ഇടമലയാര്‍ ഡാം തുറന്നു. ചെറുതോണി തുറക്കാന്‍ സാധ്യത. പരിഭ്രാന്തി വേണ്ടെന്ന് എം എം മണി

തിരുവനന്തപുരം : ഇടമലയാര്‍ ഡാം പുലര്‍ച്ചെ അഞ്ചിന് തുറന്നു. അഞ്ചുവര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് ഡാം തുറന്ന് വെള്ളമൊഴുക്കിയത്. ഡാമിലെ പരമാവധി  ജലനിരപ്പായ 169 മീറ്ററും  കടന്ന സാഹചര്യത്തിലാണ് ഷട്ടര്‍ തുറന്നത്. ആദ്യഘട്ടമെന്ന നിലയില്‍ ഡാമിന്റെ മുന്ന് ഷട്ടറുകളാണ് തുറന്നത്. 80 സെന്റീമീറ്ററാണ് ഇവ ഉയര്‍ത്തിയത്. രണ്ട് ഷട്ടറുകള്‍ പുലര്‍ച്ചെ അഞ്ചിനും ഒരു ഷട്ടര്‍ ആറരക്കുമാണ് തുറന്നത്. പെരിയാറില്‍ ഒന്നരമീറ്റര്‍ വരെ ജലനിരപ്പുയര്‍ന്നേക്കാമെന്നും പരിസരവാസികള്‍ ജാഗ്രതപാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. ഇവിടെ നിന്നുള്ള വെള്ളം ഒഴുകി എത്തുന്ന ഭൂതത്താന്‍കെട്ട് ഡാമിന്റെ 14 ഷട്ടറുകളും തുറന്നിട്ടുണ്ട്. ഇടമലയാറില്‍ നിന്നും പുറത്തേക്ക് ഒഴുക്കുന്ന ജലത്തിന്റെ  അളവ് സെക്കന്റില്‍  500 ഘന മീറ്റര്‍ ആയി വര്‍ദ്ധിപ്പിക്കാനാണ് തീരുമാനം .

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പും ഉയര്‍ന്നു. വ്യാഴാഴ്ച രാവിലെ എഴിന് ജലനിരപ്പ് 2398.40 അടിയിലെത്തി. വൃഷ്ടി പ്രദേശത്ത് മഴ തുടരുന്നതും നീരൊഴുക്ക് കൂടിയതുമാണ് ജലനിരപ്പുയരാന്‍ കാരണമായത്.  അതേസമയം പരമാവധി സംഭരണശേഷി 2403 അടിയാണെന്നും ജലനിരപ്പ് അതിലും അതിക്രമിക്കുമ്പോള്‍ ട്രയല്‍റണ്‍ നടത്താമെന്നാണ് വൈദ്യുതിബോര്‍ഡ് തീരുമാനിച്ചിരിക്കുന്നത്. 2398 പിന്നിട്ടാല്‍ റെഡ് അലര്‍ട്ട് നല്‍കി ചെറുതോണി ഷട്ടര്‍ തുറന്ന് ട്രയല്‍റണ്‍ നടത്തേണ്ടിവരുമെന്ന് വൈദ്യുതി ബോര്‍ഡ് അറിയിച്ചിരുന്നു. ഡാം തുറക്കുന്നതിന് 24 മണിക്കുര്‍ മുന്നേ ജനങ്ങള്‍ക്ക് അറിയിപ്പുനല്‍കുമെന്നും അധികൃതര്‍ അറിയിച്ചു.

ഇടുക്കി പദ്ധതിപ്രദേശത്ത് രണ്ടാമത്തെ ഏറ്റവും ഉയര്‍ന്ന തോതിലുള്ള മഴയാണ് ബുധനാഴ്ച ലഭിച്ചത്.  ആഗസ്ത് മൂന്നിന്‌ശേഷം മഴ കുറഞ്ഞതിനാല്‍ ജലനിരപ്പില്‍ നേരിയ കുറവുണ്ടായി. 2396.38 അടിവരെ എത്തിയ ജലനിരപ്പ് രണ്ട് ദിവസമായി അധികം കൂടുകയോ കുറയുകയോ ചെയ്തില്ല. ശനിയാഴ്ച മുതല്‍ തിങ്കളാഴ്ചവരെ നേരിയ തോതില്‍ കുറഞ്ഞു തുടങ്ങി. ഇതോടെ വൈദ്യുതോല്‍പാദനത്തിലും കുറവുവരുത്തി. എന്നാല്‍ ചൊവ്വാഴ്ച മുതല്‍ മഴ കനത്തതിനാല്‍ ജലനിരപ്പ് ക്രമേണ ഉയരാന്‍ തുടങ്ങി. 2398 അടിയായാല്‍ അണക്കെട്ട് തുറക്കണമെന്നതാണ് സര്‍ക്കാര്‍ തീരുമാനം.  ചെറുതോണി ഷട്ടര്‍ തുറക്കാനുള്ള ക്രമീകരണങ്ങളെല്ലാം നേരത്തെതന്നെ പൂര്‍ത്തിയാക്കി.

മൂലമറ്റത്ത് വൈദ്യുതോല്‍പാദനം 13.568 ദശലക്ഷം യൂണിറ്റാണ്. മൂലമറ്റത്തെ ഉല്‍പാദനശേഷം പുറത്തേക്ക് പോകുന്ന ജലംകൊണ്ട് പ്രവര്‍ത്തിക്കുന്ന മലങ്കര ഡാമിലെ ഷട്ടര്‍ തുറന്നിട്ടുണ്ട്. ഇടുക്കി പദ്ധതിയിലേക്ക് എത്തുന്ന പെരിയാര്‍, ഇരട്ടയാര്‍, കല്ലാര്‍, കട്ടപ്പനയാര്‍, അഴുതയാര്‍, കുട്ടിയാര്‍ തുടങ്ങിയവയെല്ലാം നിറഞ്ഞൊഴുകുകയാണ്. ഇടമലയാര്‍ ഡാം തുറന്ന കാര്യം ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ച വൈദ്യുതി വകുപ്പ് മന്ത്രി എം എം മണി, ആളുകള്‍ പരിഭ്രാന്തരാകരുതെന്നും തികഞ്ഞ ജാഗ്രത തുടരണമെന്നും അഭ്യര്‍ത്ഥിച്ചു. ഡാം തുറക്കുന്നത് സെല്‍ഫി എടുത്തോ ഫോട്ടോ എടുത്തോ പോസ്റ്റ് ചെയ്യാന്‍ ശ്രമിച്ചു അപകടങ്ങള്‍ ക്ഷണിച്ചു വരുത്തരുതെന്നും മറ്റു പ്രദേശത്തുന്നുള്ളവര്‍ ഡാം സന്ദര്‍ശിക്കാന്‍ ശ്രമിക്കരുതെന്നും മന്ത്രി നിര്‍ദേശിച്ചു.

09-Aug-2018