ആര്‍ഷഭാരത സംസ്‌കാരത്തിന്റെ നാറ്റം

കടകംപള്ളി സഹകരണ ബാങ്കില്‍ നിന്ന് ശതകോടികളുടെ കള്ളപ്പണം കണ്ടെത്തിയെന്ന ബി ജെ പി നേതാവിന്റെ ആരോപണം നട്ടാല്‍കിളിര്‍ക്കാത്ത നുണമാത്രമാണ്. ബാങ്കില്‍ ആദായ നികുതിവകുപ്പ് പരിശോധന നടത്തിയെന്ന ആരോപണവും പച്ചക്കള്ളമാണ്. സംസ്ഥാന മന്ത്രിയുടെ പേരില്‍ വ്യാജനിക്ഷേപമുണ്ടെന്ന സുരേന്ദ്രന്റെ ആരോപണം തെളിയിക്കാന്‍ അദ്ദേഹവും ആര്‍ എസ് എസ് - ബി ജെ പി നേതൃത്വവും തയ്യാറാവണം. കേന്ദ്ര ഏജന്‍സിയുടെ അന്വേഷണത്തെവരെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. മടിയില്‍ കനമുള്ളവനേ വഴിയില്‍ ഭയപ്പെടേണ്ട കാര്യമുള്ളു. ഇപ്പോള്‍ സിപിഐ എംന്റെ ധീരനായ ഒരു സഖാവിന്റെ ശവശരീരത്തിന് മുന്നില്‍ വെച്ച്, അദ്ദേഹത്തിന്റെ ഭാര്യയുടെയും മക്കളുടെയും കണ്ണീര്‍ച്ചാലില്‍ ചവിട്ടിനിന്ന് കെ. സുരേന്ദ്രന്‍ വിളിച്ചുപറഞ്ഞത്, ചുരുക്കി പറഞ്ഞാല്‍ സംസ്‌കാരമില്ലായ്മയാണ്. രാഷ്ട്രീയ വിരോധം കൊണ്ട് മനുഷ്യത്വം കൈമോശം വരാന്‍ പാടില്ല. വി എല്‍ ജയശങ്കര്‍ സിപിഐ എം വഞ്ചിയൂര്‍ ഏരിയാ കമ്മറ്റിയംഗവും കടകംപള്ളി സഹകരണ ബാങ്ക് പേട്ടശാഖയുടെ മാനേജര്‍ ഇന്‍ചാര്‍ജ്ജുമായിരുന്നു. വീട്ടില്‍ കുഴഞ്ഞുവീണ ജയശങ്കറെ ഭാര്യയും ബന്ധുക്കളും ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മരണം കടുത്ത ഹൃദയാഘാതം മൂലമായിരുന്നു. ആ മരണം കൊലപാതകമെന്ന് സംശയിക്കുന്നുവെന്നും പോസ്റ്റുമോര്‍ട്ടം നടത്താതിരിക്കാന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഇടപെട്ടുവെന്നും കെ സുരേന്ദ്രന്‍, അശേഷം വിവേകവും ലജ്ജയുമില്ലാതെ വിളിച്ചുപറഞ്ഞു. തിരുവനന്തപുരത്തെ ആര്‍ എസ് എസ് - ബി ജെ പി നേതൃത്വത്തിന് അത്തിരത്തിലുള്ള വിടുവായത്തം പറയാന്‍ സാധിക്കില്ല. അതുകൊണ്ടാണ് സുരേന്ദ്രന്‍ ഗീബല്‍സിന്റെ വേഷമിട്ടത്.

തിരുവനന്തപുരം ജില്ലയിലെ ആര്‍ എസ് എസ് സംഘപരിവാരം വിളറിപിടിച്ച് നടപ്പാണ്. കറന്‍സിനോട്ട് അസാധുവാക്കല്‍ മൂലവും തങ്ങളുടെ ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ പരസ്യമാവുന്നതുകൊണ്ടും ജനങ്ങളില്‍ നിന്ന് ഒറ്റപ്പെട്ടുപോവുന്ന അവസ്ഥയെ മറികടക്കാന്‍ നുണകളുടെയും അപവാദങ്ങളുടെയും പ്രചാരകരായി ബി ജെ പി - ആര്‍ എസ് എസ് നേതൃത്വം അധപതിച്ചിരിക്കുന്നു.

സിപിഐ എം പ്രവര്‍ത്തകന്‍ വഞ്ചിയൂരിലെ വി വി വിഷ്ണുവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ആര്‍എസ്എസ് കാര്യവാഹകും ശാരീരിക് പ്രമുഖും മുഖ്യശിക്ഷകും ഉള്‍പ്പെടെ 11 സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് ഇരട്ട ജീവപര്യന്തവും ഒരു ക്രിമിനലിന് ജീവപര്യന്തവുമാണ് കഴിഞ്ഞ ദിവസം തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷ വിധിച്ചത്. നാടിനെ നടുക്കി, പട്ടാപ്പകല്‍ നടത്തിയ അരുംകൊലയില്‍ 13 പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. പ്രതികള്‍ ദയ അര്‍ഹിക്കുന്നില്ലെന്ന് വ്യക്തമാക്കിയ കോടതി, അവരുടെ പ്രായവും സുപ്രീംകോടതി മാര്‍ഗനിര്‍ദേശങ്ങളും പരിഗണിക്കുന്നതുകൊണ്ടാണ് വധശിക്ഷ നല്‍കാത്തത് എന്നും വിധിന്യായത്തില്‍ പറഞ്ഞു. ശിക്ഷിക്കപ്പെട്ട പ്രതികളെല്ലാം തന്നെ ജില്ലയിലെ സജീവ ആര്‍ എസ് എസ് - ബി ജെ പി പ്രവര്‍ത്തരാണ്. ക്രിമിനല്‍ പ്രവര്‍ത്തനങ്ങളിലും സദാചാര-സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളിലൂടെ കുപ്രസിദ്ധരായവരുമാണ്. ഈ കോടതിവിധിയിലൂടെ നീതി മാത്രമല്ല പ്രകാശിച്ചിരിക്കുന്നത് തലസ്ഥാന നഗരിയിലെ ജനങ്ങളുടെ വികാരം കൂടിയാണ്.

കുറച്ചുനാളുകള്‍ക്ക് മുന്‍പ് ഡി വൈ എഫ് ഐ പ്രവര്‍ത്തകനായ കുട്ടപ്പനെന്ന സുരേഷ് കുമാറിനെ ആര്‍ എസ് എസ് മുഖ്യശിക്ഷക് രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ കൊലപ്പെടുത്തിയത് മൃഗീയമായാണ്. പ്ലംബിംഗ് ജോലിക്കായി പോയ കുട്ടപ്പനെ പിന്തുടര്‍ന്ന ആര്‍ എസ് എസ് - ബി ജെ പി ക്രിമിനലുകള്‍, വണ്ടന്നൂരില്‍ വച്ച് കുട്ടപ്പന്റെ ആക്ടീവ സ്‌കൂട്ടറില്‍ കാറുകൊണ്ടിടിച്ച് ഓടയില്‍ വീഴ്ത്തി തലങ്ങും വിലങ്ങും വെട്ടി കൊല്ലുകയായിരുന്നു. അപ്പോള്‍ ഓടയില്‍ അകപ്പെട്ടുപോയ അവരുടെ കാര്‍ ഉപേക്ഷിച്ച് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. അക്രമികളിലൊരാളായ ഉണ്ണിയെ പ്രദേശത്തെ സിആര്‍പിഎഫ് ജവാന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ ഓടിച്ച് പിടിച്ചു. പിടിയിലായ ആര്‍ എസ് എസ് ക്രിമിനല്‍ ഗൂഡാലോചനയെ കുറിച്ചുള്ള വിശദാംശങ്ങളടക്കം എല്ലാ കാര്യങ്ങളും പോലീസിനോട് വെളിപ്പെടുത്തി. കുട്ടപ്പന്റെ കൊലപാതകം ആര്‍ എസ് എസ് - ബി ജെ പി ഉന്നത നേതൃത്വത്തിന്റെ ഗൂഡാലോചനയുടെ ഭാഗമാണെന്നത് പരസ്യമായി കഴിഞ്ഞു. കൊലയാളികളുടെ മൊബൈല്‍ഫോണുകള്‍ ആ സമയത്ത് അവരുടെ വീടുകളിലായിരുന്നു. അവ കൊലപാതക സമയത്ത് ഉപയോഗിക്കാന്‍ വേറെ ആള്‍ക്കാരെ ചുമതലപ്പെടുത്തി. ഫോണുകളില്‍ നിന്ന് പുറത്തേക്കും അകത്തേക്കും കോളുകള്‍ പോയി. കോടതിയില്‍ ഈ കേസെത്തുമ്പോള്‍ മൊബൈല്‍ ടവര്‍ ലൊക്കേഷനും കോളുകളുടെ വിശദാംശവും സമര്‍പ്പിച്ച് പ്രതികളെ രക്ഷിക്കാനുള്ള ആര്‍ എസ് എസിന്റെ കുടിലതന്ത്രമായിരുന്നു അത്. ഈ കഥകളെല്ലാം ഇപ്പോള്‍ നാട്ടിലാകെ പാട്ടാണ്.

തിരുവനന്തപുരം നഗരത്തിലെ പെരുന്താന്നി എന്ന പ്രദേശത്തെ ഡി വൈ എഫ് ഐ മേഖലാ സെക്രട്ടറി മനോജിനെ ആര്‍ എസ് എസ്-ബി ജെ പി അക്രമിസംഘത്തിന്റെ കൊലക്കത്തിയില്‍ നിന്നും നാട്ടുകാര്‍ രക്ഷിച്ചെടുക്കുകയായിരുന്നു. മകളെ സ്‌കൂളിലാക്കി തിരികെവരുമ്പോള്‍ അക്രമിസംഘം മാരകായുധങ്ങളുമായി മനോജിനെ വളഞ്ഞു. വടിവാളും കൈമഴുവുമുപയോഗിച്ച് വെട്ടിവീഴ്ത്തി. ആര്‍ എസ് എസിന്റെ പ്രത്യേക ബൈഠക് കൂടിയാണ് മനോജിനെ കൊല്ലാന്‍ ആസൂത്രണം ചെയ്തത്. വഞ്ചിയൂര്‍ വിഷ്ണു വധക്കേസിലെ അഞ്ചാംപ്രതിയായ രഞ്ജിത്തിന്റെ നേതൃത്വത്തിലാണ് ഈ കൊലപാതകശ്രമം നടന്നത്. പ്രാണരക്ഷാര്‍ത്ഥം അടുത്തുള്ള കോളനിയിലേക്ക് ഓടിക്കയറിയ മനോജിനെ പിന്തുടര്‍ന്ന ആര്‍ എസ് എസ് - ബി ജെ പി ക്രിമിനലുകളെ അടുത്തുള്ള കോളനിവാസികള്‍ കല്ലെറിഞ്ഞോടിച്ചില്ലായിരുന്നുവെങ്കില്‍ ആ യുവാവ് കൊല്ലപ്പെടുമെന്നതുറപ്പായിരുന്നു. മനോജ് ഇപ്പോഴും ചികിത്സയിലാണ്.

ഒരുഭാഗത്ത് കൊലപാതകങ്ങള്‍ നടത്തുകയും മറ്റൊരുഭാഗത്ത് ചില കൊലപാതകങ്ങളുടെ പിന്നില്‍ സിപിഐ എം ആണെന്ന് വരുത്തിതീര്‍ക്കാനുള്ള ഗീബല്‍സിയന്‍ തന്ത്രങ്ങള്‍ പയറ്റുകയുമാണ് ആര്‍ എസ് എസ് - ബി ജെ പി നേതൃത്വം. കഴിഞ്ഞ ദിവസം മരിയാപുരത്തെ ആറയൂര്‍ വാറുതട്ടുവിള വീട്ടില്‍ അനില്‍കുമാര്‍ കൊലചെയ്യപ്പെട്ട സംഭവം സിപിഐ എംന്റെ തലയില്‍കെട്ടിവെക്കാനുള്ള ആര്‍ എസ് എസ് - ബി ജെ പി നേതൃത്വത്തിന്റെ ശ്രമം പരിഹാസ്യമായി. ചക്കകച്ചവടം നടത്തുന്ന സംഘത്തിലുള്ളവര്‍ തമ്മിലുള്ള തര്‍ക്കമാണ് അനില്‍കുമാറിന്റെ കൊലപാതകത്തില്‍ കലാശിച്ചത്. ഇവര്‍ തമ്മില്‍ പലതവണ സംഘര്‍ഷം ഉണ്ടായിട്ടുണ്ട്. അതിന്റെ ഭാഗമായി ആഴ്ചയിലൊരിക്കല്‍ പാറശാല പോലീസ്‌സ്റ്റേഷനിലെത്തി ഇവര്‍ ഒപ്പിട്ടുവരികയുമാണ്. കോണ്‍ഗ്രസ്, യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ഈ സംഘത്തിലുള്ളത്. ചക്കപറിച്ചുകൊടുക്കുന്നയാളാണ് കൊല്ലപ്പെട്ട അനില്‍കുമാര്‍. ഇദ്ദേഹത്തിന്റെ ഭാര്യ ബി ജെ പിക്കുവേണ്ടി പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചതുകൊണ്ട്, അനില്‍കുമാറിന്റെ കൊലക്ക് പിന്നില്‍ സിപിഐ എം ആണെന്നാണ് ബി ജെ പി നേതൃത്വം പ്രചരിപ്പിച്ചത്. കൊലപാതകത്തെ തുടര്‍ന്ന് ചെങ്കല്‍ പഞ്ചായത്തില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ച് ബി ജെ പി ബോര്‍ഡ് സ്ഥാപിച്ചു. എന്നാല്‍, ഉച്ചയാവുമ്പോഴേക്കും കൊലപാതകത്തിന് പിന്നില്‍ കോണ്‍ഗ്രസുകാരാണെന്നത് വ്യക്തമായി. ഉദയംകുളങ്ങര കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റ് ബിനുവാണ് പ്രധാനപ്രതി. അതോടെ ഹര്‍ത്താല്‍ ബോര്‍ഡ് സ്വയം അഴിച്ചുമാറ്റി നാട്ടുകാരുടെ രോഷത്തില്‍ നിന്നും രക്ഷപ്പെടാന്‍ ബി ജെ പി നേതൃത്വം നിര്‍ബന്ധിതരായി.

കണ്ണമ്മൂല പുത്തന്‍പാലത്തുവെച്ച് വിഷ്ണു എന്ന യുവാവിനെ ഗുണ്ടാസംഘം വെട്ടിക്കൊന്നപ്പോഴും ആര്‍ എസ് എസ് - ബി ജെ പി നേതൃത്വം സിപിഐ എംനെ പ്രതിസ്ഥാനത്ത് നിര്‍ത്താന്‍ ശ്രമിച്ചു. അക്രമത്തിനെതിരെ പ്രചരണ ബോര്‍ഡുകള്‍ സ്ഥാപിച്ചു. കണ്ണമ്മൂലയിലെ കുപ്രസിദ്ധ ഗുണ്ടാസംഘങ്ങളെ വിലക്കെടുക്കുകയും സംരക്ഷിക്കുകയും ചെയ്തവരാണ് സംഘികള്‍. ആ ഗുണ്ടാസംഘങ്ങള്‍ ഗ്രൂപ്പുകളായി തിരിഞ്ഞ് പരസ്പരം എറ്റുമുട്ടിയപ്പോഴാണ് ഈ കൊലപാതകവും നടന്നത്. സത്യാവസ്ഥ അറിയാവുന്ന പ്രദേശവാസികള്‍ ബി ജെ പിക്കാരെ തുറന്നുകാട്ടുകയും ചെയ്തു.

തിരുവനന്തപുരം നഗരത്തിലെ ഗുണ്ടാസംഘങ്ങളെ പുനരുജ്ജീവിപ്പിച്ച് ജനങ്ങളുടെ സ്വൈര്യജീവിതത്തിന് വിഘാതമിടുന്ന പരിപാടിയും ആര്‍ എസ് എസ് ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നുണ്ട്. ഗുണ്ടകള്‍ക്ക് പടി നല്‍കി ബി ജെ പി പ്രവര്‍ത്തകരാക്കുകയാണ്. ഈ ഗുണ്ടാസംഘങ്ങളെ ഉപയോഗിച്ച് മയക്കുമരുന്ന്‍ മാഫിയകളടക്കമുള്ള വിവിധ വിധ്വംസകസംഘങ്ങളെ വളര്‍ത്തി നാട്ടില്‍ അരാജകത്വം സൃഷ്ടിക്കുന്നു. വിദ്യാലയങ്ങളുടെ പരിസരത്ത് മയക്കുമരുന്ന് വില്‍പ്പന നടത്തുകയും മയക്കുമരുന്നിന് അടിമകളാവുന്ന കുട്ടികളെ ആര്‍ എസ് എസ് ശാഖകളിലേക്ക് നയിക്കുകയും ചെയ്യുന്ന രീതി വ്യാപകമായിട്ടുണ്ട്. അരാജകത്വങ്ങളും ആയുധപരിശീലനവും വര്‍ഗീയധ്രുവീകരണ പരിശീലനവുമാണ് ജില്ലയിലെ ആര്‍ എസ് എസ് ശാഖകളില്‍ നടക്കുന്നത്.

ആര്‍ എസ് എസ് സംഘപരിവാരത്തിന്റെ ഇത്തരത്തിലുള്ള ക്രിമിനല്‍ - സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളെല്ലാം ജനങ്ങള്‍ മനസിലാക്കുന്നുണ്ട്. നഗരത്തിലും നാട്ടിന്‍പുറങ്ങളിലും ആര്‍ എസ് എസ് - ബി ജെ പി പ്രവര്‍ത്തകര്‍ക്കെതിരെ ശക്തമായ ജനവികാരമാണ് ഉയരുന്നത്. കറന്‍സികള്‍ അസാധുവാക്കിയതിന്റെ കൂടി പശ്ചാത്തലത്തില്‍ സംഘികള്‍ വല്ലാതെ ഒറ്റപ്പെട്ടുപോകുന്ന അവസ്ഥയാണുള്ളത്. ജില്ലയിലെ ആര്‍ എസ് എസ് - ബി ജെ പി നേതൃത്വമാവട്ടെ തങ്ങള്‍ക്കെതിരായ ജനകീയ പ്രതിഷേധത്തില്‍ പകച്ചിരിക്കുകയാണ്. അവരെ ഉത്തേജിപ്പിക്കാനാണ് കെ സുരേന്ദ്രന്‍ എന്ന ബി ജെ പി നേതാവ് തന്റെ നുണനാവുമായി തിരുവനന്തപുരത്തെത്തിയിരിക്കുന്നത്.

തലസ്ഥാന നഗരിയായതുകൊണ്ട് ഏറെ സര്‍ക്കാര്‍, സര്‍ക്കാരിതര ജീവനക്കാരുള്ള ജില്ലയാണ് തിരുവനന്തപുരം. കറന്‍സി നിരോധനവും ശമ്പളംലഭിച്ച പണം ബാങ്കുകളില്‍ നിന്ന് പിന്‍വലിക്കാന്‍ പറ്റാത്ത സാഹചര്യവുമൊക്കെ ഈ ജനവിഭാഗങ്ങളുടെ ജീവിതത്തെ സ്തംഭനാവസ്ഥയിലാക്കി മാറ്റി. വലിയ അസംതൃപ്തി ഉയര്‍ന്നുവന്നു. ജില്ലയിലെ എ ടി എമ്മുകള്‍ മുഴുവന്‍ കാലിയാണ്. പേടിഎം പോലുള്ള സംവിധാനങ്ങളിലേക്ക് ടെക്‌നോപാര്‍ക്കിലുള്ള ജീവനക്കാര്‍ക്കുവരെ പൂര്‍ണമായും മാറാന്‍ സാധിച്ചിട്ടില്ല. അസംതൃപ്തരായ ജനങ്ങളുടെ ശ്രദ്ധയും ജനരോഷവും തങ്ങളില്‍ നിന്നും തിരിച്ചുവിടാനുള്ള ആര്‍ എസ് എസ് - ബി ജെ പി പൂഴിക്കടകനാണ് സുരേന്ദ്രന്റെ വിഷനാവിലൂടെ ഇപ്പോള്‍ പുറത്തുവരുന്നത്.

കടകംപള്ളി സഹകരണ ബാങ്കില്‍ നിന്ന് ശതകോടികളുടെ കള്ളപ്പണം കണ്ടെത്തിയെന്ന ബി ജെ പി നേതാവിന്റെ ആരോപണം നട്ടാല്‍കിളിര്‍ക്കാത്ത നുണമാത്രമാണ്. ബാങ്കില്‍ ആദായ നികുതിവകുപ്പ് പരിശോധന നടത്തിയെന്ന ആരോപണവും പച്ചക്കള്ളമാണ്. സംസ്ഥാന മന്ത്രിയുടെ പേരില്‍ വ്യാജനിക്ഷേപമുണ്ടെന്ന സുരേന്ദ്രന്റെ ആരോപണം തെളിയിക്കാന്‍ അദ്ദേഹവും ആര്‍ എസ് എസ് - ബി ജെ പി നേതൃത്വവും തയ്യാറാവണം. കേന്ദ്ര ഏജന്‍സിയുടെ അന്വേഷണത്തെവരെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. മടിയില്‍ കനമുള്ളവനേ വഴിയില്‍ ഭയപ്പെടേണ്ട കാര്യമുള്ളു.

യു ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് സൗരോര്‍ജ്ജ കുംഭകോണം ചാനല്‍ ചര്‍ച്ചകളില്‍ മുഖ്യഇനമായിരുന്നു. അന്ന് കെ സുരേന്ദ്രന്‍ ചാനല്‍ സ്റ്റുഡിയോകളിലിരുന്ന് എന്റെ കൈയ്യില്‍ തെളിവുണ്ട്, രേഖകളുണ്ടെന്ന് വിളിച്ചുപറഞ്ഞു. പക്ഷെ, സോളാര്‍ കമ്മീഷന് മുന്നില്‍ ആ രേഖകളുമായി സുരേന്ദ്രന്‍ വന്നില്ല. ഇപ്പോഴത്തെ ആരോപണവും അത്തരത്തിലുള്ള വെടിപൊട്ടിക്കല്‍ മാത്രമാണ്. അതുകൊണ്ടാണ് കടകംപള്ളി സഹകരണ ബാങ്ക് കേസ് കൊടുത്തപ്പോള്‍ പ്രതികരണമൊന്നുമില്ലാതെ കെ സുരേന്ദ്രന്‍ മിണ്ടാതിരുന്നത്.

ഇപ്പോള്‍ സിപിഐ എംന്റെ ധീരനായ ഒരു സഖാവിന്റെ ശവശരീരത്തിന് മുന്നില്‍ വെച്ച്, അദ്ദേഹത്തിന്റെ ഭാര്യയുടെയും മക്കളുടെയും കണ്ണീര്‍ച്ചാലില്‍ ചവിട്ടിനിന്ന് കെ. സുരേന്ദ്രന്‍ വിളിച്ചുപറഞ്ഞത്, ചുരുക്കി പറഞ്ഞാല്‍ സംസ്‌കാരമില്ലായ്മയാണ്. രാഷ്ട്രീയ വിരോധം കൊണ്ട് മനുഷ്യത്വം കൈമോശം വരാന്‍ പാടില്ല. വി എല്‍ ജയശങ്കര്‍ സിപിഐ എം വഞ്ചിയൂര്‍ ഏരിയാ കമ്മറ്റിയംഗവും കടകംപള്ളി സഹകരണ ബാങ്ക് പേട്ടശാഖയുടെ മാനേജര്‍ ഇന്‍ചാര്‍ജ്ജുമായിരുന്നു. വീട്ടില്‍ കുഴഞ്ഞുവീണ ജയശങ്കറെ ഭാര്യയും ബന്ധുക്കളും ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മരണം കടുത്ത ഹൃദയാഘാതം മൂലമായിരുന്നു. ആ മരണം കൊലപാതകമെന്ന് സംശയിക്കുന്നുവെന്നും പോസ്റ്റുമോര്‍ട്ടം നടത്താതിരിക്കാന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഇടപെട്ടുവെന്നും കെ സുരേന്ദ്രന്‍, അശേഷം വിവേകവും ലജ്ജയുമില്ലാതെ വിളിച്ചുപറഞ്ഞു. തിരുവനന്തപുരത്തെ ആര്‍ എസ് എസ് - ബി ജെ പി നേതൃത്വത്തിന് അത്തിരത്തിലുള്ള വിടുവായത്തം പറയാന്‍ സാധിക്കില്ല. അതുകൊണ്ടാണ് സുരേന്ദ്രന്‍ ഗീബല്‍സിന്റെ വേഷമിട്ടത്.

കടകംപള്ളി സഹകരണ ബാങ്ക് ഭരണസമിതിയുടെ വെല്ലുവിളി ഏറ്റെടുക്കാന്‍ നട്ടെല്ലുറപ്പില്ലാത്ത കെ. സുരേന്ദ്രന്റെ ഇത്തരം ഗുണ്ടുകളിലൂടെ ആര്‍ എസ് എസ് - ബി ജെ പി നേതൃത്വം കൂടുതല്‍ ജനരോഷത്തിന് ഇരയാവുക തന്നെയാണ്. അവര്‍ ഒറ്റപ്പെടുകയാണ്. അതുകൊണ്ട് തെരുവുകളെ രക്തപങ്കിലമാക്കാന്‍ ആര്‍ എസ് എസ് - ബി ജെ പി നേതൃത്വം ശ്രമിക്കും. അക്രമണങ്ങളില്‍ നിന്നും വര്‍ഗീയ കലാപങ്ങളില്‍ നിന്നും ശക്തിസംഭരിക്കുന്ന ആര്‍ എസ് എസ് പൈതൃകം അവര്‍ പുറത്തെടുക്കും. ജനാധിപത്യവിശ്വാസികള്‍ ജാഗ്രത പാലിക്കണം. പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രകോപനങ്ങളില്‍ കുടുങ്ങി പ്രകോപിതരാവരുത്. സംഘികള്‍ക്കുള്ള മറുപടി കൊടുക്കാന്‍ നാട്ടിലെ ജനങ്ങള്‍ തയ്യാറായി നില്‍പ്പാണ്. സംഘികളുടെ ആര്‍ഷഭാരത സംസ്‌കാരത്തിന്റെ നാറ്റം അത്രമേല്‍ അസഹനീയമാണ്.

24-Dec-2016