ലാവ്‌ലിന്‍ നുണകൾക്ക് വധശിക്ഷ

എല്ലാ ആക്രമണങ്ങളും അതിജീവിച്ച് അപവാദങ്ങളുടെയും ആരോപണങ്ങളുടെയും പുകമറ വകഞ്ഞുമാറ്റി ആര്‍ജവത്തോടെ തലയുയര്‍ത്തി ജനങ്ങള്‍ക്കുമുന്നില്‍ നില്‍ക്കുന്ന കേരളത്തിന്റെ മുഖ്യമന്ത്രി സഖാവ് പിണറായിയെ കേരള ജനത അഭിവാദ്യംചെയ്യുന്നു. കൂടുതല്‍ കരുത്തോടെ കേരളജനതയുടെ മുഖ്യമന്ത്രിയായിരുന്ന് ഇടതുപക്ഷ ജനാധിപത്യമുന്നണി ഗവണ്‍മെന്റിന്റെ നവകേരളസൃഷ്ടിക്കായുള്ള ക്രിയാത്മകപ്രവര്‍ത്തനങ്ങളില്‍ ഊര്‍ജസ്വലനാവാന്‍ പിണറായിക്ക് സാധിക്കട്ടെ.

കേരളം ഇന്നുവരെ കണ്ടിട്ടില്ലാത്തത്രതും നീചവും നിന്ദ്യവുമായ രാഷ്ട്രീയ വേട്ടയാടലിനാണ് ലാവ്‌ലിന്റെ പേരില്‍ സിപിഐ എം പോളിറ്റ് ബ്യൂറോ അംഗവും മുഖ്യമന്ത്രിയുമായ പിണറായി വിജയന്‍ വിധേയനായിരുന്നത്. ഹൈക്കോടതി വിധിയിലൂടെ ആ വേട്ടയ്ക്ക് പൂര്‍ണവിരാമമായിരിക്കുന്നു. പിണറായി വിജയനെ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്നതിലൂടെ ഇടതുപക്ഷ പ്രസ്ഥാനവും കോണ്‍ഗ്രസടക്കമുള്ള വലതുപക്ഷ സംഘടനകളും കണക്കാണ് എന്ന സമവാക്യം രചിക്കാനാണ് പലരും ശ്രമിച്ചത്. ലാവ്‌ലിനെന്ന് പറഞ്ഞ് കടന്നാക്രമിക്കുവാനും തകര്‍ക്കുവാനും വേണ്ടി ചുരമാന്തി നിന്ന കുത്തക മാധ്യമങ്ങള്‍ ആ കാലത്ത് എഴുതിയ കെട്ടുകഥകള്‍ ഇന്ന് മറച്ചുനോക്കുമ്പോള്‍ അവര്‍ക്ക് തന്നെ ലജ്ജതോന്നും.

ജുഡീഷ്യറിയുടെ പ്രഥമ പരിഗണനയില്‍ തന്നെ ലാവ്‌ലിന്‍ കേസിന്റെ മുന്നോട്ടുപോക്ക് നിലച്ചതാണ്. ലാവ്‌ലിന്‍ സംബന്ധിച്ച് നടത്തിയ എല്ലാ അന്വേഷണങ്ങളിലും പിണറായി വിജയനെന്ന നേതാവ് അഴിമതിയുടെ കറപുരളുന്ന ഒന്നും ഒന്നും ചെയ്തിട്ടില്ലെന്ന് വ്യക്തമായിരുന്നു. പക്ഷെ, സാമാന്യ യുക്തിക്കുപോലും നിരക്കാത്ത വിധത്തില്‍ അപവാദപ്രചരണത്തിന്റെ മലവെള്ളപ്പാച്ചിലാണ് ഈ സമൂഹത്തിലുണ്ടായത്. പിണറായിയുടെ രാഷ്ട്രീയ അന്ത്യം പ്രതീക്ഷിച്ചുകൊണ്ടുള്ള ആക്രമണം. പല നിക്ഷിപ്ത കക്ഷികളും ആ കൂട്ടായ്മയില്‍ ഉണ്ടായിരുന്നു. വലതുപക്ഷ രാഷ്ട്രീയ നേതൃത്വവും സംഘപരിവാരവും നുണനാവുകളായി മാറി. രാജ്യത്തിന്റെ സുപ്രധാനമായ അന്വേഷണ ഏജന്‍സി പോലും ഒരു ഘട്ടത്തില്‍ ക്വട്ടേഷന്‍ സംഘത്തിന്റെ മനോഭാവത്തോടെ ഇടതുപക്ഷത്തിന്റെ അമരക്കാരന് നേരെ തിരിഞ്ഞുനിന്നു.

തങ്ങളുടെ ഭാവനയില്‍ വിരിഞ്ഞ എത്രയെത്ര നുണകളാണ് കുത്തക മാധ്യമങ്ങള്‍ സമൂഹത്തോട് വിളിച്ചുപറഞ്ഞത്. കമലാ ഇന്റര്‍നാഷണലും റിമോര്‍ട്ട് കണ്‍ട്രോളുള്ള വീടും തുടങ്ങി എത്രയെത്ര നിറം പിടിപ്പിച്ച നുണകള്‍ പിറവികൊണ്ടു. പിണറായി വിരുദ്ധ പൊതുബോധ നിര്‍മിതിക്ക് വേണ്ടി ഈ മാധ്യമങ്ങള്‍ക്ക് അച്ചാരം നല്‍കിയവരുടെ പരാജയം തൂടിയാണ് ഈ കോടതി വിധി. ഈ വിധ്വംസക സംഘത്തിന്റെ മുഖത്തേറ്റ കനത്തപ്രഹരം കൂടിയാണിത്.

ഹൈക്കോടതി വിധി അര്‍ത്ഥശങ്കയ്ക്കിടയില്ലാത്ത വിധം വ്യക്തമാണ്. ലാവ്‌ലിന്‍ കേസില്‍ പിണറായിയെ ഉള്‍പ്പെടുത്താനുള്ള ഒന്നും തന്നെ ഇല്ലെന്നാണ് കോടതി വിധിച്ചിരിക്കുന്നത്. വടക്കന്‍ കേരളത്തിലെ എട്ടു ജില്ലകളിലുള്ള പാവപ്പെട്ട അര്‍ബുദരോഗികള്‍ക്ക് അത്താണിയായ ആതുരാലയം നിര്‍മിക്കുന്നതിന് മുന്‍കൈയെടുത്തു എന്നതാണ് പിണറായി ചെയ്ത 'മഹാപരാധ'മെന്ന് ജനങ്ങള്‍ നേരത്തെ തിരിച്ചറിഞ്ഞതാണ്. മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ എത്രയോ നിരാലംബര്‍ക്ക് ആശ്വാസമേകുന്നു എന്നത് അടുത്തറിയേണ്ട കാര്യം തന്നെയാണ്. പിണറായി ഇകഴ്ത്തികാണിക്കാന്‍ മത്സരിച്ച രാഷ്ട്രീയ പാര്‍ട്ടികളിലുള്ളവര്‍ക്കും ആ ആശുപത്രി ഒരു സഹായമാണ്.

ജി കാര്‍ത്തികേയന്‍ വൈദ്യുതിമന്ത്രിയും എ കെ ആന്റണി മുഖ്യമന്ത്രിയുമായിരിക്കെ യുഡിഎഫ് ഭരണകാലത്ത് തുടക്കമിട്ട പള്ളിവാസല്‍-ശെങ്കുളം-പന്നിയാര്‍ നവീകരണ കരാറിന്റെ തുടര്‍ച്ച ഏറ്റെടുത്തു എന്നതല്ലാതെ പിണറായി വിജയന്‍ എന്തുതെറ്റുചെയ്തു എന്ന ചോദ്യം രണ്ടു പതിറ്റാണ്ടായി കേരളത്തില്‍ ഉയരുന്നുണ്ട്. കുപ്രചാരകര്‍ അതിന് ഇപ്പോഴും മറുപടി നല്‍കിയിട്ടില്ല. സിഎജിയെയും അന്വേഷണ ഏജന്‍സിയെയും തെറ്റായി ഉദ്ധരിച്ചും കള്ളക്കണക്കുകള്‍ നിരത്തിയും ലാവ്‌ലിന്‍ എന്നാല്‍ അഴിമതിയാണെന്ന പൊതുബോധ നിര്‍മിതിക്ക് വേണ്ടിയാണ് വലതുപക്ഷവും കോര്‍പ്പറേറ്റ് മാധ്യമങ്ങളും അടങ്ങുന്ന വിധ്വംസകമുന്നണി ശ്രമിച്ചത്. അവര്‍ക്കെല്ലാം കൂടിയുള്ള മറുപടിയാണ് ഹൈക്കോടതി നല്‍കിയിരിക്കുന്നത്.

“സിപിഐ എമ്മിന്റെ കേരള സംസ്ഥാന സെക്രട്ടറിയും മുന്‍ വൈദ്യുതിമന്ത്രിയുമായ പിണറായി വിജയനെ എസ്എന്‍സി ലാവ്‌ലിന്‍ കേസില്‍ പ്രോസിക്യൂട്ട് ചെയ്യാന്‍ സിബിഐ കൈക്കൊണ്ട നടപടികള്‍ രാഷ്ട്രീയപ്രേരിതമാണ്''എന്ന സിപിഐ എം പോളിറ്റ് ബ്യൂറോവിന്റെ നിരീക്ഷണം ശരിയാണെന്ന് തെളിയുന്ന വിധികൂടിയാണിത്. രാഷ്ട്രീയലക്ഷ്യങ്ങളോടെ അന്വേഷണ ഏജന്‍സികളെ ഭരണകക്ഷി ഉപയോഗപ്പെടുത്തുന്നത് ഉല്‍ക്കണ്ഠാജനകമായ വിഷയമാണ് എന്ന് അന്നുതന്നെ പാര്‍ടി ചൂണ്ടിക്കാട്ടിയിരുന്നു. പിണറായി വിജയനെ തെരഞ്ഞുപിടിച്ച് വേട്ടയാടുകയായിരുന്നെന്ന് ഇപ്പോള്‍ ഹൈക്കോടതി വ്യക്തമാക്കുമ്പോള്‍ സിപിഐ എം ഉയര്‍ത്തിപ്പിടിച്ച വസ്തുതകള്‍ക്കുള്ള അംഗീകാരം കൂടിയാണ് ലഭിക്കുന്നത്. ഒരു രാഷ്ട്രീയ പാര്‍ടിയെന്നുള്ള നിലയില്‍ സിപിഐ എം, ലാവ്‌ലിന്‍ കേസിന്റെ ഹീനലക്ഷ്യവും വ്യാജകഥനവും തുറന്നുകാട്ടാനും കോടതിയില്‍ അത് തെളിയിക്കാനും നടത്തിയ ഉജ്വലമായ പോരാട്ടം പാര്‍ട്ടിയുടെ നിലപാടിലെ വ്യത്യസ്തതയാണ് ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നുകാട്ടുന്നത്. അതാണ് ജനങ്ങള്‍ക്ക് മുന്നിലുള്ള പ്രതീക്ഷ.

കമ്യൂണിസ്റ്റുകാര്‍ തെറ്റുകള്‍ക്ക് അടിപ്പെടാത്തവരാണ്. അസത്യങ്ങള്‍ക്കുമുന്നില്‍ തലകുനിക്കാത്തവരാണ്. ഭീഷണികള്‍ക്കും ആക്രമണങ്ങള്‍ക്കുംമുന്നില്‍ പതറാതെ നില്‍ക്കുന്നവരാണ്. അപവാദം പ്രചരിപ്പിച്ച് കമ്യൂണിസ്റ്റുകാരെ ഇല്ലാതാക്കാമെന്ന ചിലരുടെ വ്യാമോഹത്തിന് ഇവിടെ അറുതിയാവുന്നു.

എല്ലാ ആക്രമണങ്ങളും അതിജീവിച്ച് അപവാദങ്ങളുടെയും ആരോപണങ്ങളുടെയും പുകമറ വകഞ്ഞുമാറ്റി ആര്‍ജവത്തോടെ തലയുയര്‍ത്തി ജനങ്ങള്‍ക്കുമുന്നില്‍ നില്‍ക്കുന്ന കേരളത്തിന്റെ മുഖ്യമന്ത്രി സഖാവ് പിണറായിയെ കേരള ജനത അഭിവാദ്യംചെയ്യുന്നു. കൂടുതല്‍ കരുത്തോടെ കേരളജനതയുടെ മുഖ്യമന്ത്രിയായിരുന്ന് ഇടതുപക്ഷ ജനാധിപത്യമുന്നണി ഗവണ്‍മെന്റിന്റെ നവകേരളസൃഷ്ടിക്കായുള്ള ക്രിയാത്മകപ്രവര്‍ത്തനങ്ങളില്‍ ഊര്‍ജസ്വലനാവാന്‍ പിണറായിക്ക് സാധിക്കട്ടെ.

 

 

 

25-Aug-2017