രജത ജൂബിലി നിറവിൽ കിഫ്ബി

രജത ജൂബിലി നിറവിലെത്തിയ കേരളാ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡിന്റെ (കിഫ്ബി) ആഘോഷ പരിപാടികൾ നവംബർ 4 വൈകിട്ട് 6 ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കിഫ്ബിയുടെ നേട്ടങ്ങൾ വിശദീകരിക്കുന്ന സുവനീറും ഇംഗ്ലീഷ്-മലയാളം കോഫി ടേബിൾ ബുക്കും മുഖ്യമന്ത്രി പ്രകാശനം ചെയ്യും. മികച്ച പ്രവർത്തനം കാഴ്ചവച്ച പദ്ധതി നിർവഹണ ഏജൻസികൾ, കരാറുകാർ, മത്സര വിജയികൾ തുടങ്ങിയവർക്കുള്ള പുരസ്‌കാരങ്ങളും മുഖ്യമന്ത്രി വിതരണം ചെയ്യും.


ധനകാര്യ മന്ത്രി കെ. എൻ. ബാലഗോപാൽ അദ്ധ്യക്ഷനാകുന്ന ചടങ്ങിൽ വിവിധ മന്ത്രിമാർ, പ്രതിപക്ഷ നേതാവ്, എം.പിമാർ, എം.എൽ.എമാർ, ചീഫ് സെക്രട്ടറി, അഡീഷണൽ ചീഫ് സെക്രട്ടറി (ഫിനാൻസ്), പ്ലാനിംഗ് ബോർഡ് വൈസ് ചെയർമാൻ, മേയർ ആര്യാ രാജേന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി സുരേഷ് കുമാർ തുടങ്ങിയവർ സംബന്ധിക്കും.

കിഫ്ബി അഡീഷണൽ സി.ഇ.ഒ. മിനി ആന്റണി സ്വാഗതം ആശംസിക്കും. സി.ഇ.ഒ. ഡോ. കെ.എം. എബ്രഹാം ‘നവകേരള ദർശനവും കിഫ്ബിയും’ എന്ന വിഷയം അവതരിപ്പിക്കും. കിഫ്ബി എക്സിക്യുട്ടീവ് ഡയറക്ടർ കെ.പി പുരുഷോത്തമൻ നന്ദി പറയും. ഉച്ചയ്ക്ക് 2 മുതൽ 4 വരെ കനകക്കുന്ന് കൊട്ടാരത്തിൽ സെമിനാർ സെഷൻ ഉണ്ടായിരിക്കും. ഉദ്ഘാടനത്തെ തുടർന്ന് 7.30 മുതൽ റിമി ടോമി നയിക്കുന്ന സംഗീത നിശ അരങ്ങേറും.

സുപ്രധാനമായ അടിസ്ഥാന സൗകര്യ വികസനങ്ങൾക്കായി ധനസമാഹരണം നടത്തുന്നതിന് സംസ്ഥാന ധനകാര്യ വകുപ്പിന് കീഴിൽ സ്ഥാപിതമായ കേന്ദ്രീകൃത ഏജൻസിയാണ് കിഫ്ബി. 1999-ലെ കേരള അടിസ്ഥാന സൗകര്യ നിക്ഷേപ നിധി നിയമ പ്രകാരം 1999 നവംബർ 11-നാണ് കിഫ്ബി നിലവിൽ വന്നത്. അടിസ്ഥാന സൗകര്യ വികസന മേഖലയിൽ കാലങ്ങളായി നിലനിന്നിരുന്ന വിടവ് നികത്തുക, സാമ്പത്തിക മേഖലയിൽ നിലനിന്നിരുന്ന മാന്ദ്യത്തെ ഫലപ്രദമായി പ്രതിരോധിക്കുക, സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കുക എന്നീ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനായി 2016 ലെ നിയമ ഭേദഗതിയിലൂടെ കിഫ്ബിയെ കൂടുതൽ ശാക്തീകരിച്ചു.

സംസ്ഥാനത്തിന്റെ പ്രധാന അടിസ്ഥാന സൗകര്യ വികസന മേഖലകളായ പൊതുമരാമത്ത്, ആരോഗ്യം, വിദ്യാഭ്യാസം, സാങ്കേതിക വിദ്യ, വ്യവസായം, ഗതാഗതം തുടങ്ങി ഏതാണ്ട് എല്ലാ മേഖലകളിലും കൈയ്യൊപ്പു ചാർത്തുവാൻ കിഫ്ബിക്ക് കഴിഞ്ഞിട്ടുണ്ടെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു.

03-Nov-2025