നുണപ്രചാരകര്‍ക്ക് മറുപടിയായി വെമ്പായം

തിരുവനന്തപുരം :  മഹാരാജാസ് കോളേജിലെ എസ് എഫ് ഐ നേതാവ് അഭിമന്യുവിന്റെ വധവുമായി ബന്ധപ്പെട്ട് സോഷ്യല്‍മീഡിയയില്‍ പരാമര്‍ശ വിധേയമായ വെമ്പായം പഞ്ചായത്തില്‍ എല്‍ ഡി എഫിന് വിജയം. എസ് ഡി പി ഐ പിന്തുണയോടെയാണ് വെമ്പായം പഞ്ചായത്തില്‍ സിപിഐ എം നേതൃത്വത്തില്‍ എല്‍ ഡി എഫ് ഭരണത്തിലേറിയതെന്നായിരുന്നു വിമര്‍ശനം ഉയര്‍ന്നത്. എന്നാല്‍, അത് നുണപ്രചരണമാണെന്ന് തെളിയിച്ചുകൊണ്ടാണ് വെമ്പായം പഞ്ചായത്തിലെ വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സിപിഐ എം സഥാനാര്‍ഥി എസ് ഡി പി ഐയുടെ വോട്ടിന്റെ പിന്‍ബലമില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. ഇതോടെ സിപിഐ എം എസ് ഡി പി ഐ ബാന്ധവമെന്ന പ്രചാരണത്തിന്റെ മുനയൊടിഞ്ഞിരിക്കയാണ്. 

കഴിഞ്ഞ ദിവസം  നടന്ന തെരഞ്ഞെടുപ്പില്‍ സിപിഐ എമ്മിലെ എ ഷീലജയാണ് എട്ടിനെതിരെ പത്തു വോട്ടുകള്‍ക്ക് വിജയിച്ചത്. ബി ജെ പിയും എസ് ഡി പി ഐയും വോട്ടെടുപ്പില്‍നിന്ന് മാറി നിന്നു. യു ഡി എഫ് അവരുടെ എട്ട് വോട്ടുകളും എല്‍ ഡി എഫ് തങ്ങളുടെ പത്തു വോട്ടുകളും നേടി. എല്‍ ഡി എഫിന് വിജയിക്കാന്‍ എസ് ഡി പി ഐ വോട്ടിന്റെ ആവശ്യമില്ലെന്ന വസ്തുത നിലനില്‍ക്കെ മുന്‍കാലങ്ങളില്‍ എസ് ഡി പി ഐ നേതൃത്വത്തിന്റെ തീരുമാനപ്രകാരം സിപിഐ എംനെ പ്രതിക്കൂട്ടിലാക്കാന്‍ വേണ്ടി വോട്ടു ചെയ്തിരുന്നു. തുടര്‍ന്ന് വര്‍ഗീയവാദികളുടെ വോട്ടിലാണ് എല്‍ ഡി എഫ് വിജയിച്ചതെന്ന പ്രചരണം എസ് ഡി പി ഐ നേതൃത്വം തന്നെയായിരുന്നു പറഞ്ഞുപരത്തിയത്.

വെമ്പായം പഞ്ചായത്തില്‍ സിപിഐ എം നടത്തിയ ശക്തമായ ജനകീയ ക്യാമ്പയിനിലൂടെ സത്യം ജനങ്ങള്‍ തിരിച്ചറിഞ്ഞതോടെയാണ് എസ് ഡി പി ഐയ്ക്ക് ഇക്കുറി വോട്ടിങ്ങില്‍നിന്ന് വിട്ടു നില്‍ക്കേണ്ടി വന്നത്. എസ് ഡി പി ഐയുടെ വോട്ടു വേണ്ടെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനും നെടുമങ്ങാട് ഏരിയ സെക്രട്ടറി ആര്‍ ജയദേവനും നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു.

08-Aug-2018