കേരളം നെഞ്ചേറ്റിയ പരിപാടിയാണിന്ന് നവകേരള സദസ്സ്: മുഖ്യമന്ത്രി

നമ്മുടെ നാടിന്റെ ഭാവി ഭദ്രമാണ് എന്നാണ് നവകേരള സദസ്സിനെത്തുന്ന വന്‍ജനസഞ്ചയം സാക്ഷ്യപ്പെടുത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മഞ്ചേശ്വരത്ത് നിന്ന് തുടങ്ങി 11 ജില്ലകള്‍ താണ്ടി നവകേരള സദസ്സ് ആറന്മുളയിലെത്തുമ്പോള്‍ എല്ലായിടത്തും കണ്ടത് ഒരേ കാഴ്ചയാണ്. നമ്മുടെ നാടിന്റെ രക്ഷക്ക് മുന്നിട്ടിറങ്ങണം എന്ന ലക്ഷ്യത്തോടെ ജനം തടിച്ചുകൂടുകയാണ് എല്ലാ വേദികളിലും. നിങ്ങള്‍ ധൈര്യമായി മുന്നോട്ടൂ പോകൂ, ഞങ്ങള്‍ കൂടെയുണ്ട് എന്ന കൃത്യമായ സന്ദേശമാണ് അവര്‍ സര്‍ക്കാരിന് പകരുന്നത്.

കാലാവസ്ഥ പ്രതികൂലമായിട്ടും വലിയ ജനാവലിയാണ് ആറന്മുളയിലെ ഈ വേദിയില്‍ എത്തിയിരിക്കുന്നത്. കഴിഞ്ഞ 29 ദിവസവും ഇതേ കാഴ്ചയാണ് ഞങ്ങള്‍ കണ്ടത്. കേരളം നെഞ്ചേറ്റിയ പരിപാടിയാണിന്ന് നവകേരള സദസ്സ്. നമ്മുടെ നാട് പുറകോട്ട് പോകരുത്, കാലാനുസൃതമായ പുരോഗതി നേടണം എന്ന വികാരമാണ് ഈ പരിപാടിയുടെ ഭാഗമാവാന്‍ എല്ലാവരെയും പ്രേരിപ്പിക്കുന്നത്. ഇന്നലെ രാത്രി തിരുവല്ലയില്‍ നിന്ന് പത്തനംതിട്ടക്ക് വരുമ്പോള്‍ ആയിരക്കണക്കിനാളുകളാണ് പ്രായവ്യത്യാസമില്ലാതെ, ഭേദചിന്തയില്ലാതെ റോഡുവക്കിലെങ്ങും തടിച്ചുകൂടിയത്.

വ്യത്യസ്ത അഭിപ്രായമുള്ളവര്‍ പോലും പ്രഭാതസദസ്സുകളിലെത്തി നിര്‍ദേശങ്ങള്‍ പങ്കുവെക്കുന്നു. നമ്മുടെ നാടിന്റെ പ്രശ്നങ്ങള്‍ ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ ജനത്തിന് മുന്നില്‍ അവതരിപ്പിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിട്ടത്. ഇത് പക്ഷേ പ്രതിപക്ഷകള്‍ക്ക് ബോധ്യമായില്ലെങ്കിലും ജനത്തിന് സ്വയം ബോധ്യമായതുകൊണ്ടാണ് അവര്‍ തടിച്ചുകൂടുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിന്റെ മുന്നോട്ടുപോക്കിനെ തടയാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. കേരളത്തിന് അര്‍ഹതപ്പെട്ട നികുതിവിഹിതം കുറച്ചു. കൂടാതെ റവന്യുകമ്മി ഗ്രാന്‍ഡിലും കുറവു വരുത്തി. ആയിരക്കണക്കിന് കോടി രൂപയാണ് നമുക്ക് തരാന്‍ ബാക്കിയുള്ളത്. കേരളത്തിന്റെ ഭാവി പ്രവര്‍ത്തനങ്ങള്‍ക്കും പദ്ധതികള്‍ക്കും വേണ്ടി കടമെടുക്കുന്നതും തടയുകയാണ്. കടമെടുപ്പ് സംസ്ഥാനത്തിന്റെ പരിധിയില്‍ വരുന്നതാണ്.

ഭരണഘടനാപ്രകാരം നമുക്ക് അവകാശപ്പെട്ടതെല്ലാം ഇത്തരത്തില്‍ നിയമവിരുദ്ധമായി തടയുകയാണ്. വെട്ടിക്കുറിച്ച പരിധിക്കുള്ളില്‍ നിന്ന് കടമെടുക്കുന്നത് പോലും പലവിധ കാരണങ്ങള്‍ പറഞ്ഞ് തടയുകയാണ്. ക്ഷേമപെന്‍ഷന്‍ എന്തിനാണ് ഇത്രപേര്‍ക്ക് കൊടുക്കുന്നത്, എന്തിനാണിത്രയധികം പണം നല്‍കുന്നത് എന്നൊക്കെയാണ് കേന്ദ്രസര്‍ക്കാര്‍ ചോദിക്കുന്നത്. സംസ്ഥാനത്തിന് ലഭിക്കേണ്ട വരുമാനത്തില്‍ ഇത്തരത്തില്‍ 1,07,500 കോടിയോളം രൂപയാണ് കുറവു വന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

17-Dec-2023