ബലാത്സംഗം ഞങ്ങള്‍ക്കാസ്വാദ്യമല്ല

ബലാത്സംഗം കുറ്റകൃത്യമാണ്. പ്രതികരിച്ച് ജയിക്കാനാകാത്ത സാഹചര്യത്തില്‍, സ്ത്രീ ജീവനുവേണ്ടി അത് സഹിക്കുമായിരിക്കും. അത് വീട്ടില്‍ വെള്ളം കയറുമ്പോള്‍ ഐസ്‌ക്രീം കഴിച്ചാസ്വാദിക്കുന്നതുപോലല്ല. അല്ലേയല്ല. 

എന്തുകൊണ്ടാണ് സ്ത്രീസ്വത്വത്തിന് നേരെയുള്ള ആക്രമണം തമാശയായി മാറുന്നത്? ഏത് പ്രശസ്തനോ, ചിന്തകനോ പറഞ്ഞതായി കൊള്ളട്ടെ. കാലത്തിനും, നീതിബോധത്തിനും നിരക്കാത്തവ ആവര്‍ത്തിക്കുമ്പോള്‍ ചിന്തിക്കേണ്ടതുണ്ട്. അങ്ങനെ ചെയ്തതിന് ശേഷം അതിനെ ചോദ്യം ചെയ്യുന്ന ജനതയെ നോക്കി കൊഞ്ഞനം കുത്തുന്നത് പരിഹാസ്യമാണ്. 

രണ്ടായിരത്തി പതിനൊന്നിലായിരുന്നു അത്. ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിലെ ഫെഡറല്‍ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി അലന്‍ സല്‍ദാനക്ക് ഒരു ഫേസ്ബുക്ക് പോസ്റ്റിന് പുറത്താണ് ആ തെരഞ്ഞെടുപ്പില്‍ നിന്നും സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കേണ്ടി വന്നത്. അദ്ദേഹത്തിന്റെ ഇഷ്ടപ്പെട്ട ഉദ്ധരണിയായി സോഷ്യല്‍ മീഡിയയില്‍ അദ്ദേഹം പോസ്റ്റ് ചെയ്തത് ഇതാണ്: 'ഒഴിവാക്കാനാകാത്ത ബലാത്സംഗമെങ്കില്‍, അത് ആസ്വദിക്കൂ...' താന്‍ എഴുതിയത് ചൈനീസ് തത്വചിന്തകന്‍ കണ്‍ഫ്യൂഷ്യസിന്റെ വരികളാണ് എന്ന അദ്ദേഹത്തിന്റെ വാദത്തെ തള്ളികൊണ്ട്, അലന്‍ സല്‍ദാനയുടെ അനുചിതമായ രേഖപ്പെടുത്തലില്‍ ഖേദം പ്രകടിപ്പിച്ച ഗ്രീന്‍ പാര്‍ട്ടി അദ്ദേഹത്തെ സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്നും ഒഴിവാക്കി.

ഇപ്പോഴിതാ അലന്‍ സല്‍ദാനയുടെ ഫേസ്ബുക്ക് പോസ്റ്റിന് സമാനമായ ഒരു പ്രസ്താവന പുറത്തുവന്നിരിക്കുന്നു. ഇങ്ങ് കേരളത്തിലെ ഒരു ജനപ്രതിനിധിയുടെ പങ്കാളിയാണ് രണ്ടായിരത്തി പത്തൊന്‍പതില്‍ അത്തരമൊരു വാചകം ആവര്‍ത്തിച്ചിരിക്കുന്നത്. വിധിയെന്നത് റേപ്പ് പോലെയാണെന്നും അത് തടയാന്‍ കഴിഞ്ഞില്ലെങ്കില്‍ ആസ്വദിക്കണമെന്നും അന്ന ലിന്‍ഡ ഈഡന്‍ എന്ന സ്ത്രീ കുറിച്ചിരിക്കുന്നു. തുടര്‍ന്ന് ഉയര്‍ന്നുവന്ന ജനരോഷത്തിന് പുറത്താവണം അവര്‍ ആ ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചു. എങ്കിലും മലയാളി ആരാ മോന്‍/മോള്‍! കൊടിയുടെ നിറം നോക്കി താത്വിക ന്യായീകരണം ചമയ്ക്കാന്‍ മലയാളിയെ ആരും പഠിപ്പിക്കേണ്ടതില്ലല്ലോ. മലയാളി ഒരു ആഗോള മന്ദബുദ്ധിയാണ് എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമായതുകൊണ്ടാണത്രെ ഹൈബിയുടെ ഭാര്യ അന്നക്ക് തന്റെ പോസ്റ്റ് പിന്‍വലിച്ച് ക്ഷമ പറയേണ്ടി വന്നത്. ഇവിടെയും വില്ലന്‍ കണ്‍ഫ്യൂഷസ് തന്നെ. ജീവിതത്തില്‍ അതിജീവിക്കാന്‍ കഴിയാത്ത ഒരു ദുരന്തം നിങ്ങള്‍ക്ക് സംഭവിക്കുകയാണെങ്കില്‍ അതിനെ എങ്ങിനെ സ്വീകരിക്കണം എന്ന ചോദ്യത്തിന് ഉത്തരം പറഞ്ഞപ്പോള്‍ ഉദാഹരണം ആയി ചേര്‍ത്ത ഒരു വാചകം ആണിത്. ബലാത്സംഗം ചെയ്യപ്പെടുകയും അതില്‍ നിന്നു രക്ഷപെടാന്‍ മാര്‍ഗം ഇല്ലാതെ വരികയും ചെയ്താല്‍ അത് ആസ്വദിക്കുക എന്നതല്ലാതെ വേറെ നിവൃത്തിയില്ലല്ലോ, അതു പോലെയാണ് ജീവിതത്തില്‍ അതിജീവിക്കാന്‍ കഴിയാത്ത ഒരു ദുരന്തം ഉണ്ടാകുമ്പോഴും എന്നായിരുന്നു ഫേസ്ബുക്ക് പോസ്റ്റിന്റെ ധ്വനി എന്നാണ് ന്യായീകരണം.

അത്യന്തം ദയനീയമാണ് ഈ താരതമ്യപഠനം എന്ന് പറയാതെ വയ്യ. റേപ്പ് അഥവാ ബലാത്സംഗമെന്നത് കരാളമായ കുറ്റകൃത്യമെന്നതില്‍ രണ്ടഭിപ്രായം ഇല്ല. അത് ദാരുണമെന്ന് കരുതുന്നതിനുള്ള കാരണം പലതാണ്. പാട്രിയാര്‍ക്കല്‍ മൂല്യബോധത്തില്‍ അത് കുടുംബത്തിന്റെ, സ്ത്രീയുടെ അഭിമാനത്തിനേറ്റ ക്ഷതമാണ്. എന്നാല്‍, ഒരു സ്ത്രീപക്ഷചിന്തയില്‍ അത് സ്ത്രീയുടെ സ്വയം ഭരണാധികാരത്തിന്റെ, സ്വശരീരത്തിന് മേലുള്ള പൂര്‍ണാവകാശത്തിന് മേലുള്ള ആക്രമണമാണ്. പാട്രിയാര്‍ക്കല്‍ ചിന്ത ബലാത്സംഗത്തെ മരണത്തിലും മോശപ്പെട്ട വിധിയായി കണക്കാക്കുന്നു. തെറ്റുചെയ്തത് ബലാല്‍ക്കാരം ചെയ്ത വ്യക്തിയെന്നിരിക്കെ അത്തരം ഒരു അധമബോധം പേറി ഇര ജീവിക്കേണ്ട കാര്യമില്ല എന്ന വായനയായിരിക്കും കണ്‍ഫ്യൂഷ്യസിന്റെ വാക്കുകളെ സംബന്ധിച്ച് കൂടുതല്‍ ശരി.

കൂടാതെ ബലാല്‍ക്കാരം ചെയ്യുന്ന വ്യക്തിയുടെ മനോനില എന്നത് ഒരു കുറ്റവാളിയുടേതെന്നിരിക്കെ, ഇരയുടെ ജീവന് അപകടം വരാതിരിക്കുക എന്ന ഉദ്ദേശത്തിലും വളരെ പ്രായോഗിക തലത്തില്‍ അത്തരം അഭിപ്രായം രേഖപ്പെടുത്തി കണ്ടിട്ടുണ്ട്. അതിനാല്‍ തന്നെ അത് സന്ദര്‍ഭത്തില്‍ നിന്നും, അര്‍ഹിക്കുന്ന ഗൗരവത്തില്‍ നിന്നും അടര്‍ത്തിയെടുത്ത് ഉദ്ധരിക്കപ്പെടേണ്ട ഒരു പ്രസ്താവം അല്ല തന്നെ. ബലാത്സംഗം കുറ്റകൃത്യമാണ്. പ്രതികരിച്ച് ജയിക്കാനാകാത്ത സാഹചര്യത്തില്‍, സ്ത്രീ ജീവനുവേണ്ടി അത് സഹിക്കുമായിരിക്കും. അത് വീട്ടില്‍ വെള്ളം കയറുമ്പോള്‍ ഐസ്‌ക്രീം കഴിച്ചാസ്വാദിക്കുന്നതുപോലല്ല. അല്ലേയല്ല.

എന്തുകൊണ്ടാണ് സ്ത്രീസ്വത്വത്തിന് നേരെയുള്ള ആക്രമണം തമാശയായി മാറുന്നത്? ഏത് പ്രശസ്തനോ, ചിന്തകനോ പറഞ്ഞതായി കൊള്ളട്ടെ. കാലത്തിനും, നീതിബോധത്തിനും നിരക്കാത്തവ ആവര്‍ത്തിക്കുമ്പോള്‍ ചിന്തിക്കേണ്ടതുണ്ട്. അങ്ങനെ ചെയ്തതിന് ശേഷം അതിനെ ചോദ്യം ചെയ്യുന്ന ജനതയെ നോക്കി കൊഞ്ഞനം കുത്തുന്നത് പരിഹാസ്യമാണ്. നായികയെ നോക്കി ഒരു റേപ്പ് വച്ചു തരുമെന്ന് നായകന്‍ പറയുന്നത് തമാശയായി കൊണ്ടാടുന്ന പൊതുബോധത്തില്‍ നിന്നും പുറത്തു കടക്കേണ്ടതുണ്ട് ഇനിയും മലയാളികള്‍.

23-Oct-2019

സംവാദം മുന്‍ലക്കങ്ങളില്‍

More