ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്ത ഒരു കൂട്ടം ഓര്‍മ്മകളുടെ അടിയൊഴുക്കിലേയ്ക്കെന്നെ
ബിജിൽ
ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്ത ഒരു കൂട്ടം ഓര്‍മ്മകളുടെ അടിയൊഴുക്കിലേയ്ക്കെന്നെ നിര്‍ദ്ദയം തള്ളിയിട്ട്, പത്രത്തിലെ നാലുകോളം വാര്‍ത്തയുടെ ഇന്സെറ്റിലിരുന്നവളങ്ങനെ മനോഹരമായി ചിരിച്ചു. അഭിരാമിയെ സംബന്ധിച്ചിടത്തോളം എണ്ണിയാലൊടുങ്ങാത്ത എട്ടുകാലികളുള്ള ആ മുറിയിലേക്ക് ഏതുസമയവും കടന്നുവന്നേക്കാവുന്ന അതിഥിമാത്രമായിരുന്നു മരണം. പുറത്തിവിടെ, അവളുടെ ഭാഷയില്‍ പറയുകയാണെങ്കില്‍ കാഴ്ചബംഗ്ലാവില്‍, മജ്ജയും മാംസവും, രക്തവും തിരിച്ചറിയാനാവാത്ത ഏതോ രസതന്ത്രകൂട്ടുകളില് അലിഞ്ഞുചേര്‍ന്ന് അവളില്ലാതെയായത്, എന്നെയോ എന്റെ കൈയില്‍ ഈ പത്രം സമര്‍പ്പിച്ച്, ചെവി തുളയ്ക്കുമാറ് ചീത്തപറഞ്ഞുപോയ അടിയോടി സാറിനെയോ, ആവശ്യത്തിലധികം സാക്ഷരതയുള്ള കേരളത്തിലെ ജനലക്ഷങ്ങളെയോ ഞെട്ടിക്കാന്‍ തക്കവണ്ണം പ്രാധാന്യമുള്ളതായിരുന്നില്ല. പക്ഷെ വാര്‍ത്ത കൃത്യസമയത്ത് മരണമാണെങ്കില്‍ കാലന് വരുന്നതും പോകുന്നതുമുള്‍പ്പെടെ, ഷൂട്ട് ചെയ്യാന്‍ കഴിയാതിരിക്കുക എന്നതില്പരം ഒരു അപമാനം, ഒരു 24ഃ7 വാര്‍ത്താചാനലിനെ സംബന്ധിച്ചിടത്തോളം വേറെയില്ലെന്നിരിക്കെ ഈ ചീത്ത വിളികളെല്ലാം തലകുലുക്കി കേള്‍ക്കാന്‍ ഞാനുള്‍പ്പെടുന്ന വാര്‍ത്താതൊഴിലാളികള്‍ തീര്‍ച്ചയായും ബാധ്യസ്ഥരാണ്.
കേരളവാര്‍ത്തയില്‍ ജേര്‍ണലിസ്റ്റ് ട്രെയിനിയായിരുന്ന കാലത്താണ് അവളെ ആദ്യമായി ഞാന്‍ കാണുന്നത്. ഏതാണ്ട് ഒന്നര വര്‍ഷങ്ങള്‍ക്കു മുമ്പ് അവിടെ നിന്നിങ്ങോട്ട് എനിയ്ക്കുണ്ടായ പ്രധാന മാറ്റം, ആവശ്യാനുസരണം വാര്‍ത്തകള്‍ 'ഉണ്ടാക്കിയെടുക്കുന്ന' കല്ലുവെച്ച നുണകളുടെ രൂക്ഷഗന്ധമുള്ള ആ നാലാംക്ലാസ് പത്രത്തിന്റെ ചുറ്റുമതിലു ചാടി രക്ഷപ്പെടാനായി എന്നതുമാത്രമാണ്. അതിനര്‍ത്ഥം ന്യൂസ്ചാനലിലെത്തിയതോടെ ഞാനങ്ങ് സുഖിയ്ക്കാന്‍ തുടങ്ങിയെന്നല്ല.... പഠിയ്ക്കുന്ന സമയത്ത് മാധ്യമപ്രവര്‍ത്തനം എന്നുപറഞ്ഞാല്‍ ഇത്ര കഷ്ടപ്പാടുള്ളതായിരിക്കുമെന്ന്, സത്യം പറയട്ടെ, ഞാന്‍ വിചാരിച്ചതല്ല. പുറമെ കാണുന്ന ഈ ഗ്ലാമറൊക്കെത്തന്നെയുള്ളൂ. പലരും, യാഥാര്‍ത്ഥ്യങ്ങള്‍ക്ക് പൊതുജനങ്ങളോട് സംവദിയ്ക്കാനുള്ള വേദിയായിട്ടാണ് ന്യൂസ് ചാനലുകളെ ധരിച്ചുവെച്ചിരിക്കുന്നത്. കാര്യമെന്താണെന്നു വച്ചാല്‍, ഇവിടെ യാഥാര്ത്ഥ്യങ്ങളില്ല. സത്യങ്ങള്‍ മാത്രമേയുള്ളൂ. എല്ലാ ചാനലുകാരും ഓരോരോ സത്യങ്ങള്‍ പറയുന്നു. ആരു നന്നായി പറയുന്നുവോ അതാണ് ശരിയായ സത്യം. ഒരു വിധത്തില്‍ പറഞ്ഞാല്‍ ദി അള്‍ട്ടിമേറ്റ് ട്രൂത്ത് ഈസ് നത്തിങ്ങ് ബട്ട് ദി മോസ്റ്റ് പോപ്പുലര്‍ ട്രൂത്ത്!. ഞങ്ങളാണെങ്കില് മരിക്കാന്‍ കിടക്കുന്നവനോട് പോലും 'താങ്കള്‍ക്കെന്താണ് സംഭവിച്ചുകൊണ്ടിരിയ്ക്കുന്നത്' എന്നു ചോദിയ്ക്കാന്‍ വിധിയ്ക്കപ്പെട്ട ജീവനുള്ള ട്രാന്സ്മിഷന് ആന്റിനകള്‍ മാത്രം!. ഇതൊക്കെയാണെങ്കില്‍ പോലും, മഞ്ഞക്കടലാസുകള്ക്കിടയിലുള്ള ആ മൂന്നാംകിട ജീവിതത്തെ അപേക്ഷിച്ച് ഇതെത്രയോ ഭേദമാണ്. ഒന്നുമില്ലെങ്കിലും ഞാനിവിടം ചെറുതായെങ്കിലും ആസ്വദിക്കാന്‍ തുടങ്ങിയിരിക്കുന്നു.
പത്രത്തില്‍ ജോലിചെയ്തിരുന്ന സമയത്ത്, അന്നത്തെ ധനമന്ത്രി പി.സി ഫിലിപ്പോസിന്റെ മകനെ കുറിച്ച് അവള് നടത്തിയ ആരോപണങ്ങളെല്ലാം തന്നെ ശുദ്ധ അസംബന്ധങ്ങളാണെന്ന് 'കണ്ടുപിടിക്കാനാണ്' ആ എസ്ക്ലൂസീവ് അഭിമുഖത്തിന് അന്നു ഞാന്‍ നിയമിക്കപ്പെടുന്നത്. ഒരു ട്രെയിനിയെ എന്തുകൊണ്ട് ഇത്രയും പ്രധാനപ്പെട്ട ഒരു ദൗത്യത്തിന് നിയമിച്ചു എന്ന് ഞാനുള്‍പ്പെടെ എല്ലാവരും ചിന്തിച്ചതാണ്. എന്തോ, എന്റെ കഴിവില്‍ ചീഫിനുണ്ടായിരുന്ന അതിരുകടന്ന ആത്മവിശ്വാസമായിരിക്കണം അദ്ദേഹത്തെകകൊണ്ട് അങ്ങനെ ചിന്തിപ്പിച്ചത്. പോരാത്തതിന് മനുഷ്യത്വമെന്നത് മധ്യവര്‍ഗ്ഗത്തിന്റെ വിലകുറഞ്ഞ സെന്റിമെന്റ്സ് സ്റ്റണ്ടുകളാണെന്നാണ് ഞാന്‍ വിശ്വസിച്ചുപോന്നത്. കുറ്റം പറയാനാവില്ല അന്നോളം ഞാന്‍ കരഞ്ഞത് കിട്ടിയ തല്ലുകള്‍ക്കും കിട്ടാതെ പോയ പ്രണയങ്ങള്‍ക്കും കളിപ്പാട്ടങ്ങള്‍ക്കും വേണ്ടിമാത്രമായിരുന്നു.
ആ ഇന്റര്‍വ്യൂവിനു പിന്നില്‍ രസകരമായ ഒരു ചരിത്രമുണ്ട്. പത്രത്തിന്റെ മേധാവി ഒരൂ മിസ്റ്റര്‍ തോട്ടത്തില്‍ ദിവാകരന് തമ്പിയായിരുന്നു. പത്രത്തിന്റെ ഭൂരിഭാഗം ഷെയറുകളും കൈയ്യിലുണ്ട് എന്നതില്‍ കവിഞ്ഞ് മലയാളത്തില്‍ അക്ഷരമാല തന്നെ അനാവശ്യമാണെന്ന് വിശ്വസിച്ചിരുന്ന, തലനിറച്ചും ബുദ്ധിശൂന്യതയുള്ള ഒരു രാഷ്ട്രീയക്കാരന്. എല്ലാവിധത്തിലും അതൊരു പാര്ട്ടിപത്രമായിരുന്നു. പക്ഷെ ഏതുപാര്ട്ടിയുടെയെന്നത്, തമ്പിസാറിന്റെ ആദര്‍ശങ്ങള്‍ ആ കാലാവസ്ഥയില്‍ ഏതുപക്ഷത്തോടാണ് കൂടൂതല്‍ ചേര്‍ന്നു നില്‍ക്കുന്നത് എന്നതനുസരിച്ച് മാറിക്കൊണ്ടിരുന്നു. ആനുകാലികങ്ങളില്‍ ഉള്‍പ്പെടെ പത്രത്തിന്റെ എല്ലാ പ്രസിദ്ധീകരണങ്ങളിലും അയാള്‍ പറയുന്നതുമാത്രം അച്ചടിയ്ക്കുക എന്നതാണ് സത്യസന്ധമായ പത്രധര്‍മ്മം എന്നാണ് ട്രെയിനികള്‍ ഉള്‍പ്പെടെ എല്ലാവരെയും അവര്‍കള്‍ പഠിപ്പിച്ചുവെച്ചിരുന്നത്. അദ്ദേഹം പ്രതിപക്ഷത്തായിരിക്കുന്ന സമയത്താണ് ധനമന്ത്രിയുടെ മകന് ഉള്‍പ്പെടുന്ന ആ പീഡനക്കേസ് രജിസ്റ്റര്‍ചെയ്യപ്പെടുന്നത്. കേസ് ജനശ്രദ്ധയില്‍ കൊണ്ടുവന്നത് ഞങ്ങളുടെ പത്രമായിരുന്നു. ഞങ്ങള്‍ അതിനെക്കുറിച്ച് എക്സ്ക്ലൂസീവുകളെഴുതി, അബലയായ സ്ത്രീജനങ്ങള്‍ ആക്രമിക്കപ്പെടുന്നതിനെ കുറിച്ച് മുന്‍പൊരിക്കലും ഇല്ലാത്ത വിധം സാമൂഹ്യപ്രതിബദ്ധത നിറഞ്ഞുതുളുമ്പുന്ന തുടര്ലേഖനങ്ങളെഴുതി. ഇതെല്ലാം ഗംഭീരമായി നടക്കുന്ന സമയത്താണ് പാര്‍ട്ടിയുടെ കാപട്യങ്ങളില്‍ 'മനംനൊന്ത്' തന്നില്‍നിന്നും 'പാര്‍ട്ടിയെ പുറത്താക്കുകയാണെന്ന്' പ്രഖ്യാപിച്ചുകൊണ്ട് തമ്പി അവര്‍കള്‍ ഭരണകക്ഷിയിലേക്ക് കൂറുമാറുന്നത്. തുടര്‍ന്ന് കുന്നത്തൂര്‍ പീഡനക്കേസ് കെട്ടിച്ചമയ്ക്കപ്പെട്ടതാണെന്ന് 'കണ്ടെത്തണമെന്ന്' മുഖ്യമന്ത്രി അദ്ദേഹത്തോട് നേരിട്ട് ആവശ്യപ്പെടുകയുണ്ടായത്രെ. ആ കര്‍ത്തവ്യമാണ്, അന്ന് ട്രെയിനിയെന്ന നിലയില്‍ തീര്‍ത്തും നിസ്സഹായനായ എന്നില്‍ നിക്ഷേപിക്കപ്പെട്ടത്.
ഇന്നു വൈകീട്ടാണ് അവളുടെ ആത്മഹത്യാവാര്‍ത്ത ഒരു സായാഹ്ന പത്രം വഴി ഞങ്ങളറിയുന്നത്. ഇത്രയേറെ കവറേജുള്ള ചാനലായിരുന്നിട്ടും ഈ വാര്‍ത്ത മിസ്സായതെങ്ങനെയെന്നു ചോദിച്ച് എഡിറ്റര്‍ അവിടെ ഭരണിപ്പാട്ടുകച്ചേരി നടത്തുന്നതിനിടയ്ക്കാണ് ഞാന്‍ അവിടേയ്ക്ക് കയറിച്ചെല്ലുന്നത്. അദ്ദേഹം എന്നെയൊന്നു നോക്കി, പിന്നെ എന്റെ സീനിയര്‍ ബഹു. മി. ആനന്ദ് അടിയോടി സാറിനോട് എന്തോ പറഞ്ഞുകൊണ്ട് അദ്ദേഹം ക്യാബിനുള്ളിലേക്ക് കയറിപ്പോയി. അടിയോടി സാര്‍ എന്റെ അടുത്തേയ്ക്ക് വരുന്ന മുറയ്ക്ക് എന്റെ ഹൃദയമിടിപ്പ് ജ്യോമെട്രിക് പ്രൊഗ്രെഷനിലങ്ങനെ ഇരട്ടിച്ചുകൊണ്ടിരുന്നു. അദ്ദേഹം അടുത്തെത്തി മെല്ലെ പത്രം എന്റെ ഇടത്തേ കൈയ്യിലേയ്ക്കിട്ടുതന്നു.
'സതീശാ.. ഇപ്പൊതന്നെ പുറപ്പെടണം.. അന്‍വറിനേയും വിളിച്ചോ..'
30-Nov--0001
ന്യൂസ് മുന്‍ലക്കങ്ങളില്‍
More