജി നായരെ ചീത്ത വിളിച്ചതായി അവര്‍ പോലും പറയുന്നില്ല. ഈ സമൂഹത്തില്‍ ചീത്ത വിളി ഉയരുന്നത് വലിയൊരു കാര്യമൊന്നുമല്ല. ഓരോ വ്യക്തിക്കും തന്റെ ശാരീരികവും സാംസ്‌കാരികവുമായ ആവശ്യങ്ങള്‍ തൃപ്തിപ്പെടുത്തുന്നതിന് വേണ്ടതായ എല്ലാ അവശ്യവസ്തുക്കളും ലഭിക്കുമ്പോഴും സാമൂഹ്യമായ വിഭജനങ്ങളും വ്യത്യാസങ്ങളും ഒരു ഭൂതകാല വസ്തുതയായി തീരുമ്പോഴും മാത്രമേ ചീത്തവിളിയടക്കമുള്ള കാര്യങ്ങള്‍ ഈ സമൂഹത്തില്‍ നിന്ന് ഇല്ലാതാവുകയുള്ളു. എന്നിരുന്നാലും ഒരു സ്ത്രീയെയും/പുരുഷനെയും ചീത്തവിളിക്കാന്‍ പാടില്ല എന്നതാണ് പുരോഗമന പ്രസ്ഥാനങ്ങളുടെ ബോധം.
ഏതെങ്കിലും ഫേക്ക് ഐഡിയില്‍ നിന്ന് ആരെങ്കിലും തെറി വിളിക്കുന്നത് എങ്ങിനെയാണ് സിപിഐ എം എന്ന പാര്‍ട്ടിയുടെ അക്കൗണ്ടില്‍ വരുന്നത്? തെറി വിളിച്ച ആ ഫേക് ഐഡി പ്രീത ജി നായരുടേത് അല്ല എന്നതിന് എന്താണ് തെളിവുള്ളത്? ആരോ വിളിച്ച തെറിയുടെ പേരില്‍ ഒരു പ്രസ്ഥാനത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ ശ്രമിച്ച ഈ പ്രീത ജി നായര്‍, ഒരു പരാതി കൊടുക്കാന്‍ പോലും തയ്യാറാവാത്തത് എന്തുകൊണ്ടാണ്? മുന്നിലുള്ള കമ്പ്യൂട്ടറില്‍ നിന്ന് തന്നെ സൈബര്‍ സെല്ലിലേക്ക് പരാതി കൊടുക്കാനുള്ള സാഹചര്യം നിലവിലുണ്ടല്ലോ. അഥവാ പരാതി കൊടുത്തിട്ടുണ്ടെങ്കില്‍ ആ ഐഡി ആരുടേതാണ് എന്ന് മനസിലാക്കും മുന്‍പ് എങ്ങിനെയാണ് സിപിഐ എം എന്ന പാര്‍ട്ടിയെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയത്?

പുളിച്ചുതികട്ടുന്ന മാര്‍ക്‌സിസ്റ്റ് വിരോധമാണ് പ്രീത ജി നായര്‍ക്കുള്ളത്. അതിനുള്ള തെളിവാണ് അവരുടെ മുകളില്‍ പരാമര്‍ശിച്ച ഫേസ്ബുക്ക് പോസ്റ്റ്. അവര്‍ക്ക് മാത്രമല്ല ആ അസുഖമുള്ളത്. പ്രീത ജി നായരെന്ന സ്ത്രീയെ മുന്നില്‍ നിര്‍ത്തി, സിപിഐ എം എന്ന പാര്‍ട്ടിയെ കറുപ്പിക്കാമെന്ന് കരുതുന്ന കുറെ കുബുദ്ധികള്‍ക്കുമുണ്ട്. അക്കൂട്ടര്‍ എപ്പോഴും ആ സ്ത്രീയുടെ കൂടെയുണ്ട്. ചര്‍ച്ച കൊഴുപ്പിച്ചും സിപിഐ എം എന്ന പാര്‍ട്ടി മോശമെന്ന് ആവര്‍ത്തിച്ചും അവര്‍ രംഗം കൊഴുപ്പിക്കും. ഇക്കൂട്ടരും കമ്പോളം സ്ത്രീയെ ഉപയോഗിക്കുന്ന രീതിശാസ്ത്രം തന്നെയാണ് പ്രയോഗിക്കുന്നത്. സ്ത്രീ ശരീരത്തെ, സ്വത്വത്തെ തങ്ങളുടെ ചരക്ക് വിറ്റുപോകാനുള്ള മാധ്യമമാക്കി മാറ്റുന്ന കമ്പോളത്തെ പോലെ തന്നെ ഇക്കൂട്ടര്‍ പ്രീത ജി നായരെന്ന സ്ത്രീയുടെ സ്വത്വത്തെ, ഇതാ ഒരു ഇര എന്ന വിശേഷിപ്പിച്ച് പുരോഗമന പ്രസ്ഥാനത്തെ ആക്രമിക്കുകയാണ്. ഈയൊരവസ്ഥ എന്തുകൊണ്ട് സ്ത്രീപക്ഷത്തിന് മനസിലാക്കാന്‍ സാധിക്കുന്നില്ല. കാര്യങ്ങളെല്ലാം മനസിലാക്കാതെ അവര്‍ക്ക് ഐക്യദാര്‍ഡ്യം കൊടുത്തത് ശരിയാണോ?

കമ്പോള സംസ്‌കാരത്തിനെതിരെയാണ് സിപിഐ എം നേതാവ് ജി സുധാകരന്‍ പറഞ്ഞത്. അദ്ദേഹം സിനിമാ നടികളോട്, നാളെമുതല്‍ ബുര്‍ക്കയിട്ട് നടക്കാന്‍ ഫത്‌വ ഇറക്കുകയല്ല ചെയ്തത്. സുധാകരന്‍ പറഞ്ഞ വാക്കുകളിലേക്ക് പോകാം : “ഒരു സിനിമാ നടി ശ്രദ്ധേയമാവണമെങ്കില്‍ അഭിനയിച്ചാല്‍ മാത്രം പോരാ, പണ്ടൊക്കെ അങ്ങനെ ആയിരുന്നു അഭിനയിക്കണം. ഇപ്പൊ അത് വേണ്ട, വസ്ത്രം കുറച്ചൊക്കെ കുറച്ച് ഒരു പ്രത്യേക തരത്തില്‍ ഒക്കെ അഭിനയിച്ചാല്‍ പെട്ടെന്നങ്ങ് വൈറല്‍ ആവുക എന്നാണ് പറയുന്നത്. ഒരു പ്രത്യേക ഭാഷ്യം കണ്ടെത്തിയിരിക്കയാണ് വൈറല്‍ ആവുക. പിന്നെ വൈകുന്നേരം ടെലിവിഷനില്‍ അവതാരകരുമായി കൊഞ്ചി കുഴയലാണ്. സഹിക്കാന്‍ വയ്യ ഇതൊന്നും കണ്ടിട്ട്. എല്ലാ ദിവസവും കണ്ടോണ്ടിരിക്കയല്ലേ. മനുഷ്യന്റെ ശരീര ഭാഗങ്ങള്‍ പരമാവധി പ്രദര്‍ശിപ്പിച്ചാല്‍, അങ്ങനെ ഉള്ള സംസ്‌കാരത്തിലേക്ക് ഒക്കെ വഴുതി വീണു.” സിനിമാ നടി ശ്രദ്ധേയയാവണമെങ്കില്‍ അഭിനയിച്ചാല്‍ മാത്രം മതിയോ? ഇന്ന് സിനിമാ മേഖലയിലുള്ള സ്ത്രീചൂഷണങ്ങള്‍ അറിയാത്ത ആരാണ് ഉള്ളത്? ഷക്കീല സിനിമകള്‍ തിയറ്ററുകളില്‍ നിറഞ്ഞോടിയത് അഭിനയത്തിന്റെ മഹിമ കൊണ്ടാണോ? സെക്‌സ് അപ്പീല്‍ പ്രദര്‍ശിപ്പിച്ച് സ്ത്രീകള്‍ അഭിനയിക്കാന്‍ നിര്‍ബന്ധിതരാവുന്നത്, സിനിമകളില്‍ ആവശ്യമില്ലാത്ത ഗാനരംഗങ്ങളില്‍ മഴനനഞ്ഞും അല്‍പ്പവസ്ത്രധാരിണികളായും സ്ത്രീശരീരത്തെ ചൂഷണം ചെയ്യുന്നത് കമ്പോളമല്ലേ? അത്തരത്തിലുള്ള ചൂഷണത്തിന്റെ കാണാപ്പുറങ്ങളെ കുറിച്ച് തുറന്നുപറയാന്‍ സ്ത്രീകളായ അഭിനേത്രികള്‍ തയ്യാറാവുന്നുമില്ല എന്നതല്ലേ യാഥാര്‍ത്ഥ്യം. ആ മേഖലയിലെ സ്ത്രീ ചൂഷണത്തിനെതിരെ, സ്ത്രീയെ ശരീരമായി മാത്രം പരിഗണിക്കുന്നതിനെതിരെ എന്തുകൊണ്ട് ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങള്‍, പ്രീത ജി നായരെ കുറിച്ചുള്ളവര്‍ പ്രതികരിക്കുന്നില്ല? സ്ത്രീകള്‍ കച്ചവട സംസ്‌കാരത്തിന്റെ ഭാഗമാവുമ്പോള്‍ ഫെമിനിസം ഉപയോഗിച്ച് തടയാന്‍ കഴിയുകയില്ല എന്നതിന്റെ ഉദാഹരണമായി മാറുകയാണ് പ്രീത. ചെമ്മീനെന്ന നോവലിലെ കറുത്തമ്മയെ, ചെമ്മീന്‍ എന്ന സിനിമയില്‍ ഷീലയിലൂടെ വെളുത്തമ്മയാക്കിയതും ഈ കമ്പോള സംസ്‌കാരം തന്നെയാണ്. ജി സുധാകരനെ പ്രീത ജി നായര്‍ ചീത്ത വിളിക്കുമ്പോള്‍, അവര്‍ ഫെമിനിസത്തെ കമ്പോള സംസ്‌കാരത്തിന് വേണ്ടിയാണ് പ്രയോഗിക്കുന്നത്.

കുപ്രചരണങ്ങളുടെയും വളച്ചൊടിക്കലുകളുടെയും കുന്തമുനയായി നിന്ന്, ഫെമിനിസ്റ്റ് പോരാട്ട ധാരയെ പോലും വഞ്ചിക്കുന്ന ഈ സ്ത്രീയെ ഫെമിനിസ്റ്റ് കൊച്ചമ്മ എന്നല്ലാതെ എന്താണ് വിളിക്കേണ്ടത്? ഫെമിനിസ്റ്റ് എന്ന് വിളിക്കാനുള്ള യോഗ്യത ആ വനിതയ്ക്ക്് ഇല്ല എന്ന് അവര്‍ തെളിയിച്ചുകൊണ്ടിരിക്കുക തന്നെയാണ്. പ്രീത ജി നായരുടെ ഫെമിനിസ്റ്റ് പരിപാടി എന്നത് സിപിഐ എം എന്ന പാര്‍ട്ടിയുടെ നേതാക്കളെ തെറി വിളിക്കലാണ്. അവരെ തെറിവിളിച്ചാല്‍ കേരളത്തിലെ, ഈ രാജ്യത്തെ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഉണ്ടാവുമെന്ന് ഐക്യദാര്‍ഡ്യ സ്ത്രീപക്ഷവാദികള്‍ കരുതുന്നുണ്ടോ? എന്തുകൊണ്ട് പ്രീത ജി നായര്‍ക്ക് ഇന്ന് രാജ്യത്തെ ഇടതുപക്ഷത്തിനെ നയിക്കുന്ന സിപിഐ എമ്മുമായി കൈകോര്‍ക്കാന്‍ സാധിക്കുന്നില്ല?

അന്ധമായ മാര്‍ക്‌സിസ്റ്റ് വിരുദ്ധത വച്ചുപുലര്‍ത്തുന്ന ചിലരുടെ ചാവേര്‍ പോരാളിയായി മാറുകയാണ് ആ സ്ത്രീ. അവരെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ ഉടന്‍ അവര്‍ ഇരയായി മാറുകയും ചെയ്യും. ആ ഗ്യാപ്പില്‍ അവരുടെ കൂട്ടത്തിലുള്ള ചിലര്‍ തന്നെ ചെഗുവേരയുടെയും സീതാറാം യച്ചൂരിയുടെയും പ്രൊഫൈല്‍ ചിത്രമുള്ള ഫേക് ഐഡികളിലൂടെ ഫെമിനിസ്റ്റ് കൊച്ചമ്മയെ ചീത്ത വിളിക്കും. ഉടന്‍ തന്നെ ആ കൂട്ടം ഐക്യദാര്‍ഡ്യ കമ്മറ്റിയായി വേഷംകെട്ടും. പിന്നെ ഇന്‍ബോക്‌സുകളിലേക്ക് ഐക്യദാര്‍ഡ്യ അഭ്യര്‍ത്ഥനകള്‍. തുടര്‍ന്ന് ഗ്രൂപ്പ് അറ്റാക്കിംഗ്. സിപിഐ എം എന്ന പാര്‍ട്ടിയുടെ സംസ്‌ക്കാരം കണ്ടോ, സ്ത്രീ വിരുദ്ധത കണ്ടോ, ഫാസിസം കണ്ടോ എന്ന് ഒറ്റക്കെട്ടായി ആര്‍ത്ത് വിളിക്കും. ഇതാണ് സ്ഥിരം കലാപരിപാടി. ഇതാണോ ഫെമിനിസം?

കേരളത്തിലെ സ്ത്രീപ്രശ്‌നം എന്താണ്? എണ്‍പതുകള്‍ മുതലുള്ള കാലഘട്ടത്തില്‍ സ്ത്രീപുരുഷ ബന്ധത്തിലും സ്ത്രീകള്‍ക്കുള്ള സാമൂഹ്യ സ്ഥാനത്തിലും വലിയ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഭൂപരിഷ്‌കാരത്തിന് ശേഷം കാര്‍ഷികബന്ധത്തിലും കൃഷിയുടെ ഘടനയിലുമുണ്ടായ മാറ്റങ്ങളും വാണിജ്യ കൃഷിയുടെ വളര്‍ച്ചയും 'പ്രവാസി' മലയാളികളുടെ സംഭാവനകളും സ്ത്രീപുരുഷ ബന്ധത്തിലും കുടുംബത്തിന്റെ ഘടനയിലും മാറ്റങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. ഫൈനാന്‍സ്-കരാര്‍-പണമിടപാട് വ്യവസ്ഥകളുടെ ആധിപത്യം പോലുള്ളവയുടെ സ്വാധീനവും ചെറുതല്ല.

ഈ മാറ്റങ്ങള്‍ സ്ത്രീകളുടെ കാര്യശേഷിയെയും സ്വയം പര്യാപ്തതയെയും വര്‍ധിപ്പിച്ചിട്ടുണ്ട്. തദ്ദേശിയ സ്വയം ഭരണ സ്ഥാപനങ്ങളില്‍ സ്ത്രീ പങ്കാളിത്തം വര്‍ധിച്ചതും നിരവധി തൊഴില്‍ പദ്ധതികളിലൂടെയും മറ്റും സ്ത്രീകള്‍ നേടിയ കാര്യശേഷിയും ബാങ്കുകളിലും അതുപോലുള്ള മറ്റ് സ്ഥാപനങ്ങളിലും കാര്യങ്ങള്‍ നടത്തുവാനായി എത്തുന്ന സ്ത്രികളുടെ എണ്ണത്തിലുണ്ടായ വലിയ വര്‍ധനവും പുതിയ തലമുറ തൊഴിലുകളിലുണ്ടായ സ്ത്രീകളുടെ വര്‍ധനവും പങ്കാളിത്തവും ചൂണ്ടിക്കാണിക്കുവാനാകും. മറുവശത്താവട്ടെ, സ്ത്രീകളുടെ അരക്ഷിതത്വവും വീട്ടിനകത്തും പുറത്തും അവര്‍ അനുഭവിക്കുന്ന പീഡനങ്ങളും സ്ത്രീപുരുഷ ബന്ധങ്ങളുടെ തകര്‍ച്ചയും വര്‍ധിക്കുന്നുണ്ട്.
ഈ വൈരുദ്ധ്യത്തിനുള്ള പരിഹാരമെന്താണ്? ഫെമിനിസ്റ്റുകള്‍ ഇതിനുവെക്കുന്ന പരിഹാരം പലപ്പോഴും വ്യക്തിഗതമായ ഇഷ്ടാനിഷ്ടങ്ങള്‍ നിറവേറ്റലും സ്വയം പര്യാപ്തത വര്‍ധിപ്പിക്കലുമാണ്. സ്വയം പര്യാപ്തത വര്‍ധിപ്പിക്കുന്നത് തീര്‍ച്ചയായും ആവശ്യമാണ്. പക്ഷെ, വ്യക്തിഗത സമീപനം ഇന്ന് നിലനില്‍ക്കുന്ന കരാര്‍ രൂപങ്ങളെ ശക്തിപ്പെടുത്തുകയല്ലേ ചെയ്യുന്നത്?

ആര്‍ഭാട വിവാഹങ്ങളും അവയെ ആശ്രയിച്ച് വളരുന്ന സ്വര്‍ണ-വസ്ത്ര വിപണിയും സാമുദായികതയോടൊപ്പം കരാര്‍ വ്യവസ്ഥകളെ ശക്തിപ്പെടുത്തുന്നു. വ്യക്തിഗതമായ ഇഷ്ടങ്ങള്‍ പോലും കരാറുകള്‍ക്കതീതമാവുന്നു. വ്യക്തിഗതമായ 'ഡേറ്റിംഗി'ന് ശേഷം കരാറനുസരിച്ചുള്ള ഔപചാരിക വിവാഹങ്ങള്‍ സാര്‍വത്രികമാണ്. ഇതൊക്കെ ബാധ്യതകള്‍ ഉണ്ടാക്കുന്നുമുണ്ട്. കടബാധ്യതകളില്‍ കുടുങ്ങി തകരുന്ന നിരവധി കുടുംബങ്ങളെ നമുക്ക് കാണാന്‍ സാധിക്കും. ദരിദ്രകുടുംബങ്ങളെ കൂടുതല്‍ ദരിദ്രരാക്കുന്നതാണ് ഇത്തരം കരാറുകള്‍.

വിവാഹാനന്തരം പ്രണയങ്ങളും വേര്‍പിരിയലുകളുമായി കരാറുകള്‍ രഹസ്യമായും പരസ്യമായും ലംഘിക്കപ്പെടുന്നു. ലൈംഗികത പരസ്യമായ വില്‍പ്പനചരക്കാകുകയും അത്തരത്തിലായിമാറുന്നതില്‍ തെറ്റില്ലെന്ന് വ്യാഖ്യാനിക്കപ്പെടുകയും ചെയ്യുന്നു. നവലിബറല്‍ കമ്പോള സംസ്‌കാരവും സാമുദായികതയും ചേര്‍ന്ന് വ്യക്തിജീവിതങ്ങളെ എങ്ങിനെ തകര്‍ക്കുന്നു എന്നതിന്റെ സൂചനയാണിത്.

സാമുദായികമായി ഉണ്ടാക്കിയെടുക്കുന്ന കരാര്‍ അനുസരിച്ചുള്ള വ്യക്തിപരമായ ദുരിത ജീവിതം അല്ലെങ്കില്‍ നവലിബറല്‍ കരാറുകളുടെ അനിശ്ചിതത്വവും ലൈംഗീകതയുടെ കമ്പോള വത്കരണവും. ഇതാണ് ജീവിതത്തില്‍ സ്ത്രീകള്‍ നേരിടേണ്ടി വരുന്നത്. ഇപ്പോള്‍ വളര്‍ന്നുവരുന്ന സ്വയം പര്യാപ്തതയ്ക്ക് വേണ്ടിയുള്ള ശ്രമങ്ങള്‍ക്ക് ഇത് ശക്തമായ വിലങ്ങുതടിയായി മാറുകയാണ്. ഇവ സ്ത്രീകളെ മാനസീകമായും ശാരീരികമായും തകര്‍ക്കുകയാണ്.
അപ്പോഴാണ് പ്രീത ജി നായരെന്ന ഫെമിനിസ്റ്റ് കൊച്ചമ്മ യഥാര്‍ത്ഥ വിഷയങ്ങളില്‍ നിന്ന് കപട ഇരവാദത്തിലേക്ക് കാര്യങ്ങളെ മാറ്റി മറിക്കുന്നത്. ഫേസ്ബുക്കിലെ പിത്തലാട്ടങ്ങളോടൊപ്പം 1940കളിലെ സ്ത്രീകള്‍ ചെയ്തതിനേക്കാള്‍ ഉയര്‍ന്ന തലത്തില്‍ (ഗൂഗിള്‍ ചെയ്താല്‍ ഒന്നുകൂടി ഉഷാറാക്കാലോ) പ്രീതയും കൂട്ടരും കേരളത്തിലെ സ്ത്രീപ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്നുണ്ടോ എന്ന് സോഷ്യല്‍മീഡിയയിലെ ആഘോഷ കമ്മറ്റിയും ഐക്യദാര്‍ഡ്യ സ്ത്രീപക്ഷവും പരിശോധിക്കട്ടെ. അപ്പോള്‍ തീര്‍ച്ചയായും കൊച്ചമ്മ ഫെമിനിസ്റ്റിന്റെ പൊള്ളത്തരം കാണാന്‍ സാധിക്കും. 

27-Jul-2015