മതനിരപേക്ഷതയുടെ ചെങ്ങന്നൂര്‍ വിജയം
എം വി ഗോവിന്ദന്‍മാസ്റ്റര്‍
വികസന പ്രവര്‍ത്തനങ്ങളോട് രാഷ്ട്രീയ നിരപേക്ഷമായ സമീപനമെടുക്കുന്ന എല്‍ ഡി എഫ് നിലപാട് ജനങ്ങള്‍ക്ക് അനുഭവവേദ്യമായി. ചെങ്ങന്നൂര്‍ രണ്ട് വര്‍ഷം കൊണ്ട് അത് നന്നായി മനസിലാക്കി. ചെങ്ങന്നൂരിന്റെ ഭാവിയാണ് ആ മണ്ഡലത്തിലെ ജനങ്ങള്‍ നിര്‍ണയിച്ചത്. അത് ചരിത്രപരമായ വിധിയെഴുത്താക്കി മാറ്റാനുള്ള രാഷ്ട്രീയ പ്രബുദ്ധതിയിലേക്ക് അവര്‍ ഉയര്‍ന്നതിന് തീര്‍ച്ചയായും ചെങ്ങന്നൂരിലെ ഭാവി തലമുറ അവരോട് നന്ദി പ്രകാശിപ്പിക്കുക തന്നെ ചെയ്യും. |
ചെങ്ങന്നൂരില്‍ മതനിരപേക്ഷതയും ജനാധിപത്യവുമാണ് വിജയിച്ചത്. ഇടതുപക്ഷത്തിന്റെ കരങ്ങള്‍ക്ക് ശക്തിപകര്ന്നാലാണ് നാട്ടില്‍ സമാധാനവും വികസനവും സാധിതമാകുകയുള്ളു എന്ന് ഒരു നാട് തിരിച്ചറിഞ്ഞു. അങ്ങനെയാണ് എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാന് വന്‍ ഭൂരിപക്ഷത്തോടെ അവിടെ വിജയിച്ചത്.
ജനങ്ങളുടെ ബോധമണ്ഡലത്തെ മലീമസപ്പെടുത്താനും തകിടംമറിക്കാനും കുത്തക മാധ്യമങ്ങളുടെ നേതൃത്വത്തില്‍ വലിയ പ്രയത്നമാണ് തെരഞ്ഞെടുപ്പ് വേളയില്‍ നടത്തിയത്. അവരുടെ ഏകപക്ഷീയമായ വിധിയെഴുത്തുകള്‍ ഇടതുപക്ഷത്തിനും വിശിഷ്യാ സിപിഐ എംനും എതിരായിരുന്നു. പക്ഷെ, ജനങ്ങളാണ് ആത്യന്തിക വിധികര്‍ത്താക്കളെന്ന് ചെങ്ങന്നൂര്‍ മണ്ഡലത്തിലെ വോട്ടര്‍മാര്‍ തെളിയിച്ചിരിക്കുന്നു. അവര്‍ കുത്തക മാധ്യമങ്ങളുടെ കണ്ണുതുറപ്പിക്കാനുള്ള ശ്രമം കൂടിയാണ് ഈ തെരഞ്ഞെടുപ്പ് വിധിയിലൂടെ നടത്തിയത്.
ഇത് പിണറായി വിജയന് സര്‍ക്കാരിന്റെ നയനിലപാടുകള്‍ക്കുള്ള അതിഗംഭീര പിന്തുണയാണ്. ജാതി-മത വേര്‍തിരിവുകള്‍ക്കെല്ലാം അതീതമായി എല്ലാ വിഭാഗം ജനങ്ങളുടെയും ഐക്യദാര്‍ഡ്യമാണ് ഇതിലൂടെ എല്‍ ഡി എഫിനും സര്‍ക്കാരിനും ലഭിക്കുന്നത്. സര്‍ക്കാരിന്റെ വികസന കാഴ്ചപ്പാടുകളും ചെങ്ങന്നൂരിലെ എല്‍ ഡി എഫ് മുന്നോട്ടുവെച്ച മാനിഫെസ്റ്റോയും കൂട്ടിവായിച്ചപ്പോള്‍ വികസിത ചെങ്ങന്നൂര്‍ സാധ്യമാക്കാന്‍ ഇടതുപക്ഷത്തെ സ്വീകരിക്കണമെന്ന് ചെങ്ങന്നൂര്‍ ജനത തീരുമാനിക്കുകയായിരുന്നു.
ജാതി-മത കള്ളികളില്‍ ആളുകളെ ഭിന്നിപ്പിച്ച് നിര്‍ത്തി, അതില്‍ നിന്നും കണക്കുകള്‍ മെനഞ്ഞെടുത്ത് വിലപേശലുകള്‍ നടത്തുന്ന കാലംകൂടി ഇവിടെ അവസാനിക്കുകയാണെന്ന് പറയാം. മതനിരപേക്ഷതയുടെ, വകതിരിവിന്റെ പുതിയൊരു കാലം കേരളത്തില്‍ പിറന്നിരിക്കുന്നു എന്നതിന്റെ ചുവരെഴുത്തുകൂടിയാണ് ചെങ്ങന്നൂര്‍.
നന്മയുടെ, ക്ഷേമത്തിന്റെ, വികസനത്തിന്റെ, കരുതലിന്റെ ഒക്കെ കാര്യം വരുമ്പോള്‍ അതിനൊപ്പം നില്ക്കാന് സമുദായമോ മറ്റെന്തെങ്കിലുമോ തടസമല്ല എന്നുള്ള പുതിയ സംസ്കാരം പ്രതീക്ഷയുള്ളതാണ്. ഇടതുപക്ഷം മുന്നോട്ടുവെക്കുന്ന ജനാധിപത്യ മതനിരപേക്ഷ രാഷ്ട്രീയ സംസ്കാരം മാത്രമാണ് നാടിന്റെ സമാധാനത്തിനും വികസനത്തിനും വഴിതെളിയിക്കുന്നതെന്ന യാഥാര്‍ത്ഥ്യം ജനങ്ങളാകെ ഒരുപോലെ ആംഗീകരിക്കുന്നു എന്നാണ് ഈ വിജയം വ്യക്തമാക്കുന്നത്.
2016ലെ തെരഞ്ഞെടുപ്പില്‍ 52880 വോട്ടായിരുന്നു എല്‍ ഡി എഫിന് ലഭിച്ചത്. യു ഡി എഫിന് 44897 വോട്ടും ബി ജെ പിക്ക് 42682 വോട്ടും അന്ന് ലഭിച്ച സ്ഥാനത്ത് ഇപ്പോള്‍, എല്‍ ഡി എഫിന് 67303 വോട്ടും യു ഡി എഫിന് 46347 വോട്ടും ബി ജെ പിക്ക് 35270 വോട്ടുമാണ് ലഭിച്ചത്. 2016ല്‍ 7983 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു എല്‍ ഡി എഫിന് ഉണ്ടായിരുന്നത്. ഈ ഉപതെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം 20956 ആയി വര്‍ധിച്ചിരിക്കുന്നു. ഭൂരിപക്ഷത്തില്‍ വന്ന ഈ വര്‍ധനവ് എല്‍ഡിഎഫിന്റെ രാഷ്ട്രീയ അടിത്തറയിലുള്ള വ്യാപ്തിയും ശക്തിയുമാണ് വിളംബരം ചെയ്യുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിനൊപ്പമില്ലാതിരുന്ന ഒരു വലിയ വിഭാഗം ജനങ്ങള്‍ എല്‍ ഡി എഫിനൊപ്പം വന്നിരിക്കുന്നു. അവര്‍ സര്‍ക്കാര്‍ നടപടികളെ പിന്തുണക്കുന്നു എന്നാണ് മനസിലാക്കാന്‍ സാധിക്കുക.
തീവ്ര വര്‍ഗീയതയുടെ രാഷ്ട്രീയവുമായി നില്ക്കുന്ന ബി ജെ പിയെയും അതിന്റെ മുന്നണിയെയും പ്രബുദ്ധരായ കേരളീയ ജനത എങ്ങിനെയാണ് നോക്കി കാണുന്നത് എന്നത് ചെങ്ങന്നൂര്‍ വിധിയെഴുത്തില്‍ നിന്നും വായിച്ചെടുക്കാം. ബി ജെ പിയായാലും കോണ്‍ഗ്രസ് ആയാലും വര്‍ഗീയതയുമായി മുന്നോട്ടുവന്നാല്‍ കൂടെനില്ക്കില്ലെന്ന ജനങ്ങളുടെ പ്രഖ്യാപനമാണിത്.
രാഷ്ട്രീയ നിലപാടുകളെ കുറിച്ചും വികസനത്തെ കുറിച്ചും തെരഞ്ഞെടുപ്പ് പ്രചരണ കാലത്ത് ചെങ്ങന്നൂരില്‍ ഇടതുപക്ഷം സംസാരിച്ചപ്പോള്‍ ആരോഗ്യകരമായ രീതിയില്‍ അത് സംവാദമാക്കി മാറ്റാന്‍ യു ഡി എഫോ ബി ജെ പി മുന്നണിയോ തയ്യാറായില്ല. ബി ജെ പി തീവ്ര വര്‍ഗീയ കാര്‍ഡിറക്കിയപ്പോള്‍, മൃദുവര്ഗീയതയെയാണ് യു ഡി എഫ് ആശ്രയിച്ചത്. പക്ഷെ, ജനങ്ങള്‍ക്ക് അപകടകരമായ രാഷ്ട്രീയത്തെ തിരിച്ചറിയാനും മാറ്റി നിര്‍ത്താനുമുള്ള വിവേകവും വിവേചന ശേഷിയുമുണ്ടായിരുന്നു. അതുകൊണ്ടാണ് ബി ജെ പിയും യു ഡി എഫും ചെങ്ങന്നൂരില്‍ പരാജയം രുചിച്ചത്.
നവ ഉദാരവല്‍ക്കരണ നയങ്ങളുടെ വക്താക്കളാണ് കോണ്‍ഗ്രസും ബി ജെ പിയും രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിലും കേന്ദ്രത്തിലും ഇരിക്കുന്ന അവരുടെ സര്‍ക്കാരുകള്‍ നടപ്പിലാക്കുന്ന നയങ്ങള്‍ ജനദ്രോഹപരമായുള്ളതാണ്. കോര്‍പ്പറേറ്റ് പാദസേവയും ക്രോണി ക്യാപിറ്റലിസത്തിന്റെ പ്രയോഗവും ജനജീവിതം ദുഷ്കരമാക്കുമ്പോഴാണ് ബദല്‍ നയങ്ങളുമായി കേരളത്തില്‍ പിണറായി വിജയന് സര്‍ക്കാര്‍ തണലായി നില്‍ക്കുന്നത്. വികസന പ്രവര്‍ത്തനങ്ങളോട് രാഷ്ട്രീയ നിരപേക്ഷമായ സമീപനമെടുക്കുന്ന എല്‍ ഡി എഫ് നിലപാട് ജനങ്ങള്‍ക്ക് അനുഭവവേദ്യമായി. ചെങ്ങന്നൂര്‍ രണ്ട് വര്‍ഷം കൊണ്ട് അത് നന്നായി മനസിലാക്കി. ചെങ്ങന്നൂരിന്റെ ഭാവിയാണ് ആ മണ്ഡലത്തിലെ ജനങ്ങള്‍ നിര്‍ണയിച്ചത്. അത് ചരിത്രപരമായ വിധിയെഴുത്താക്കി മാറ്റാനുള്ള രാഷ്ട്രീയ പ്രബുദ്ധതിയിലേക്ക് അവര്‍ ഉയര്‍ന്നതിന് തീര്‍ച്ചയായും ചെങ്ങന്നൂരിലെ ഭാവി തലമുറ അവരോട് നന്ദി പ്രകാശിപ്പിക്കുക തന്നെ ചെയ്യും.
07-Jun-2018
പ്രീജിത്ത് രാജ്
ആനാവൂര്‍ നാഗപ്പന്
എം വി ഗോവിന്ദന്‍മാസ്റ്റര്‍
വിനീത മോഹൻ
ആർ.കെ. ബേബി