പയ്യാമ്പലം ബീച്ചിൽ പപ്പാഞ്ഞിയാക്കി ഗവർണറുടെ കോലം കത്തിച്ച എസ്എഫ്ഐക്കെതിരെ കേസ്

പയ്യാമ്പലം ബീച്ചിൽ പപ്പാഞ്ഞി മാതൃകയിൽ ഗവർണറുടെ കോലം ഉണ്ടാക്കി കത്തിച്ച എസ്എഫ്ഐ നേതാക്കൾക്കെതിരെ പൊലീസ് കേസെടുത്തു. കണ്ണൂർ ടൗൺ പൊലീസാണ് കേസെടുത്തത്. എസ്എഫ്ഐ സംസ്ഥാന പ്രസിഡൻ്റ് അനുശ്രീ അടക്കം നാല് പേർക്കെതിരെയാണ് കേസ്. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം വൈഷ്ണവ് മഹേന്ദ്രൻ, ജില്ലാ സെക്രട്ടറി പി എസ് സഞ്ജീവ്, പ്രസിഡന്റ് വിഷ്ണു പ്രസാദ് എന്നിവർക്കെതിരെയും കണ്ടാലറിയാവുന്ന അഞ്ച് എസ്എഫ്ഐ പ്രവർത്തകർക്കെതിരെയുമാണ് കേസ്.

പയ്യാമ്പലം ബീച്ചിൽ പുതുവർഷ ആഘോഷത്തിന്റെ ഭാഗമായിട്ടായിരുന്നു എസ്എഫ്ഐ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ കോലം കത്തിച്ചത്. ഗവർണർക്കെതിരായ പ്രതിക്ഷേധങ്ങളുടെ തുടർച്ചയാണിതെന്ന് എസ്എഫ്ഐ പ്രതികരിച്ചിരുന്നു. സംസ്ഥാന പ്രസിഡന്റ് അനുശ്രീയാണ് 30 അടി ഉയരമുള്ള ഗവർണറുടെ കോലം കത്തിച്ചത്. സര്‍വ്വകലാശാലകളുടെ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ക്കെതിരെ ദിവസങ്ങളായി വലിയ പ്രതിഷേധമാണ് എസ്എഫ്ഐ ഉയര്‍ത്തുന്നത്.

സർവകലാശാലകളിൽ സംഘപരിവാർ ശക്തികളെ തിരികിക്കയറ്റാൻ ഗവർണർ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് എസ്എഫ്ഐ കാലിക്കറ്റ് സർവ്വകലാശാലയിൽ നടത്തിയ പ്രതിഷേധം സംഘർഷത്തിലേക്ക് നയിച്ചിരുന്നു. പിന്നാലെ കേരളം മുഴുവൻ പോസ്റ്റർ യുദ്ധത്തിനാണ് സാക്ഷിയായത്. എസ്എഫ്ഐ പ്രവർത്തകരെ ക്രിമിനലുകളെന്ന് വിളിച്ച ഗവർണർ കോഴിക്കോട് മിഠായി തെരുവിലെത്തി ജനങ്ങളെ നേരിട്ട് കണ്ട് കുശാലാന്വേഷണം നടത്തുകയും സർക്കാരിനെ വെല്ലുവിളിക്കുകയും ചെയ്തതും വലിയ വാർത്തയായിരുന്നു.

01-Jan-2024