മിഠായിത്തെരുവിൽ സന്ദർശനം നടത്തിയ ഗവർണർ പ്രോട്ടോകോൾ ലംഘിച്ചു: മുഖ്യമന്ത്രി
അഡ്മിൻ
ഗവർണർക്കെതിരെ പ്രതിഷേധിച്ചത് ഗുണ്ടകളോ ക്രിമിനലുകളോ അല്ലെന്നും, ഭാവി വാഗ്ദാനങ്ങളായ വിദ്യാർഥികളാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ കൊല്ലത്ത് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഗവർണർ കണ്ടതുപോലെ അവർ ഗുണ്ടകളോ ക്രിമിനലുകളോ അല്ല. അദ്ദേഹം ഉപയോഗിച്ച മറ്റുവിശേഷണ പദങ്ങളൊന്നും ചേരുന്നവരല്ല പ്രതിഷേധം നടത്തിയത്.
നമ്മുടെ നാടിന്റെ ഭാവി വാഗ്ദാനങ്ങളായ വിദ്യാർഥികളാണ്. അവരുടെ മേഖലയിൽ ചെയ്യാൻ പാടില്ലാത്ത കാര്യം ചാൻസിലർ എന്ന നിലയ്ക്ക് അദ്ദേഹം ചെയ്തപ്പോൾ ആ നടപടിയെ ചോദ്യം ചെയ്യുകയാണ് ഉണ്ടായതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോഴിക്കോട് മിഠായിത്തെരുവിൽ സന്ദർശനം നടത്തിയ ഗവർണർ പ്രോട്ടോകോൾ ലംഘിച്ചെന്നും മുഖ്യമന്ത്രി ആരോപിച്ചു. കേരളത്തിന്റെ ക്രമസമാധാനനില ഭദ്രമാണെന്ന് രാജ്യത്തെ തന്നെ അദ്ദേഹം ബോധ്യപ്പെടുത്തി.
എന്നാൽ, ക്രമസമാധാനനില ഭദ്രമായാലും ഉന്നത സ്ഥാനത്തിരിക്കുന്ന ഒരു വ്യക്തി ഇത്തരത്തിൽ പ്രോട്ടോകോളെല്ലാം ലംഘിച്ച് തോന്നിയപോലെ ഇറങ്ങിനടക്കുന്നത് അനുകരണീയമായ മാതൃകയല്ല. ചെയ്തത് തെറ്റാണ്. കേരളത്തിന്റെ പ്രത്യേകത അദ്ദേഹത്തിന് മനസ്സിലായിട്ടുണ്ടാവും. രാജ്യത്ത് ഇതുപോലെ ഒരു നോട്ടീസും നൽകാതെ ഇറങ്ങിചെല്ലാൻ പറ്റുന്ന എത്ര സംസ്ഥാനമുണ്ട്. കേരളത്തിന്റെ ക്രമസമാധാനനില എന്താണെന്ന് അദ്ദേഹത്തിന് മനസ്സിലായിട്ടുണ്ടാവും. അദ്ദേഹം മിഠായിത്തെരുവിൽ പോയി എല്ലാ കടകളിലും കയറി, അലുവ രുചിച്ചുനോക്കി. അത് നന്നായി.
മിഠായിത്തെരുവിനൊരു പ്രശസ്തിയായി. മിഠായിത്തെരുവ് നേരത്തെതന്നെ പ്രശസ്തമാണ്. ഇത് ഗവർണറും കേട്ടിരിക്കാം. അതിനാലാവാം അങ്ങോട്ടുപോയത്. ഗവർണർക്കെതിരെ പ്രതിഷേധമുയർന്നത് അദ്ദേഹം ചെയ്ത പ്രവൃത്തിക്കെതിരെയാണ്. അതിന് മറ്റുമാനങ്ങൾ കാണേണ്ടതില്ലെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.