പൂക്കാതിരിക്കുവാന്‍ വയ്യെന്റെ കാലമേ...
ശാരിക ജി എസ്
അന്നും ഇന്നും സ്ത്രീകളുടെ അവകാശങ്ങള്‍ക്കുവേണ്ടിയുള്ള സമരങ്ങളിലെല്ലാം അണിനിരക്കുന്ന പ്രബല വിഭാഗമാണ് തൊഴിലാളി സ്ത്രീകള്‍. പലപ്പോഴും ചരിത്രത്തില്‍ പേരുകളായി രേഖപ്പെടുത്താതെ ചരിത്രം രചിക്കുന്ന പോരാട്ടവീര്യങ്ങളാണിവര്. ഇപ്പോഴും ജീവിക്കുന്ന ഇറ്റിയാനത്തെ പോലുള്ള സമര നക്ഷത്രങ്ങള്‍ പാടത്തെ ചെളിയില്‍ മരിച്ചെന്ന് കരുതി ചവിട്ടിപൂഴ്ത്തിയിടത്തുനിന്നും ചെങ്കൊടിയുമായി നിവര്ന്നുനിന്നവരാണ്. അത്തരത്തില്‍ അടയാളപ്പെടുത്താതെ പോയ നിരവധി ത്യാഗജീവിതങ്ങളുടെ ജീവിതം കൂടിയാണ് നവോത്ഥാന പ്രസ്ഥാനം. അവരുടെ വിയര്‍പ്പും ചോരയുമാണ് പുരോഗമന കേരളം. അവരുടെ ചിന്തകളില്‍ നിന്ന് ഉരുത്തിരിഞ്ഞതാണ് സാമൂഹ്യ പരിഷ്കരണ മുന്നേറ്റങ്ങള്‍. ഇന്ന് വനിതാമതിലെന്ന നവോത്ഥാന മുന്നേറ്റത്തില്‍ ്മ്പത്തിയഞ്ച് ലക്ഷം വനിതകള്‍ അണിനിരക്കുമ്പോള്‍ അത് ചരിത്രത്തിന്റെ തുടര്‍ച്ചയാവുന്ന നവോത്ഥാന വസന്തം തന്നെയാണ്, പൂക്കാതിരിക്കാന്‍ വസന്തത്തിന് സാധിക്കില്ലല്ലോ. |
കേരളത്തിലെ സ്ത്രീനവോത്ഥാനത്തിന്റെ മുന്നില്‍ വഴിവെട്ടി നടന്നത് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സ്ത്രീകളായിരുന്നു. അയ്യങ്കാളിയുടെ നേതൃത്വത്തില്‍ കര്‍ഷക തൊഴിലാളികള്‍ പണിമുടക്കിലേര്‍പ്പെട്ട ചരിത്രം മുതല്‍ പലപ്പോഴും അടയാളപ്പെടുത്താത്ത ഉശിരന്‍ സാന്നിധ്യങ്ങളായി തൊഴിലാളി സ്ത്രീകളെ കാണാനാവും. രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിന്റെ വനിതാ മുന്നേറ്റം വളരെ നേരത്തെയാവാനുള്ള കാരണവും തൊഴിലാളി സ്ത്രീകള്‍ നിലപാടെടുത്തു നിന്നതുകൊണ്ടാണ്.
നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ചാന്നാര്ലഹളയെന്ന് വിശേഷിപ്പിക്കപ്പെട്ട മാറുമറയ്ക്കല്‍ സമരത്തോടെയാണ് കേരളത്തിലെ സ്ത്രീ മുന്നേറ്റം രീതിയില്‍ ആരംഭിക്കുന്നത്. 1800കള്‍ക്ക് മുമ്പ് ആരംഭിച്ച മാറുമറയ്ക്കല്‍ കലാപം വിജയം കണ്ടത് 1859 ജൂലൈ 26ന്റെ വിളംബരത്തിലൂടെയാണ്. അന്ന് തിരുവിതാംകൂര്‍ ഭരിച്ചിരുന്ന ഉത്രം തിരുനാളാണ് പ്രക്ഷോഭത്തെ തുടര്‍ന്ന് ഉത്തരവിറക്കിയത്. അന്ന് ഐക്യകേരളം രൂപീകൃതമായിരുന്നില്ലെങ്കിലും കേരളത്തിന്റെ ഭൂഭാഗങ്ങളില്‍ അധിവസിക്കുന്ന സ്ത്രീകള്‍ നവോത്ഥാന പോരാട്ടങ്ങളുടെ ഭാഗമായി മാറി. മാറുമറയ്ക്കല്‍ കലാപത്തെ കേരളത്തിലെ ആദ്യത്തെ മനുഷ്യാവകാശ പോരാട്ടമായും വിശേഷിപ്പിക്കാം.
ആ കാലഘട്ടം ജാതിജീര്ണതകളാല് അരാജകമായിരുന്നു. അയിത്തമടക്കമുള്ള അനാചാരങ്ങളാല്‍ സമൂഹത്തിലെ ഭൂരിപക്ഷം വല്ലാതെ വീര്‍പ്പുമുട്ടി. ന്യൂനപക്ഷം വരുന്ന അധികാരവര്‍ഗം സവര്‍ണ ബ്രാഹ്മണ പൗരോഹിത്യത്തിന്റെ തിട്ടൂരങ്ങള്‍ക്കനുസരിച്ച് നാടുഭരിച്ചു. അവര്‍ണര്‍ക്ക് മാറുമറക്കാനോ. സവര്‍ണര്‍ നടക്കുന്ന വഴികളിലൂടെ നടക്കാനോ അധികാരമില്ലായിരുന്നു. വേഷത്തില്‍ നിന്നും ശരീരഭാഷയില്‍ നിന്നും ജാതി തിരിച്ചറിയാന്‍ സാധിക്കുന്ന കാലമായിരുന്നു അത്. വസ്ത്രധാരണത്തിലുള്ള വിപ്ലവകരമായ മാറ്റത്തിന് തുടക്കം കുറിച്ചത് സ്ത്രീകളുടെ കലാപത്തെ തുടര്‍ന്നാണ്. അതൊരു പുത്തന്‍ വ്യവസ്ഥിതിയിലേക്കുള്ള നവോത്ഥാന ചൂണ്ടുപലക തന്നെയായിരുന്നു. അതിനെ പിന്‍പറ്റിയാണ് തുടര്‍ പ്രക്ഷോഭങ്ങള്‍ പലതും ഉരുത്തിരിഞ്ഞത്. തോല്‍വിറക് സമരവും ഘോഷ ബഹിഷ്ക രണവുമൊക്കെ അതിന്റെ കൂടെ ചേര്‍ത്തുവെക്കേണ്ട മുന്നേറ്റങ്ങള്‍ തന്നെയാണ്.
ഉത്തര മലബാറില്‍ ജന്മിമാരുടെ അധിനതയിലുള്ള തോട്ടങ്ങളില്‍ നിന്നും പറമ്പുകളില്‍ നിന്നുമായിരുന്നു കര്‍ഷക തൊഴിലാളികളും ദരിദ്രകര്‍ഷകരും തെങ്ങിനും മറ്റും വളമിടാനുള്ള തോലും വിറകും മറ്റും ശേഖരിച്ചിരുന്നത്. ഒരു ഘട്ടമെത്തിയപ്പോള്‍ തിരുവിതാംകൂര്‍ഭാഗത്തുനിന്നും കുടിയേറിയെത്തിയ സമ്പന്നന്മാര് ഈ ഭൂപ്രദേശങ്ങള്‍ സ്വന്തമാക്കി. അവര്‍ തോലും വിറകും ശേഖരിക്കുന്നത് തടഞ്ഞു. ചീമേനി പ്രദേശത്തുള്ള താഴേക്കാട്ടുമനയുടെ അധീനതയിലുള്ള ആറായിരത്തിലേറെ ഏക്കര്‍ പ്രദേശം ജോര്‍ജ്ജ് ജോസഫ് കൊട്ടുകാപ്പള്ളി എന്ന മുതലാളി വാങ്ങുകയും അവിടം എസ്റ്റേറ്റാക്കി മാറ്റുകയും ചെയ്തു. കര്‍ഷക തൊഴിലാളികളും കൃഷിക്കാരും കാലങ്ങളായി തോലും വിറകും ശേഖരിക്കുന്ന ആ പ്രദേശത്തിന്റെ പുതിയ ഭൂപ്രഭുവായി മാറിയ ജോര്‍ജ്ജ് ജോസഫ് കുടിയാന്മാരുടെ നേര്‍ക്ക് അക്രമമഴിച്ചുവിട്ടു. തോലും വിറകും ശേഖരിക്കുന്നവരെ പോലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്തി. കര്‍ഷക-കര്‍ഷക തൊഴിലാളി സ്ത്രീകളുടെ നേതൃത്വത്തില്‍ അരിവാളുമേന്തി ചീമേനി എസ്റ്റേറ്റിലേക്കുള്ള പ്രതിഷേധം ഇരമ്പിയാര്‍ത്തു. കുഞ്ഞിമാധവിയായിരുന്നു വലതുകൈയ്യില്‍ അരിവാളുമേന്തി ആ സമരം നയിച്ചത്. കാര്ത്ത്യായനിക്കുട്ടിയമ്മയെ പോലുള്ളവര്‍ നേതൃഗുണത്തോടെ സമരത്തെ നിയന്ത്രിച്ചു. എട്ടുമാസത്തോളം ഒരടി പിന്മാറാതെ സ്ത്രീകള്‍ രചിച്ച ആ മുന്നേറ്റം അവസാനം വിജയിച്ചു. കര്‍ഷക തൊഴിലാളി സ്ത്രീകളും കര്‍ഷകരും തൊലും വിറകും അവിടെ നിന്ന് ശേഖരിക്കാന്‍ തുടങ്ങി.
നമ്പൂതിരി സ്ത്രീകള്‍ മൃഗീയമായ രീതിയിലുള്ള അടിച്ചമര്‍ത്തലുകള്‍ക്ക് ഇരയായവരാണ്. ബ്രാഹ്മണ പൗരോഹിത്യം മനുസ്മൃതി ആദ്യം പരീക്ഷിക്കുന്നത് സ്വന്തം ഇല്ലങ്ങളില്‍ തന്നെയായിരുന്നു. സ്ത്രീ വിരുദ്ധതയുടെ ആഴള്രൂപങ്ങളായിരുന്നു പ്രതിലോമ സാമൂഹ്യബോധത്തോടുകൂടി നിലകൊണ്ട സവര്‍ണ ബ്രാഹ്മണ മേധാവിത്വം. ഇല്ലത്ത് നിന്നും പുറത്തുപോവുമ്പോള്‍ ഘോഷ ധരിക്കണമെന്ന പുരുഷാധിപത്യ നിര്‍ബന്ധബുദ്ധിയെ തകര്‍ത്തെറിഞ്ഞാണ് നമ്പൂതിരി സ്ത്രീകള്‍ മുഖ്യധാരയിലേക്ക് കടന്നുവരുന്നത്. യോഗക്ഷേമസഭയുടെ വനിതാ വിഭാഗമായിരുന്ന അന്തര്ജ്ജനസമാജത്തിന് തുല്യതയ്ക്കുവേണ്ടി ഏറെ പോരാടോണ്ടി വന്നു. അന്തര്‍ജ്ജനങ്ങള്‍ തൊഴിലെടുത്തുജീവിക്കണമെന്നുള്ള ഓങ്ങല്ലൂര്‍ യോഗക്ഷേമസഭാ സമ്മേളനത്തിന്റെ തീരുമാനവും തുടര്‍ന്ന് ലക്കിടി തിരുത്തിമ്മല്‍ ഇല്ലത്ത് സ്ഥാപിച്ച തൊഴില്‍കേന്ദ്രവും നവോത്ഥാന സ്ത്രീമുന്നേറ്റത്തിലെ ഏറെ തിളക്കമുള്ള അധ്യായം തന്നെയാണ്. തൊഴില്‍ കേന്ദ്രത്തിലേക്കെന്ന സ്ത്രീപക്ഷ നാടകത്തിന്റെ പിറവിക്കും ഈ മുന്നേറ്റം കാരണമായി. അടുക്കളയില്‍ നിന്ന അരങ്ങത്തേക്ക്, മറയ്ക്കുടക്കുള്ളിലെ മഹാ നരകം ഋതുമതി തുടങ്ങിയ നാടകങ്ങളും വൈകാതെ സമൂഹത്തെ പിടിച്ചുകുലുക്കി. ഇന്നത്തെ ബി ജെ പിക്കാരെയും കോണ്‍ഗ്രസുകാരെയും പോലെ അക്കാലത്തും .യാഥാസ്തിതികന്മാര് ഉറഞ്ഞുതുള്ളി. ഇത്തരം മുന്നേറ്റങ്ങളുടെ കടയ്ക്കല്‍ കത്തിവെക്കാനായി ശ്രമിച്ചു.
കൊല്ലത്തെ പെരിനാട് നടന്ന കല്ലുമാല സമരം സ്ത്രീ മുന്നേറ്റത്തിന്റെ ഉജ്ജ്വലമായ ഏടായി മാറി. പുലയ വിഭാഗത്തിലുള്ള സ്ത്രീകള്‍ അക്കാലത്ത് ചുവന്ന കല്ലുകള്‍ കൊണ്ടുണ്ടാക്കിയ ഒരു തരം മാലകള്‍ അണിഞ്ഞ് നടക്കണമായിരുന്നു. അവര്‍ക്ക് താങ്ങാനാവുന്നത്രയും കല്ലുമാലകള്‍. സാമൂഹ്യപരിഷ്കര്‍ത്താവായിരുന്ന ഗോപാലദാസിന്റെ നേതൃത്വത്തില്‍ കല്ലുമാല ധാരണത്തിനെതിരെ വലിയ രീതിയിലുള്ള പ്രചാരണം സംഘടിപ്പിച്ചു. സ്ത്രീകളില്‍ പലരും കല്ലുമാല ഉപേക്ഷിക്കാനുള്ള ധൈര്യവുമായി മുന്നോട്ടുവന്നു. അത് ചില നായര്‍ പ്രമാണിമാര്‍ക്ക് ഇഷ്ടപ്പെട്ടില്ല. അവര്‍ സ്ത്രീകളെ കല്ലുമാല അണിയിക്കാനുള്ള ശ്രമത്തിലേര്‍പ്പെട്ടു. പലയിടത്തും കൈയ്യേറ്റങ്ങളുണ്ടായി ആ സമയത്ത് സംഘടിപ്പിച്ച പുലയമഹാസമ്മേളനത്തില്‍ കയറി ചെന്ന് ഒരു നായര്‍ പ്രമാണി ഗുണ്ടായിസം കാണിച്ചതോടെ നായര്‍-പുലയര്‍ ലഹളയായി അത് രൂപാന്തരം പ്രാപിച്ചു. സവര്‍ണ നായന്മാര് സംഘടിച്ച് അശരണരായ പുലയരെ വേട്ടയാടി. അവര്‍ വനങ്ങളില്‍ അഭയം തേടി. അപ്പോഴാണ് ഈ സംഭവത്തില്‍ അയ്യങ്കാളി ഇടപെടുന്നത്. തുടര്‍ന്ന് ആ ലഹള ഇല്ലാതാക്കി. പുലയ-നായര്‍ വിഭാഗങ്ങളിലുള്ളവരുടെ ഒരു സംയുക്തയോഗം കൊല്ലത്ത് വിളിച്ചു ചേര്‍ത്തു. ധാരാളം സവര്‍ണ സമുദായക്കാര്‍ പങ്കെടുത്തിരുന്ന ആ യോഗത്തില്‍ അവരുടെ മുന്നില്‍ വെച്ച് പുലയ സ്ത്രീകള്‍ തങ്ങളുടെ കഴുത്തില്‍ കിടന്ന കല്ലുമാലകള്‍ പറിച്ചെറിഞ്ഞു. ആ വേദിക്ക് മുന്നില്‍ കുന്നുകൂടി കല്ലുമാലകള്‍ നവോത്ഥാനസ്ത്രീ മുന്നേറ്റത്തിന്റെ ഈടുറ്റ ഏടായി മാറി.
തിരുവിതാംകൂറിലും കൊച്ചി പ്രദേശത്തും പൊതുവഴി ഉപയോഗിക്കുന്നതിന് താഴ്ന്ന ജാതിക്കാര്‍ക്ക് അവകാശമില്ലാത്ത നാളുകളില്‍ നിരവധി ഉജ്ജ്വലങ്ങളായ സമരങ്ങളിലൂടെയാണ് ആ അവകാശം സ്ഥാപിച്ചെടുത്തത്. പാലിയം സമരത്തിലും കുട്ടംകുളം സമരത്തിലും സ്ത്രീകള്‍ തലയുയര്‍ത്തി മുന്‍പന്തിയിലുണ്ടായിരുന്നു. ആര്യാ പള്ളത്തെ പോലുള്ള ധീരവനിതകള്‍ ഉറച്ച ശബ്ദത്തില്‍ അവകാശത്തിന് വേണ്ടി അലറുക തന്നെയായിരുന്നു. അന്നത്തെ സ്ത്രീത്വം കെട്ടിയ പ്രതിരോധ കോട്ടകളാണ് കേരളത്തിിന് പ്രബുദ്ധത ചാര്‍ത്തി നല്‍കിയത്.
ബ്രിട്ടീഷ് ഭരണകാലത്തുപോലും സംഘടിത വനിതാ മുന്നേറ്റങ്ങളിലൂടെ സ്ത്രീകള്‍ക്ക് അനുകൂലമായ. പല തീരുമാനങ്ങളും കൈക്കൊള്ളിപ്പിക്കാന് കഴിഞ്ഞിരുന്നു. സ്ത്രീകള്‍ക്കുള്ള വിദ്യാഭ്യാസാവകാശം, വിധവകളുടെ പുനര്‍ വിവാഹം, വിവാഹ പ്രായത്തിന് നിയന്ത്രണമേര്‍പ്പെടുത്തല്‍, ശൈശവ വിവാഹ നിരോധനം തുടങ്ങി പലതും ഉദാഹരണങ്ങളാണ്.
അന്നും ഇന്നും സ്ത്രീകളുടെ അവകാശങ്ങള്‍ക്കുവേണ്ടിയുള്ള സമരങ്ങളിലെല്ലാം അണിനിരക്കുന്ന പ്രബല വിഭാഗമാണ് തൊഴിലാളി സ്ത്രീകള്‍. പലപ്പോഴും ചരിത്രത്തില്‍ പേരുകളായി രേഖപ്പെടുത്താതെ ചരിത്രം രചിക്കുന്ന പോരാട്ടവീര്യങ്ങളാണിവര്. ഇപ്പോഴും ജീവിക്കുന്ന ഇറ്റിയാനത്തെ പോലുള്ള സമര നക്ഷത്രങ്ങള്‍ പാടത്തെ ചെളിയില്‍ മരിച്ചെന്ന് കരുതി ചവിട്ടിപൂഴ്ത്തിയിടത്തുനിന്നും ചെങ്കൊടിയുമായി നിവര്ന്നുനിന്നവരാണ്. അത്തരത്തില്‍ അടയാളപ്പെടുത്താതെ പോയ നിരവധി ത്യാഗജീവിതങ്ങളുടെ ജീവിതം കൂടിയാണ് നവോത്ഥാന പ്രസ്ഥാനം. അവരുടെ വിയര്‍പ്പും ചോരയുമാണ് പുരോഗമന കേരളം. അവരുടെ ചിന്തകളില്‍ നിന്ന് ഉരുത്തിരിഞ്ഞതാണ് സാമൂഹ്യ പരിഷ്കരണ മുന്നേറ്റങ്ങള്‍. ഇന്ന് വനിതാമതിലെന്ന നവോത്ഥാന മുന്നേറ്റത്തില്‍ ്മ്പത്തിയഞ്ച് ലക്ഷം വനിതകള്‍ അണിനിരക്കുമ്പോള്‍ അത് ചരിത്രത്തിന്റെ തുടര്‍ച്ചയാവുന്ന നവോത്ഥാന വസന്തം തന്നെയാണ്, പൂക്കാതിരിക്കാന്‍ വസന്തത്തിന് സാധിക്കില്ലല്ലോ.
01-Jan-2019
പ്രീജിത്ത് രാജ്
ആനാവൂര്‍ നാഗപ്പന്
എം വി ഗോവിന്ദന്‍മാസ്റ്റര്‍
വിനീത മോഹൻ
ആർ.കെ. ബേബി