കാലാവസ്ഥാനുസൃത കാർഷിക നവീകരണം ലക്ഷ്യം; കേര പദ്ധതിയ്ക്ക് തുടക്കമായി

കേരളത്തിന്റെ കാർഷിക മേഖലയിൽ പുതിയ ദിശ ബോധം നൽകുന്ന പദ്ധതിയാണ് കേര( കേരള കാലാവസ്ഥ അതിജീവന കാർഷിക മൂല്യ വർദ്ധക വിപണന ശൃംഖല നവീകരണ പദ്ധതി)യെന്ന് കൃഷിമന്ത്രി പി പ്രസാദ്. കാർഷിക രംഗത്ത് കാലാവസ്ഥാനുസൃതമായ കൃഷി രീതികൾ പ്രോത്സാഹിപ്പിക്കുന്നതിനും അനുബന്ധ കാർഷിക മേഖല നവീകരണത്തിനും വേണ്ടി ലോക ബാങ്കിന്റെ സഹകരണത്തോടെ കൃഷി വകുപ്പ് നടപ്പിലാക്കുന്ന 2595 കോടി രൂപയുടെ ബൃഹത് പദ്ധതിയായ കേര പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ചേർത്തല വി ടി എ എം ആഡിറ്റോറിയത്തിൽനിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

കൃഷി പൂർണ്ണമായും കാലാവസ്ഥയെ ആശ്രയിച്ചാണ് നിലനിൽക്കുന്നത്. കേരളത്തിൽ കാലാവസ്ഥ വ്യതിയാനം മൂലം കർഷകർക്ക് ഉണ്ടാകുന്ന പ്രശ്നങ്ങൾ ചെറുതല്ല. കാലാവസ്ഥ മാറ്റത്തിന്റെ ഏറ്റവും കൂടുതൽ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നതും കർഷകരാണെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ 40 വർഷക്കാലയളവിനുള്ളിൽ കൃഷി വകുപ്പ് നടപ്പിലാക്കുന്ന ഏറ്റവും വലിയ പദ്ധതിയാണ് കേര. കാലാവസ്ഥയെ മനസ്സിലാക്കുന്ന കർഷകനാണ് വിജയം കൈവരിക്കുന്നത്. കാലാവസ്ഥ മാറിയാലും കർഷകന്റെ ആത്മവിശ്വാസം മാറരുത്. പ്രകൃതിയെയും കാലാവസ്ഥയെയും മനസ്സിലാക്കിയുള്ള കൃഷിയാണ് കേരയിലൂടെ നടപ്പിലാക്കുന്നത്. കേരളത്തിന് അഞ്ച് അഗ്രോ പാർക്കുകൾ കേരയുടെ ഭാഗമായി ഉണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

തരിശുഭൂമികൾ കൃഷിയോഗ്യമാക്കുന്നതിനുള്ള നവോധൻ പദ്ധതിക്കും തുടക്കം കുറിച്ചു. കർഷകർക്ക് പിന്തുണയും പിൻബലവും ആയി നിൽക്കുന്ന പദ്ധതി കൂടിയാണ് കേരയെന്നും മന്ത്രി പറഞ്ഞു.
കാലാവസ്ഥാനുസൃത കൃഷിരീതികൾ പ്രോത്സാഹിപ്പിച്ച് സംസ്ഥാനത്തെ കർഷകരുടെ വരുമാന വർധന ലക്‌ഷ്യം വെച്ച് കൊണ്ട് ലോക ബാങ്കിന്റെ സഹകരണത്തോടെ 2595 കോടി രൂപ ചിലവിൽ കൃഷി വകുപ്പ് നടപ്പിലാക്കുന്ന കേരള കാലാവസ്ഥാ അതിജീവന കാർഷിക മൂല്യ വർദ്ധക വിപണന ശൃംഖല നവീകരണ (കേര) പദ്ധതിയുടെ കാലാവസ്ഥാ പ്രതിരോധ കൃഷി പ്രോത്സാഹിപ്പിക്കുവാനുള്ള സാങ്കേതികവിദ്യയും വിപുലമായ വിപണിയും കർഷകർക്കു കൈവശമാകുന്ന രീതിയിലാണ് പദ്ധതി രൂപകൽപ്പന ചെയ്തിരിക്കുന്നത്.

പദ്ധതിയുടെ ഭാഗമായി റബ്ബർ, ഏലം കർഷകർക്ക് പുനർ നടീലിനുള്ള ഗ്രാന്റ് കൃഷിമന്ത്രി വിതരണം ചെയ്തു. കേര-എം.എസ്.എം.ഇ. വെബ് പോർട്ടലിന്റെ പ്രകാശനം മന്ത്രി നിർവഹിച്ചു. സംസ്ഥാനത്തെ പഴം-പച്ചക്കറി ഉൽപ്പാദന വർദ്ധനവ് ലക്‌ഷ്യം വെച്ച്, തരിശ് ഭൂമികൾ കാർഷിക സമ്പുഷ്ടമാക്കുവാനുള്ള നവോ-ധൻ പദ്ധതിയുടെ ഭാഗമായി കേരള അഗ്രോ ബിസിനസ്സ് കമ്പനി (കാബ്‌കോ) ഒരുക്കിയ താല്പര്യ പത്ര ഉടമ്പടിയിൽ കേരള അഗ്രോ മെഷിനറി കോർപറേഷനും (കാംകോ) എറണാകുളം നോർത്ത് പറവൂരിലെ പി.എസ്.ആദിഷ് എന്ന കർഷകനും ചേർന്ന് ഒപ്പുവെച്ചു.

സംസ്ഥാനത്തെ ആദ്യ കർഷക ഉൽപാദക-വിപണന സഖ്യത്തിനായി മലപ്പുറം കരുവാരക്കുണ്ട് മിരിസ്റ്റിക്ക മലബാർ ഫാർമർ പ്രൊഡ്യൂസർ കമ്പനിയും എറണാകുളത്തെ കൊക്കോബീൻ ചോക്ലേറ്റ് ഫാക്ടറി പ്രൈവറ്റ് ലിമിറ്റഡും ചേർന്ന് കരാർ ഒപ്പുവെച്ചു.
കാർഷിക ഉത്പാദന കമ്മീഷണറും കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുമായ ഡോ ബി അശോക് ഐ എ എസ്സ് സ്വാഗതം ആശംസിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എസ് രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടർ പി വിഷ്ണുരാജ് ഐഎഎസ് പദ്ധതി വിശദീകരണം നടത്തി.

ആലപ്പുഴ ജില്ലാ കളക്ടർ അലക്സ് വർഗീസ് ഐഎഎസ്, ചേർത്തല മുൻസിപ്പാലിറ്റി ചെയർമാൻ എസ് സോബിൻ, കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുധർമണി തമ്പാൻ, പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി കെ രാജേന്ദ്രൻ, ജില്ലാ പഞ്ചായത്ത് അംഗം വിജയശ്രീ സുനിൽ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാരായ അരുൺ മോഹൻ, എ കെ പ്രസന്നൻ, ബിന്ദു മുരളി, കെ എൽ ഡി സി ചെയർമാൻ പി വി സത്യനേശൻ, വ്യവസായ വകുപ്പ് അഡീഷണൽ ഡയറക്ടർ രാജീവ് ജി, കൃഷി വകുപ്പ് അഡീഷണൽ ഡയറക്ടർ സലീനാമ്മ കെ, ജില്ലാകൃഷി ഓഫീസർ സിന്ധു വി പി, കേര അഡീഷണൽ പ്രൊജക്റ്റ് ഡയറക്ടർ ആസിഫ് കെ യൂസഫ് ഐ എ എസ്സ്, മുതിർന്ന കർഷകരായ സുകുമാരൻ ഐജി, സുരേഷ് ബാബു എസ്, കൃഷി ഉദ്യോഗസ്ഥർ, കർഷകർ തുടങ്ങിയവർ പങ്കെടുത്തു.

03-Mar-2026