ഒരു ജനാധിപത്യത്തില്‍ അഭിപ്രായ ഭിന്നതകളും വ്യത്യസ്ത കാഴ്ചപ്പാടുകളും തമ്മില്‍ സംവദിക്കാനും ചര്‍ച്ചചെയ്യാനുമുള്ള ഇടം ആവശ്യമാണ്.
ഒരു ജനാധിപത്യത്തില്‍ അഭിപ്രായ ഭിന്നതകളും വ്യത്യസ്ത കാഴ്ചപ്പാടുകളും തമ്മില്‍ സംവദിക്കാനും ചര്‍ച്ചചെയ്യാനുമുള്ള ഇടം ആവശ്യമാണ്. സ്വാതന്ത്ര്യസമര കാലം മുതല്‍ അടുത്തിടവരെ അത്തരമൊരിടം ഉണ്ടായിരുന്നു. അത്തരമൊരിടം സൃഷ്ടിക്കാനുള്ള ശ്രമമാണ് നടന്നുവന്നിട്ടുള്ളതും. അടുത്ത കാലത്തായി അതില്‍ നിന്നും വ്യത്യസ്തമായ ഒരു സ്ഥിതിവിശേഷം സംജാതമായിക്കൊണ്ടിരിക്കുന്നു. എന്തുകൊണ്ട് ഇത് സംഭവിക്കുന്നു എന്നത് വളരെ ഗൗരവപൂര്‍വ്വം വിചിന്തനം ചെയ്യേണ്ട ഒരു പ്രശ്‌നമാണ്. അതിന്റെ കാതലായ കാരണം ഇന്ത്യന്‍ സമൂഹത്തില്‍ ഉയര്‍ന്നുവന്ന മത തീവ്രവാദമാണെന്ന് കാണാന്‍ വളരെ വിഷമമൊന്നുമില്ല.
തീവ്രവാദത്തിലൂന്നിയ ഒരു രാഷ്ട്രീയ സംഹിതയാണ് അതിന്റെ പ്രധാനപ്പെട്ട സ്രോതസ്. ഇതിനെ നേരിടാനായി, ഒരു ഉദാര പുരോഗമന രാഷ്ട്രീയ മുന്നേറ്റത്തിന്റെ ആവശ്യവും സാംസ്‌കാരിക അവബോധത്തിന്റെ വളര്‍ച്ചയും ആവശ്യമാണ്. അതുണ്ടായില്ലെങ്കില്‍ ഗൗരി ലങ്കേഷിന്റെ കൊലപാതകം അവസാനത്തേതാവുകയില്ല. ആരംഭം മാത്രമേ ആവുകയുള്ളു. അതില്ലാതെ ഇന്ത്യന്‍ സമൂഹത്തെ സംരക്ഷിക്കണമെങ്കില്‍ ഒരു വലിയ സാംസ്‌കാരിക രാഷ്ട്രീയ മുന്നേറ്റം ആവശ്യമാണ്.