എസ് ഹരീഷിന്റെ സംഘിബന്ധം തുറന്നുകാട്ടി കോളേജ് സുഹൃത്ത്

തിരുവനന്തപുരം : മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധപ്പെടുത്തിവന്ന 'മീശ' നോവല്‍ സംഘപരിവാര്‍ ഭീഷണിയെ തുടര്‍ന്ന് പിന്‍വലിച്ച എസ് ഹരീഷിന്റെ എ ബി വി പി ബന്ധം തുറന്നുകാട്ടി കോളേജ് സഹപാഠിയുടെ ഫേസ്ബുക്ക് പോസ്റ്റ്. സി ജി പ്രദീപാണ് കോട്ടയം ബസേലിയസ് കോളേജിലെ വിദ്യാര്‍ത്ഥികാലത്തെ കുറിച്ചും അന്ന് ഹരീഷ് ഉയര്‍ത്തിപ്പിടിച്ച രാഷ്ട്രീയത്തെ പറ്റിയും ഫേസ്ബുക്ക് വഴി ഹരീഷിനെഴുതിയ കത്തിലൂടെ തുറന്നുപറയുന്നത്. 'എ ബി വി പിയും മീശ മുളയ്ക്കാതിരുന്ന ഹരീഷും' എന്ന തലക്കെട്ടിലെഴുതിയ കുറിപ്പ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായി കഴിഞ്ഞു.

അഭിമുഖങ്ങളില്‍ എസ് എഫ് ഐയെ അവഹേളിക്കുന്ന എസ് ഹരീഷിന് അവസാനം തുണയായത് എസ് എഫ് ഐ പ്രവര്‍ത്തകരായിരുന്നുവെന്നും ഹരീഷ് ഇതുവരെ എഴുതിയ എല്ലാത്തിനെക്കാളും മുകളിലാണ് അഭിമന്യു എന്ന ചെറുപ്പക്കാരന്‍ മഹാരാജാസ് കോളേജിന്റെ മതിലുകളില്‍ എഴുതിയ 'വര്‍ഗീയത തുലയട്ടെ' എന്ന ആ രണ്ട് വാക്കുകളെന്നും ഹരീഷിന്റെ സഹപാഠി തുറന്നടിക്കുന്നു.

സി ജി പ്രദീപിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം :

പ്രിയ ഹരീഷ്,

താങ്കള്‍ എഴുതിയ നോവല്‍ 'മീശ' കേരളത്തില്‍ ഏറെ സംവാദങ്ങള്‍ക്കും വിവാദങ്ങള്‍ക്കും ഇടയാക്കിയ സാഹചര്യത്തില്‍ ചില കാര്യങ്ങള്‍ പറയണമെന്ന് തോന്നി. പണ്ട് കോട്ടയം ബസേലിയസില്‍ ബിഎ മലയാളത്തിന് പഠിക്കുമ്പോള്‍ ആണുങ്ങളായി നമ്മള്‍ അഞ്ചുപേര്‍. അതില്‍ മാത്യുവും ഷൈജുവും കെ എസ് യുക്കാര്‍. സത്യജിത്തും ഞാനും എസ്എഫ്‌ഐ. താങ്കള്‍ എബിവിപിയും. രാഷ്ട്രീയമായ അഭിപ്രായഭിന്നതകള്‍ക്കിടയിലും നമ്മള്‍ അഞ്ചുപേരും അന്നുമിന്നും നല്ല സുഹൃത്തുക്കളായി തുടരുന്നു. എന്തായാലും താങ്കള്‍ ആരുടെ പക്ഷത്തായിരുന്നോ, അവര്‍തന്നെയാണ് 'മീശ' തെരുവില്‍ കത്തിച്ചതും താങ്കള്‍ക്കും കുടുംബത്തിനുമെതിരെ ആക്രമണഭീഷണിയുമായി ഇപ്പോഴും ഉറഞ്ഞുതുള്ളുന്നതും എന്നത് വൈകിയ വേളയിലെങ്കിലും ഒരു സ്വയംവിമര്‍ശനത്തിന് വിഷയമാക്കാവുന്നതാണ്.

വിദ്യാഭ്യാസകാലത്ത് മറ്റ് പല കാരണങ്ങളുടെയും പേരില്‍ ചിലര്‍ എബിവിപി, കാമ്പസ് ഫ്രണ്ട് പോലുള്ള വര്‍ഗീയ സംഘടനകളില്‍ എത്തപ്പെടും. കൂടുതല്‍ ബോധവും പക്വതയും ആര്‍ജിക്കുന്ന കാലത്ത് അവരില്‍ നല്ലൊരു വിഭാഗം അത്തരം ചിന്താഗതികളില്‍നിന്ന് അകന്നുമാറുകയും ചെയ്യാറുണ്ട്. പക്ഷേ, താങ്കളുടെ ചിന്താഗതിയില്‍ കാര്യമായ മാറ്റങ്ങളൊന്നും വന്നിരുന്നില്ലെന്ന് പച്ചക്കുതിര മാസികയില്‍ പ്രസിദ്ധീകരിക്കപ്പെട്ട അഭിമുഖം വിളിച്ചുപറയുന്നുണ്ട്. എം എ ജോണും കെ വേണുവും മാത്രമാണ് താന്‍ കണ്ടിട്ടുള്ളവരില്‍ ആദര്‍ശ രാഷ്ട്രീയപ്രവര്‍ത്തകര്‍ എന്ന പ്രസ്താവനയ്ക്ക് പിന്നിലെ കാപട്യവും കുടിലതയുംതന്നെ അതിന് തെളിവ്. മരണത്തില്‍പോലും തലകുനിക്കാത്ത അനശ്വരവിപ്ലവകാരി ചെഗ്വേരയെ അവഹേളിക്കുകയും ഒരു അസംബ്ലി സീറ്റിനായി യുഡിഎഫില്‍ അഭയം തേടിയ കെ വേണുവിനെ സ്തുതിക്കുകയും ചെയ്തത് യാദൃശ്ചികമാകാന്‍ ഇടയില്ല. ജനങ്ങള്‍ നെഞ്ചിലേറ്റിയ ഒരു നേതാവ് പോലും കേരളത്തില്‍ സംഘപരിവാരത്തിന് ഇല്ലാതെപോയതിന്റെ നിരാശയാകാം ആ കൊതിക്കെറുവിന് കാരണം.

എസ്എഫ്‌ഐക്കാരായ സുഹൃത്തുക്കള്‍ ഉണ്ടായിരുന്നു എങ്കിലും എസ്എഫ്‌ഐ തന്നെ ഒട്ടും സ്വാധീനിച്ചിട്ടില്ലെന്ന് താങ്കള്‍ പറഞ്ഞു. അതിന്റെ ഉത്തരവാദിത്വം താങ്കളുടെ സുഹൃത്തും എസ്എഫ്‌ഐയുടെ പ്രവര്‍ത്തകനുമായിരുന്ന ഞാന്‍ ഉള്‍പ്പെടെ ഉള്ളവരുടെ കഴിവുകേടാകാം. ഇഎംഎസിനും എകെജിക്കും പോലും താങ്കളെ സ്വാധീനിക്കാന്‍ പറ്റിയിട്ടില്ലാത്തതിനാല്‍ ഞങ്ങളുടെ ആ കുറവ് പോട്ടെന്നുവെയ്ക്കാം.

എസ്എഫ്‌ഐ നാടിനും സമൂഹത്തിനും വേണ്ടി ഒരു ചുക്കും ചെയ്യുന്നില്ല, ചെയ്തിട്ടുമില്ല എന്നതാണ് താങ്കള്‍ പങ്കുവെച്ച മറ്റൊരു കാഴ്ചപ്പാട്. ഫെയ്‌സ്ബുക്കിലും ഫോണിലും ചിലര്‍ വന്ന് ചീത്തവിളിച്ചപ്പോള്‍ 'മീശയും ചുരുട്ടി' കട്ടിലിനടിയില്‍ കയറിയിരുന്ന താങ്കളോട്, ഇറങ്ങിവന്ന് ബാക്കി എഴുതൂ.. സംരക്ഷണം തരാന്‍ ഇവിടെ ചങ്കുറപ്പുള്ള ഒരു സര്‍ക്കാറുണ്ട് എന്ന് പറഞ്ഞ കേരളത്തിന്റെ മുഖ്യമന്ത്രിയെ അറിയുമോ. എസ്എഫ്‌ഐയുടെ മുന്‍കാലരൂപമായ കെഎസ്എഫിന്റെ സംസ്ഥാന സെക്രട്ടറിയായിരുന്നു പണ്ട് പിണറായി വിജയന്‍. മാതൃഭൂമി താങ്കളെ 'നൈസായിട്ട്' അങ്ങ് ഒഴിവാക്കിയപ്പോള്‍ ആ നോവല്‍ പ്രസിദ്ധീകരിക്കാന്‍ ഞങ്ങള്‍ തയ്യാര്‍ എന്ന് ആദ്യം പറഞ്ഞത് സമകാലിക മലയാളം വരികയാണ്. ചങ്ങനാശ്ശേരിയിലെ എസ്എഫ്‌ഐയുടെ മുന്‍കാല ഏരിയ സെക്രട്ടറി സജി ജയിംസ് ആണ് ഇപ്പോള്‍ ആ വാരികയുടെ പത്രാധിപര്‍. അവിടംമുതല്‍ താങ്കള്‍ക്ക് വേണ്ടി വീറോടെ വാദിച്ച ലക്ഷക്കണക്കിന് ആള്‍ക്കാരില്‍ മഹാഭൂരിപക്ഷവും ഒരിക്കല്‍ എസ്എഫ്‌ഐയുടെ കൊടി പിടിച്ചവരാകും എന്നതില്‍ സംശയമില്ല.

നിങ്ങള്‍ പറയുന്നതിനോട് എനിക്ക് വിയോജിപ്പുണ്ട്; പക്ഷേ, നിങ്ങളുടെ പറയാനുള്ള അവകാശത്തിന് വേണ്ടി മരിക്കാനും ഞാന്‍ തയ്യാറാണ് എന്ന വോള്‍ട്ടയറുടെ വാക്കുകള്‍ ഞാന്‍ ആദ്യം കേട്ടത് 'ഒരു ചുക്കും ചെയ്യാത്ത' എസ്എഫ്‌ഐയില്‍ പ്രവര്‍ത്തിച്ചുതുടങ്ങിയ കാലത്താണ്. തസ്ലിമയുടെ ആവിഷ്‌കാരസ്വാതന്ത്ര്യത്തിനു വേണ്ടി പോസ്റ്റര്‍ ഒട്ടിക്കുകയും പ്രകടനം നടത്തുകയും ചെയ്തതും എസ്എഫ്‌ഐക്ക് വേണ്ടി സജീവമായി പ്രവര്‍ത്തിച്ച കാലത്തുതന്നെ. അന്ന് എസ്എഫ്‌ഐ പകര്‍ന്നുതന്ന രാഷ്ട്രീയബോധവും വീക്ഷണവുമാണ് ഇന്ന് താങ്കളുടെ പക്ഷത്ത് നിലയുറപ്പിക്കാന്‍ എന്നെ പ്രാപ്തനാക്കിയത്.

'മീശ' ഇതുവരെ വായിക്കാന്‍ കഴിഞ്ഞിട്ടില്ല. പക്ഷേ, വളരെ നല്ല നോവല്‍ ആണെന്ന് വായിച്ച സുഹൃത്തുക്കളില്‍ നിന്ന് അറിഞ്ഞു. താങ്കള്‍ മുമ്പ് എഴുതിയിട്ടുള്ള കഥകള്‍ വായിച്ച അനുഭവത്തില്‍ അക്കാര്യം എനിക്ക് ഉറപ്പുമായിരുന്നു. തുടര്‍ന്നും നല്ലനല്ല കഥകളും നോവലുകളും എഴുതാന്‍ താങ്കള്‍ക്ക് കഴിയട്ടെ. എതിര്‍പ്പുമായി വരുന്നവരെ പ്രതിരോധിക്കാന്‍ അന്നും ഞങ്ങള്‍ ഇവിടെയുണ്ടാകും.

പക്ഷേ ഹരീഷ്, നിങ്ങളിലെ സുഹൃത്തിനോടും സാഹിത്യകാരനോടും ഉള്ള എല്ലാ അടുപ്പവും ആദരവും സ്‌നേഹവും നിലനിര്‍ത്തിക്കൊണ്ട് പറയട്ടെ, നിങ്ങള്‍ ഇതുവരെ എഴുതിയ എല്ലാത്തിനെക്കാളും മുകളിലാണ് അഭിമന്യു എന്ന ചെറുപ്പക്കാരന്‍ മഹാരാജാസ് കോളേജിന്റെ മതിലുകളില്‍ എഴുതിയ ആ രണ്ട് വാക്കുകള്‍.

08-Aug-2018