പീഡോഫീലിയയും പുരോഗമനമോ!
റീന ഫിലിപ്പ്
നമുക്ക് വേണ്ടത് മനസ്സിനും ശരീരത്തിനും ആരോഗ്യമുള്ള ഒരു തലമുറയാണ്. അവരെ ഇത്തരം കുറ്റവാളികളില്‍ നിന്നും രക്ഷിക്കേണ്ട കടമ നമുക്കുണ്ട്. മാനസിക രോഗം എന്ന പരിഗണന നല്കി പീഡോഫീലിയാക്കുകളെ അവരുടെ ഇഷ്ടത്തിന് വിടുകയല്ല, മറിച്ച് ചികിത്സ ആവശ്യമുള്ളിടത്ത് അതും ശിക്ഷ ആവശ്യമുള്ളിടത്ത് അതും നല്‍കിയേ തീരൂ. അതിക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പ്രോത്സാഹിപ്പിക്കണം. ഇരകളുടെ കൂടെ, അവരെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ കൂടെ നില്ക്കുന്ന സമൂഹമായി നാം മാറണം. ഇതൊക്കെ നാളത്തെ തലമുറയോട് നമ്മള് ചെയ്യേണ്ട കടമയാണ്. അതില്‍ നിന്നും ഒഴിഞ്ഞു മാറരുത്. കുറഞ്ഞപക്ഷം ബുദ്ധിജീവി വാചോടാപങ്ങള്‍ വഴി ഇത്തരം ക്രിമിനലുകളെ ന്യായീകരിക്കുകയെങ്കിലും ചെയ്യാതിരിക്കാം. |
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യല്‍മീഡിയയില്‍ വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയമാണ് പീഡോഫീലിയ. ഇതില്‍ പീഡോഫീലിയാക്കുകളെ ന്യായീകരിച്ചുകൊണ്ട് അവരുടെ സെക്ഷ്വല്‍ ഓറിയെന്റേഷന്‍ സ്വാഭാവികമാണെന്നും അത് എതിര്ക്കപ്പെടേണ്ടതില്ലെന്നുമുള്ള ന്യായവാദങ്ങള്‍ പലരും ഉന്നയിച്ചു കണ്ടു.
പ്രായപൂര്‍ത്തിയാകാത്ത കുഞ്ഞുങ്ങളോട് തോന്നുന്ന സെക്ഷ്വല്‍ ഓറിയെന്റേഷനാണ് പീഡോഫീലിയ. ഒരാള്‍ക്ക് ലൈംഗികമായ ആകര്‍ഷണം തോന്നുന്നത് ഏത് ലിംഗത്തോടാണ് എന്നതാണ് സെക്ഷ്വല്‍ ഓറിയന്റേഷന്‍ കൊണ്ട് ഉദ്ദേശിക്കുന്നത്.
പീഡോഫീലിയ ഉള്ളവരെല്ലാം മാനസിക രോഗികളല്ല. മിക്കപ്പോഴും ഈസി അവൈലബിലിറ്റിയും പിടിക്കപ്പെടാനുള്ള സാധ്യത കുറവുമാണ് അവരെ ഇരപിടിയന്മാരാക്കി മാറ്റുന്നത്. കുഞ്ഞുങ്ങളെ ഇരകളാക്കുന്നതിലൂടെ അവര്‍ ആത്മസംതൃപ്തി കണ്ടെത്തുന്നു. കണക്കുകള്‍ പ്രകാരം പീഡോഫൈലുകള്‍ അല്ലാത്തവരാണ് കുട്ടികളെ ലൈംഗികമായി ഉപദ്രവിക്കുന്നവരില്‍ പകുതിയിലേറെയും.
പീഡോഫീലിയ മറ്റ് ലൈംഗിക അതിക്രമങ്ങളെക്കാള്‍ ഗൗരവമുള്ളതായി മാറുന്നത് അതിന്റെ ഇരകള്‍ കുഞ്ഞുങ്ങളാണ് എന്നത് കൊണ്ടാണ്. സമൂഹത്തില്‍ ഏറ്റവുമധികം വള്ഗറബിള് ആയ വിഭാഗമാണ് ഇക്കൂട്ടര്‍. സ്വന്തം ശരീരത്തിന് മുകളിലുള്ള അവകാശങ്ങള്‍ എന്തെന്ന് പോലും അറിയാത്ത അവരെ അനുനയിപ്പിച്ചോ ഭീഷണിപ്പെടുത്തിയോ വരുതിയിലാക്കാന്‍ വളരെ എളുപ്പമാണ്.
ഇന്ത്യയില്‍ ഒരു വര്‍ഷം രണ്ട് ദശലക്ഷം കുട്ടികളെങ്കിലും ഈ രീതിയിലുള്ള ലൈംഗിക അതിക്രമങ്ങള്‍ക്ക് എപ്പോഴെങ്കിലുമൊക്കെ വിധേയരാകുന്നുണ്ട് എന്ന് കണക്കുകള്‍ കാണിക്കുന്നു. കണക്കില്പ്പെടാത്തവരായി എത്രയോ ഇരട്ടി കുട്ടികള്‍ വേറെയും ഉണ്ട്. ഇത് ഈ വിഷയം എത്ര മാത്രം ഗുരുതരവും വ്യാപകവുമാണ് എന്നത് സൂചിപ്പിക്കുന്നു.
പീഡോഫീലിയയെ ന്യായീകരിക്കുന്നവര്‍ മുന്നോട്ടുവെക്കുന്ന ഒരു വാദം കുഞ്ഞുങ്ങള്‍ എതിര്‍ക്കുന്നില്ല എന്നതാണ്. കണ്‍സന്റ് അഥവാ സമ്മതം എന്നത് ശാരീരികമായും മാനസികമായും പൂര്ണ്ണവളര്ച്ചയെത്തിയവരുടെ തീരുമാനമാണ്. അല്ലാതെ സ്വന്തം അവകാശങ്ങളെ തിരിച്ചറിയാന്‍ പാകമാകുന്നതിന് മുന്നേ, ശാരീരികമായോ മാനസികമായോ എതിര്‍ക്കാന്‍ കഴിവുണ്ടാകുന്നതിന് മുന്നേ, മഞ്ചോ പൂവോ പാവക്കുട്ടിയോ കാണിച്ച് പ്രലോഭിപ്പിച്ച് ആ കുട്ടിയുടെ ശരീരം വേട്ടക്കാരന്റെ കാമനകള്‍ തീര്‍ക്കുന്നതിനായി ഉപയോഗിക്കലല്ല. മിക്ക കേസുകളിലും തനിക്കുണ്ടായ അനുഭവം പേടി കാരണം കുട്ടി മറച്ചുവെക്കുകയും ചെയ്യും. ഈ കുഞ്ഞുങ്ങള്‍ ഭാവിയില്‍ നേരിടേണ്ടി വരുന്ന പ്രശ്നങ്ങള്‍ ചില്ലറയല്ല. ഡിപ്രഷന്, പാരനോയിയ (അകാരണമായി എല്ലാത്തിനോടും എല്ലാരോടുമുള്ള പേടിയും വിശ്വാസമില്ലായ്മയും), പങ്കാളിയുമായുള്ള ലൈംഗിക ബന്ധത്തോടുള്ള വിരക്തി, തുടങ്ങിയവയൊക്കെ അവരുടെ ജീവിതം തന്നെ നരകമാക്കി മാറ്റുന്നു.
ഇന്ത്യയിലെ കുട്ടികള്‍ക്ക് ലൈംഗിക പീഡനത്തില്‍ നിന്ന് സംരക്ഷണം ലഭിക്കുന്നതിനു വേണ്ടി ഭരണഘടനയില്‍ ഒട്ടേറെ വകുപ്പുകളുണ്ട്. പക്ഷെ, ഇത്തരം പ്രശ്നങ്ങള്‍ കൂടുതലും നിയമത്തിന് മുന്നില്‍ എത്തുന്നില്ല എന്നതാണ് വാസ്തവം. ശിശുപീഡനങ്ങള്‍ വീടിനുള്ളില്‍ തന്നെ ഒതുക്കിതീര്‍ക്കാനാണ് കൂടുതലും ബന്ധുക്കള്‍ താല്പര്യപ്പെടുന്നത്. അത് മാത്രമല്ല, കുഞ്ഞുങ്ങള്‍ വീടിനുള്ളില്‍, അച്ഛനും അടുത്ത ബന്ധുക്കളും വഴി നേരിടുന്ന പീഡനങ്ങളും പുറംലോകമറിയാതെ പോകുന്നു. ഉദാഹരണത്തിന് കേരളത്തില്‍ ഈ വര്‍ഷം സെപ്തംബര്‍ മാസം വരെ അറുനൂറ്റി നാല്‍പ്പത് കുട്ടികള്‍ പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് ക്രൈം റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. ഇത് രജിസ്റ്റര്‍ ചെയ്ത കണക്കുകള്‍ മാത്രമാണ്. എന്നാല്‍, എഴുപത്തിരണ്ട് ശതമാനം കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നില്ല.
നമുക്ക് വേണ്ടത് മനസ്സിനും ശരീരത്തിനും ആരോഗ്യമുള്ള ഒരു തലമുറയാണ്. അവരെ ഇത്തരം കുറ്റവാളികളില്‍ നിന്നും രക്ഷിക്കേണ്ട കടമ നമുക്കുണ്ട്. മാനസിക രോഗം എന്ന പരിഗണന നല്കി പീഡോഫീലിയാക്കുകളെ അവരുടെ ഇഷ്ടത്തിന് വിടുകയല്ല, മറിച്ച് ചികിത്സ ആവശ്യമുള്ളിടത്ത് അതും ശിക്ഷ ആവശ്യമുള്ളിടത്ത് അതും നല്‍കിയേ തീരൂ. അതിക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പ്രോത്സാഹിപ്പിക്കണം. ഇരകളുടെ കൂടെ, അവരെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ കൂടെ നില്ക്കുന്ന സമൂഹമായി നാം മാറണം. ഇതൊക്കെ നാളത്തെ തലമുറയോട് നമ്മള് ചെയ്യേണ്ട കടമയാണ്. അതില്‍ നിന്നും ഒഴിഞ്ഞു മാറരുത്. കുറഞ്ഞപക്ഷം ബുദ്ധിജീവി വാചോടാപങ്ങള്‍ വഴി ഇത്തരം ക്രിമിനലുകളെ ന്യായീകരിക്കുകയെങ്കിലും ചെയ്യാതിരിക്കാം.
05-Mar-2017
പ്രീജിത്ത് രാജ്
ആനാവൂര്‍ നാഗപ്പന്
എം വി ഗോവിന്ദന്‍മാസ്റ്റര്‍
വിനീത മോഹൻ
ആർ.കെ. ബേബി