വ്യാഖ്യാന ഫാക്ടറികളുടെ ഇരകളും വേട്ടക്കാരും
പ്രീജിത്ത് രാജ്
പണ്ട് നൈസാം ഭരണത്തിനെതിരെ കമ്യൂണിസ്റ്റ് പാര്‍ടിയുടെ നേതൃത്വത്തില്‍ തെലുങ്കാനയില്‍ കര്‍ഷക സമരം കൊടുമ്പിരിക്കൊള്ളുമ്പോഴാണ്, അന്നത്തെ ഹൈദരാബാദ് സംസ്ഥാനത്തിലേക്ക് ഇന്ത്യന്‍ പട്ടാളം മാര്‍ച്ച് ചെയ്തത്. അന്ന് സായുധ കലാപം നടന്നു. കൊയഗോത്രവര്‍ഗക്കാരുടെ സഹായത്തോടെ കമ്യൂണിസ്റ്റ് പാര്‍ടിക്ക് ആ സായുധ കലാപം തുടരാമായിരുന്നു. അന്ന് പാര്‍ട്ടിയുടെ മുന്നില്‍ രണ്ട് വഴികളാണ് ഉണ്ടായിരുന്നത്. ഒന്ന്, സായുധ പോരാട്ടം അവസാനിപ്പിച്ച് നേടിയെടുത്ത നേട്ടങ്ങള്‍ സംരക്ഷിക്കുന്നതിനായി സര്‍ക്കാരുമായി വിലപേശുക. രണ്ട്, ഗോത്രവര്‍ഗത്തിന്റെ പിന്തുണയോടെ സമരം തുടരുക. ഇതില്‍ ആദ്യത്തെ വഴിയാണ് അന്ന് തെരഞ്ഞെടുത്തത്. അല്ലായിരുന്നുവെങ്കില്‍, അന്തമില്ലാതെ പാഞ്ഞുകൊണ്ടിരിക്കുന്ന ഒരു പ്രസ്ഥാനമായി കമ്യൂണിസ്റ്റ് പാര്‍ടി ഇപ്പോഴും കാടുകളില്‍ ചുറ്റിതിരിയുന്നുണ്ടാവുമായിരുന്നു. രണ്ടാമത്തെ വഴി തെരഞ്ഞെടുത്തുകൊണ്ടാണ് ഇന്ന് ജനാധിപത്യവും മതനിരപേക്ഷതയും സംരക്ഷിക്കുന്നതിനും സാമ്രാജ്യത്വത്തിനും നവലിബറലിസത്തിനും എതിരായി ബദലുകള്‍ മുന്നോട്ടുവെച്ച് മുന്നോട്ടുപോകാനും പാര്‍ട്ടിക്ക് സാധിക്കുന്നത്. ഈ മാതൃക മാവോയിസ്റ്റുകള്‍ക്ക് പിന്തുടരാവുന്നതുമാണ്. |
ഇന്ത്യയുടെ രാഷ്ട്രഘടനയ്ക്കകത്തുനിന്നുകൊണ്ട് സാധ്യമായ എല്ലാ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളും വേണ്ടെന്ന് വെച്ച്, സായുധപോരാട്ടത്തിന്റെ വഴി തെരഞ്ഞെടുത്ത് മുന്നോട്ടുപോകുന്നവരാണ് മാവോയിസ്റ്റുകള്‍. അവരില്‍ രണ്ടുപേരാണ് കഴിഞ്ഞ ദിവസം നിലമ്പൂര്‍ വനത്തില്‍ പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. ഇവരുടെ മരണം എങ്ങിനെയാണ് സംഭവിച്ചതെന്ന് പുറംലോകം അറിയില്ല. എന്നാല്‍, കേരളത്തിലെ മുതലാളിത്ത മാധ്യമങ്ങളും സിപിഐയുടെ മുഖപത്രവും സൂചനകള്‍വെച്ചുകൊണ്ട് വാര്‍ത്തകള്‍ നിര്‍മിക്കുകയാണ്. വ്യാജ ഏറ്റുമുട്ടലിലൂടെയാണ് മാവോയിസ്റ്റുകളെ കൊന്നതെന്നാണ് ഇവര്‍ സമര്‍ത്ഥിക്കാന്‍ ശ്രമിക്കുന്നത്. മനോരമ പോലുള്ള പത്രങ്ങളും വാര്‍ത്താചാനലുകളും പൊടിപ്പും തൊങ്ങലും ചേര്‍ത്ത് പടച്ചുവിടുന്ന വാര്‍ത്തകള്‍ മാത്രമാണ് ഈ നിഗമനത്തിലേക്ക് എത്താനുള്ള സൂചകം.
വ്യാജ ഏറ്റുമുട്ടലും ആസൂത്രിതമായ കൊലപാതകവുമാണ് അവിടെ നടന്നതെങ്കില്‍ അത് ശരിയല്ല. അവരെ കൊല്ലാതെ പിടിക്കുവാന്‍ സാധിക്കുമായിരുന്നുവെങ്കില്‍ അതായിരുന്നു അഭികാമ്യം. മാവോയിസ്റ്റ് നേതാക്കളെ ജീവനോടെ ലഭിച്ചിരുന്നുവെങ്കില്‍ പോലീസിന് തുടരന്വേഷണങ്ങള്‍ക്ക് പല സൂചനകളും ലഭിക്കുകയും ചെയ്യുമായിരുന്നു. പക്ഷെ, അവിടെ നടന്നതെന്താണെന്ന് നമുക്കാര്‍ക്കും അറിയില്ല. സൂചനകള്‍ കൊണ്ട് പൊലിപ്പിച്ചെടുത്ത വാര്‍ത്തകളും വ്യാഖ്യാനങ്ങളും മാത്രമാണ് നമുക്ക് മുന്നിലുള്ളത്. മാവോയിസ്റ്റുകള്‍ സര്‍ക്കാരിനോട് ഏറ്റുമുട്ടാനായി ആയുധമണിഞ്ഞ് നില്‍ക്കുന്നവരാണ്. അവരോട് സര്‍ക്കാര്‍ ഏറ്റുമുട്ടാന്‍ പാടില്ല എന്ന വാദം അര്‍ത്ഥമില്ലാത്തതാണ്. ജനങ്ങളുടെ ഭരണകൂടഉപകരണങ്ങള്‍ മാവോയിസ്റ്റുകളുടെ ആയുധങ്ങള്‍ക്ക് മുന്നില്‍ മരിച്ചുവീഴുന്നതാണ് ശരി, അപ്പോഴാണ് മാനവീകത പൂത്തുവിടരുന്നത് എന്ന വാദം വെറും മൂഡത്വവുമാണ്.
നരേന്ദ്രമോഡി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ നടത്തിയ വ്യാജ ഏറ്റുമുട്ടലുകളോടും കൊലപാതകത്തോടുമാണ് ഈ സംഭവത്തെ പലരും താരതമ്യം ചെയ്യുന്നത്. തീര്‍ത്തും നിരപരാധികളായ സാധാരണ മനുഷ്യരെയാണ് മോഡി ആ ഏറ്റുമുട്ടലിലൂടെ ഇല്ലാതാക്കിയത്. അത് ആര്‍ എസ് എസ് അജണ്ടയായിരുന്നു. അന്ന് കൊല്ലുപ്പെട്ടവര്‍ സായുധരായിരുന്നില്ല. ആയുധം ഉപയോഗിച്ച് വ്യവസ്ഥയെ മാറ്റാന്‍ വേണ്ടി പ്രവര്‍ത്തിക്കുന്നവരുമായിരുന്നില്ല. അതുകൊണ്ട് നിരായുധനായ ഒരു സാധാരണ പൗരനേയും ആയുധമേന്തി കലാപത്തിന് ആഹ്വാനം ചെയ്യുന്ന മാവോയിസ്റ്റിനെയും ഒരേ ചരടില്‍ കെട്ടുന്നത് ശരിയല്ല.
ഒരു നിരായുധനായ സാധാരണക്കാരന്‍ പൊതുസ്ഥലത്ത് നില്‍ക്കുമ്പോള്‍ വളഞ്ഞിട്ട് വെടിവെച്ച് കൊല്ലുന്നത് ഈ സമൂഹം ഒരിക്കലും അംഗീകരിക്കില്ല. ആതാരുതന്നെ ചെയ്താലും നാമെല്ലാം ഒറ്റക്കെട്ടായി അതിനെ എതിര്‍ക്കും. പക്ഷെ, നിലമ്പൂരില്‍ സംഭവിക്കുന്നത് അങ്ങനെയല്ല. ആയുധമേന്തിയ ഒരു ക്രിമിനല്‍സംഘം ചില നിക്ഷിപ്ത ഉദ്ദേശത്തോടുകൂടി വനാന്തര്‍ഭാഗത്ത് തമ്പടിക്കുകയാണ്. അവര്‍ക്ക് സുപരിചതമാണ് അവിടം. ആ ഒളിത്താവളം മനസിലാക്കി, പ്രസ്തുത പ്രദേശത്ത് ഒരു മുന്‍പരിചയവുമില്ലാത്ത പോലീസ്‌സംഘം അവരെ വളയുന്നു. അറുപത് പോലീസുകാരടങ്ങുന്ന സംഘം ഒരു ചെറിയ കൂരയുടെ വലിപ്പമുള്ള ഷെഡ് വളയുമ്പോള്‍ അതിനകത്തുള്ള വ്യക്തികളുടെ മുന്നിലും പിന്നിലുമടക്കം നാലുഭാഗത്തും പോലീസുണ്ടാവും. അക്ഷരാര്‍ത്ഥത്തില്‍ അത് വളയല്‍ തന്നെയാണ്. പോലീസ് വളഞ്ഞിരിക്കുന്നത് പരമപാവങ്ങളായ ആദിവാസികളെയല്ല, ആയുധമേന്തി നില്‍ക്കുന്ന, നിരവധിയായ കൊലപാതകങ്ങളിലൂടെ ഇരുത്തം വന്ന ക്രിമിനലുകളെയാണ്. ഇരുവിഭാഗവും തോക്കെടുത്ത് ഉന്നംപിടിച്ച് നില്‍ക്കുമ്പോള്‍ എതിരാളിയെ ഇല്ലാതാക്കുക എന്ന ചിന്തയാവും രണ്ടുവിഭാഗത്തെയും ഭരിക്കുന്നത്. വെടിയേല്‍ക്കുന്നവന്‍ വീഴും. ഇവിടെ വീണത് മാവോയിസ്റ്റുകളാണ്.
വ്യാജ ഏറ്റുമുട്ടലാണെന്ന് സ്ഥാപിക്കാന്‍ മനോരമയും ജനയുഗവും മറ്റും പറയുന്ന പ്രധാനപ്പെട്ട വാദം, മാവോയിസ്റ്റ് സംഘത്തിലെ മറ്റുള്ളവര്‍ക്കോ, പോലീസ് സേനയിലെ അംഗങ്ങള്‍ക്കോ വെടിവെയ്പ്പില്‍ പരിക്കേറ്റ വിവരമില്ല എന്നതാണ്. വിവരമില്ലാത്ത ആ കാര്യം പൊക്കിപ്പിടിച്ച് വസ്തുത എന്ന രീതിയില്‍ അവതരിപ്പിക്കുന്നതും സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതും എന്തിനാണ്? മാവോയിസ്റ്റുകള്‍ക്ക് പരിക്കേറ്റോ ഇല്ലയോ എന്ന് അവരോട് ചോദിച്ച് മനസിലാക്കാന്‍ നമുക്ക് മുന്നില്‍ സാധ്യതകളില്ല. പോലീസ് ഈ വിഷയത്തെ പറ്റി ഇതുവരെ ഒന്നും പറഞ്ഞിട്ടുമില്ല. അപ്പോള്‍ പറയുന്നതുവരെ കാത്തിരിക്കുക എന്നതുമാത്രമേ വഴിയുള്ളു. പിറകില്‍ വെടികൊണ്ടു എന്നാണ് ചിലര്‍ പറയുന്നത്. അത് വ്യാജ ഏറ്റുമുട്ടലിലായേക്കാം എന്ന കരുതല്‍ യുക്തിഭദ്രമല്ല. ചിലപ്പോള്‍ പിന്തിരിഞ്ഞ് ഓടുമ്പോഴാവാം. ചിലപ്പോള്‍ ഒളിത്താവളം വളഞ്ഞ് നാലുഭാഗത്തുനിന്നും വെടിവെക്കുമ്പോഴാവാം. അത്തരം സാധ്യതകള്‍ കൂടി പരിഗണിക്കണം.
എന്തുകാര്യത്തിനാണ് മാവോയിസ്റ്റുകള്‍ സായുധരായി വനാന്തര്‍ഭാഗങ്ങളില്‍ കറങ്ങി നടക്കുന്നത്. ക്രിമിനല്‍ പ്രവര്‍തതനങ്ങളിലേര്‍പ്പെടുന്നത്? സായുധവിപ്ലവത്തിന് ഇനി സാധ്യതയുണ്ടോ? പണ്ട് നൈസാം ഭരണത്തിനെതിരെ കമ്യൂണിസ്റ്റ് പാര്‍ടിയുടെ നേതൃത്വത്തില്‍ തെലുങ്കാനയില്‍ കര്‍ഷക സമരം കൊടുമ്പിരിക്കൊള്ളുമ്പോഴാണ്, അന്നത്തെ ഹൈദരാബാദ് സംസ്ഥാനത്തിലേക്ക് ഇന്ത്യന്‍ പട്ടാളം മാര്‍ച്ച് ചെയ്തത്. അന്ന് സായുധ കലാപം നടന്നു. കൊയഗോത്രവര്‍ഗക്കാരുടെ സഹായത്തോടെ കമ്യൂണിസ്റ്റ് പാര്‍ടിക്ക് ആ സായുധ കലാപം തുടരാമായിരുന്നു. അന്ന് പാര്‍ട്ടിയുടെ മുന്നില്‍ രണ്ട് വഴികളാണ് ഉണ്ടായിരുന്നത്. ഒന്ന്, സായുധ പോരാട്ടം അവസാനിപ്പിച്ച് നേടിയെടുത്ത നേട്ടങ്ങള്‍ സംരക്ഷിക്കുന്നതിനായി സര്‍ക്കാരുമായി വിലപേശുക. രണ്ട്, ഗോത്രവര്‍ഗത്തിന്റെ പിന്തുണയോടെ സമരം തുടരുക. ഇതില്‍ ആദ്യത്തെ വഴിയാണ് അന്ന് തെരഞ്ഞെടുത്തത്. അല്ലായിരുന്നുവെങ്കില്‍, അന്തമില്ലാതെ പാഞ്ഞുകൊണ്ടിരിക്കുന്ന ഒരു പ്രസ്ഥാനമായി കമ്യൂണിസ്റ്റ് പാര്‍ടി ഇപ്പോഴും കാടുകളില്‍ ചുറ്റിതിരിയുന്നുണ്ടാവുമായിരുന്നു. രണ്ടാമത്തെ വഴി തെരഞ്ഞെടുത്തുകൊണ്ടാണ് ഇന്ന് ജനാധിപത്യവും മതനിരപേക്ഷതയും സംരക്ഷിക്കുന്നതിനും സാമ്രാജ്യത്വത്തിനും നവലിബറലിസത്തിനും എതിരായി ബദലുകള്‍ മുന്നോട്ടുവെച്ച് മുന്നോട്ടുപോകാനും പാര്‍ട്ടിക്ക് സാധിക്കുന്നത്. ഈ മാതൃക മാവോയിസ്റ്റുകള്‍ക്ക് പിന്തുടരാവുന്നതുമാണ്.
''നമുക്കാദ്യം ആദിവാസികളെ സംഘടിപ്പിക്കാം അതിനുശേഷം തൊഴിലാളികളെയും കൃഷിക്കാരെയും സംഘടിപ്പിക്കാം'' എന്ന ആശയം ഒരിക്കലും പ്രായോഗികമല്ല. മാവോയിസ്റ്റുകള്‍ ബോധപൂര്‍വ്വം സ്വത്വരാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കുകയാണ്. അതിന്റെ ഭാഗമായി ഉരുത്തിരിഞ്ഞുവന്ന അക്രമാസക്തിയുടെ പ്രകാശനമായിരുന്നു നൂറ്റന്‍പതുപേരുടെ മരണത്തിനിടയാക്കിയ ജ്ഞാനേശ്വരി എക്‌സ്പ്രസ് അപകടം.
വലതുപക്ഷ ഭരണകൂടങ്ങളുമായി മാവോയിസ്റ്റുകള്‍ കൂട്ടുകൂടുമ്പോള്‍ അവര്‍ക്ക് പിറകില്‍ സിഐഎ സാന്നിധ്യമുണ്ടെന്ന ആരോപണം പ്രസക്തമാവുന്നുണ്ട്. പശ്ചിംബംഗാളില്‍ മമത ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള ഭരണകൂടവുമായി സന്ധിചെയ്ത് സിപിഐ എം വേട്ടനടത്തുകയാണ് മാവോയിസ്റ്റുകള്‍. അറുനൂറോളം സിപിഐ എം പ്രവര്‍ത്തകരാണ് അവിടെ കൊല്ലപ്പെട്ടത്. സിപിഐ എം പ്രവര്‍ത്തകരുടെ വീടുകളില്‍ കയറി സ്ത്രീകളെയും കുഞ്ഞുങ്ങളെയും ബലാല്‍സംഗം ചെയ്യുന്നു. മാവോയിസ്റ്റ് അക്രമങ്ങള്‍ക്ക് തൃണമൂല്‍ കോണ്‍ഗ്രസുകാര്‍ സര്‍വ്വസഹായങ്ങളും നല്‍കുന്നു. ഇത് വിപ്ലവത്തിലേക്കുള്ള വഴിയാണോ എന്ന് സിപിഐ സെക്രട്ടറി കാനം രാജേന്ദ്രന്‍ വ്യക്തമാക്കേണ്ടതുണ്ട്.
സായുധസമരമെന്നൊക്കെ പറഞ്ഞ മാവോയിസ്റ്റുകള്‍ കൊന്നൊടുക്കിയതില്‍ ഏറെയും പാവങ്ങളാണ്. അതില്‍ വലിയൊരു പങ്ക് സിപിഐ എം പ്രവര്‍ത്തകരാണ്. ആശയപരമായി മാവോയിസം അപ്രസക്തമാണെന്ന് വിളിച്ചുപറയുന്ന സിപിഐ എംനെ ആയുധമുപയോഗിച്ച് ഇല്ലാതാക്കാനുള്ള ശ്രമമാണ് അവരുടെ അതിക്രമങ്ങള്‍. ഒറീസയിലെ ആദിവാസി മേഖലകളിലും മറ്റും അധോലോക സംഘങ്ങളുടെ രീതിയിലാണ് മാവോയിസ്റ്റുകള്‍ പ്രവര്‍ത്തിക്കുന്നത്. സമാന്തരഭരണകൂടങ്ങള്‍ ഉണ്ടാക്കാനാണ് പരിശ്രമം. അവര്‍ക്കെതിരെ ഉയരുന്ന ശബ്ദങ്ങള്‍ ഇല്ലാതാക്കും. തീര്‍ത്തും വിധ്വംസക രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍. ഇത് ഒരിക്കലും അനുവദിക്കാന്‍ പാടില്ല. മാവോയിസ്റ്റുകള്‍ക്ക് വേണ്ടി ശബ്ദിക്കുന്നവര്‍ക്ക് മറ്റ് പല അജണ്ടകളുമുണ്ട്. ''മാവോയിസ്റ്റുകളെ കൊല്ലുന്നത് എല്‍ ഡി എഫ് നയമല്ല'' എന്ന് പറഞ്ഞ കാനം രാജേന്ദ്രന്‍, പോലീസിനെ കൊലയ്ക്ക് കൊടുക്കുന്നത് എല്‍ ഡി എഫ് നയമാണോ എന്ന് വിശദീകരിക്കണം. അതാണോ സിപിഐ നിലപാടെന്ന് അറിയാന്‍ പൊതുസമൂഹത്തിന് താല്‍പ്പര്യമുണ്ട്.
26-Nov-2016
പ്രീജിത്ത് രാജ്
പ്രീജിത്ത് രാജ്
പ്രീജിത്ത് രാജ്
പ്രീജിത്ത് രാജ്
പ്രീജിത്ത് രാജ്