കരുണാനിധി, മതനിരപേക്ഷ ജനാധിപത്യ പ്രസ്ഥാനങ്ങള്‍ക്ക് കരുത്തേകി : കോടിയേരി
അഡ്മിൻ
തിരുവനന്തപുരം : ഡിഎംകെ പ്രസിഡന്റും തമിഴ്‌നാട് മുൻ മുഖ്യമന്ത്രിയുമായിരുന്ന എം കരുണാനിധിയുടെ വിയോഗത്തില്‍ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അഗാധമായ അനുശോചനം രേഖപ്പെടുത്തി. മതനിരപേക്ഷ ജനാധിപത്യ പ്രസ്ഥാനങ്ങള്‍ക്ക് കരുത്തായി നിന്ന നേതാവായിരുന്നു കരുണാനിധിയെന്നും ജനാധിപത്യത്തിനും മതനിരപേക്ഷതയ്ക്കും നേരെ ഭീഷണികള്‍ ഉയര്‍ന്ന വേളകളില്‍ അദ്ദേഹം ഉറച്ച നിലപാടുകളിലൂടെ മികച്ച സന്ദേശങ്ങള്‍ രാജ്യത്തിന് നല്‍കിയെന്നും കോടിയേരി തന്‍റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ സ്മരിച്ചു.
കോടിയേരിയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം :
ഡിഎംകെ പ്രസിഡന്റും തമിഴ്‌നാട് മുൻ മുഖ്യമന്ത്രിയുമായിരുന്ന എം കരുണാനിധിയുടെ വിയോഗത്തില്‍ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു.
മതനിരപേക്ഷ ജനാധിപത്യ പ്രസ്ഥാനങ്ങള്‍ക്ക് കരുത്തായി നിന്ന നേതാവായിരുന്നു കരുണാനിധി. ജനാധിപത്യത്തിനും മതനിരപേക്ഷതയ്ക്കും നേരെ ഭീഷണികള്‍ ഉയര്‍ന്ന വേളകളില്‍ അദ്ദേഹം ഉറച്ച നിലപാടുകളിലൂടെ മികച്ച സന്ദേശങ്ങള്‍ രാജ്യത്തിന് നല്‍കി.
തമിഴ്നാട് രാഷ്ട്രീയത്തില്‍, കോണ്‍ഗ്രസിന്‍റെ വലതുപക്ഷ നിലപാടുകള്‍ക്കും ബി ജെ പി സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ വര്‍ഗീയ അജണ്ടകള്‍ക്കും വേരോട്ടമില്ലാതെ പോയത് കരുണാനിധിയുടെ നേതൃത്വത്തിലുള്ള പുരോഗമന ധാരയുടെ ശക്തമായ സാന്നിധ്യം കൊണ്ടാണ്.
രാഷ്‌ട്രീയത്തിന് പുറമെ സിനിമാ മേഖലയിലും സാഹിത്യ മേഖലയിലും നിറ സാന്നിധ്യമായിരുന്നു കരുണാനിധി. മികച്ച കലാകാരന്‍ എന്ന അര്‍ത്ഥത്തില്‍ തമിഴകം അദ്ദേഹത്തെ കലൈഞ്ജര്‍ എന്ന് വിശേഷിപ്പിച്ചു.
ഇടതുപക്ഷ പ്രസ്ഥാനവുമായി ഉറ്റസൗഹൃദം പുലര്‍ത്തിയ കരുണാനിധി, കേരളവുമായി എല്ലാ കാലത്തും സ്നേഹബന്ധം കാത്തുസൂക്ഷിച്ചു. മനുഷ്യസ്നേഹിയായ ദേശീയനേതാവാണ് അദ്ദേഹത്തിന്‍റെ വിയോഗത്തിലൂടെ ഇല്ലാതാവുന്നത്. രാഷ്ട്രീയവും ജീവിതവും സിനിമയും കെട്ടുപിണഞ്ഞുകിടന്ന തമിഴകത്തിന്‍റെ ഒരു യുഗം കൂടി അവസാനിക്കുകയാണ്.
ആദരാഞ്ജലികള്‍.
07-Aug-2018
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ