ജനരോഷം ഉയര്‍ത്താന്‍ കേരളത്തിന് കേന്ദ്ര സഹായം നല്‍കരുതെന്ന് ബി ജെ പി നേതൃത്വം
അഡ്മിൻ
എറണാകുളം : പ്രളയമഴയില്‍ കേരളം ചക്രശ്വാസം വലിക്കുമ്പോള്‍, ദുരന്തപെയ്ത്തിനെ രാഷ്ട്രീയ പകപോക്കലിനുള്ള അവസരമായുപയോഗിച്ച് ബി ജെ പി സംസ്ഥാന നേതൃത്വം. കേരള സര്‍ക്കാരിന് ദുരന്തനിവാരണത്തിനായി സഹായങ്ങളൊന്നും നല്‍കരുതെന്നാണ് ബി ജെ പി സംസ്ഥാന നേതൃത്വം കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം വഴി പ്രധാനമന്ത്രിയെ അറിയിച്ചത്. ദുരന്ത നിവാരണത്തിനും ജീവിതം വറുതിയിലായ ജനതയെ തിരികെ ജീവിതത്തിലേക്ക് കൊണ്ടുവരാനും വലിയ പരിശ്രമങ്ങള്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാവേണ്ടതുണ്ട്. സംസ്ഥാനത്തിന് സ്വന്തം നിലയ്ക്ക് ഈ പ്രതിസന്ധിയെ മറികടക്കാന്‍ കഴിയില്ല. ഈ സാഹചര്യത്തിലാണ് ബി ജെ പി സംസ്ഥാന നേതൃത്വം ജനങ്ങളെ മറന്ന് മാര്‍ക്സിസ്റ്റ് വിരുദ്ധതയും സംസ്ഥാന സര്‍ക്കാര്‍ വിദ്വേഷവും പുറത്തെടുത്ത് കേന്ദ്രസര്‍ക്കാരിനെ സമീപിച്ചിരിക്കുന്നത്.
കേന്ദ്രസഹായം പേരിന് മാത്രം നല്കിയാല് മതിയെന്നും ദുരന്തനിവാരണത്തിന് ആത്മാര്‍ത്ഥമായി രംഗത്തിറങ്ങരുതെന്നും കേന്ദ്രസര്‍ക്കാരിനോട് പറഞ്ഞ ബി ജെ പി നേതൃത്വം മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവരില്‍ ബി ജെ പി പ്രവര്‍ത്തകര്‍ കൂടിയുണ്ടെന്നത് പരിഗണിക്കാതെയാണ് ജനരോഷമുയര്ത്താനായി പരിശ്രമിക്കുന്നത്. ബി ജെ പി സംസ്ഥാന നേതൃത്വത്തിന്റെ ഈ നീക്കം ആര് എസ് എസ് പ്രാന്ത പ്രചാരകിന്റെ അറിവോടെയല്ലെന്നാണ് ആര് എസ് എസ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. ഏതായാലും ഈ ന്യായീകരിക്കാനാവാത്ത നീക്കം ബി ജെ പിയില്‍ പുതിയ പൊട്ടിത്തെറിക്ക് കാരണമാവാനാണ് സാധ്യത.