തിരുവനന്തപുരം : കനത്ത മഴയിലും പ്രകൃതിക്ഷോഭത്തിലും സംസ്ഥാനത്ത് കര്‍ക്കടക വാവ് ബലി പുരോഗമിക്കുന്നു. എവിടെയും അത്യാഹിതങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ക്ഷേത്രങ്ങളില്‍ ബലി തര്‍പ്പണങ്ങള്‍ പുരോഗമിക്കുമ്പോള്‍ കനത്ത ജാഗ്രതയാണ് പുലര്‍ത്തുന്നത്. പുഴയിലും മറ്റും ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ ബലി തര്‍പ്പണത്തിന് പോകുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കടവുകളില്‍ സുരക്ഷ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
ഏറ്റവും കൂടുതല്‍ ആളുകള്‍ ബലിതര്‍പ്പണത്തിനെത്തുന്ന ആലുവ ശിവ ക്ഷേത്രം, വര്‍ക്കല പാപനാശം, തിരുവല്ലം പരശുരാമ ക്ഷേത്രം, ശംഖുമുഖം കടല്‍ത്തീരം എന്നിവിടങ്ങളില്‍ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായിട്ടുണ്ട്. പെരിയാറിലെ ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ ആലുവ മണപ്പുറത്തും കാലടി ചേലാമറ്റം ക്ഷേത്രത്തിലും എറണാകുളം ജില്ല ഭരണകൂടം കര്‍ശന സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ആലുവ ശിവക്ഷേത്രത്തില്‍ ബലി തര്‍പ്പണത്തിന്റെ ഭാഗമായി പുഴയില്‍ മുങ്ങിനിവരുന്നതിനു മാത്രമേ തടസ്സമുണ്ടാകൂ. തോട്ടയ്ക്കാട്ടുകര മണപ്പുറം റോഡിന്റെ ഇരുവശത്തുമായി ദേവസ്വം ബോര്‍ഡ് അന്‍പതോളം ബലിത്തറകള്‍ സജ്ജീകരിച്ചിട്ടുണ്ട്.
ആര്‍ എസ് എസ് - ബി ജെ പി പ്രവര്‍ത്തകര്‍ മഴയെ തുടര്‍ന്നുള്ള ബുദ്ധിമുട്ടുകള്‍ സംസ്ഥാന സര്‍ക്കാരിന്റെ തലയില്‍ കെട്ടിവെച്ചുകൊണ്ടുള്ള പ്രചരണങ്ങള്‍ നടത്തുന്നുണ്ട്. അതേസമയം ദേശീയ ദുരന്തനിവാരണ സേനയുടെ 37 അംഗ സംഘത്തെ വെള്ളിയാഴ്ച ഉച്ചയോടെ ആലുവ മണപ്പുറത്ത് വിന്യസിച്ചു.മൂന്ന് ബോട്ട്, 20 ലൈറ്റ് ബോട്ട്, 40 ലൈഫ് ജാക്കറ്റ്, പ്രത്യേക റോപ്, സ്‌കൂബ ടീം എന്നിവയുടെ സേവനം ഉറപ്പാക്കിയിട്ടുണ്ട്.
തിരുവല്ലം പരശുരാമ ക്ഷേത്രത്തില്‍ അകത്തും പുറത്തുമായി ഏഴിലധികം ബലിമണ്ഡപങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഒരേ സമയം 2500ല്‍ അധികം ആള്‍ക്കാര്‍ക്ക് ബലി തര്‍പ്പണം നടത്താം.