തമിഴ്‌നാട് : ഡി എം കെ നേതാവും തമിഴ്‌നാട് മുന്‍മുഖ്യമന്ത്രിയുമായിരുന്ന കരുണാനിധിയുടെ അന്ത്യവിശ്രമത്തിനായി മറീനാ ബീച്ചില്‍ സ്ഥലം ഒരുങ്ങുന്നു. ഇവിടെ കരുണാനിധിയുടെ സംസ്‌കാരത്തെ സംബന്ധിച്ച് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ പിന്‍വലിച്ചതിനെത്തുടര്‍ന്നാണ് ഇത്തരത്തിലൊരു വിധി വന്നിരിക്കുന്നത്. ഇന്നലെ രാത്രി അവസാനിക്കാതിരുന്ന വാദം ഇന്ന് രാവിലെയും തുടരുകയായിരുന്നു.
ട്രാഫിക്ക് രാമസ്വാമിയുടേത് അടക്കം അഞ്ചു പേര്‍ നല്‍കിയ ആറ് ഹര്‍ജികളാണ് രാവിലെ തന്നെ പിന്‍വലിച്ചിരുന്നു. വാദത്തിനിടെ ജയലളിതയുടെ സ്മാരകം സംബന്ധിച്ച് സര്‍ക്കാരിന്റെ നിലപാട് എന്തായിരുന്നുവെന്ന് കോടതി ചോദിച്ചു. മറീന ബീച്ചില്‍ അണ്ണാ സ്മാരകത്തില്‍ ഇടമില്ലെന്നായിരുന്നു സര്‍ക്കാരിന്റെ മറുവാദം. അതിന് പുറമെ പ്രോട്ടോക്കോള്‍ പ്രകാരം മുന്‍ മുഖ്യമന്ത്രിക്ക് അവിടെ നല്‍കുന്നതിന് നിയമമില്ലെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു.
ഹര്‍ജികള്‍ പിന്‍വലിക്കപ്പെട്ടതോടെ സര്‍ക്കാരിന്റെ തുറുപ്പുചീട്ടുകളാണ് പിന്‍വലിക്കപെട്ടത്. എം ജി ആറിനും ജയലളിതയ്ക്കും ലഭിച്ച നീതി കരുണാനിധിക്ക് ലഭിച്ചില്ലെന്ന് ഡി എം കെ അഭിഭാഷകന്‍ വാദിച്ചിരുന്നു. അണ്ണദുരയുടെ അടക്കം ദ്രാവിഡ നേതാക്കളുടെയും സംസ്‌കാരം നടത്തിയിരിക്കുന്നത് മറീനയിലാണ്. അതിനാല്‍തന്നെ കരുണാനിധിയുടെ സംസ്‌കാരം ഡി എം കെയുടെ അഭിമാന പ്രശ്‌നമാകും.