സ്വപ്‌നാടനം

തലയില്‍ വാത്സല്യത്തിന്റെ തലോടലുകള്‍ എന്നെ തൊട്ടുണര്‍ത്തി. പിന്നില്‍ നീര്‍മാതളം പൂത്ത മണം. എന്റെ മുഖം മടിയിലേക്ക് ചേര്‍ത്ത് പിടിച്ചിരിക്കുന്നു. യാതൊരു മാറ്റവുമില്ല. രണ്ടായി മെടഞ്ഞിടുന്നതിന് പകരം കെട്ടി വെച്ചിരിക്കുന്നു. അല്‍പ്പം തടിച്ചിട്ടുണ്ട്. കണ്ണുകളുടെ ചുവട്ടില്‍ ചുളിവുകള്‍ വീണുതുടങ്ങിയിരിക്കുന്നു.

'അമ്മേ...'

വായനയുടെ, എഴുത്തിന്റെ അറിവിന് അറം പറ്റിയ പഷ്ണിക്കാലം... പൊടി പടര്‍ന്ന ഷെല്‍ഫില്‍ കണ്ണെറിയാന്‍ തോന്നിയില്ല. പക്ഷേ, തകഴിയും എസ് കെ പൊറ്റക്കാടും, ബഷീറും, ഒ വി വിജയനും, കൊച്ചുബാവയും ഷെല്‍ഫില്‍ ഇരുന്ന് തൊണ്ട മുരടനാക്കി ഓര്‍മ്മപ്പെടുത്തിയത് പോലെ തോന്നി. വെറുതെ തോന്നിയതായിരിക്കാം എന്നിട്ടും കണ്ണ് പുസ്തകങ്ങളിലേക്കും പൊടിയിലേക്കും കഥകളിലേക്കും നീണ്ടു പോയി. മനസ് നീറിയപ്പോള്‍ കണ്ണടച്ചിരുന്നു. കസേരയില്‍ ചാരി കിടന്നു.

തലയില്‍ വാത്സല്യത്തിന്റെ തലോടലുകള്‍ എന്നെ തൊട്ടുണര്‍ത്തി. പിന്നില്‍ നീര്‍മാതളം പൂത്ത മണം. എന്റെ മുഖം മടിയിലേക്ക് ചേര്‍ത്ത് പിടിച്ചിരിക്കുന്നു. യാതൊരു മാറ്റവുമില്ല. രണ്ടായി മെടഞ്ഞിടുന്നതിന് പകരം കെട്ടി വെച്ചിരിക്കുന്നു. അല്‍പ്പം തടിച്ചിട്ടുണ്ട്. കണ്ണുകളുടെ ചുവട്ടില്‍ ചുളിവുകള്‍ വീണുതുടങ്ങിയിരിക്കുന്നു.

'അമ്മേ...'

'കുട്ടീ.., നീ വല്ലാതെ ചിന്തിക്കുന്നു. നീ പുന്നയൂര്‍ക്കുളത്ത് പോയില്ലായിരുന്നോ..? അവിടെ നീ കണ്ട ആ മരത്തിന്റെ പേരെന്താണന്നറിയുമോ..?'

ഞാന്‍ തലയാട്ടിക്കൊണ്ട് പറഞ്ഞു : ' നീര്‍മാതളം അതൊരു ഭംഗിയുള്ള മരമാണ്.'

പുഴ കടന്നാല്‍ അപ്പുറത്ത് പുന്നയൂര്‍ കുളമായി. എന്നിട്ടും ഇക്കാലമത്രയും ഞാനങ്ങോട്ട് തിരിഞ്ഞു നോക്കുക പോലും ചെയ്തില്ലല്ലോ എന്നോര്‍ത്തപ്പോള്‍ കണ്ണ് കലങ്ങി. ഇലകള്‍ ഇല്ലാതെ വെണ്ണനിറത്തിലുള്ള പൂക്കുലകളുമായി നാലപ്പാട്ട് ഇപ്പോഴും നീര്‍മാതളം പൂത്ത് നില്‍ക്കുന്നുണ്ടാവുമോ?

വിളക്കിന്റെ വട്ടകണ്ണി ചുമരിന്മേല്‍ ചാര്‍ത്തി, തലമുടി അഴിച്ചിട്ട് പുറത്തെ വെയിലില്‍ അവളുടെ മുടികള്‍ ചെമ്പ് നിറത്തില്‍ തിളങ്ങി. കഴുത്തില്‍ കണ്ണുകള്‍ ഇക്കിളിക്കൂട്ടിയപ്പോള്‍ ഞെട്ടിത്തരിച്ചു ശാസിക്കേണ്ടി വന്നു

'കമലാ ....'

'ഈ എഴുത്തുക്കാര്‍ എന്തൊരു ബോറന്മാരാണ്. വിവരിച്ച് വര്‍ണ്ണിച്ച്, വരച്ചു വെച്ചത് പോലെ പലതും എഴുതും. നിങ്ങളുടെ ഭാവനാ വിലാസത്തില്‍ ശലഭമാവാന്‍ പറന്ന് എന്റെ ചിറകുപോലും കരിഞ്ഞ് പോയിട്ടുണ്ട്..'

അവളുടെ ചിരിയില്‍ എന്റെ ചിരിയും കലര്‍ന്നൊഴുകി. കഴുത്തില്‍ തൂങ്ങി അവള്‍ കാതിലേക്ക് ചുണ്ടടുപ്പിച്ച് ഓരോന്നുപറഞ്ഞിരുന്നു.

'ഞാന്‍ കുട്ടിയായിരുന്നപ്പോള്‍ ഒരു കവിത എഴുതി, അത് ഈശ്വരനെ കുറിച്ചായിരുന്നു.'

മൂളികേട്ടു.

'ഇപ്പോള്‍ എലിയെ പറ്റി എഴുതുന്നു..'

ഞാനിപ്പോള്‍ കണ്ണ് തെറ്റിയാല്‍ കടിച്ച് കീറുന്ന കാടന്‍ പൂച്ചകളെ കുറിച്ചാണ് എഴുതുന്നതെന്ന് അവളോട് പറഞ്ഞില്ല!

'ജനവാതിലുകള്‍ വളര്‍ന്നോ?, അവിടെ ജനവാതിലിന് പുറത്ത് ഒരു രാക്ഷസമാവുണ്ട്. മഞ്ഞ നിറമുള്ള മാങ്ങകള്‍ നീ ഓര്‍ക്കുന്നുവോ..?

'ഞാന്‍ ആദ്യമായി മാങ്ങ തിന്നത് ഈ മാവില്‍ നിന്നാണ്. ഈ മാവിന്‍ ചുവട്ടില്‍ എത്രയോ തവണ ഓടികളിച്ചിരിക്കുന്നു..'

'ആമീ.. പൂഴിയില്‍ വീണുകിടക്കുന്ന ഇലകളില്‍ സൂക്ഷിച്ച് ചവിട്ടണം...'

'ആ...'

അവളോടി. പക്ഷിയെ പോലെ വരമ്പുകളില്ലാത്ത ആകാശത്തിലൂടെ പറന്നു. മാവിന് ചുറ്റും മനസ്സിന് ചുറ്റും. പിതൃ സ്‌നേഹത്തോടെ അവള്‍ക്ക് പിന്നാലെ എന്റെ കണ്ണുകളും അലഞ്ഞു.

അടഞ്ഞ കണ്ണുകള്‍ തുറന്നപ്പോള്‍, വെയില് പൂക്കുകയാണ്. നോക്കിയിരിക്കെ, ഷെല്‍ഫില്‍ പൊടി കൂടുതല്‍ പടര്‍ന്നുപിടിച്ചു. കാണാന്‍ പറ്റാത്ത വിധത്തില്‍.

14-Aug-2015

ആത്മാംശം മുന്‍ലക്കങ്ങളില്‍

More