ഇനി ജാതിവാലുകള്‍ വേണ്ട

ഇന്നത്തെ ജാതി വാലുകള്‍ ഓരോ ജാതിയേയും അടയാളപ്പെടുത്താന്‍ വേണ്ടിയുള്ള അഭിമാന അടയാളങ്ങള്‍ ആണ്. ഒരു വെല്ലുവിളി പോലെ നായര്‍, നമ്പ്യാര്‍, നമ്പൂതിരി എന്ന് ആരും ഉപയോഗിക്കുന്നില്ല. ജാതീയതയുടെ ഈ അടയാളം അപ്രസക്തമാക്കി മാറ്റാന്‍ ഒരു സമരമുറ പോലെ ഈ വാലുകള്‍ പരക്കെ ഉപയോഗിക്കുന്നത് ഒരു സമരമാര്‍ഗമാക്കി മാറ്റാവുന്നതാണ്. ദളിത് വിഭാഗത്തിലുള്ളവര്‍ക്ക് വേണമെങ്കില്‍ പേരിന് പിറകില്‍ നമ്പൂതിരിപ്പാട് എന്ന് ചേര്‍ക്കാം. (രാഹുല്‍ ഗാന്ധിക്ക് പിന്നിലെ ഗാന്ധി പോലെ ഏത് വൃത്തികേടായിരിക്കും എന്നത് വേറെ കാര്യം.) നായരും വര്‍മ്മയും നമ്പ്യാരും കുറുപ്പുമൊക്കെ ആദിവാസി, ദളിത് വിഭാഗത്തിലുള്ളവരുടെ പിറകില്‍ വാലായി വന്നാല്‍, ഒരു ജാത്യടയാളം എന്നതില്‍ നിന്ന് മാറി ആര്‍ക്കും ഒരു രസത്തിന് വെക്കാവുന്ന വാലായി ഈ ജാതിവാലുകള്‍ മാറിയാല്‍ ജാതിപ്പേരുകള്‍ അപ്രസക്തമായി മാറും. അതിലും നല്ലത് ജാതിവാലുകള്‍ വെക്കാതിരിക്കുക്ക എന്നത് തന്നെയാണ്. 

'നമുക്ക് ജാതിയില്ല' എന്ന നാരായണഗുരുവിന്റെ വിളംബരത്തിന്റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തിയ സാംസ്‌കാരിക സദസുകളില്‍ കാര്‍ത്തികേയന്‍ നായരും ഗംഗാധര കുറുപ്പും പ്രഭാവര്‍മ്മയുമൊക്കെ പങ്കാളികളായിരുന്നു. അവരുടെ പേരിന് പിറകില്‍ ജാതിവാലുള്ളതുകൊണ്ട് അവരാരും ആ സാംസ്‌കാരിക സദസുകളില്‍ സംസാരിക്കാന്‍ പാടില്ലായിരുന്നു എന്ന മനോഭാവം വരട്ടുതത്വവാദത്തോടാണ് ചേര്‍ന്നു നില്‍ക്കുന്നത്. ഈ നായര്‍, കുറുപ്പ്, വര്‍മ വാലുണ്ടെങ്കിലും ആ വാലുകളുടെ ജാതീയമായ പ്രകാശനത്തിനെ അപ്രസക്തമാക്കുന്ന വിധത്തില്‍ വര്‍ഗപരമായ ചിന്തകളും പ്രകാശനങ്ങളും നടത്തിയ വ്യക്തികളാണ് ഇക്കൂട്ടര്‍. ഇവരുടെ പിറകിലുള്ള ജാതി വാലുകള്‍ വെല്ലുവിളിച്ചത് ആ ജാതിയുടെ പാരമ്പര്യത്തെ തന്നെയാണ്. ഇവര്‍ ജാതിക്കും മത്തതിനും അതീതമായി ജീവിക്കുകയും ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരാണ്.

'നമുക്ക് ജാതിയില്ല' സാംസ്‌കാരിക സദസുകള്‍ ആരംഭിച്ച ചട്ടമ്പിസ്വാമി ജയന്തി ദിനത്തില്‍ ദേശാഭിമാനി പത്രം മലയാളത്തിലെ പ്രമുഖ കഥാകൃത്തായ ടി പത്മനാഭന്റെ ഒരു ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. അദ്ദേഹത്തിന്റെ വാചകങ്ങള്‍ നോക്കാം : 'ഈ സന്ദര്‍ഭത്തില്‍ കേരളത്തില്‍ ഇന്നു കാണുന്ന അനഭിലഷണീയമായ ചില പ്രവണതകളെ ഞാന്‍ ചൂണ്ടിക്കാണിച്ചുകൊള്ളട്ടെ. എന്റെ കുട്ടിക്കാലത്ത് എത്രയോ സവര്‍ണഗൃഹങ്ങളില്‍നിന്ന് വരുന്ന ആണ്‍കുട്ടികളില്‍ ആരും അവരുടെ പേരിനൊപ്പം നായര്‍, നമ്പ്യാര്‍, മേനോന്‍, കുറുപ്പ് എന്നൊന്നും വയ്ക്കാറുണ്ടായിരുന്നില്ല. ഇതൊക്കെ ചിലര്‍ വലുതായാല്‍ മാത്രം ചെയ്തിരുന്ന കാര്യങ്ങളാണ്. എന്നാല്‍, ഇന്ന് ഏറ്റവും താഴ്ന്ന ക്‌ളാസില്‍ ചേര്‍ക്കുമ്പോള്‍ത്തന്നെ ജാതിവാല്‍ ചേര്‍ത്താണ് കുട്ടിയുടെ പേര് സ്‌കൂള്‍ രജിസ്റ്ററില്‍ വരുന്നത്. പിന്നെ, പണ്ട് ഒരിക്കലും സ്ത്രീകള്‍, അവര്‍ എത്ര വലിയ തറവാട്ടില്‍നിന്നുള്ളവരായിരുന്നാലും പേരിനൊപ്പം ജാതിവാല്‍ ചേര്‍ക്കാറുണ്ടായിരുന്നില്ല. പക്ഷേ, ഇപ്പോള്‍ ചേര്‍ക്കാറുണ്ട് എന്നുമാത്രമല്ല, എല്‍കെജി സ്‌കൂളില്‍ പോകുന്ന കൊച്ചുപെണ്‍കുട്ടികള്‍പോലും ജാനകി കുറുപ്പ്, മീര നായര്‍, മീനാക്ഷി മേനോന്‍ തുടങ്ങിയ പേരുകളിലാണ് അറിയപ്പെടുന്നത്. ഇത് എങ്ങോട്ടുള്ള പോക്കാണെന്ന് ആലോചിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.' ടി പത്മനാഭന്‍ പറഞ്ഞത് കേരള സമൂഹം വളരെ ഗൗരവത്തോടെ ആലോചിക്കേണ്ട ഒരു കാര്യം തന്നെയാണ്. പുരോഗമന രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍, പുരോഗമനപരമായി ചിന്തിക്കുന്നവര്‍ ജാതിവാലുകള്‍ പേരുകളില്‍ കൂട്ടി ചേര്‍ക്കുന്ന ഈ രീതിയില്‍ നിന്ന് പിന്‍മാറാന്‍ തയ്യാറാവണം. സമുദായസംഘടനാ നേതാവായ മന്നത്ത് പത്മനാഭന് അദ്ദേഹത്തിന്റെ പിറകിലുള്ള ജാതിവാല്‍ മുറിക്കാമെങ്കില്‍ എന്തുകൊണ്ട്, സമുദായപരമായ വേര്‍തിരിവില്‍ വിശ്വസിക്കാത്തവര്‍ക്ക് വാല്‍ മുറിച്ചുകൂട?

വാലില്ലാത്ത മനുഷ്യരുടേതാവട്ടെ ഭാവി കേരളം.

വാല്‍ത്തല : ചില വിവരമില്ലാത്ത സംഘികള്‍ സഖാവ് ഇ എം എസ്, നമ്പൂതിരിപ്പാട് എന്നുപയോഗിച്ചത് ചൂണ്ടിക്കാണിച്ച് രംഗത്തുവരാനുള്ള സാധ്യതയുണ്ട്. ഇ എം എസ്, യോഗക്ഷേമസഭയിലും കോണ്‍ഗ്രസ് പാര്‍ട്ടിയിലും തുടര്‍ന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടിയിലും പ്രവര്‍ത്തിക്കുന്ന കാലഘട്ടം നവോത്ഥാന കാലഘട്ടം കൂടിയായിരുന്നു. ആ കാലത്ത് നമ്പൂതിരി വിഭാഗത്തിലുള്ളവര്‍ തീര്‍ത്തും യാഥാസ്ഥികരായിരുന്നു. യോഗക്ഷേമസഭ, നമ്പൂതിരി സമുദായത്തിലെ പരിഷ്‌കരണ പ്രസ്ഥാനമായി മാറിയത് ചരിത്രത്തില്‍ നിന്ന് മനസിലാക്കാന്‍ സാധിക്കും. അമ്പലത്തില്‍ പൂജ നടത്തുന്ന പൂജാരിക്ക് മാത്രമല്ല, പൂണൂല്‍ പൊട്ടിച്ചെറിഞ്ഞ് ചെങ്കൊടിയുമായി കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തനം നടത്തുന്ന പുരോഗമന വാദികള്‍ക്കും നമ്പൂതിരിപ്പാട് എന്ന വിശേഷണമാവാം അങ്ങനെയായാല്‍ ആകാശം ഇടിഞ്ഞുവീഴില്ല എന്ന പ്രഖ്യാപനമായിരുന്നു ഇ എം എസിന്റെത്. അദ്ദേഹം പൂണൂല്‍ പൊട്ടിച്ചെറിഞ്ഞത് ജാത്യാചാരങ്ങളുടെ ദുഷിച്ച മുഖത്തേക്കായിരുന്നു. പൂണൂല്‍ പൊട്ടിച്ചെറിഞ്ഞാല്‍ പിന്നെ നമ്പൂതിരി സമുദായത്തിലുള്ളയാളായി സമുദായം കണക്കാക്കില്ല. ഒരുതരത്തില്‍ ഭ്രഷ്ട് തന്നെ. പക്ഷെ, പൂണൂല്‍ കെട്ടിയ നമ്പൂതിരിമാരെ, നമ്പൂതിരിപ്പാടെ എന്ന് വിളിക്കുന്നതിനേക്കാല്‍ കൂടുതല്‍ തവണ ഈ സമൂഹം പൂണൂല്‍ പൊട്ടിച്ചെറിഞ്ഞ ഇ എം എസിനെ നമ്പൂതിരിപ്പാട് എന്ന് വിളിച്ചു. ഇ എം എസ് നടത്തിയത് സവര്‍ണ ജാതീയതയോടുള്ള വെല്ലുവിളി തന്നെയായിരുന്നു.

ഇന്നത്തെ ജാതി വാലുകള്‍ ഓരോ ജാതിയേയും അടയാളപ്പെടുത്താന്‍ വേണ്ടിയുള്ള അഭിമാന അടയാളങ്ങള്‍ ആണ്. ഒരു വെല്ലുവിളി പോലെ നായര്‍, നമ്പ്യാര്‍, നമ്പൂതിരി എന്ന് ആരും ഉപയോഗിക്കുന്നില്ല. ജാതീയതയുടെ ഈ അടയാളം അപ്രസക്തമാക്കി മാറ്റാന്‍ ഒരു സമരമുറ പോലെ ഈ വാലുകള്‍ പരക്കെ ഉപയോഗിക്കുന്നത് ഒരു മാര്‍ഗമാക്കി മാറ്റാവുന്നതാണ്. ദളിത് വിഭാഗത്തിലുള്ളവര്‍ക്ക് വേണമെങ്കില്‍ പേരിന് പിറകില്‍ നമ്പൂതിരിപ്പാട് എന്ന് ചേര്‍ക്കാം. (രാഹുല്‍ ഗാന്ധിക്ക് പിന്നിലെ ഗാന്ധി പോലെ ഏത് വൃത്തികേടായിരിക്കും എന്നത് വേറെ കാര്യം.) നായരും വര്‍മ്മയും നമ്പ്യാരും കുറുപ്പുമൊക്കെ ആദിവാസി, ദളിത് വിഭാഗത്തിലുള്ളവരുടെ പിറകില്‍ വാലായി വന്നാല്‍, ഒരു ജാത്യടയാളം എന്നതില്‍ നിന്ന് മാറി ആര്‍ക്കും ഒരു രസത്തിന് വെക്കാവുന്ന വാലായി ഈ ജാതിവാലുകള്‍ മാറും. ജാതിപ്പേരുകള്‍ അപ്രസക്തമായി മാറും. അതിലും നല്ലത് ജാതിവാലുകള്‍ വെക്കാതിരിക്കുക്ക എന്നത് തന്നെയാണ്. 

28-Aug-2016