നിഖാബിട്ട എസ് എഫ് ഐക്കാരി !

അമീറ അല്‍ അഫീഫാ ഖാന് അറിയാമോ, ന്യൂയോര്‍ക്കില്‍ കുറച്ചുവര്‍ഷം മുന്‍പ് പുരുഷന്‍മാരും സ്ത്രീകളും തിങ്ങിനിറഞ്ഞ ഒരു വെള്ളിയാഴ്ച ജുമാ പ്രാര്‍ത്ഥനയ്ക്ക് 'ഇമാം' ആയത് അമീന വദുദ് ആയിരുന്നു. അത് പുരുഷാധിപത്യവും പൗരോഹിത്യ വാഴ്ചയും നിലനില്‍ക്കുന്ന ഇസ്ലാമിക ലോകത്തുണ്ടാക്കിയ പ്രകമ്പനം ചില്ലറയായിരുന്നില്ല. സുഹൈല അല്‍ അത്താര്‍ എന്ന സ്ത്രീയാണ് അന്ന് നമസ്‌കാര സമയം അറിയിക്കുന്ന ബാങ്ക് വിളിച്ചത്. അത്തരം ഇടപെടലുകളെയും പരിവര്‍ത്തനശ്രമങ്ങളെയുമാണ് പ്രോത്സാഹിപ്പിക്കേണ്ടത്. മതത്തിന്റെ പേരില്‍ നടത്തുന്ന ലിംഗപരമായ അടിച്ചമര്‍ത്തലുകളെയാണ് അതിജീവിക്കേണ്ടത്. മതത്തിനകത്തെ സകല ജീര്‍ണതകളെയും ഉള്‍ക്കൊണ്ട് അവ മതബിംബമെന്ന് ദുര്‍വ്യാഖ്യാനിച്ച് പ്രദര്‍ശിപ്പിക്കാന്‍ ശ്രമിക്കുന്ന ഒരു വ്യക്തി, എന്ത് ജനാധിപത്യവും സ്വാതന്ത്ര്യവും സോഷ്യലിസവുമാണ് ഇവിടെ ഉണ്ടാക്കാന്‍ പോകുന്നത്? പുരോഗമന പ്രസ്ഥാനങ്ങളുടെ ഭാഗമായി നില്‍ക്കുന്ന ചില മുതിര്‍ന്ന പണ്ഡിതന്‍മാരും എന്താ നിഖാബ് ധരിച്ചാല്‍ എന്ന ചോദ്യം സോഷ്യല്‍മീഡിയയിലൂടെ ഉയര്‍ത്തുന്നുണ്ട്. അത്തരം ചോദ്യങ്ങള്‍ക്കുള്ള മറുപടിയാണ് സൈന അന്‍സാറിനെ പോലുള്ളവര്‍ ലോകമാകെ നടത്തുന്ന പ്രവര്‍ത്തനത്തിലൂടെ ഉയര്‍ത്തിപ്പിടിക്കുന്നത്. മുസ്ലീം സ്ത്രീകളുടെ നവോത്ഥാന മുന്നേറ്റത്തിനെതിരായി നില്‍ക്കുന്നവരാണോ നിങ്ങളെന്ന ചോദ്യമാണ് അവര്‍ക്ക് അഭിമുഖീകരിക്കേണ്ടിവരുന്നത്.

അമീറ അല്‍ അഫീഫാ ഖാന് നിഖാബ് ധരിക്കാം. അത് ഒരു വ്യക്തി എന്നുള്ള നിലയില്‍ അവര്‍ക്കുള്ള സ്വാതന്ത്ര്യമാണ്. പക്ഷെ, അത് മതം അനുശാസിക്കുന്ന ഒന്നാണെന്ന വാദം അംഗീകരിക്കാന്‍ സാധിക്കുന്നതല്ല. ചില വ്യക്തിപരമായ ഇഷ്ടങ്ങളെ വസ്തുതകള്‍ മനസിലാക്കുമ്പോള്‍ തിരുത്താന്‍ സാധിക്കണം. അപ്പോഴാണ്‌ നാം തിരിച്ചറിവുള്ളവരും പുരോഗമാനകാരികളും ആവുന്നത്. അത്തരം തിരിച്ചറിവുകളിലൂടെയും തിരുത്തലുകളിലൂടെയാണല്ലൊ നാം ഇന്നിലേക്ക് വളര്‍ന്നിട്ടുള്ളത്.

ലോകത്തുള്ള മുസ്ലീം ഫെമിനിസ്റ്റുകള്‍ ഇന്ന് ശ്രമിക്കുന്നത് ഇസ്ലാമിലെ ആദിമ സമത്വം തിരിച്ചുപിടിക്കാനാണ്. അമീറ അല്‍ അഫീഫാ ഖാന്‍ പര്‍ദ്ദയും നികാബും ധരിക്കുന്നതിനിടയില്‍ ആ വസ്തുത മനസിലാക്കണം. ആദിയില്‍ സ്ത്രീകള്‍ക്ക് പുരുഷന്‍മാരോടൊപ്പമായിരുന്നു സ്ഥാനം. അന്ന് പര്‍ദ്ദ മതശാസനത്തിന്റെ ഭാഗമായിരുന്നില്ല. ആരാധനാ സ്ഥലങ്ങളില്‍ മാത്രമല്ല യുദ്ധമുന്നണിയില്‍ പോലും സ്ത്രീകളുണ്ടായിരുന്നു. പ്രവാചകന്‍ ഭയന്നുവിറച്ച ഒരു സന്ദര്‍ഭമുണ്ട്. മാലാഖ പുതിയ ദേവസന്ദേശവുമായി എത്തിയ ആ വേളയില്‍ പ്രവാചകന് ആത്മവിശ്വാസവും ധൈര്യവും പകര്‍ന്നുനല്‍കുന്നത് പെണ്ണാണ്. ഭാര്യ ഖദീജ. പ്രവാചകനേക്കാള്‍ പത്തുവയസ് പ്രായക്കൂടുതലുള്ള സ്ത്രീ. അദ്ദേഹത്തില്‍ നിന്ന് മതസന്ദേശം സ്വീകരിച്ച ആദ്യ വിശ്വാസിയും ഖദീജയായിരുന്നു എന്നാണ് പറയപ്പെടുന്നത്. നിഖാബും പര്‍ദ്ദയുമൊന്നും ഖദീജമാര്‍ക്കുള്ളതല്ല എന്നാണ് ഖദീജ തന്റെ ജീവിതത്തിലൂടെ തെളിയിച്ചത്. ഏഴാംനൂറ്റാണ്ടിലെ മക്കയില്‍ പിറന്നുവീഴുന്ന പെണ്‍കുഞ്ഞുങ്ങളെ കൊന്നുകളയുമായിരുന്നു. അപ്പോഴാണ് അവിടെ തൊഴിലെടുത്ത് ജീവിക്കാന്‍ ഖദീജ തയ്യാറായത്.

നുസൈബയെ കുറിച്ചും അമീറ അല്‍ അഫീഫാ ഖാന്‍ അറിയണം. പുരുഷസൈന്യം യുദ്ധമുന്നണിയില്‍ നിന്ന് പിന്തിരിഞ്ഞോടിയപ്പോള്‍ പ്രവാചകന്റെ ജീവന്‍ രക്ഷിച്ച നുസൈബ. പര്‍ദ്ദയിലായിരുന്നില്ല ആ പോരാളി. നിഖാബിന്റെ വിടവിലൂടെ നോക്കി കണ്ടല്ല അവര്‍ പ്രതിയോഗികളെ അതിജീവിച്ചത്. പിന്നെ അയിഷ, നിര്‍ണായക ഘട്ടങ്ങളിലെല്ലാം പ്രവാചകനൊപ്പമുണ്ടായിരുന്ന ഭാര്യ. അദ്ദേഹത്തിന്റെ മരണ ശേഷം അധികാര തര്‍ക്കങ്ങളില്‍ കൃത്യമായ നിലപാടുകള്‍ കൈക്കൊണ്ട ഫാത്തിമയെന്ന മകള്‍. മതശാസനകളെ അനുസരിച്ച് പര്‍ദ്ദ ധരിക്കുന്ന അമീറ അല്‍ അഫീഫാ ഖാനെന്ന പെണ്‍കുട്ടിക്ക് ഈ സ്ത്രീകളെയൊന്നും ആരും പരിചയപ്പെടുത്തി തന്നില്ലേ? ഇവരെ പരിചയപ്പെടുത്തുന്നതില്‍ ആരാണ് തടസം നില്‍ക്കുന്നത്?

നിഖാബ് ധരിച്ചല്ല സൈന അന്‍വാറും മലാലായ് ജോയും ഫാത്തിമ മര്‍സീനിയും അമീന വദൂദും സ്ത്രീപക്ഷ ചിന്തകള്‍ ഉയര്‍ത്തിപ്പിടിക്കുന്നത്. അവര്‍ വിശ്വാസികള്‍ കൂടിയാണ്. ആദിയില്‍ നിന്നും വര്‍ത്തമാനത്തിലേക്കെത്തുമ്പോള്‍ പുരുഷമേധാവിത്വവും ആണ്‍കോയ്മാപൗരോഹിത്യവും ചേര്‍ന്ന് സ്ത്രീകളെ അടിച്ചമര്‍ത്തുന്നതില്‍ പ്രതിഷേധിച്ചും ലിംഗനീതിയുള്‍പ്പെടെയുള്ള മനുഷ്യാവകാശങ്ങള്‍ സ്ത്രീകള്‍ക്ക് നിഷേധിക്കുന്നതിനെതിരായും മതത്തിന്റെ ചട്ടക്കൂടില്‍ നിന്നുകൊണ്ടുള്ള വനിതാ മുന്നേറ്റങ്ങളെ മുളയിലേ ഇല്ലാതാക്കുന്ന പ്രവണതയ്‌ക്കെതിരേയുമൊക്കെ ഇവര്‍ ശബ്ദിച്ചുകൊണ്ടിരിക്കുന്നു. അവരുടെ ശബ്ദത്തിന്റെ അലയൊലികള്‍ അമീറ അല്‍ അഫീഫാ ഖാന്‍ കേള്‍ക്കുന്നേയില്ല!

പൊളിറ്റിക്കല്‍ ഇസ്ലാം തീവ്രമായി വ്യാഖ്യാനിക്കപ്പെടുന്ന സാഹചര്യത്തില്‍ 'ഇസ്ലാമികം' കൂടുതല്‍ പ്രത്യയശാസ്ത്രപരവും 'മുസ്ലീം' കൂടുതല്‍ മാനവീകവുമാകുന്നുവെന്നും അതിനാല്‍ മുസ്ലീം എന്ന വിശേഷണമാണ് അഭികാമ്യമെന്ന് പറഞ്ഞുകൊണ്ട്, തന്റെ മുസ്ലീം വ്യക്തിത്വത്തില്‍ അഭിമാനിക്കുകയാണ് സൈന അന്‍വാര്‍. മുസ്ലീം വനിതകളുടെ അവകാശ പോരാട്ടങ്ങള്‍ക്കായി സൈനയുടെ കൂടി നേതൃത്വത്തിലാണ് മുസവ്വ, സിസ്‌റ്റേഴ്‌സ് ഇന്‍ ഇസ്ലാം എന്നീ സംഘടനകള്‍ സംഘടിപ്പിക്കപ്പെട്ടത്. ഖുറാന്റെ വായന കാലികമാക്കണമെന്നും സ്ഥലകാലഭേദമനുസരിച്ച് ജൈവികതലം കൈവരിക്കണമെന്നുമുള്ള സൈനയെ പോലുള്ളവരുടെ ആവശ്യം പിന്തുടരാനാണ് പുരോഗമനപരമായി ചിന്തിക്കുന്ന സ്ത്രീത്വം തയ്യാറാവുക.

പൗരോഹിത്യം വിശുദ്ധവചനങ്ങളുടെ ജഡസമാനമായ, മരവിച്ച വ്യാഖ്യാനങ്ങളില്‍ ഒതുങ്ങി നില്‍ക്കുകയാണ്. ആചാരങ്ങളോ (ഹദീസ്), ചര്യകളോ (ഫിക്‌സ്) അല്ല, ഖുറാന്‍ മാത്രമാണ് ആധികാരികം. പരമമായ വ്യാഖ്യാനം ദൈവത്തിന് മാത്രമേ നല്‍കാന്‍ സാധിക്കുകയുള്ളു. മനുഷ്യന്‍ നടത്തുന്നത് അത് മനസിലാക്കാനുള്ള ശ്രമമാണ്. തുടങ്ങിയ വാദങ്ങളും മുസ്ലീം ഫെമിനിസ്റ്റുകള്‍ മുന്നോട്ടുവെക്കുന്നുണ്ട്. ചുരുക്കത്തില്‍, ദൈവത്തിന്റെ മനസും ഇംഗിതവും തങ്ങള്‍ക്ക് മാത്രമേ അറിയൂ എന്ന പുരോഹിതന്‍മാരുള്‍പ്പെടെയുള്ള പുരുഷാധിപത്യ നിലപാടിനോടുള്ള കലഹമാണ് മുസ്ലീം ഫെമിനിസ്റ്റുകളുടേത്.

തങ്ങളുടെ ഖുറാനിക ജ്ഞാനം ഭാഗികവും പരിമിതവുമാണെന്ന് ആദ്യകാലത്തെ പണ്ഡിതന്‍മാര്‍ക്കറിയാമായിരുന്നു. 'ഇസ്ലാം ഇങ്ങനെ പറയുന്നു, ഇത് പറയുന്നില്ല' എന്നൊന്നും ഒരിക്കലും അവര്‍ വാദിച്ചിരുന്നില്ല. മറിച്ച് 'തങ്ങള്‍ക്ക് ഇങ്ങനെ തോന്നുന്നു', 'അങ്ങനെയാവാം' എന്നുമാത്രമേ അവര്‍ പറഞ്ഞിരുന്നുള്ളു. അവരെ സംബന്ധിച്ച് 'ദൈവമാണ് എല്ലാം അറിയുന്നവന്‍'. ഇന്നത്തെ പണ്ഡിതരാവട്ടെ എല്ലാം അറിയുന്നവരാണ്. 'ഇസ്ലാം പറയുന്നത് ഇതാണ്', 'ദൈവം പറഞ്ഞതതാണ്' എന്നതിലൊന്നും അവര്‍ക്കൊരു സംശയവുമില്ല. ദൈവത്തേക്കാള്‍ ഉറപ്പുള്ളവരാണ് ഇന്നത്തെ പണ്ഡിതര്‍. അതിനെ ചോദ്യം ചെയ്യുന്നവരെ മതവിരുദ്ധരായി മുദ്രകുത്തുകയും ചെയ്യും. യാഥാസ്ഥിതിക-മൗലിക പുരോഹിതന്‍മാരുടെ ഇത്തരം നിലപാടുകളാണ് മതവിരുദ്ധമെന്നാണ് സൈനയും സഹോദരിമാരും പറയുന്നത്.

സ്ത്രീകളോട് ഒരുവിധ വിവേചനവും നീതിമാനും കാരുണ്യവാനുമായ ദൈവം വിളംബരം ചെയ്യുകയില്ല. നീതിയാണ് ഖുറാന്റെ അന്തസത്ത. ചിലരുടെ വ്യാഖ്യാനങ്ങളിലൂടെ നീതി ചോര്‍ന്നുപോവുകയാണ്. അതിനാല്‍ വ്യാഖ്യാനങ്ങളെ വിമര്‍ശിക്കാതെ വയ്യ. നീതിരഹിതമായ വ്യാഖ്യാനങ്ങളെ, മതശാസനകളും നിയമങ്ങളുമായി അവതരിപ്പിച്ച് സമൂഹത്തില്‍ അടിച്ചേല്‍പ്പിക്കുന്നതിനെ എതിര്‍ക്കേണ്ടത് വിശ്വാസിയുടെ ധര്‍മമാണ്. സൈനയുടെ ഈ വാദം ചോദ്യം ചെയ്യുന്നത് അമീറ അല്‍ അഫീഫാ ഖാന്റെ നിഖാബ് ധാരണത്തെ കൂടിയാണ്. ദൈവത്തെ തങ്ങളുടെ പരിമിതമായ ജ്ഞാനത്തിലും അനുഭവത്തിലും വീക്ഷണത്തിലും ഒതുക്കാനുള്ള പുരോഹിതരുടെ ശ്രമങ്ങളെ മുസവ്വ പ്രസ്ഥാനം ലോകമാകെ എതിര്‍ക്കുന്നുണ്ട്്. ഇന്നത്തെ മുസ്ലീംസ്ത്രീയുടെ അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും വിശ്വാസപ്രമാണങ്ങളുമൊക്കെ സംരക്ഷിതവൃത്തത്തിലാണോയെന്ന പരിശോധനയാണിവിടെ നടക്കേണ്ടത്. വിശ്വാസ സംരക്ഷകരായി സ്വയം ചമയുന്ന ആണ്‍കോയ്മയുടെ ആള്‍രൂപങ്ങളുടെ താളത്തില്‍ തുള്ളാനുള്ളതല്ല സ്ത്രീകള്‍.

അമീറ അല്‍ അഫീഫാ ഖാന് അറിയാമോ, ന്യൂയോര്‍ക്കില്‍ കുറച്ചുവര്‍ഷം മുന്‍പ് പുരുഷന്‍മാരും സ്ത്രീകളും തിങ്ങിനിറഞ്ഞ ഒരു വെള്ളിയാഴ്ച ജുമാ പ്രാര്‍ത്ഥനയ്ക്ക് 'ഇമാം' ആയത് അമീന വദുദ് ആയിരുന്നു. അത് പുരുഷാധിപത്യവും പൗരോഹിത്യ വാഴ്ചയും നിലനില്‍ക്കുന്ന ഇസ്ലാമിക ലോകത്തുണ്ടാക്കിയ പ്രകമ്പനം ചില്ലറയായിരുന്നില്ല. സുഹൈല അല്‍ അത്താര്‍ എന്ന സ്ത്രീയാണ് അന്ന് നമസ്‌കാര സമയം അറിയിക്കുന്ന ബാങ്ക് വിളിച്ചത്. അത്തരം ഇടപെടലുകളെയും പരിവര്‍ത്തനശ്രമങ്ങളെയുമാണ് പ്രോത്സാഹിപ്പിക്കേണ്ടത്. മതത്തിന്റെ പേരില്‍ നടത്തുന്ന ലിംഗപരമായ അടിച്ചമര്‍ത്തലുകളെയാണ് അതിജീവിക്കേണ്ടത്. മതത്തിനകത്തെ സകല ജീര്‍ണതകളെയും ഉള്‍ക്കൊണ്ട് അവ മതബിംബമെന്ന് ദുര്‍വ്യാഖ്യാനിച്ച് പ്രദര്‍ശിപ്പിക്കാന്‍ ശ്രമിക്കുന്ന ഒരു വ്യക്തി, എന്ത് ജനാധിപത്യവും സ്വാതന്ത്ര്യവും സോഷ്യലിസവുമാണ് ഇവിടെ ഉണ്ടാക്കാന്‍ പോകുന്നത്? പുരോഗമന പ്രസ്ഥാനങ്ങളുടെ ഭാഗമായി നില്‍ക്കുന്ന ചില മുതിര്‍ന്ന പണ്ഡിതന്‍മാരും എന്താ നിഖാബ് ധരിച്ചാല്‍ എന്ന ചോദ്യം സോഷ്യല്‍മീഡിയയിലൂടെ ഉയര്‍ത്തുന്നുണ്ട്. അത്തരം ചോദ്യങ്ങള്‍ക്കുള്ള മറുപടിയാണ് സൈന അന്‍സാറിനെ പോലുള്ളവര്‍ ലോകമാകെ നടത്തുന്ന പ്രവര്‍ത്തനത്തിലൂടെ ഉയര്‍ത്തിപ്പിടിക്കുന്നത്. മുസ്ലീം സ്ത്രീകളുടെ നവോത്ഥാന മുന്നേറ്റത്തിനെതിരായി നില്‍ക്കുന്നവരാണോ നിങ്ങളെന്ന ചോദ്യമാണ് അവര്‍ക്ക് അഭിമുഖീകരിക്കേണ്ടിവരുന്നത്.

ബാപ്പിയെന്ന രാഷ്ട്രീയ പുസ്തകത്തെ മനസിലാക്കുന്നത് അമീറ അല്‍ അഫീഫാ ഖാന്റെ ഇഷ്ടമാണ്. ദളിത് സാഹിത്യത്തെ പിന്തുടരുന്നതും നല്ലത്. അതോടൊപ്പം മുസ്ലീം നവോത്ഥാനത്തിന് വേണ്ടി പ്രയത്‌നിച്ച അസ്ഗര്‍ അലി എഞ്ചിനീയറെ പോലുള്ളവരെ മനസിലാക്കാനും ശ്രമിക്കണം അപ്പോള്‍ ഖുറാനെ ജൈവീകമായി ഉള്‍ക്കൊള്ളാനാവും. പണ്ഡിതന്‍മാര്‍ ശരീയത്ത് തയ്യാറാക്കിയ കാലത്തെ സ്ത്രീയല്ല ഇന്നത്തെ സ്ത്രീയെന്ന എഞ്ചിനീയറുടെ അഭിപ്രായത്തെ മനസിലാക്കാനാവും. അമ്മയെന്നും ഭാര്യയെന്നുമുള്ള നിലയില്‍ സ്ത്രീകള്‍ക്ക് പരമോന്നത ബഹുമാനമാണ് പ്രവാചകന്‍ നല്‍കിയിരുന്നത്. കരുണയും സ്‌നേഹവും പരിഗണനയും അംഗീകാരവും അവര്‍ക്ക് നിഷേധിക്കരുതെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ആധ്യാത്മികമായും ഉയര്‍ന്ന സ്ഥാനമാണ് അവര്‍ക്കെന്ന് ദിവ്യ സന്ദേശവും ലഭിച്ചു. ദൈവവും പ്രവാചകനും ഉദാത്തതലത്തില്‍ പ്രതിഷ്ഠിച്ച സ്ത്രീയെ കേവലം ശയനോപകരണമായി മാറ്റാന്‍ വെമ്പുന്ന പൗരോഹിത്യ-പുരുഷ കൂട്ടുകെട്ടാണ് മതവിരുദ്ധമെന്ന എഞ്ചിനീയറുടെ നിരീക്ഷണം പ്രസക്തമാണ്. ആ പൗരോഹിത്യ-പുരുഷ കൂട്ടുകെട്ടിന്റെ ഒരു അടയാളം മാത്രമാണ് നിഖാബ്. അത് ധരിക്കുമ്പോള്‍ അമീറ അല്‍ അഫീഫാ ഖാന്‍ ഏത് പക്ഷത്തെയാണ് പ്രതിനിധീകരിക്കുന്നതെന്ന ചോദ്യത്തിന് മറുപടി നല്‍കാന്‍ ബാധ്യസ്ഥയാവുന്നുണ്ട്. ഇടിമുഴക്കം പോലുള്ള മറ്റൊരു ലാല്‍സലാമിലൂടെ അമീറയ്ക്ക് ആ ബാധ്യതയില്‍ നിന്ന് ഒഴിഞ്ഞുമാറാനാകില്ല. തന്റെ വിദ്യാര്‍ഥി ജീവിതത്തിന് ശേഷം എവിടെ നില്‍ക്കുന്നു എന്നതിലൂടെ അമീറ അല്‍ അഫീഫാ ഖാന്‍ നമുക്കൊരുത്തരം നല്‍കുക തന്നെ ചെയ്യും. ആ ഉത്തരം പൗരോഹിത്യ-പുരുഷ കൂട്ടുകെട്ടിന്റെ പ്രേരണയാല്‍ ആവാതിരിക്കട്ടെ. 

08-Jul-2017