പരകായപ്രവേശം

സ്വർഗ്ഗവാതിലുകൾ സുന്ദരമാണെന്ന് മോഹിപ്പിച്ച് അഗാധമായൊരു കൊക്കയിലേയ്ക്കെന്നെ തള്ളിയിടാൻ മാത്രം എന്റെ ക്രൂരതയെന്തെന്ന് ഇന്നുമെനിക്കന്യമാണ്. ചാരനിറമുള്ള മേഘങ്ങൾ എന്നെ വിഷാദത്തിലേക്ക് നയിക്കുകയാണ്. കണ്ണുകളിൽ തിമിരത്തിന്റെ പാടയുറയുകയോ കൈകൾ വിറയ്ക്കുകയോ ചെയ്യുന്നില്ല. ശരീരം, യൗവനത്തിന്റെ തീക്ഷ്ണതയില്‍ അഗ്നിയെപ്പോലെ ജ്വലിക്കുകയാണ്. ഈയാം‌പാറ്റകളെപ്പോലെ അതിലെന്റെ സ്വപ്നങ്ങൾ കരിഞ്ഞുവീഴുന്നു. 
ഒരു വൃദ്ധയെപ്പോലെ സംസാരിക്കാനും, നടക്കാനും ഉറങ്ങാനും ഞാനിപ്പോൾ ശീലിച്ചുതുടങ്ങിയിരിക്കുന്നു.വൃത്താകൃതിയിലുള്ള മേശയിൽ കൊഴുപ്പില്ലാത്ത കട്ടികുറഞ്ഞ ഭക്ഷണങ്ങൾ എന്റെ കരുത്ത് ചോർത്തിക്കളയുന്നു. ശരീരത്തിന്റെ തീക്ഷ്ണത എന്നെ വീണ്ടും തളർത്തുന്നു.
 
പുരാണപുസ്തകങ്ങളിലെ ദൈവവചനങ്ങൾ ചില പഴികൾ പോലെ പിറുപിറുത്ത് നടക്കുന്നത് ഇപ്പോൾ ശീലമായിരിക്കുന്നു. പ്രഭാതങ്ങൾ എന്റെ താരുണ്യത്തെ കൊത്തിപ്പറിച്ച് അളവുതെറ്റിയ പാദരക്ഷകളണിയിക്കുന്നു. എങ്കിലും ഈ അവസ്ഥകൾ എന്നെ തളർത്താതെ മുന്നോട്ട് നടത്തുന്നു. ആകാശമോ, ഭൂമിയോ? ഏതാണ് ശക്തൻ? പൂവോ, പൂമ്പാറ്റയോ എതാണ് കൂടുതൽ മൃദുലം? മുന്നിൽ പ്രകാശം വലിയൊരിരുട്ടുപോലെ ആയുധധാരിയായി എന്നെ കൊല്ലാനൊരുങ്ങുന്നു. മുറിയിൽ, വാർദ്ധക്യത്തിന്റെ പഴകിയ മണം കിടക്കയിലേയ്ക്കൂർന്നിറങ്ങുന്നു. അടച്ചുറപ്പില്ലാത്തൊരു വാതിൽ പോലെ ബന്ധങ്ങൾ അസുരക്ഷിതമായൊരു കുടിലാകുന്നു.
 
ജീവിതത്തിൽ, യൗവനത്തിന്റെ ശൗര്യം വാക്കിലും ശരീരത്തിലും കുറഞ്ഞുതുടങ്ങുമ്പോൾ ബന്ധങ്ങളുടെ അടുപ്പത്തെക്കുറിച്ച് ലളിതമായി ആലോചിച്ചുതുടങ്ങുന്നു. തണലേകിയ വൃക്ഷങ്ങളെ ഏറെനേരം തലോടിയങ്ങനെ വെറുതെ നിൽക്കാൻ തോന്നും. ഒരുപാട് തവണ ഓടിക്കയറിയ പടിക്കെട്ടുകൾ ഭയപ്പാടോടെ, മെല്ലെ കയറുമ്പോൾ കിതപ്പിന്റെ ശക്തിയിൽ ശ്വാസം പിടയ്ക്കുന്നു. സങ്കീർണ്ണമായ പശ്ചാത്തലങ്ങൾ മൃദുലമായ വികാരങ്ങളിൽ കല്ലുരച്ച് മുറിപ്പെടുത്തിയ ഓർമ്മക്കൂമ്പാരങ്ങൾ, ഈ  വഴികളിൽ, ഒരു ചെറിയ കാറ്റിൽ സാതന്ത്ര്യത്തിന്റെ ആവേശം പോലെ പാറിക്കളിക്കുന്നു. വാക്കുകൾ ശബ്ദമില്ലാത്ത നിശ്വാസങ്ങളായി ഇലഞ്ഞിമരത്തിൽ വട്ടം ചുറ്റുന്നു. വളർച്ചയ്ക്കുമുൻപേ പിഴുതപ്പെട്ട ഒരു നിശാഗന്ധിയുടെ കരച്ചിൽ നെല്ലിയിലകളെ വിറപ്പിക്കുന്നു. ഈ മണ്ണ്, സുപരിചിതമായ ദിവസങ്ങളിലെ ഋതുക്കളെ വീണ്ടുമെത്തിക്കുന്നു. തെക്കേപുരയ്ക്കപ്പുറത്തെ മാവിൽ ഒരൂഞ്ഞാലിന്റെ മുറിഞ്ഞ കയർ കഴുത്തിൽ വലിഞ്ഞുമുറുകാനൊരുങ്ങുന്നു. നിർഭയം, ഏകാന്തതകൾ ചിറകേറി പറന്നകന്ന കൈതട്ടലുകൾ ഒരു ചുവടിനപ്പുറത്ത് അഗാധമായൊരു കുളം സൃഷ്ടിക്കുന്നു. കട്ടിയേറിയ പച്ചനിറമുള്ള തവളകളും, കറുത്തതും മഞ്ഞയും നിറമുള്ള വിഷപ്പാമ്പുകളും കൂർത്ത പുല്ലുകളും നിറഞ്ഞ, ഇരുണ്ടവെള്ളമുള്ള കുളം. കാലുകളിലുമ്മവെച്ചിഴയുന്ന നാഗങ്ങൾ ശരീരത്തെയിറുക്കി ഹൃദയത്തിന്റെ രഹസ്യമായ വഴിയിലൂടെ സ്വപ്നങ്ങളുടെ കാവൽക്കാരെയുറക്കി. അറിവിനപ്പുറത്തെ അനുഭവങ്ങളുടെ വെളിച്ചം കൊടും‌വേനലിന്റെ മദ്ധ്യാഹ്നമായിരുന്നു.
 
തളർവാതത്തിന്റെ ഉരുണ്ടുകയറ്റങ്ങളിൽ ദീർഘനിശ്വാസങ്ങൾ ഒരു തുള്ളി വെള്ളത്തിന്റെ തണുപ്പ് തേടുകയാകണം. അല്ലെങ്കിലെന്തിനാണ് ചരൽമണലുകൾ കൂടുതൽ ചുവക്കുകയും മാമ്പൂക്കൾ പിന്നേയുമുണരുകയും ചെയ്യുന്നത്. എനിക്ക് മാത്രമായെന്തോ ഒരിക്കലീ മുറ്റം കരുതിവെച്ചിരുന്നു. അതിനെപ്പോഴൊക്കെയോ കുയിലിന്റെ പാട്ടുകളും കൃഷ്ണകിരീടത്തിന്റെ ഗാംഭീര്യവും നെല്ലിയുടെ ചവർപ്പും മുല്ലയുടെ മണവും വേദികളൊരുക്കിയിരുന്നു. അന്നെന്റെ യൗവനം പുഴയിൽ നീന്തുന്നൊരു കുട്ടിയെപ്പോലെ ഓജസ്സുള്ളതായിരുന്നു. മുടിക്കറുപ്പിൽ മിന്നാമിന്നുകൾ നക്ഷത്രങ്ങളാകുന്നപോലെ ഓരോ രാവും എന്റെ മോഹങ്ങളുടെ നക്ഷത്ര താഴ്വരകളായിരുന്നു. സ്വർഗ്ഗവാതിലുകൾ സുന്ദരമാണെന്ന് മോഹിപ്പിച്ച് അഗാധമായൊരു കൊക്കയിലേയ്ക്കെന്നെ തള്ളിയിടാൻ മാത്രം എന്റെ ക്രൂരതയെന്തെന്ന് ഇന്നുമെനിക്കന്യമാണ്. ചാരനിറമുള്ള മേഘങ്ങൾ എന്നെ വിഷാദത്തിലേക്ക് നയിക്കുകയാണ്. കണ്ണുകളിൽ തിമിരത്തിന്റെ പാടയുറയുകയോ കൈകൾ വിറയ്ക്കുകയോ ചെയ്യുന്നില്ല. ശരീരം, യൗവനത്തിന്റെ തീക്ഷ്ണതയില്‍ അഗ്നിയെപ്പോലെ ജ്വലിക്കുകയാണ്. ഈയാം‌പാറ്റകളെപ്പോലെ അതിലെന്റെ സ്വപ്നങ്ങൾ കരിഞ്ഞുവീഴുന്നു. സിരകളിൽ രക്തമൊരു പ്രളയമായി എന്നെ അർബുദരോഗിയാക്കുകയാണ്. ഇനിയീ യൗവനം, മരണത്തിന്റെ നടപ്പാതയിലേയ്ക്ക് തണലുതേടിയിറങ്ങും. അതിനു മുൻപ് ഈ യൗവനം ഞാനെന്റെ മകൾക്ക് നൽകുകയാണ്. അവളുടെ കണ്ണുകളിൽ ലോകത്തിന്റെ എല്ലാ സൗന്ദര്യവും ഒരു ചുഴിയിലകപ്പെട്ടതുപോലെ കറങ്ങിക്കൊണ്ടേയിരിക്കും. വസന്തത്തിലെ പ്രഭാതം പോലെ അവളുണരുകയും, നിശ്വാസങ്ങളിൽ പ്രപഞ്ചത്തിന്റെ മിടിപ്പിളുറങ്ങുകയും ചെയ്യും.
 
ഇനിയെനിയ്ക്ക് വാർദ്ധക്യത്തിന്റെ പടവുകൾ കയറാം. നിർത്താതെയുള്ള ചുമയിൽ അമർഷങ്ങളുടെ കിതപ്പുകളൊതുക്കാം. നീണ്ടവിരലുകളിലൊന്നിൽ, അഴിച്ചുമാറ്റപ്പെടാനാവാത്തൊരു വളയം വെളുത്തപാട് മാത്രം അവശേഷിപ്പിച്ചിരിക്കുന്നു. ജീവിതത്തിലെപ്പോഴും ഞാനോർമ്മിച്ചിരുന്ന ചില നിമിഷങ്ങളുടെ വെളുത്ത തിരശ്ശീലപോലെ അതെന്നെ നിർബന്ധപൂർവ്വം ഒരു വൃദ്ധയാക്കിയിരിക്കുന്നു. എങ്കിലും , ചിലപ്പോഴൊക്കെ യൗവനം വാർദ്ധക്യത്തിലേയ്ക്കും, വാർദ്ധക്യം യൗവനത്തിലേയ്ക്കും പരകായപ്രവേശം നടത്തുന്നു. അതെന്നെ ഉന്മാദമായൊരു ലോകത്തെ റാണിയാക്കുന്നു. ഉപേക്ഷിക്കപ്പെടുകയും, സ്വീകരിക്കപ്പെടുകയും ചെയ്യാതെ ഒരു ജീവിതം വെറുതെ നാടകമാടുന്നു. കാണികളായി ഇരുണ്ട നിശ്ശബ്ദത മാത്രം! 

27-Jan-2016

കഥകൾ മുന്‍ലക്കങ്ങളില്‍

More