അഞ്ചു രാപ്പകലുകള്‍ കലയുടെ വിസ്മയം തീര്‍ത്ത സംസ്ഥാന സ്കൂള്‍ കലോത്സവ കിരീടം കണ്ണൂരിലേക്ക്. 62ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ 952 പോയിന്റു നേടിയാണ് 23 വര്‍ഷങ്ങള്‍ക്കു ശേഷം കണ്ണൂര്‍ 117.5 പവന് വരുന്ന സ്വര്‍ണക്കപ്പില്‍ മുത്തമിട്ടത്. സ്കൂള്‍ കലോത്സവത്തില്‍ കണ്ണൂരിന്റെ 5-ാം കിരീടനേട്ടമാണിത്. 1960, 1997, 1998 വര്‍ഷങ്ങളില്‍ കണ്ണൂര്‍ കിരീടം നേടിയിരുന്നു. 2000ത്തില്‍ എറണാകുളം – കണ്ണൂര്‍ ജില്ലകള്‍ കിരീടം പങ്കിട്ടു. 23 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇപ്പോള്‍ കണ്ണൂര്‍ കലോത്സവ കിരീടം സ്വന്തമാക്കുന്നത്.
എന്നാല്‍ കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യന്മാരായ കോഴിക്കോട് മൂന്ന് പോയിന്റുകളുടെ വ്യത്യാസത്തില്‍ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 949 പോയിന്റിനാണ് കോഴിക്കോട് രണ്ടാം സ്ഥാനത്തായത്. പാലക്കാടാണ് മൂന്നാമത്. 938 പോയിന്റാണ് പാലക്കാട് നേടിയത്. സ്കൂളുകളില്‍ പാലക്കാട് ആലത്തൂര്‍ ബിഎസ്എസ് ഗുരുകുലം ഹയര്‍സെക്കന്‍ഡറി സ്കൂള്‍ (249 പോയന്റ്) ഒന്നാമതെത്തി. തിരുവനന്തപുരം വഴുതക്കാട് കാര്‍മല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളാണ് (116 പോയന്റ്) രണ്ടാം സ്ഥാനത്ത്.