പ്രവേശനോല്‍സവം

മണ്ണ് തിന്ന് തിന്ന് മണിയുടെ വയര്‍, വീര്‍ത്തു വീര്‍ത്തു വന്നു. ക്ലാസില്‍ മണ്ണ് കിട്ടാതെ വരുമ്പോള്‍ കൈ നക്കി തുപ്പലാക്കി, കാലിന്റെ അടിയില്‍ വീണ്ടും വീണ്ടുമുരച്ച് ക്ലാസിലെ മുഴുവന്‍ മണ്‍തരിയും അവര്‍ ആര്‍ത്തിയോടെ നക്കി നുണഞ്ഞു. ടീച്ചറുടെ ചീത്തപറച്ചിലോ, ചോക്കേറോ അവന് ഏല്‍ക്കുന്നതേയില്ല. വഴക്ക് കേട്ട് അവന്റെ കാതുകള്‍ പാകമായി. ടീച്ചറുടെ ഉന്നം തെറ്റിയ ഏറുകള്‍ അവന്റെ മുന്നിലിരിക്കുന്ന എന്റെ തലയില്‍ കൊണ്ടു. എന്റെ മുടിയില്‍ ചോക്കിന്റെ വെളുത്ത അടയാളങ്ങള്‍ നര തീര്‍ത്തു. സ്‌കൂള്‍ വിട്ടുവരുമ്പോള്‍ എന്റെ തലയില്‍ തലോടി ഉമ്മാ പുഞ്ചിരിക്കും. ഉപ്പ പൊട്ടിച്ചിരിക്കും.

ഉറങ്ങാന്‍ നേരത്ത് ഇക്ക സമദ് പറഞ്ഞു;

“ഡാ.. നാളെ അന്നെ സ്‌ക്കൂളില്‍ ചേര്‍ക്കാ...”

പിന്നെ പുലരുന്നത് വരെ ഉറങ്ങിയില്ല, പനമ്പുകള്‍ക്കിടയില്‍ നിന്ന് മഴ ഒലിച്ചിറങ്ങുന്നത് നോക്കി കിടന്നു. രാവിലെയായിട്ടും മഴ തീര്‍ന്നില്ല. ഉമ്മാടെ വഴക്ക് കേട്ട് മാത്രം എണീറ്റിരുന്ന ഇന്നലെകള്‍ എത്ര പെട്ടെന്നാണ് വിസ്മ്യതിയിലായത്. പുലരിയിലെപ്പോഴോ കണ്ണ് അടഞ്ഞിരുന്നു. പിന്നെ എല്ലാം പെട്ടെന്നായിരുന്നു. ഒന്ന് വെള്ളം നനച്ച് കുളിച്ചെന്ന് വരുത്തി.

1980ന്റെ ജൂണ്‍ ഒന്ന്, ഉപ്പയുടെ കയ്യും പിടിച്ച് സമദ്ക്കയോടൊപ്പം ആദ്യമായി പനമരം ജി എല്‍ പി സ്‌കൂളിലേക്ക്. വരമ്പത്തെ കൊറ്റികളോട് കഥ പറയാന്‍ മുന്നോട്ട് ആഞ്ഞപ്പോള്‍ ഉപ്പ തടഞ്ഞു.

“കബീറെ, മാഷ് ഒക്കൂളില്‍ കേറ്റൂലാ ട്ടാ...”

പൊതുവില്‍ പോക്രിയായി അംഗീകാരമുള്ള എനിക്ക് അപ്പോഴും ആവേശം ആയിരുന്നു. സ്‌കൂള്‍ കവാടം കടന്നപ്പോള്‍ തന്നെ വരാന്തയില്‍ അലറികരയുന്ന കുട്ടികളെ കണ്ടു. അത്ഭുതമായിരുന്നു എനിക്കപ്പോള്‍ തോന്നിയത്.

“പടച്ചോനെ., ഇബര് എന്തിനാണ് മോങ്ങുന്നത്..”

ബഹളങ്ങള്‍ ശ്രദ്ധിക്കാതെ സമദ്ക്ക രണ്ടാം ക്ലാസിലേക്ക് ഓടി കയറി. എന്റെ കണ്ണ് പരതി നടന്നത് ഇക്ക വീരസ്യം പറയാറുള്ള ബീവിത്താടെ ഉപ്പുമാവ് പൊരയായിരുന്നു. അറിയാതെ നാവില്‍ വെള്ളമൂറി.

പനമരത്ത് അക്കാലത്ത് അംഗനവാടികള്‍ ഒന്നുമില്ലായിരുന്നു. പനമരം യുപി സ്‌കൂളിലെ കരച്ചിലിലായിരുന്നു പ്രദേശത്തെ എല്ലാവരെയും പോലെ എന്റെയും തുടക്കം. മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനായി ഒരു തുള്ളി കണ്ണുനീര്‍ വീഴ്ത്താനോ, തൊണ്ട കീറി കരയാനോ ഞാന്‍ തയ്യാറായില്ല.

വാപ്പ എന്നെയും കൂട്ടി ഹെഡ്മാഷെ കാണാന്‍ കയറി. ചന്ദ്രന്‍ മാഷ്. പേര് രജിസ്റ്റര്‍ ചെയ്യുവാനാണ്. പേര്: അഹമ്മദ് കബീര്‍. മഞ്ചേരി മൊയ്തീന്‍ മകന്‍, ഇസ്ലാം മാപ്പിള... ഒരുപാട് അടയാളങ്ങള്‍ മുഖത്തും ശരീരത്തും ഉള്ളതുകൊണ്ട് വാപ്പക്ക് അടയാളം കാണിച്ചു കൊടുക്കാന്‍ വലിയ ബുദ്ധിമുട്ട് വന്നില്ല. അടയാളങ്ങളില്‍ നിന്നും മാഞ്ഞുപോകാത്ത താടിക്കടിയിലെ മുറിപ്പാടും കഴുത്തിലെ കാക്കപുള്ളിയും എഴുതി ചേര്‍ത്തു. ഒന്ന് എ യിലേക്കുള്ള ഒരു ചീട്ടെഴുതി ചന്ദ്രന്‍ മാഷ് ഉപ്പക്ക് കൊടുത്തു.

അലമുറയിട്ട് കരയുന്ന കുട്ടികള്‍ക്കിടയിലൂടെ ധ്യതിയോടെ പാഞ്ഞ് നടക്കുന്ന രക്ഷാകര്‍ത്താക്കളുടെ തിരക്കില്‍പെടാതെ, മെയ്‌വഴക്കത്തോടെ ഒന്നാം ക്ലാസിന്റെ മുന്നിലെത്തി. കുട്ടികളുടെ കരച്ചില്‍ എന്നെ വല്ലാതെ ചിന്തിപ്പിച്ചു :

“എന്തിനാണാവോ ഇവരൊക്കെ ഇത്രയേറെ കരയുന്നത്?”

ഉപ്പാടെ പിന്നില്‍ തല മുന്നോട്ടാഞ്ഞ് ഞാന്‍ ക്ലാസിലേക്ക് എത്തി നോക്കി. കാര്‍ത്ത്യായിനി ടീച്ചറിന്റെ കൈകളിലെക്ക് എന്നെ കൈമാറുമ്പോള്‍ ഉപ്പ മുഖം തിരിച്ചെന്നു തോന്നുന്നു. കുട്ടികളുടെ അലര്‍ച്ചയില്‍ മുങ്ങിയപ്പോള്‍, എന്തിനോ എന്റെ കണ്ണിലും നനവ് പടര്‍ന്നു. ടീച്ചര്‍ എന്നെ ചേര്‍ത്തു പിടിച്ചപ്പോള്‍ അറിഞ്ഞു, ഉമ്മാന്റെ മണം.

നിരത്തിയിട്ടിയിരിക്കുന്ന ബഞ്ചുകളില്‍ കുട്ടികളെ ഇരുത്താന്‍ പാടുപെടുകയാണ് പല അമ്മമാരും. നിലവിളികള്‍ക്ക് ഒരു താളം വന്നത് പോലെ തോന്നി. ഇടയ്‌ക്കൊക്കെ കാറ്റില്‍ മുളങ്കാട് തമ്മില്‍ ഉരയുന്ന പോലെ കാതിന് ഇമ്പവും അതേ സമയം അലര്‍ച്ചയുമാവുന്നു. ചിലരുടെ ഗദ്ഗദങ്ങള്‍ താറാവിന്റെ ശബ്ദം പോലെ നേര്‍ത്ത് നേര്‍ത്ത് വന്നു.
ക്ലാസിലുള്ളവരില്‍ പലരും അറിയുന്നവരാണ്. അയല്‍ക്കാരായ, നാട്ടുകാരായ കുട്ടികള്‍. അവിടെയിരുന്ന് മായ കരയുന്നു. അവളുടെ കണ്ണില്‍ ഒരിക്കലും നനവ് മാറുന്നേയില്ല. നിര്‍ഭാഗ്യം മായക്കൊപ്പമാണെന്ന് തോന്നുന്നു. എപ്പോഴും ആ മുഖത്ത് സങ്കടങ്ങള്‍ നിഴലായി കാണാം. നിര്‍ഭാഗ്യങ്ങളുടെ കാടിന്റെ മക്കള്‍. മുഖത്ത് എപ്പോഴും ഒരു പുഞ്ചിരി കരുതി വെക്കുന്ന വീണയും ഗദ്ഗദിക്കുന്നു.

ടീച്ചര്‍ എന്നെ രണ്ടാമത്തെ ബഞ്ചിലാണ് ഇരുത്തിയത്. ബാലനും റഹീമിനും ഇടയില്‍. ഫസ്റ്റ് ബഞ്ചില്‍ ഇരുത്താന്‍ ഞാന്‍ യോഗ്യനല്ലെന്ന് അന്നേ ടീച്ചര്‍ക്ക് തോന്നിയിരിക്കാം. പക്ഷെ, വൈകാതെ ഞാനത് തെളിയിക്കുകയും ചെയ്തു.

“കവൂറെ....”

പിന്നില്‍ നിന്ന് ആരോ തോണ്ടി വിളിക്കുന്നു. തിരിഞ്ഞ് നോക്കിയപ്പോള്‍ തോലനാണ്.

“ഊടെക്ക് ബാതാ..”

തോലന്‍ പിന്നെയും വിളിക്കുന്നു. ടീച്ചറുടെ ഒരു നോട്ടം രസകരമല്ലാത്ത രീതിയില്‍ എന്നേത്തേടി വന്നപ്പോള്‍ ഉള്ളില്‍ പേടിയുടെ ചെറുനീറ്റല്‍. പിന്നെ തിരിഞ്ഞ് നോക്കിയില്ല.

അതിനിടയില്‍ എല്ലാ ബഞ്ചും ഞാന്‍ അരിച്ച് പെറുക്കിയിരുന്നു. തോലനോട് ചേര്‍ന്ന് തന്നെ മണിയും ഇരിക്കുന്നുണ്ട്. വായ പതിവുപോലെ മലര്‍ക്കെ തുറന്നിരിക്കുന്നു. ഉമ്മ അവനെകുറിച്ച് പറയാറുള്ളത് ഓര്‍മ വന്നു.

“ഇച്ചിരി നൊസ് ഉള്ള ചെക്കനാ... ഓന്‍” 

പിന്നിലും മുന്നിലുമായി വിശ്വന്‍, റഹീം, ഇബ്രാഹീം, സജീര്‍, ബാബു, കൃഷ്ണദാസ്, സ്മിനില്‍, ബാബു, അജി, സജി, മണി, ബാലന്‍, ചാത്തി, തോലന്‍, നാസര്‍, റിയാസ്, അബു, എന്റെ ചെറിയുപ്പാന്റെ മോള്‍ നസീമ, അവളുടെ അമ്മാവന്റെ മകള്‍ റജുല, ഷീബ, ആബിദ, ലീല, മേരി, സ്മിത... പിന്നെ വീണയും മായയും അടങ്ങിയ അമ്പത്തൊന്നു പേര്‍ അടങ്ങിയൊരു ക്ലാസ്! ഒന്നാം ക്ലാസ്.

ക്ലാസ് തുടങ്ങി. പഠിത്തവും ഉപ്പുമാവ് തീറ്റയും കളികളുമായി സ്‌ക്കൂള്‍ വേഗത്തില്‍ ഓടി, വേഗം നേരം വെളുക്കാന്‍ നേരത്തെ കണ്ണടച്ചു കിടന്നു.

കരഞ്ഞ് കലങ്ങിയ സ്മിതയുടെ കണ്ണുകളില്‍ ചന്ദ്രനിലാവ് പരന്നു തുടങ്ങി. തൂവെള്ള ഫ്രോക്കുകളില്‍ അവള്‍ മലാഖ കുട്ടിയായി. എന്റെ എല്ലാ വിക്യതികളും റജുല, ഉമ്മാടെ അടുത്ത് മുടങ്ങാതെ എത്തിച്ചു. സഹോദരങ്ങളായ ചാത്തിയും തോലനും മണിയും അവസാനം അവസാന ബെഞ്ചിലെത്തി.

മണ്ണ് തിന്ന് തിന്ന് മണിയുടെ വയര്‍, വീര്‍ത്തു വീര്‍ത്തു വന്നു. ക്ലാസില്‍ മണ്ണ് കിട്ടാതെ വരുമ്പോള്‍ കൈ നക്കി തുപ്പലാക്കി, കാലിന്റെ അടിയില്‍ വീണ്ടും വീണ്ടുമുരച്ച് ക്ലാസിലെ മുഴുവന്‍ മണ്‍തരിയും അവര്‍ ആര്‍ത്തിയോടെ നക്കി നുണഞ്ഞു. ടീച്ചറുടെ ചീത്തപറച്ചിലോ, ചോക്കേറോ അവന് ഏല്‍ക്കുന്നതേയില്ല. വഴക്ക് കേട്ട് അവന്റെ കാതുകള്‍ പാകമായി. ടീച്ചറുടെ ഉന്നം തെറ്റിയ ഏറുകള്‍ അവന്റെ മുന്നിലിരിക്കുന്ന എന്റെ തലയില്‍ കൊണ്ടു. എന്റെ മുടിയില്‍ ചോക്കിന്റെ വെളുത്ത അടയാളങ്ങള്‍ നര തീര്‍ത്തു. സ്‌കൂള്‍ വിട്ടുവരുമ്പോള്‍ എന്റെ തലയില്‍ തലോടി ഉമ്മാ പുഞ്ചിരിക്കും. ഉപ്പ പൊട്ടിച്ചിരിക്കും.

ഇന്നത്തെ പോലെ അന്ന് യൂണിഫോമൊന്നുമില്ല. വര്‍ണ്ണ കുപ്പായങ്ങളിടാം. ഊരിലെ പഞ്ഞങ്ങളുമായാണ് ആദിവാസി കുട്ടികളെത്തുക. പക്ഷെ, അവര്‍ ഞങ്ങളിലൊരാള്‍ മാത്രമായിരുന്നു. അറപ്പും അകറ്റി നിര്‍ത്തലുമൊന്നുമില്ല. അവരിലും മഴവില്‍ നിറങ്ങള്‍ പെയ്തിറങ്ങി.

മണിയുടെ ട്രൗസറിന്റെ പിന്നില്‍ കീറി പൊളിഞ്ഞ് ദ്വാരങ്ങള്‍ വീണിരിക്കുന്നത് കാണാം. ഇരുന്ന് നിരങ്ങിയതുകൊണ്ടാവാം ട്രൗസറിന്റെ തോട്ടയിലൂടെ കാണുന്ന അവന്റെ ചന്തി നീലിച്ചിരിക്കുന്നു. മേടത്തിലേ ചൂടിനൊപ്പം ഞങ്ങള്‍ ക്ലാസുകളും മാറി. എല്‍ പി മുതല്‍ യുപി വരെ ആ സംഘം അങ്ങനെ നീങ്ങി. ആ സ്‌കൂള്‍ ജീവിതം എന്റെ ഓര്‍മകളില്‍ എല്ലായ്‌പ്പോഴും വിരുന്നെത്തും.

*                            *                                 *

കഴിഞ്ഞ ജൂണില്‍ പ്രവേശനോല്‍ത്സവത്തിന് മകനെ സ്‌കൂളില്‍ ചേര്‍ക്കാന്‍ പോയപ്പോള്‍ ചാത്തിയെ കണ്ടു. അവന്റെ കഴുത്തില്‍ അവന്റെ കുഞ്ഞിരിക്കുന്നു, കാലുകള്‍ അപ്പുറവും ഇപ്പുറവും ഇട്ട്. മണിയെ കുറിച്ച് അന്വേഷിച്ചപ്പോള്‍ അവന്റെ കണ്ണ് നിറഞ്ഞു. എപ്പോഴും മണ്ണ് തിന്നുകൊണ്ടിരുന്ന മണിയെ മണ്ണ് സ്വന്തമാക്കിയിട്ട് നാളേറെയായി. ഞാനറിഞ്ഞിരുന്നില്ല ആ മരണം. മനസ് വല്ലാതെ വിങ്ങി. അറിയാതെ എന്റെ കൈ തലമുടിയിലേക്ക് നീങ്ങി, ചോക്കുപൊടി തട്ടിക്കളയാനെന്ന പോലെ. അവന്‍ എന്റെ പിറകിലുണ്ടാവും.

 

19-Jul-2015

ആത്മാംശം മുന്‍ലക്കങ്ങളില്‍

More