സഖാവ് ഓമനക്കുട്ടനും മാധ്യമങ്ങളും.

സിപിഐ എമ്മിന്റെ ലോക്കല്‍ കമ്മിറ്റി അംഗമായ സഖാവ് ഓമനക്കുട്ടന്‍ തന്റെ പ്രദേശത്തെ ദുരിതാശ്വാസ ക്യാമ്പില്‍ ചെന്നു പണപ്പിരിവു നടത്തുന്നു എന്ന പ്രമാദമായ വാര്‍ത്തയാണ് ദൃശ്യങ്ങളുടെ അകമ്പടിയോടെ ഏതാണ്ടൊരു പകല്‍വേള മുഴുവന്‍ വാര്‍ത്താ ചാനലുകള്‍ കൊട്ടിഘോഷിച്ചത്. ബ്രേക്കിംഗ് ന്യുസുകള്‍ വന്നു. സോഷ്യല്‍ മീഡിയ ഉണര്‍ന്നു. ഉദ്യോഗസ്ഥര്‍ ഇടപെട്ടു. 'ചലിക്കുന്ന തെളിവുകളു'ടെ വെളിച്ചത്തില്‍ ഓമനക്കുട്ടന്റെ പ്രസ്ഥാനം പൊതുസമൂഹത്തിന്റെ മുമ്പാകെ ചോദ്യം ചെയ്യപ്പെട്ടു. നേതാക്കള്‍ അമ്പരന്നു. പാര്‍ടി അന്വേഷണം പ്രഖ്യാപിച്ചു. അതിന്റെ ഭാഗമായി താല്‍ക്കാലിക സസ്‌പെന്‍ഷന്‍. ഭാഗ്യത്തിന് രാത്രിയിലെ ചാനല്‍ചര്‍ച്ചയിലെ വിശിഷ്ടഭോജ്യമായി സംഗതി അവതരിക്കും മുമ്പ് മാധ്യമക്കള്ളന്‍ പിടിക്കപ്പെട്ടു. സഖാവ് ഓമനക്കുട്ടന്‍ നക്ഷത്രം പോലെ തിളങ്ങി. ആലപ്പുഴയിലേത് ഒറ്റപെട്ട ഒരു സംഗതിയല്ല. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകന്‍ ആയി എന്നതിന്റെ പേരില്‍ എത്രയെത്ര മനുഷ്യരാണ് മാധ്യമങ്ങളുടെ നികൃഷ്ടമായ നുണപ്രചരണത്തിനും പരിഹാസത്തിനും അടിസ്ഥാനമില്ലാത്ത അപവാദങ്ങള്‍ക്കും വിധേയമായിട്ടുള്ളത്? കുടുംബവും ജീവിതവും മാറ്റിവെച്ച് അന്യരുടെ കണ്ണീരു തുടക്കാന്‍ വേണ്ടി വെയിലിലേക്കും മഴയിലേക്കും ഇറങ്ങിയ എത്രയോ സഖാക്കള്‍,

കോര്‍പ്പറേറ്റ് മൂലധനത്തിന്റെ ഭൃത്യവേല ഏറ്റെടുത്തിരിക്കുന്ന ചില മലയാള മാധ്യമങ്ങള്‍ വര്‍ഷങ്ങളായി തുടരുന്ന കമ്യൂണിസ്റ്റ് വേട്ടയുടെ ക്രൂരമുഖം ആലപ്പുഴയിലെ സഖാവ് ഓമനക്കുട്ടനില്‍ തട്ടി വെളിപ്പെട്ടിരിക്കുന്നു. നിഷ്പക്ഷത എന്ന ഉടുവസ്ത്രം നഷ്ടപ്പെട്ട മാധ്യമങ്ങള്‍ പൊതുജനമധ്യത്തില്‍ നാണംകെട്ടു നില്‍ക്കുന്നു. നഗ്‌നത മറക്കാനുള്ള വെമ്പലില്‍ അവര്‍ ഓമനക്കുട്ടന്റെ ജീവനായ പാര്‍ടിയില്‍ കുറ്റംചാരി രക്ഷപ്പെടാന്‍ ശ്രമിച്ച് വീണ്ടും പരിഹാസ്യരാവുകയാണ് ഉണ്ടായത്.

സിപിഐ എമ്മിന്റെ ലോക്കല്‍ കമ്മിറ്റി അംഗമായ സഖാവ് ഓമനക്കുട്ടന്‍ തന്റെ പ്രദേശത്തെ ദുരിതാശ്വാസ ക്യാമ്പില്‍ ചെന്നു പണപ്പിരിവു നടത്തുന്നു എന്ന പ്രമാദമായ വാര്‍ത്തയാണ് ദൃശ്യങ്ങളുടെ അകമ്പടിയോടെ ഏതാണ്ടൊരു പകല്‍വേള മുഴുവന്‍ വാര്‍ത്താ ചാനലുകള്‍ കൊട്ടിഘോഷിച്ചത്. ബ്രേക്കിംഗ് ന്യുസുകള്‍ വന്നു. സോഷ്യല്‍ മീഡിയ ഉണര്‍ന്നു. ഉദ്യോഗസ്ഥര്‍ ഇടപെട്ടു. 'ചലിക്കുന്ന തെളിവുകളു'ടെ വെളിച്ചത്തില്‍ ഓമനക്കുട്ടന്റെ പ്രസ്ഥാനം പൊതുസമൂഹത്തിന്റെ മുമ്പാകെ ചോദ്യം ചെയ്യപ്പെട്ടു. നേതാക്കള്‍ അമ്പരന്നു. പാര്‍ടി അന്വേഷണം പ്രഖ്യാപിച്ചു. അതിന്റെ ഭാഗമായി താല്‍ക്കാലിക സസ്‌പെന്‍ഷന്‍. ഭാഗ്യത്തിന് രാത്രിയിലെ ചാനല്‍ചര്‍ച്ചയിലെ വിശിഷ്ടഭോജ്യമായി സംഗതി അവതരിക്കും മുമ്പ് മാധ്യമക്കള്ളന്‍ പിടിക്കപ്പെട്ടു. സഖാവ് ഓമനക്കുട്ടന്‍ നക്ഷത്രം പോലെ തിളങ്ങി.

ആലപ്പുഴയിലേത് ഒറ്റപെട്ട ഒരു സംഗതിയല്ല. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകന്‍ ആയി എന്നതിന്റെ പേരില്‍ എത്രയെത്ര മനുഷ്യരാണ് മാധ്യമങ്ങളുടെ നികൃഷ്ടമായ നുണപ്രചരണത്തിനും പരിഹാസത്തിനും അടിസ്ഥാനമില്ലാത്ത അപവാദങ്ങള്‍ക്കും വിധേയമായിട്ടുള്ളത്? കുടുംബവും ജീവിതവും മാറ്റിവെച്ച് അന്യരുടെ കണ്ണീരു തുടക്കാന്‍ വേണ്ടി വെയിലിലേക്കും മഴയിലേക്കും ഇറങ്ങിയ എത്രയോ സഖാക്കള്‍, അവരുടെ സംഘങ്ങള്‍ ഇതിനകം അപമാനിക്കപ്പെട്ടു കഴിഞ്ഞു. ഒരാള്‍ സിപിഐ എമ്മുമായി എന്തെങ്കിലും ബന്ധം പുലര്‍ത്തുന്നയാളാണെങ്കില്‍ അയാളെ പുകമറയില്‍ നിര്‍ത്താന്‍ ഒരു തെളിവും സത്യവും ആവശ്യമില്ല എന്ന അവസ്ഥയാണ്. ഇത് വ്യക്തിപരമായ ശത്രുതയല്ല എന്ന് എല്ലാവര്‍ക്കും അറിയാം.

ജനകീയരാഷ്ട്രീയത്തെ തകര്‍ത്ത് കോര്‍പ്പറേറ്റ്, ഫ്യൂഡല്‍ ബിംബങ്ങളെ നായകസ്ഥാനത്ത് അവരോധിക്കുക എന്ന അജണ്ടയാണ് വന്‍കിട മാധ്യമങ്ങള്‍ ഇവിടെ നടപ്പാക്കുന്നത്. എം എം മണി എന്ന ജനകീയമന്ത്രിക്കു ബദലായി ശ്രീരാം വെങ്കിട്ടരാമന്‍ എന്ന ഉദ്യോഗസ്ഥന്‍ നായകനാവണം! മുഖ്യമന്ത്രിക്കു പകരം പഴയ രാജാവ്! ഏറ്റവും കൂടുതല്‍ പരിഹസിക്കപ്പെടുന്നത് അടിസ്ഥാന ജനങ്ങളില്‍ നിന്നും ഉയര്‍ന്നു വന്ന നേതാക്കളാണ് എന്നത് ശ്രദ്ധിക്കേണ്ടതുണ്ട്. തങ്ങളുടെ ഗ്രാമീണ ഭാഷാശൈലിയുടെ പേരില്‍, അകൃത്രിമമായ ശാരീരിക ചലനങ്ങളുടെ പേരില്‍, നിറത്തിന്റെ പേരില്‍, അക്കാദമിക് വിദ്യാഭ്യാസക്കുറവിന്റെ പേരില്‍ അവര്‍ അപമാനിക്കപ്പെടുന്നു. കായികവേലകളില്‍ ഏര്‍പ്പെട്ടിരിക്കുന്ന തൊഴിലാളികള്‍ അപഹസിക്കപ്പെടുന്നത് ഇതിന്റെ ഭാഗമാണ്.

അഴിമതിയുടെ ജീര്‍ണ്ണതയില്‍ പുളക്കുന്ന വൈറ്റ്‌കോളര്‍ തമ്പുരാക്കളെ ഒഴിവാക്കി 'തലേക്കെട്ടുകെട്ടി അടിവസ്ത്രം കാണെ മുണ്ടുമടക്കിക്കുത്തി മീശ പിരിക്കുന്ന' ചുമട്ടുതൊഴിലാളിയെ കേരളത്തിന്റെ പ്രതിനായകനാക്കാന്‍ മനോരമ, മാതൃഭൂമി പത്രങ്ങള്‍ കിണഞ്ഞു ശ്രമിച്ച കഥ ഓര്‍മ്മയുണ്ടല്ലോ. സംഘടിതനാണെങ്കില്‍ കര്‍ഷകത്തൊഴിലാളി 'വെട്ടിനിരത്തലുകാരനാ'വും. എണ്‍പതുകളില്‍ നക്‌സലൈറ്റുകള്‍ ജനകീയ സാംസ്‌കാരികവേദി രൂപീകരിച്ചുവല്ലോ. അവര്‍ അവതരിപ്പിച്ച 'അമ്മ' എന്ന നാടകം കറപ്പന്‍ എന്ന ദളിതനായ ഒരു ജനകീയ രാഷ്ട്രീയപ്രവര്‍ത്തകനെ പ്രതികഥാപാത്രമാക്കി അപമാനിച്ചുകൊണ്ടാണ് അരങ്ങില്‍ സാഫല്യമടഞ്ഞത്. കേരളത്തിലെ ഇടതുതീവ്രവാദരാഷ്ട്രീയത്തിന്റെ വര്‍ഗ, വംശ സ്വഭാവത്തിലേക്ക് അതു വെളിച്ചം വീശുന്നു. ഇതിനെ പശ്ചാത്തലമാക്കിയാണ് ഞാന്‍ 'കറപ്പന്‍' എന്ന ചെറുനോവല്‍ എഴുതിയിട്ടുള്ളത്.

പി കെ ചാത്തന്‍ മാസ്റ്റര്‍, എം കെ കൃഷ്ണന്‍ തുടങ്ങി ദളിത് വിഭാഗത്തില്‍ നിന്ന് മന്ത്രിമാരായ നേതാക്കളെല്ലാം പ്രത്യേകമായ മാധ്യമ കടന്നാക്രമണത്തിന് വിധേയരായിട്ടുണ്ട്. ദരിദ്ര തൊഴിലാളി കുടുംബത്തില്‍ നിന്നും ഉയര്‍ന്നു വന്ന ജനനേതാവാണ് നമ്മുടെ മുഖ്യമന്ത്രി പിണറായി വിജയന്‍. അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതവും മാധ്യമങ്ങളും എന്നത് ഒരു സംവാദത്തിന് വിഷയമാക്കിയാല്‍ മാധ്യമ അജണ്ട കൃത്യമായി വ്യക്തമാവും. നിഗ്രഹാനുഗ്രഹ ശക്തിയുണ്ടെന്നു സ്വയം കരുതുന്ന മാധ്യമങ്ങള്‍ ദയനീയമായി പരാജയപ്പെട്ടത് അവിടെയാണ്. അതിന്റെ വൈരാഗ്യം ഇന്ന് ഒരു കടല്‍പോലെ അലതല്ലുന്നുണ്ട്.

ജനാധിപത്യ സംവിധാനത്തില്‍ മാധ്യമങ്ങളുടെ വിമര്‍ശനത്തിന് വലിയ പ്രാധാന്യമുണ്ട്. എന്നാല്‍ ക്രിയാത്മകമായ ആ ഒരു ദൗത്യമല്ല ഇടതുപക്ഷത്തിനു നേരെ മാധ്യമങ്ങള്‍ നടത്തുന്നത് എന്ന് സ്വബോധമുള്ള ഒരു മലയാളിയേയും പറഞ്ഞു ബോധ്യപ്പെടുത്തേണ്ടതില്ല. കോര്‍പ്പറേറ്റ് മാധ്യമങ്ങളുടെ രാഷ്ട്രീയത്തെ തുറന്നു കാട്ടിയുള്ള വിചാരണയും വിമര്‍ശനവും ഇനി ഇടതുപക്ഷത്തിന്റെ പ്രധാന പ്രവര്‍ത്തനമാവണം. വര്‍ഗ്ഗീയരാഷ്ട്രീയത്തിന്റെ വിളനിലമാക്കി നവോത്ഥാന കേരളത്തെ മാറ്റി തീര്‍ക്കുന്നതില്‍ മാധ്യമങ്ങള്‍ വഹിച്ചുകൊണ്ടിരിക്കുന്ന പങ്ക് വെളിച്ചത്തു വരണം. സത്യാനന്തര കാലത്തിന്റെ രീതികളെ പ്രതിരോധിച്ചു കൊണ്ടല്ലാതെ ജനകീയ രാഷ്ട്രീയത്തെ മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയില്ല.

കമ്യൂണിസ്റ്റ് പാര്‍ടിക്കകത്തെ അച്ചടക്ക നടപടികളെക്കുറിച്ച് മാധ്യമങ്ങളിലെ അടിമവേലക്കാര്‍ക്ക് അറിയില്ലെങ്കിലും ജനസേവകനും പാര്‍ട്ടിനേതാവുമായ സഖാവ് ഓമനക്കുട്ടന് അറിവും തിരിച്ചറിവും ഉണ്ട്. പാര്‍ടിയേയും തൊഴിലാളി പ്രസ്ഥാനത്തേയും തകര്‍ക്കാന്‍ തന്നെ ഉപകരണമാക്കാന്‍ ശ്രമിച്ചവര്‍ക്കെതിരായ ശരിയായ നിലപാടുകളിലൂടെയാണ് സഖാവ് ഓമനക്കുട്ടന്‍ അക്ഷരാര്‍ത്ഥത്തില്‍ തിളങ്ങിയത്. ത്യാഗത്തിന്റെ വഴിയിലൂടെ സഞ്ചരിക്കുന്ന ആയിരമായിരം ജനകീയ പ്രവര്‍ത്തകരും അവരില്‍ നിന്നുയര്‍ന്നു വന്ന നേതാക്കളും ചേര്‍ന്ന മഹാപ്രസ്ഥാനമാണ് ഇതെന്ന് അദ്ദേഹം മാധ്യമങ്ങളെ പഠിപ്പിച്ചു.

സാമാന്യ ജനങ്ങളും നേതൃത്വവും തമ്മിലെ പാരസ്പര്യം കൊണ്ടാണ് കമ്യൂണിസ്റ്റ് പ്രസ്ഥാനം മറ്റു സംഘടനകളില്‍ നിന്നു വ്യത്യസ്ഥമാകുന്നത്. വടക്കേ മലബാറില്‍ പൊക്കന്‍ എന്ന കര്‍ഷകത്തൊഴിലാളിയുടെ വീട്ടില്‍ സഖാവ് ഇ എം എസ് ദീര്‍ഘകാലം ഒളിവില്‍ കഴിഞ്ഞിരുന്നുവല്ലോ. അന്ന് ഇ എം എസ് പൊക്കന്റെ മകനെ ഇംഗ്ലീഷ് പഠിപ്പിച്ചതിനെക്കുറിച്ച് രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. പകരം പൊക്കന്‍ ഇ എം എസിനെ പഠിപ്പിച്ചതെന്ത് എന്നതിന് രേഖയില്ല. രേഖയിലില്ലാത്ത ആ പഠനമാണ് ആധുനികകേരളത്തിന്റെ നിര്‍മ്മിതിക്ക് കാരണമായത്.

കുട്ടിക്കാലം മുതലേ നിരവധി പൊക്കന്മാരെയും ഓമനക്കുട്ടന്മാരെയും കണ്ടു വളര്‍ന്നു എന്നതു മാത്രമാണ് എഴുത്തുകാരന്‍ എന്ന നിലക്ക് എന്റെ കൈ മുതല്‍. പിന്നീട് പത്തു വര്‍ഷക്കാലം പാര്‍ട്ടിപ്രവര്‍ത്തകനായിരുന്ന സമയത്ത് അവരെയെല്ലാം അടുത്തറിഞ്ഞു. അവര്‍ക്കൊപ്പം അലഞ്ഞു. അവരുടെ വീടുകളില്‍ താമസിച്ചു. ബീഡിത്തൊഴിലാളിയായിരുന്ന സഖാവ് മൊയ്തിന്‍കുഞ്ഞിനെപ്പറ്റി ഞാന്‍ ആവര്‍ത്തിച്ച് എഴുതിയിട്ടുണ്ട്. കാട്ടൂര്‍ മധുരംപുള്ളിയിലെ സഖാവ് സി ജി രാമന്‍, താമിസഖാവ്, ഹോച്ചിമിന്‍ കുമാരേട്ടന്‍, കെ ആര്‍ വാസുവേട്ടന്‍, എന്‍ കെ ശിവരാമേട്ടന്‍, ടി കെ ബാലന്‍... പറഞ്ഞാല്‍ തീരാത്തത്ര സഖാക്കള്‍. പലരൂപത്തില്‍ പലഭാവത്തില്‍ അവര്‍ എന്റെ കഥകളിലേക്ക് കയറി വന്നിട്ടുണ്ട്. 'കറപ്പന്‍' എന്ന നോവല്‍. 'കാട്ടൂര്‍ക്കടവിലെ കല്‍പ്പണിക്കാരന്‍' എന്ന കഥ. 'മലമുകളിലെ വെളിച്ച'ത്തിലെ ചന്തുക്കുട്ടി തുടങ്ങി 'ജലജീവിത'ത്തിലെ ചെത്തുതൊഴിലാളി കുമാരേട്ടന്‍ തുടങ്ങി 'അര്‍ജന്റിനാ ഫാന്‍സി'ലെ വാളവേട്ടക്കാരനും പാര്‍ട്ടിസെക്രട്ടറിയുമായ കെ ആര്‍ എന്ന കരുവാറെ രാമേട്ടന്‍ വരെ. അവരുടെയൊക്കെ ജീവിതം പകര്‍ത്തുന്നതിനു വേണ്ടിയാണ് നിലപാടിന്റെ പേരിലുള്ള അവഗണനകള്‍ സഹിച്ചും ബഹിഷ്‌ക്കരണങ്ങളെ അതിജീവിച്ചും ഞാന്‍ എഴുത്തിന്റെ രംഗത്ത് തുടരുന്നത്.

ആയിരമായിരം ഓമനക്കുട്ടന്മാര്‍ കാവല്‍നില്‍ക്കുമ്പോള്‍ ഒരു പ്രതിഭാസത്തിനും കേരളത്തിലെ കമ്യൂണിസ്റ്റു പ്രസ്ഥാനത്തെ തകര്‍ക്കാനാവില്ല.

27-Aug-2019

തുലാവർഷം മുന്‍ലക്കങ്ങളില്‍

More