ത്രിപുര കരയുകയല്ല
എം വി ഗോവിന്ദന്‍മാസ്റ്റര്‍
ത്രിപുരയില്‍ വലതുപക്ഷം ജയിച്ചിരിക്കുകയാണ്. കോണ്‍ഗ്രസാണെങ്കിലും ബി ജെ പിയായാലും അവരുടെ വര്‍ഗ താല്പര്യം ഒന്നാണ്. അത് ജനവിരുദ്ധവും ഇടതുപക്ഷ വിരുദ്ധവുമാണ്. ത്രിപുരയില്‍ അധികാരത്തില്‍ വരുന്ന ബി ജെ പി സര്‍ക്കാര്‍, നവ ഉദാരവല്‍ക്കരണ നയങ്ങള്‍ നടപ്പിലാക്കുമ്പോള്‍, ഇടത് ബദലുകളുടെ വില ആ ജനതയ്ക്ക് മനസിലാവും. ത്രിപുരയുടെ എല്ലാ സമ്പത്തും സവിശേഷതകളും കൊള്ളയടിക്കാന്‍ കോര്‍പ്പറേറ്റുകള്‍ക്ക് വഴിയൊരുക്കുന്ന നയങ്ങളും നിലപാടുകളുമായി മുന്നോട്ടുപോകുന്ന ത്രിപുരയിലെ ബി ജെ പി സര്‍ക്കാരിനെതിരെ ശക്തമായ ബഹുജനമുന്നേറ്റങ്ങളുണ്ടാവുമെന്നതില് തര്‍ക്കം വേണ്ട. ഇടതുമുന്നണിക്ക് ജനങ്ങളെ വിലക്കെടുക്കേണ്ട ഗതികേടൊന്നും ഒരിക്കലും ഉണ്ടായിട്ടില്ല. തങ്ങളുടെ കൂടെ നില്‍ക്കുന്നവരെ തിരിച്ചറിയാനും പറ്റിയ തെറ്റ് തിരുത്താനുമുള്ള മനുഷ്യരുടെ സഹജമായ കഴിവ് ത്രിപുര പ്രകടിപ്പിക്കുക തന്നെ ചെയ്യും. അപ്പോള്‍ വീണ്ടും ഇടതുപക്ഷത്തെ ജനങ്ങള്‍ സ്വന്തമാക്കും. |
ത്രിപുരയില്‍ ഇടതുമുന്നണി തോറ്റിരിക്കുന്നു. അതൊരു യാഥാര്‍ത്ഥ്യം തന്നെയാണ്. പക്ഷെ, ആ തോല്‍വിയെ ഹിമാലയവല്ക്കരിച്ച് ത്രിപുരയിലെ ഇടതുമുന്നണിയുടെ ജനകീയാടിത്തറ നഷ്ടമായിരിക്കുന്നു എന്ന് വ്യാഖ്യാനിച്ചാല്‍ അത് അംഗീകരിക്കാന്‍ പറ്റില്ല. അത് വസ്തുതാപരമാവില്ല. 44.3 ശതമാനം വോട്ടിന്റെ ജനകീയ പിന്തുണ ത്രിപുരയില്‍ ഇടതുമുന്നണിയ്ക്കുണ്ട്. ബി ജെ പി നേതൃത്വത്തിലുള്ള എന്‍ ഡി എയ്ക്ക് 50.5 ശതമാനം വോട്ട് നേടാന്‍ സാധിച്ചു എന്നതും വസ്തുതയാണ്. പക്ഷെ, ബി ജെ പിയ്ക്ക് കോണ്‍ഗ്രസില്‍ നിന്നും വിലക്കുവാങ്ങിയ 34.7 ശതമാനം വോട്ടുകൂടി ചേര്‍ത്തുവെക്കുമ്പോള്‍ 43 ശതമാനം വോട്ടുമാത്രമേ നേടാന്‍ പറ്റിയിട്ടുള്ളു. അതേ സമയം സിപിഐ എംന് 42.7 ശതമാനം വോട്ട് നിലനിര്‍ത്താന്‍ സാധിച്ചു. ബി ജെ പി 999093 വോട്ട് നേടിയപ്പോള്‍ സിപിഐ എം 992575 വോട്ട് നേടി.
ബി ജെ പിയുടെ വിജയം ആര് എസ് എസിന്റെ മൂശയില്‍ വിരിഞ്ഞ കുതന്ത്രങ്ങളുടെ ഫലമായുണ്ടായതാണ്. ജനാധിപത്യത്തിന്റെ എല്ലാ വാതിലുകളും കൊട്ടിയടച്ചുണ്ടാക്കിയ വിലപേശലുകളിലൂടെ, വിഘടനവാദവും പണാധിപത്യവും മസില്‍പവറും വര്‍ഗീയ ധ്രുവീകരണവുമുപയോഗിച്ച് നേടിയ വിജയം കൂടിയായി അതിനെ വിലയിരുത്തേണ്ടതുണ്ട്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന് 2013ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ത്രിപുരില്‍ ലഭിച്ച വോട്ട് 804457 (36.5%)ആണ്. 2018ല്‍ ഫലം പുറത്തുവരുമ്പോള്‍ കോണ്‍ഗ്രസിന്റെ വോട്ട് വെറും 41325 (1.8%) ആയി കുറഞ്ഞു. 763132 വോട്ടുകളാണ് കോണ്‍ഗ്രസില്‍ നിന്നും ബി ജെ പിയിലേക്ക് ചോര്‍ന്നുപോയത്. 2013ല്‍ 33808 (1.5%) വോട്ട് ലഭിച്ച ബി ജെ പിക്ക് ഇപ്പോള്‍ 999093 (43.0%) വോട്ട് ലഭിച്ചതിന്റെ കാരണം തെരഞ്ഞ് മറ്റെവിടേക്കും പോവേണ്ടതില്ല.
ചില മാധ്യമങ്ങളും വ്യക്തികളും കോണ്‍ഗ്രസുമായി കൂട്ടുകൂടിയിരുന്നെങ്കില് ത്രിപുരില്‍ ഇടതുമുന്നണി ഇത്തരത്തില്‍ പരാജയപ്പെടുമായിരുന്നില്ല എന്ന വാദം മുന്നോട്ടുവെക്കുന്നുണ്ട്. അബദ്ധജടിലമായ വിലയിരുത്തലാണത്. ത്രിപുരയില്‍ കോണ്‍ഗ്രസ് കാവിയണിഞ്ഞ് ബി ജെ പിയായിരിക്കുന്നു. പിന്നെങ്ങനെ കൂട്ടുകൂടല്‍ സാധ്യമാവും? വലതുപക്ഷം ഇടതുപക്ഷത്തോടല്ല വലതുപക്ഷത്തോടുതന്നെയാണ് കൈകോര്ക്കാനിഷ്ടപ്പെടുന്നത് എന്നതിന് ത്രിപുരയിലെ കോണ്‍ഗ്രസ് - ബി ജെ പി ബാന്ധവം ഉദാഹരണമാവുന്നു.
പഴയ കോണ്‍ഗ്രസ് പുതിയ ബി ജെ പി ആവുന്ന പ്രവണത രാജ്യമാകെ വളര്‍ന്നുവരികയാണ്. ത്രിപുരയില്‍ തെരഞ്ഞെടുപ്പ് ചുമതലയുണ്ടായിരുന്ന ബി ജെ പിയുടെ ഹിമന്ത ബിശ്വസാര്മ, അസമിലെ ബി ജെ പി മന്ത്രിയാണ്. 2015ലാണ് കോണ്‍ഗ്രസില്‍ നിന്ന് അദ്ദേഹം ബി ജെ പിയിലേക്ക് എത്തിയത്. ഹിമന്ത തെരഞ്ഞെടുപ്പ് ചുമതലയുമായി ത്രിപുരയില്‍ വന്നയുടനെ തന്നെ ത്രിപുരയിലെ കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റായ പ്രത്യുത് കിഷോര്‍ ദെബര്മാനുമായി ചര്‍ച്ച നടത്തി. ആ സമയത്ത് മാധ്യമങ്ങള്‍ അത് പ്രാധാന്യത്തോടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പ്രത്യൂതിനെ ബി ജെ പിയുടെ രാജ്യസഭ എം പി ആക്കുമെന്ന് കേന്ദ്രമന്ത്രി മഹേഷ് ശര്‍മ അന്ന് പ്രസ്താവിച്ചു. ത്രിപുരയില്‍ കോണ്‍ഗ്രസിന്റെ വര്‍ക്കിംഗ് പ്രസിഡന്റില്‍ തുടങ്ങി ബൂത്ത് പ്രസിഡന്റുമാര്വരെയുള്ളവരുമായി ഇത്തരത്തില്‍ ചര്‍ച്ചകള്‍ നടത്താന്‍ ബി ജെ പിക്ക് സാധിച്ചു. ആ ചര്‍ച്ചയിലൂടെയാണ് കോണ്‍ഗ്രസിന്റെ വോട്ട് ബി ജെപിക്ക് മറിക്കുന്നതിനുള്ള ധാരണകള്‍ ഉണ്ടായത്. വന്‍തോതില്‍ പണവും മറ്റ് വിഭവങ്ങളും അതിനായി വിനിയോഗിക്കപ്പെട്ടു. കോണ്‍ഗ്രസിന്റെ 34.7 ശതമാനം വോട്ട് അങ്ങിനെയാണ് ബി ജെ പി സ്വന്തമാക്കിയത്.
കോണ്‍ഗ്രസുമായുള്ള ബാന്ധവത്തിനായുള്ള ചര്‍ച്ചകള്‍ കൊഴുക്കുമ്പോള്‍ മറ്റൊരു ഭാഗത്ത് വര്‍ഗീയ ധ്രുവീകരണം ഉണ്ടാക്കുന്നതിലും ആര് എസ് എസ് - ബി ജെ പി നേതൃത്വം ശ്രമിച്ചു. ത്രിപുരയിലെ ജാംജൂരിയ പ്രദേശം ഹിന്ദുക്കളും മുസ്ലീംങ്ങളും ഇടപഴകി താമസിക്കുന്നിടമാണ്. അവിടെയുള്ള രാജ്ധന്ഗര് ദര്‍ഗ ആര് എസ് എസ് - ബി ജെ പി ക്രിമിനലുകള്‍ ആക്രമിക്കുകയുണ്ടായി. മുസ്ലീം ന്യൂനപക്ഷം പ്രകോപിതരായ ആ സമയത്ത് തന്നെ ഇരുട്ടിന്റെ മറവുപറ്റി ടെപാനിയ, ഗബര്ച്ചാര, ധന്പൂര് എന്നിവിടങ്ങളിലെ ഹിന്ദുക്ഷേത്രങ്ങളിലെ വിഗ്രഹങ്ങളും ആര് എസ് എസുകാര്‍ തകര്‍ത്തു. ഒരു വര്‍ഗീയ കലാപമാണ് അവര്‍ ലക്ഷ്യം വെച്ചത്. സംഘര്‍ഷങ്ങളുണ്ടായ സ്ഥലങ്ങളില്‍ ബി ജെ പി പ്രതിഷേധം സംഘടിപ്പിച്ചു. മുന്‍കൂട്ടി തയ്യാറാക്കിവെച്ച ഫഌക്സ് ബോര്‍ഡുകളും പോസ്റ്ററുകളും ഇവിടങ്ങളില്‍ പ്രചരിപ്പിച്ചു. അമ്പലങ്ങളിലെ വിഗ്രഹങ്ങള്‍ തകര്‍ത്തതിന് ബി ജെ പി നേതാക്കള്‍ അറസ്റ്റ് ചെയ്യപ്പെട്ടു. ത്രിപുരയിലെ ആര് എസ് എസ് കാര്യാലയമായ സേവാധാമില്‍ താമസിച്ചാണ് ഇത്തരത്തിലുള്ള വര്‍ഗീയ അജണ്ടകള്‍ നടപ്പിലാക്കാന്‍ ആര് എസ് എസ് സര്‍സംഘചാലക് മോഹന്‍ഭഗവത് നിര്‍ദേശം നല്‍കിയത്.
അതേ സമയം ഐപിഎഫ്ടിയെ ഉപയോഗിച്ച് ആദിവാസികളെയും ബംഗാളി ഹിന്ദുക്കളെയും ഭിന്നിപ്പിക്കാനുള്ള ശ്രമവും നടത്തി. നിരോധിത എന്‍എല്‍എഫ്ടിക്ക് രാഷ്ട്രീയരൂപം നല്കിയ നരേന്ദ്ര ദേബര്‍മയാണ് എന്‍ ഡി എ സംഖ്യകക്ഷിയായ ഇന്‍ഡിജിനസ് പീപ്പിള്‍സ് ഫ്രണ്ട് ഓഫ് ത്രിപുര(ഐപിഎഫ്ടി)യ്ക്ക് രൂപം നല്‍കിയത്. സ്വതന്ത്ര ത്രിപുര എന്നതായിരുന്നു എന്‍എല്‍എഫ്ടിയുടെ ആവശ്യമെങ്കില്‍, ടിടിഎഎഡിസി പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി ത്രിപുരലാന്‍ഡ് സംസ്ഥാനം എന്ന ആവശ്യമാണ് ഐപിഎഫ്ടി ഉയര്‍ത്തിപ്പിടിക്കുന്നത്. ചുരുക്കിപറഞ്ഞാല്‍ വിഘടനവാദം. വളരെ ചെറിയൊരു സംസ്ഥാനമായ ത്രിപുരയെ വെട്ടിമുറിക്കുക എത്രമാത്രം അസംബന്ധമാണ്. എന്നാല്‍, ഐപിഎഫ്ടിയാവട്ടെ പ്രത്യേക ത്രിപുരലാന്‍ഡ് രൂപീകരിക്കുന്നതിന് പ്രധാനമന്ത്രി കാര്യാലയം അനുകൂലമാണെന്ന് പറഞ്ഞുകൊണ്ട് തെരഞ്ഞെടുപ്പ് സമയത്ത് ലഘുലേഖകള്‍ വിതരണം ചെയ്തു. ഗോത്രമേഖലയില്‍ വലിയ ഇളക്കമുണ്ടാക്കാന്‍ ആ പ്രചാരണത്തിന് സാധിച്ചു. വിഘടനവാദത്തിലൂടെ രാജ്യസ്നേഹം പ്രകടിപ്പിക്കുന്നതെങ്ങിനെയാണെന്ന് വരും നാളുകളില്‍ ത്രിപുരില്‍ നമുക്ക് കാണാനാവുമായിരിക്കും.
ത്രിപുര എങ്ങിനെയാണ് ഇപ്പോള്‍ തലയുയര്‍ത്തി നില്‍ക്കുന്നത്? സാക്ഷരതയില്‍ ഒന്നാം സ്ഥാനത്തേക്കുള്ള കുതിപ്പ്. പതിനാറിലേറെ സാമൂഹ്യസുരക്ഷാ പെന്‍ഷനുകള്‍, വനാവകാശ നിയമത്തിലൂടെ 1.24 ലക്ഷം ആദിവാസി വിഭാഗങ്ങളിലുള്ളവരുടെ ഭൂമിക്ക് പട്ടയം. സംസ്ഥാനത്ത് നിലവിലുള്ള സാമുദായിക വംശീയ സൌഹൃദാന്തരീക്ഷം സാധ്യമായത് വിഭാഗീയ ശക്തികളായ ടിഎന്‍വി, എടിടിഎഫ്, എന്‍എല്‍എഫ്ടി, ഐപിഎഫ്ടി എന്നീ സംഘടനകള്‍ക്കെതിരെ സിപിഐ എമ്മും ഇടതുപക്ഷവും നടത്തിയ നിരന്തരമായ ആശയ പ്രചാരണത്തിലൂടെ ജനങ്ങളെ വിശ്വാസത്തിലെടുക്കാനായതുകൊണ്ടാണ്. ഈ ശ്രമത്തിനിടയില്‍ ഇടതുപക്ഷ മുന്നണിക്ക് നൂറുകണക്കിനു പ്രവര്‍ത്തകരുടെയും നേതാക്കളുടെയും ജീവന് ബലിനല്കേണ്ടിവന്നിരുന്നു. ത്രിപുരയില്‍ സമാധാനം പുലര്‍ന്നപ്പോഴാണ് അഫ്സ്പാ നിയമം എടുത്തുമാറ്റിയത്. ഇപ്പോഴും പല സംസ്ഥാനങ്ങളിലും ആ നിയമം നിലവിലുണ്ട്. ത്രിപുരയില്‍ വൈദ്യുതവല്ക്കരണത്തില് മികവുണ്ടാക്കിയതും കാര്‍ഷികോല്‍പ്പാദന മേഖലയില്‍ മുന്നേറ്റമുണ്ടാക്കിയതും അതിനായി ജലസേചന സൗകര്യങ്ങള്‍ വ്യാപകമാക്കിയതും പാവങ്ങള്‍ക്ക് ആശ്വാസമായി ദേശീയ തൊഴിലുറപ്പ് പദ്ധതിപ്രകാരം ശരാശരി 86 തൊഴില്‍ദിനങ്ങള്‍ സൃഷ്ടിച്ച് മിനിമം കൂലി ഉറപ്പാക്കി രാജ്യത്തിന് മാതൃകയായതും ഇടതുബദലുകളിലൂന്നിയുള്ള മണിക് സര്‍ക്കാര്‍ ഗവണ്മെന്റിന്റെ മികവ് തന്നെയാണ്. ബി ജെ പി സര്‍ക്കാരിന് ഇതൊന്നും നിലനിര്‍ത്താനോ, തുടര്‍ച്ചയുണ്ടാക്കാനോ സാധിക്കില്ല.
ത്രിപുര പിടിച്ചെടുക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ എല്‍പിജി സിലിണ്ടര്‍ പദ്ധതി മാത്രം മതിയെന്ന ബിജെപി അധ്യക്ഷന്‍ ബിപ്ലബ് കുമാര്‍ ദേബിന്റെ പ്രസ്താവന നമുക്ക് മുന്നിലുണ്ട്. വോട്ടര്‍മാരെ സ്വാധീനിക്കാനുള്ള ഒരു ഇനം അതായിരുന്നു. പ്രധാനമന്ത്രിയും ധനമന്ത്രിയുമുള്പ്പെടെയുള്ള കേനദ്രസംഘം ത്രിപുരയിലെത്തി നടത്തിയ വാഗ്ദാനങ്ങള്‍ അവരെല്ലാം ഇപ്പോള്‍ മറന്നുപോയിക്കാണും. ബിജെപി അധികാരത്തില്‍ വന്നാല്‍, ഇടതുനേതാക്കളെ ജയിലില്‍ അടയ്ക്കുമെന്നും ത്രിപുരയില്‍ ചെന്ന് പറഞ്ഞത് ബിജെപി അധ്യക്ഷന്‍ അമിത് ഷാ തന്നെയാണ്. മതനിരപേക്ഷ രാഷ്ട്രീയത്തിന് വേരോട്ടമുള്ളതുമായ കേരളം, ത്രിപുര, ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിനുമുമ്പ് സ്വാധീനം ഉറപ്പിക്കണമെന്ന് ബിജെപിയുടെ ദേശീയ കൗണ്‍സില്‍ തീരുമാനിച്ചിരുന്നു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, മധ്യപ്രദേശിലെ ശിവ്രാജ് സിങ് ചൗഹാന്, ജാര്‍ഖണ്ഡിലെ രഘുബര്‍ ദാസ് എന്നിവരെ ത്രിപുരയിലേക്ക് അതിനായി നിയോഗിച്ചു. അമിത് ഷാ നേരിട്ട് നേതൃത്വം ഏറ്റെടുത്തു. അങ്ങനെ ആസൂത്രണംചെയ്ത 'മിഷന് ത്രിപുര'യാണ് അവിടെ നടപ്പിലാക്കിയത്. ത്രിപുരയിലെ തെരഞ്ഞെടുപ്പ് വിലയിരുത്താന്‍ ചേര്‍ന്ന ആര്‍എസ്എസ്- ബിജെപി നേതൃയോഗത്തില്‍ ദേശീയസുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവല്‍ പങ്കെടുത്തത് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആഭ്യന്തരമന്ത്രി രാജ്നാഥ്സിങ്ങിന്റെ വസതിയിലാണ് ആ യോഗം ചേര്‍ന്നത്. അവിടെ നടന്ന ചര്‍ച്ച, ത്രിപുരയിലെ ഇടതുപക്ഷഭരണം അട്ടിമറിക്കാന്‍ കഴിയുമോ എന്നത് സംബന്ധിച്ചായിരുന്നു. ത്രിപുരയടക്കം വടക്കുകിഴക്കന്‍ മേഖലയിലെ ബിജെപിയുടെ ഐപിഎഫ്ടി പോലുള്ള സഖ്യശക്തികള്‍ തീവ്രവാദ വിഘടനവാദ സ്വഭാവമുള്ളവയാണ്. കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയില്‍ ദീര്‍ഘകാല പ്രവര്‍ത്തനപരിചയവും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രത്യേക പരിചയവുമുള്ള ദേശീയസുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലിന്റെ സഹായത്തോടെയും പങ്കാളിത്തത്തോടെയുമാണ് ഇത്തരം സഖ്യങ്ങള്‍ സാധ്യമാക്കിയത്. പണത്തിന്റെ കുത്തൊഴുക്കിലൂടെ ഉണ്ടാക്കിയ വിലാസമേ ബിജെപിക്ക് ത്രിപുരയിലുള്ളൂ. നേരത്തെ ബി ജെ പി പ്രതിപക്ഷപാര്ടിയായത് കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളെ പൂര്‍ണമായി വിലയ്ക്കെടുത്താണ്. സംഘപരിവാറിന്റെ ജനാധിപത്യവിരുദ്ധവും വിദ്വേഷാധിഷ്ഠിതവുമായ രാഷ്ട്രീയം വെന്നിക്കൊടി പാറിക്കുമ്പോള്‍ പരാജയപ്പെടുന്നത് ത്രിപുരയിലെ പാവപ്പെട്ട ജനങ്ങളാണ്.
ത്രിപുരയില്‍ വലതുപക്ഷം ജയിച്ചിരിക്കുകയാണ്. കോണ്‍ഗ്രസാണെങ്കിലും ബി ജെ പിയായാലും അവരുടെ വര്‍ഗ താല്പര്യം ഒന്നാണ്. അത് ജനവിരുദ്ധവും ഇടതുപക്ഷ വിരുദ്ധവുമാണ്. ത്രിപുരയില്‍ അധികാരത്തില്‍ വരുന്ന ബി ജെ പി സര്‍ക്കാര്‍, നവ ഉദാരവല്‍ക്കരണ നയങ്ങള്‍ നടപ്പിലാക്കുമ്പോള്‍, ഇടത് ബദലുകളുടെ വില ആ ജനതയ്ക്ക് മനസിലാവും. ത്രിപുരയുടെ എല്ലാ സമ്പത്തും സവിശേഷതകളും കൊള്ളയടിക്കാന്‍ കോര്‍പ്പറേറ്റുകള്‍ക്ക് വഴിയൊരുക്കുന്ന നയങ്ങളും നിലപാടുകളുമായി മുന്നോട്ടുപോകുന്ന ത്രിപുരയിലെ ബി ജെ പി സര്‍ക്കാരിനെതിരെ ശക്തമായ ബഹുജനമുന്നേറ്റങ്ങളുണ്ടാവുമെന്നതില് തര്‍ക്കം വേണ്ട. ഇടതുമുന്നണിക്ക് ജനങ്ങളെ വിലക്കെടുക്കേണ്ട ഗതികേടൊന്നും ഒരിക്കലും ഉണ്ടായിട്ടില്ല. തങ്ങളുടെ കൂടെ നില്‍ക്കുന്നവരെ തിരിച്ചറിയാനും പറ്റിയ തെറ്റ് തിരുത്താനുമുള്ള മനുഷ്യരുടെ സഹജമായ കഴിവ് ത്രിപുര പ്രകടിപ്പിക്കുക തന്നെ ചെയ്യും. അപ്പോള്‍ വീണ്ടും ഇടതുപക്ഷത്തെ ജനങ്ങള്‍ സ്വന്തമാക്കും.
04-Mar-2018
പ്രീജിത്ത് രാജ്
ആനാവൂര്‍ നാഗപ്പന്
എം വി ഗോവിന്ദന്‍മാസ്റ്റര്‍
വിനീത മോഹൻ
ആർ.കെ. ബേബി