അഞ്ച് ഷട്ടറുകളും തുറന്നു. ഇടുക്കി ഡാമില്‍ ജലനിരപ്പ് കുറയുന്നു.

ഇടുക്കി : ചെറുതോണി ഡാമിലെ അഞ്ച് ഷട്ടറുകളും തുറന്നതോടെ ഇടുക്കി ഡാമിലെ ജലനിരപ്പ് കുറഞ്ഞു. 2401.68 അടിയാണ് നിലവിലെ ജലനിരപ്പ്. ഇപ്പോള്‍ സെക്കന്‍ഡില്‍ 800 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുകുന്നത്. ഇടുക്കി ജില്ലയിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ജില്ലയിലെ റവന്യൂ ഓഫീസുകള്‍ നാളെയും ഞായറാഴ്ചയും തുറന്നു പ്രവര്‍ത്തിക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പെരിയാറിന്റെ തീരത്ത് നിന്ന് 6500 കുടുംബങ്ങളെ മാറ്റിപാര്‍പ്പിക്കേണ്ടി വരും. ചെറുതോണി ടൗണും ബസ് സ്റ്റാന്‍ഡും അടക്കം വെള്ളത്തിനടിയിലാണ്.

വെള്ളിയാഴ്ച ഉച്ചയോടെയാണ് ചെറുതോണി ഡാമിലെ അഞ്ച് ഷട്ടറുകളും ഉയര്‍ത്തിയത്. ഇന്നലെ ഒരു ഷട്ടര്‍ തുറന്നിരുന്നു. രാവിലെ രണ്ട് ഷട്ടറുകള്‍ കൂടി തുറന്നു. എന്നിട്ടും ജലനിരപ്പ് കുറയാത്തതിനെ തുടര്‍ന്നാണ് അഞ്ച് ഷട്ടറുകളും തുറന്നത്. ഇന്നലെ തുറന്ന ഷട്ടര്‍ അടച്ചിരുന്നില്ല. രാവിലെ രണ്ട് ഷട്ടറുകള്‍ 40 സെന്റിമീറ്റര്‍ വീതം തുറന്ന് വെള്ളം പുറത്തേക്ക് വിട്ടു. എന്നിട്ടും ജലനിരപ്പ് കുറയാഞ്ഞതിനെ തുടര്‍ന്നാണ് എല്ലാ ഷട്ടറുകളും തുറന്നുവിട്ടത്. 26 വര്‍ഷത്തിനിടെ ഇത് ആദ്യമായാണ് ചെറുതോണി അണക്കെട്ടിന്റെ എല്ലാ ഷട്ടറുകളും തുറക്കുന്നത്.

അതേസമയം മഴക്കെടുതിയില്‍ മരണസംഖ്യ 29 ആയി. 25 പേര്‍ മണ്ണിടിച്ചിലിലും നാല് പേര്‍ മുങ്ങിയുമാണ് മരിച്ചത്. പാലക്കാട് എറണാകുളം ജില്ലകളിലാണ് രണ്ട് പേര്‍ വീതം മുങ്ങി മരിച്ചത്. സംസ്ഥാനത്ത് വിവിധയിടങ്ങളിലായി 439 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. 12240 കുടുംബങ്ങളിലെ 53501 പേര്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുകയാണ്. ആലപ്പുഴയില്‍ നേരത്തെ പ്രവര്‍ത്തിച്ചിരുന്ന ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ ഉള്‍പ്പെടെയാണിത്. എറണാകുളത്ത് കോസ്റ്റ് ഗാര്‍ഡ് സംഘം ദുരിതാശ്വാസ പ്രവര്‍ത്തനം ആരംഭിച്ചു. ചെല്ലപട്ടണത്ത് 14 അംഗ സംഘവും ആലുവയില്‍ 12 അംഗ സംഘവും പ്രവര്‍ത്തിക്കുന്നു. ഒരു സംഘത്തെ കൊച്ചിയില്‍ സജ്ജമാക്കി നിര്‍ത്തിയിട്ടുണ്ട്. ഒരു സംഘം കൊച്ചിയില്‍ നിന്ന് മുനമ്പത്തേക്കു തിരിച്ചിട്ടുണ്ട്. ആലുവയില്‍ രണ്ട് കോളം സൈനികരെ വിന്യസിച്ചിട്ടുണ്ട്.

ഇടുക്കി ഡാമില്‍ നിന്ന് തുറന്നുവിട്ട വെള്ളം രാത്രി 11 മണിയോടെ ആലുവയില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇതേതുടര്‍ന്നാണ് നടപടി.

10-Aug-2018