കള്ളവോട്ടാരോപണവും യാഥാര്‍ത്ഥ്യങ്ങളും
എം വി ഗോവിന്ദന്‍മാസ്റ്റര്‍
കാസര്‍ഗോഡ് മണ്ഡലത്തിലെ പിലാത്തറയിലെ ഒരു ബൂത്തില്‍ നിന്നുള്ള ദൃശ്യങ്ങള്‍ എന്തോ വലിയ കണ്ടുപിടിത്തം നടത്തിയെന്ന അവകാശവാദവുമായാണ മാധ്യമങ്ങള്‍ ഉറഞ്ഞുതുള്ളിയത്. വൈകാതെ ആ ദൃശ്യങ്ങള്‍ യു ഡി എഫ് ക്യാമ്പില്‍ നിന്നും മാധ്യമങ്ങള്‍ക്ക് ലഭിച്ചതാണെന്ന് പറഞ്ഞു. ഓപ്പണ്‍വോട്ട് എന്നറിയപ്പെടുന്ന കംപാനിയന് വോട്ടിനെ, കള്ളവോട്ടെന്ന് ആരോപിച്ചുകൊണ്ട് രണ്ട് സ്ത്രീകളെ വേട്ടയാടുന്ന സമീപനമാണ് ചില മാധ്യമങ്ങള്‍ കൈക്കൊണ്ടത്. കള്ളവോട്ട് ചെയ്തെന്ന് മാധ്യമങ്ങള്‍ സ്ഥാപിക്കാന്‍ ശ്രമിക്കുന്ന സ്ത്രീകള്‍ തങ്ങളെ പൊതുസമൂഹത്തില്‍ അപകീര്‍ത്തിപ്പെടുത്തി എന്ന് പറഞ്ഞുകൊണ്ട് തങ്ങളുടെ ദൃശ്യങ്ങള്‍ ദുരുപയോഗം ചെയ്ത മാധ്യമങ്ങള്‍ക്കും കണ്ണൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവുമായ കെ സുധാകരനുമെതിരെ കേസ് നല്‍കിയിരിക്കുകയാണ്. ഇടതുപക്ഷത്തെ ആക്രമിക്കാന്‍ സാധിക്കുമെങ്കില്‍ തങ്ങള്‍ സ്ത്രീ വിരുദ്ധമായ വാര്‍ത്തകളും സംപ്രേക്ഷണം ചെയ്യുമെന്ന ചില മാധ്യമങ്ങളുടെ നിലപാടിനെതിരായുള്ളതാണ് ഈ നിയമ പോരാട്ടം. |
പതിനേഴാം ലോകസഭാ തെരഞ്ഞെടുപ്പില്‍ പരാജയം ഉറപ്പിച്ച യുഡിഎഫ്, ചില മാധ്യമങ്ങളുമായി ഗൂഡാലോചന നടത്തിയാണ് കള്ളവോട്ട് വിവാദത്തിലേക്ക് കേരളത്തെ വലിച്ചിഴച്ചിരിക്കുന്നത്. ഈ വാര്‍ത്തകളിലൂടെ അവര്‍ അപഹസിക്കുന്നത് ജനാധിപത്യ സംവിധാനത്തെ തന്നെയാണ്. മുന്‍കാലങ്ങളെ അപേക്ഷിച്ച് ഈ ലോകസഭാ തെരഞ്ഞെടുപ്പില്‍ പോളിങ് നടപടിക്രമങ്ങള്‍ കുറേക്കൂടി മെച്ചപ്പെട്ടതും കുറ്റമറ്റതുമായിരുന്നു. അത് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ തന്നെ സമ്മതിക്കുന്ന വസ്തുതയാണ്.
പുതിയ വോട്ടര്‍മാരെ ചേര്‍ക്കാനും വോട്ടര്‍ പട്ടികയിലെ അനര്‍ഹരെ ഒഴിവാക്കാനുമൊക്കെ ആവശ്യത്തിലേറെ സമയം ലഭിച്ച തെരഞ്ഞെടുപ്പാണ് ഇത്തവണത്തേത്. വിവിധ രാഷ്ട്രീയകക്ഷികളുടെ പ്രവര്‍ത്തകര്‍ ജാഗ്രതയോടെയാണ് ഈ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായത്. അപേക്ഷകരെയും ആക്ഷേപം ഉന്നയിച്ചവരെയും ഹിയറിങ്ങിന് വിളിച്ച് തങ്ങളുടെ വാദമുഖങ്ങള്‍ അവതരിപ്പിക്കാന്‍ അവസരം നല്കിയ ശേഷമാണ് ചുമതലപ്പെട്ട ഉദ്യോഗസ്ഥര്‍ തീരുമാനം എടുത്തത്. ഇത്തരത്തില്‍ രൂപപ്പെട്ട വോട്ടര്‍ പട്ടിക കുറ്റമറ്റതാണെന്നാണ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും പൊതുസമൂഹവും വിലയിരുത്തിയത്. ഇക്കുറി ഉയര്‍ന്ന പോളിങ് ശതമാനത്തിന് കാരണമായതും ഈ വിധത്തില്‍ മികച്ചൊരു സംവിധാനം നിലവിലിരുന്നത് കൊണ്ടാണ്.
ഇപ്പോള്‍ വിവാദമുണ്ടാക്കുന്ന മാധ്യമങ്ങളും യുഡിഎഫും വോട്ടെടുപ്പ് കഴിയുന്നത് വരെ തെരഞ്ഞെടുപ്പ് പ്രക്രിയയെക്കുറിച്ച് കാര്യമായ ഒരു പരാതിയും ഉന്നയിച്ചിരുന്നില്ല. പോളിങ് ദിവസവും എവിടെയെങ്കിലും ഗുരുതരമായ പ്രശ്നങ്ങള്‍ ഉള്ളതായി പരാതിയുണ്ടായില്ല. ചില ഭാഗങ്ങളില്‍ വോട്ടിംഗ് യന്ത്രത്തില്‍ വന്ന പിഴവുകളും കെ സുധാകരന് വാര്‍ത്താ ചാനലുകളെ വിളിച്ചുണ്ടാക്കിയ ബ്രേക്കിംഗ് ന്യൂസും മാത്രമേ വാര്‍ത്തകളായി ഉണ്ടായിരുന്നുള്ളു.
വോട്ടിംഗ് യന്ത്രത്തിന്റെ തകരാറുകള്‍ കാരണം പലയിടത്തും രാത്രിയോടെയാണ് വോട്ടെടുപ്പ് പൂര്‍ത്തിയായത്. പിറ്റേന്ന് ഉച്ചയോടെ പോളിങ്ങുമായി ബന്ധപ്പെട്ട എല്ലാ രേഖകളും സൂക്ഷ്മപരിശോധന നടത്തി. തുടര്‍ന്ന് വോട്ടെടുപ്പ് പ്രക്രിയ പൂര്‍ത്തിയായതായി വരണാധികാരി പ്രഖ്യാപിക്കുകയും ചെയ്തു. ആ ഘട്ടത്തിലൊന്നും പരാതികളൊന്നും ഉയര്‍ന്നിരുന്നില്ല. അപ്പോള്‍ എന്തെങ്കിലും പരാതി ഉണ്ടായിരുന്നുവെങ്കില്‍ അത് പരിശോധിക്കാതെ മുന്നോട്ടുപോകാനാവുമായിരുന്നില്ല. കാരണം കേരളത്തിലെ പ്രമുഖ മുന്നണികളിലെ മിക്ക സ്ഥാനാര്‍ഥികളുടെയും അല്ലാത്ത സ്ഥാനാര്‍ത്ഥികളുടെയും പ്രതിനിധികള്‍ ഈ സൂക്ഷ്മ പരിശോധനയില്‍ പങ്കെടുത്തിരുന്നു. കേരളത്തിലെ വേട്ടെടുപ്പ് സമാധാനപരവും പ്രശ്നരഹിതവുമായിരുന്നുവെന്നാണ് പിറ്റേന്ന് എല്ലാ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തത്. മാധ്യമങ്ങളോട് അങ്ങനെ പറഞ്ഞത് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ ആയിരുന്നു.
ബൂത്തുകളില്‍നിന്നുള്ള വെബ് കാസ്റ്റിങ് ഇത്തവണത്തെ പ്രധാന സവിശേഷതയായിരുന്നു. പ്രശ്നബാധിത ബൂത്തുകളെന്ന് നേരത്തെ തെരഞ്ഞെടുപ്പ് കമ്മീഷന് നിരീക്ഷിച്ച ബൂത്തുകളിലെ എല്ലാ നടപടികളും ലൈവ് ആയി കാണാന്‍ സാധിക്കുമായിരുന്നു. ജില്ലാകേന്ദ്രത്തില്‍ വീക്ഷിക്കാവുന്നതും പ്രദേശീക ബൂത്തുകളിലെ ഓരോ ചലനങ്ങളും സൂക്ഷ്മമായി, വ്യക്തതയോടെ കാണാന്‍ സാധിക്കുന്നതുമായ സംവിധാനമാണ് വെബ്കാസ്റ്റിങ്. ഇതിനായി വിപുലമായ സംവിധാനമാണ് ഒരുക്കിയത്. വൈദ്യുതി തകരാറോ മറ്റോ കാരണം വെബ് കാസ്റ്റിങ് തടസ്സപ്പെടുമ്പോള്‍ കണ്ട്രോള് റൂമില്‍നിന്ന് ഉടനെ ഫോണില്‍ അന്വേഷണം വന്ന കാര്യം ഉദ്യോഗസ്ഥരും ബൂത്ത് ഏജന്റുമാരും സാക്ഷ്യപ്പെടുത്തുന്നുണ്ട്. റെക്കോഡിങ് സൗകര്യമുള്ള വെബ് കാസ്റ്റിങ് കലക്ടര്‍ ഉള്‍പ്പെടെയുള്ള സീനിയര്‍ ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലായിരുന്നു.
ഇതിന് പുറമെ മാധ്യമപ്രവര്‍ത്തകരെ നേരില്‍ ബൂത്തുകളില്‍ എത്തിക്കുന്നതിന് വാഹനസൗകര്യം പിആര്‍ഡി ഒരുക്കിയിരുന്നു. ദൃശ്യ– പത്രമാധ്യമപ്രവര്‍ത്തകര്‍ക്ക് ആവശ്യമായ പാസുകള്‍ നല്കി സ്വന്തം വാഹനങ്ങളിലും ബൂത്ത് സന്ദര്‍ശനത്തിന് സൗകര്യമൊരുക്കി. പല നേതാക്കളും സാംസ്കാരിക നായകന്മാരും സ്ഥാനാര്‍ത്ഥികളും വോട്ട് ചെയ്യുമ്പോള്‍ അതൊക്കെ ജനങ്ങളിലേക്കെത്തിക്കാന്‍ പല ബൂത്തുകളിലും ഈ സംവിധാനം ഉപയോഗിച്ചുകൊണ്ട് മാധ്യമങ്ങള്‍ എത്തിയിരുന്നു.
തെരഞ്ഞെടുപ്പ് പ്രക്രിയ തീര്‍ത്തും സുതാര്യമായിരുന്നുവെന്നും രാജ്യത്തിന് തന്നെ മാതൃകയായിരുന്നുവെന്നും മാധ്യമങ്ങള്‍ തെരഞ്ഞെടുപ്പിന്റെ പിറ്റേ ദിവസവും തുടര്‍ന്നുള്ള ദിവസങ്ങളിലും ജനങ്ങളെ അറിയിച്ചു. പക്ഷെ, ഏതാനും ദിവസങ്ങള്‍ക്ക് ശേഷം നേരത്തെ പറഞ്ഞതെല്ലാം വിഴുങ്ങി യു ഡി എഫ് നേതാക്കളുമായി നടത്തിയ ഗൂഡാലോചനയുടെ ഭാഗമായി ചില മാധ്യമങ്ങള്‍ കള്ളവോട്ട് എന്ന ആരോപണവുമായി വാര്‍ത്തകള്‍ ഉണ്ടാക്കി ജനങ്ങളിലേക്കെത്തിച്ചു. കള്ളവോട്ട് ആരോപണം ഉയര്‍ന്നിട്ടുള്ള കാസര്‍കോട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി നേരത്തെ മാധ്യമങ്ങളോട് വ്യക്തമാക്കിയത് കള്ളവോട്ട് തടയാനുള്ള ഇലക്ഷന് കമീഷന്റെ ഇടപെടല്‍ ഫലപ്രദമായിരുന്നു എന്നാണ്. എന്നാല്‍, കാസര്‍ഗോട് അടക്കമുള്ള മണ്ഡലങ്ങളില്‍ തോല്‍വി ഉറപ്പിച്ചതോടെ യു ഡി എഫ് കുതന്ത്രങ്ങളുമായി രംഗത്തിറങ്ങി. ചില മാധ്യമ പ്രവര്‍ത്തകരെ വിലക്കെടുത്തു. അവരിലൂടെ തങ്ങളുടെ അജണ്ടകള്‍ നടപ്പിലാക്കി. കള്ളവോട്ട് ആരോപണം ഉയര്‍ന്നിട്ടും കാസര്‍ഗോട് മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥി മണ്ഡലത്തില്‍ റീപോളിംഗ് പാടില്ല എന്ന നിര്‍ബന്ധബുദ്ധിയോടെ നില്‍ക്കുകയാണ് ചെയ്തത്. കള്ളവോട്ട് നടന്നെന്ന് ഉറപ്പുണ്ട് എങ്കില്‍ എന്തുകൊണ്ട് അത്തരമൊരു നിലപാട് യു ഡി എഫ് സ്ഥാനാര്‍ത്ഥി കൈക്കൊളളുന്നു എന്ന ചോദ്യത്തിന് ഉത്തരമായാണ് ഉദുമയില്‍ യു ഡി എഫ് പ്രവര്‍ത്തകര്‍ ബൂത്ത് പിടിച്ചെടുക്കുന്നതടക്കമുള്ള നിരവധി ദൃശ്യങ്ങള്‍ പുറത്തുവന്നത്. യഥാര്‍ത്ഥത്തില്‍ കള്ളവോട്ടിന്റെ ബ്രാന്‍ഡ് അംബാസഡര്‍ യു ഡി എഫ് ആയിരുന്നു.
ബൂത്തുകളില്‍ നിന്നുള്ള വെബ്കാസ്റ്റിങ് വീഡിയോ രഹസ്യരേഖയല്ല. അത് എല്ലാവര്ക്കും പ്രാപ്യമായ ദൃശ്യമാണ്. എന്നാല്‍, കാസര്‍ഗോഡ് മണ്ഡലത്തിലെ പിലാത്തറയിലെ ഒരു ബൂത്തില്‍ നിന്നുള്ള ദൃശ്യങ്ങള്‍ എന്തോ വലിയ കണ്ടുപിടിത്തം നടത്തിയെന്ന അവകാശവാദവുമായാണ മാധ്യമങ്ങള്‍ ഉറഞ്ഞുതുള്ളിയത്. വൈകാതെ ആ ദൃശ്യങ്ങള്‍ യു ഡി എഫ് ക്യാമ്പില്‍ നിന്നും മാധ്യമങ്ങള്‍ക്ക് ലഭിച്ചതാണെന്ന് പറഞ്ഞു. ഓപ്പണ്‍വോട്ട് എന്നറിയപ്പെടുന്ന കംപാനിയന് വോട്ടിനെ, കള്ളവോട്ടെന്ന് ആരോപിച്ചുകൊണ്ട് രണ്ട് സ്ത്രീകളെ വേട്ടയാടുന്ന സമീപനമാണ് ചില മാധ്യമങ്ങള്‍ കൈക്കൊണ്ടത്. കള്ളവോട്ട് ചെയ്തെന്ന് മാധ്യമങ്ങള്‍ സ്ഥാപിക്കാന്‍ ശ്രമിക്കുന്ന സ്ത്രീകള്‍ തങ്ങളെ പൊതുസമൂഹത്തില്‍ അപകീര്‍ത്തിപ്പെടുത്തി എന്ന് പറഞ്ഞുകൊണ്ട് തങ്ങളുടെ ദൃശ്യങ്ങള്‍ ദുരുപയോഗം ചെയ്ത മാധ്യമങ്ങള്‍ക്കും കണ്ണൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവുമായ കെ സുധാകരനുമെതിരെ കേസ് നല്‍കിയിരിക്കുകയാണ്. ഇടതുപക്ഷത്തെ ആക്രമിക്കാന്‍ സാധിക്കുമെങ്കില്‍ തങ്ങള്‍ സ്ത്രീ വിരുദ്ധമായ വാര്‍ത്തകളും സംപ്രേക്ഷണം ചെയ്യുമെന്ന ചില മാധ്യമങ്ങളുടെ നിലപാടിനെതിരായുള്ളതാണ് ഈ നിയമ പോരാട്ടം.
പിലാത്തറയിലെ ഒരു ബൂത്തിലെ കള്ളവോട്ട് ചെയ്യുന്ന ദൃശ്യങ്ങളെന്ന് പറഞ്ഞുകൊണ്ടാണ് ഈ വനിതകളുടെ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ ആവര്‍ത്തിച്ച് കാണിച്ചത്. അത് ജനങ്ങളില്‍ പുകമറ സൃഷ്ടിക്കാനുള്ള ശ്രമമായിരുന്നു. അതില്‍ ഒരു പരിധിവരെ മാധ്യമങ്ങള്‍ വിജയിക്കുകയും ചെയ്തു. ശാരീരിക അവശത, കാഴ്ചക്കുറവ് തുടങ്ങിയ പരിമിതികളുള്ള വോട്ടര്‍മാരെ സഹായിക്കാന്‍ 18 വയസ്സ് പൂര്‍ത്തിയായ ആര്‍ക്കും തെരെഞ്ഞെടുപ്പ് കമീഷന് അനുമതി നല്‍കിയിട്ടുണ്ട്. സത്യവാങ്മൂലം സമര്‍പ്പിച്ച്, വോട്ടറുടെ അവശത ചുമതലപ്പെട്ട തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെ ബോധ്യപ്പെടുത്തി ചെയ്യുന്ന ഈ വോട്ട് തികച്ചും നിയമാനുസൃതമാണ്. അതോടൊപ്പം പോളിങ് ഏജന്റുമാര്‍ ബൂത്തില്‍ പ്രവേശിക്കുന്നതും പുറത്തുപോകുന്നതുമൊക്കെ എടുത്തുകാണിച്ച് ബൂത്തുപിടിത്തമെന്ന് വ്യാഖ്യാനിക്കുന്നതും തികഞ്ഞ അജ്ഞത കൊണ്ടാണ്. ഇടതു കൈയ്യിന്റെ നടുവിരലിലും വലതുകൈയ്യിന്റെ ചൂണ്ടുവിരലിലും കംപാനിയന് വോട്ടിംഗിന് മഷി രേഖപ്പെടുത്താറുണ്ട്. കെ എസ് യുവിന്റെ സംസ്ഥാന ഭാരവാഹി അഭിജിത സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച കംപാനിയന് വോട്ട് ചെയ്തെന്ന് പറഞ്ഞുകൊണ്ടുള്ള ഫോട്ടോയില്‍ ഇടതു നടുവിരലിലാണ് മഷി പതിച്ചിട്ടുള്ളത്. ഇടതു കൈ തന്നെ മഷി പുരട്ടുവാനായി രണ്ട് തവണ നീട്ടുവാനുള്ള സാഹചര്യം അതാണെന്ന് മനസിലാക്കാന്‍ അഭിജിതിന്റെ ഫോട്ടോ ഒരു തെളിവാണ്. വസ്തുതകള്‍ ഇതൊക്കെയാണെന്ന് ബോധ്യമായിട്ടും വാര്‍ത്താ ചാനലുകളുടെ ചുവടുപിടിച്ച് ചില പത്രങ്ങളും ഇതേ ചിത്രങ്ങള്‍ നിരത്തി പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിച്ചു. നിരപരാധികളായ സ്ത്രീകളെ അപമാനിച്ചു.
തങ്ങളുടെ കള്ളവോട്ട് ആരോപണം പൊളിയുമെന്നായപ്പോഴാണ് ചീഫ് ഇലക്ടറല്‍ ഓഫീസറില്‍ സമ്മര്‍ദ്ദം ചെലുത്തി, തങ്ങളുടെ വാര്‍ത്തകള്‍ ശരിയാണെന്ന് വരുത്തി തീര്‍ക്കാനുതകുന്ന പരാമര്‍ശം മാധ്യമങ്ങള്‍ സംഘടിപ്പിച്ചത്. വ്യാജ ആരോപണങ്ങളിലൂടെ ജനാധിപത്യ പ്രക്രിയയെ ദുര്‍ബലപ്പെടുത്തുന്ന മാധ്യമങ്ങള്‍ക്ക് വേണ്ടിയെന്ന പോലെ പ്രഖ്യാപനങ്ങള്‍ നടത്തിയ ചീഫ് ഇലക്ടറല്‍ ഓഫീസറുടെ നടപടി അപലപനീയമാണ്. അദ്ദേഹത്തിനും നിയമങ്ങള്‍ ബാധകമാണ്. കേരളത്തില്‍ തെരെഞ്ഞെടുപ്പ് പ്രക്രിയ അവസാനിച്ചതിന് ശേഷം ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ തെരഞ്ഞെടുപ്പ് നല്ല രീതിയില്‍ സംഘടിപ്പിച്ചു എന്നാണ് പറഞ്ഞത്. തുടര്‍ന്നാണ് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനില്‍ പോള്‍ ചെയ്തതില്‍ കൂടുതല്‍ വോട്ട് രേഖപ്പെടുത്തിയതായി കണ്ടെത്തിയതിനെ തുടര്‍ന്ന് എറണാകുളം മണ്ഡലത്തിലെ കളമശ്ശേരിയിലെ ഒരു ബൂത്തില്‍ റീ പോളിംഗ് പ്രഖ്യാപിച്ചത്. കേരളത്തില്‍ മറ്റെവിടെയും വോട്ടെടുപ്പ് കഴിഞ്ഞതിനു ശേഷം എന്തെങ്കിലും ക്രമക്കേടോ, ഗുരുതരമായ കുഴപ്പങ്ങളോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലായിരുന്നു. അങ്ങനെയെങ്കില്‍ അവിടെയും കളമശ്ശേരിക്കൊപ്പം റീ പോളിംഗ് പ്രഖ്യാപിക്കണമായിരുന്നു.
മെയ് 23ന് വോട്ടെടുപ്പ് പൂര്‍ത്തിയായതിന് ശേഷം ഏതെങ്കിലും രാഷ്ട്രീയ കക്ഷികളോ സ്ഥാനാര്‍ഥികളോ എവിടെയെങ്കിലും റീ പോളിംഗ് ആവശ്യപ്പെടുകയോ മറ്റു കാര്യമായ പരാതികള്‍ നല്‍കുകയോ ചെയ്തിട്ടില്ല. ഇതില്‍ നിന്നും വോട്ടെടുപ്പ് പൊതുവെ നല്ല രീതിയില്‍ നടന്നു എന്ന് മനസിലാക്കാനാവും. തെരെഞ്ഞെടുപ്പ് പ്രക്രിയ ഔദ്യോഗികമായി അവസാനിച്ചതിന് ശേഷവും ചീഫ് ഇലക്ടറല്‍ ഓഫീസര്‍ അധികാര പ്രകടനങ്ങള്‍ നടത്തിയത് നിയമത്തെ വെല്ലുവിളിക്കുന്ന രീതിയിലാണ്. കള്ളവോട്ട് ചെയ്തതായി മാധ്യമങ്ങളും കോണ്‍ഗ്രസും ആരോപിക്കുന്ന പഞ്ചായത്ത് അംഗത്തെ അയോഗ്യയാക്കും എന്നാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ വാര്‍ത്താ സമ്മേളത്തില്‍ പറഞ്ഞത്. എന്നാല്‍, അദ്ദേഹത്തിന് നിയമപരമായി അതിനുള്ള അധികാരം ഇല്ല. സ്റ്റേറ്റ് ഇലക്ഷന് കമീഷനില്‍ മാത്രമാണ് ആ അധികാരം നിക്ഷിപ്തമായുള്ളത്. അതും കുറ്റം ചെയ്തതായി തെളിഞ്ഞാല്‍ മാത്രം. ഇവിടെ വ്യാജമായ ആരോപണമുയര്‍ത്തിയാണ് തദ്ദേശ ജനപ്രതിനിധിയെ അയോഗ്യയാക്കുമെന്ന് ഭീഷണിപ്പെടുത്തിയത്. അതിലൂടെ ചില മാധ്യമങ്ങള്‍ക്ക് വിവാദം കൊഴുപ്പിക്കാന്‍ രംഗമൊരുക്കി നല്‍കിയത്.
പിലാത്തറയിലെ കള്ളവോട്ട് ആരോപണം ഉയര്‍ന്ന പോളിംഗ് ബൂത്തില്‍ യു ഡി എഫിന് ബൂത്ത് ഏജന്റുമാര്‍ ഉണ്ടായിരുന്നു. അവിടെ എന്തെങ്കിലും ക്രമക്കേട് കണ്ടിരുന്നുവെങ്കില്‍ അവര്‍ക്ക് അപ്പോള്‍ തന്നെ അത് ഉന്നയിക്കാമായിരുന്നു. പരാതി ബോധിപ്പിക്കാമായിരുന്നു. പ്രിസൈഡിംഗ് ഓഫീസര്‍ മുതല്‍ മുകളിലോട്ടുള്ള ഉദ്യോഗസ്ഥര്‍, സ്വന്തം സ്ഥാനാര്‍ത്ഥി, യു ഡി എഫ് നേതാക്കള്‍, മാധ്യമങ്ങള്‍ എന്നിവരെ അറിയിച്ച്, വേണ്ടി വന്നാല്‍ വോട്ടെടുപ്പ് നിര്‍ത്തിവെക്കാന്‍ വരെ ആവശ്യപ്പെടാമായിരുന്നു. യു ഡി എഫ് പറയുന്നത് പോലെ പതിനൊന്ന് മണിക്ക് ശേഷം ബൂത്തില്‍ ഏജന്റുമാര്‍ ഇരിക്കാതെ പോയെങ്കില്‍ വോട്ടെടുപ്പ് കഴിഞ്ഞ ശേഷം ബൂത്തില്‍ ക്രമക്കേട് ഉണ്ടായതായി അധികാരികളുടെ മുന്നില്‍ ഉന്നയിക്കുന്നതിന് തടസമൊന്നും ഉണ്ടായിരുന്നില്ല. തെരഞ്ഞെടുപ്പ് കഴിഞ്ഞ് അഞ്ച് ദിവസം കഴിഞ്ഞ ശേഷം യു ഡി എഫ് തോല്‍ക്കുമെന്ന് ഉറപ്പായ സന്ദര്‍ഭത്തില്‍ ആരോപണവുമായി രംഗത്തുവരുന്നത് ദുരുപദിഷ്ടമാണ്.
എല്ലാ ബൂത്തിലും തെരെഞ്ഞെടുപ്പ് കമ്മീഷന്റെ മൈക്രോ ഒബ്സര്‍വര്‍മാര്‍ ഉണ്ടായിരുന്നു. അതിനു മുകളില്‍ ഇലക്ടറല്‍ ഓഫിസേഴ്സ്, അതിനു മുകളില്‍ ജനറല്‍ ഒബ്സര്‍വര്‍ എന്നിവരും ഉണ്ടായിരുന്നു. ഇവരോട് ആരോടും വോട്ടെടുപ്പ് സമയത്തോ, അതിന് ശേഷമോ, തൊട്ടടുത്ത ദിവസമോ ആരും പരാതി ഉന്നയിച്ചിട്ടില്ല. ഇതില്‍ നിന്നും മനസിലാക്കാനാവുന്നത് പിന്നീട് നടന്ന യു ഡി എഫ് - മാധ്യമ ഗൂഡാലോചനയിലൂടെയാണ് കള്ളവോട്ട് ആരോപണം ഉണ്ടായത് എന്നതാണ്.
കള്ളവോട്ടിനെതിരായാണ് മാധ്യമങ്ങളുടെ നിലപാട് എങ്കില്‍ ആര് കള്ളവോട്ട് ചെയ്താലും അവര്‍ അതിനെതിരായി പ്രതികരിക്കണം. നിലപാട് കൈക്കൊള്ളണം. എന്നാല്‍, പിലാത്തറയില്‍ കള്ളവോട്ടെന്ന് പറഞ്ഞ് ഉറഞ്ഞുതുള്ളിയ മാധ്യമങ്ങള്‍ യു ഡി എഫിന്റെ ശക്തികേന്ദ്രങ്ങളില്‍ നടത്തിയ കള്ളവോട്ടിന്റെയും ബൂത്ത് പിടിച്ചെടുക്കലിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടും വാര്‍ത്തയാക്കിയില്ല.
കണ്ണൂര്‍, കാസര്‍ഗോഡ് മണ്ഡലങ്ങളില്‍ യു ഡി എഫ് പ്രവര്‍ത്തകര്‍ കള്ളവോട്ട് വ്യാപകമായി ചെയ്തത് അവര്ഡക്ക് ലഭിച്ച ക്ലാസിന്റെ അടിസ്ഥാനത്തിലാണ്. യു ഡി എഫിന്റെ മണ്ഡലം കമ്മറ്റി യോഗങ്ങളിലും പഞ്ചായത്ത് കണ്‍വെന്‍ഷനുകളിലും ചില കുടുംബയോഗങ്ങളിലും പങ്കെടുത്ത് എ ഐ സി സി അംഗവും കെ പി സി സി എക്സിക്യുട്ടീവ് അംഗവും മുന്‍ മന്ത്രിയും കണ്ണൂരിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥിയുമായ കെ സുധാകരന് കള്ളവോട്ട് ചെയ്യാന്‍ ക്ലാസെടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സോഷ്യല്‍മീഡിയയില്‍ അത് വ്യാപകമായി പ്രചരിച്ചിരുന്നു. സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി വാര്‍ത്താ സമ്മേളനത്തില്‍ സുധാകരന്റെ കള്ളവോട്ട് ക്ലാസിന്റെ വീഡിയോ പ്രദര്‍ശിപ്പിച്ചു. എന്നിട്ടും മിക്ക ദൃശ്യ മാധ്യമങ്ങളും അത് കാണിക്കാതെ തങ്ങളുടെ രാഷ്ട്രീയം തുറന്നുകാട്ടി.
നിഷ്പക്ഷ വേഷമിട്ട മാധ്യമങ്ങള്‍ക്ക് കൃത്യമായ രാഷ്ട്രീയമുണ്ടെന്നും അവര്‍ തങ്ങളുടെ രാഷ്ട്രീയ താല്‍പ്പര്യമനുസരിച്ച് തയ്യാറാക്കിയ വിവാദമായിരുന്നു കള്ളവോട്ട് ആരോപണമെന്നും കേരളം മനസിലാക്കിയിരിക്കുന്നു. വയനാട്ടില്‍ എ ഐ സി സി പ്രസിഡന്റ് രാഹുല്‍ഗാന്ധി നേരിട്ട് വന്ന് മത്സരിച്ചിട്ടും സംസ്ഥാനത്ത് ഒരു തരംഗവുമുണ്ടായില്ല എന്നതും ശബരിമല വിഷയം തെരഞ്ഞെടുപ്പ് ക്യാമ്പയിനായി ഉപയോഗിച്ചിട്ടും നേട്ടമുണ്ടായില്ല എന്നതും യു ഡി എഫിനെ തെല്ലൊന്നുമല്ല അലട്ടുന്നത്. പതിനേഴാമത് ലോകസഭാ തെരഞ്ഞെടുപ്പില്‍ നിലംപരിശാവുമ്പോള് അതിന് കാരണം കാരണം കള്ളവോട്ടാണെന്ന് വരുത്തി തീര്‍ക്കാനുള്ള യു ഡി എഫ് - മാധ്യമ അജണ്ടയും ചീറ്റിപ്പോയിരിക്കുന്നു. പുതിയ തന്ത്രങ്ങളുമായി മാധ്യമങ്ങളെ വിലക്കെടുത്ത് വലതുപക്ഷം പൊതുസമൂഹത്തിലേക്കിറങ്ങുമ്പോള്‍ പ്രബുദ്ധകേരളം ശക്തമായ ചെറുത്തുനില്‍പ്പ് സംഘടിപ്പിക്കുമെന്നതില്‍ സംശയം വേണ്ട.
02-May-2019
പ്രീജിത്ത് രാജ്
ആനാവൂര്‍ നാഗപ്പന്
എം വി ഗോവിന്ദന്‍മാസ്റ്റര്‍
വിനീത മോഹൻ
ആർ.കെ. ബേബി