മുഖ്യമന്ത്രി വെള്ളപ്പൊക്ക ബാധിത മേഖലകളിലേക്ക്

ഇടുക്കി : ഇടുക്കി അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞതിനാല്‍ ജലനിരപ്പ് താഴ്ന്നു തുടങ്ങി. ശനിയാഴ്ച രാവിലെ ജലനിരപ്പ് 2401.10 അടിയാണ് രേഖപ്പെടുത്തിയത്. എന്നാല്‍ അഞ്ച് ഷട്ടറുകളിലൂടെ പുറത്തേക്ക് ഒഴുകുന്ന വെള്ളത്തിന്റെ അളവില്‍ കുറവ് വരുത്തിയിട്ടില്ല. കൂടുതല്‍ വെള്ളം പുറത്തേക്ക് ഒഴുക്കിയിട്ടും കാലടിയും ആലുവയും ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ നാശനഷ്ടമൊന്നും ഉണ്ടായില്ല എന്ന ആശ്വാസവുമുണ്ട്.

മുഖ്യമന്ത്രി രാവിലെ വെള്ളപ്പൊക്ക ബാധിത മേഖലകളില്‍ ഹെലികോപ്റ്റര്‍ സന്ദര്‍ശനം നടത്തുന്നതിനുള്ള തയ്യാറെടുപ്പുകളിലാണുള്ളത്. ആറിടങ്ങളിലാണ് മുഖ്യമന്ത്രി സന്ദര്‍ശനം നടത്തുന്നത്.

കര്‍ക്കടക വാവുബലി പ്രധാന കേന്ദ്രങ്ങളിലൊന്നായ ആലുവ മണപ്പുറം മുങ്ങിപ്പോയതിനാല്‍ തൊട്ടടുത്ത സ്ഥലങ്ങളിലാണ് ചടങ്ങുകള്‍ നടക്കുന്നത്. മണപ്പുറത്തെ ക്ഷേത്രം മുക്കാല്‍ ഭാഗം മുങ്ങിയ നിലയിലാണ്. പെരിയാറില്‍ പലയിടത്തും രണ്ടടിയോളം ജലനിരപ്പ് ഉയര്‍ന്നിരുന്നെങ്കിലും ആലുവ ഭാഗത്ത് ഒരടി മാത്രമാണ് ഉയര്‍ന്നത്. ആലുവയുടെ കൈവഴികളിലും സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. വേലിയിറക്ക സമയത്താണ് ഇടുക്കി ഡാമില്‍ നിന്നുള്ള വെള്ളം ഒഴുകിയെത്തിയത്. ഇതും വെള്ളമുയരാതിരിക്കാന്‍ സഹായിച്ചു എന്നാണ് വിലയിരുത്തല്‍. നെടുമ്പാശേരി വിമാനത്താവളത്തിലെ പ്രവര്‍ത്തനങ്ങള്‍ സാധാരണ നിലയിലാണെന്ന് അധികൃതര്‍ അറിയിച്ചു. പെരിയാറില്‍ വെള്ളം കലങ്ങിയതിനാല്‍ കൊച്ചിയിലെ ശുദ്ധജല വിതരണത്തെ ബാധിക്കുമെന്ന് മുന്നറിയിപ്പുണ്ട്.

വെള്ളിയാഴ്ച വൈകിട്ട് നാലുമണിക്ക് ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2401.76 ആയി ഉയര്‍ന്നെങ്കിലും രാത്രി 11 മണിയോടെ 2401.76 ആയി കുറഞ്ഞു.ശനിയാഴ്ച പുലര്‍ച്ചെ ജലനിരപ്പ് 2401.28 ആയി കുറഞ്ഞു.

11-Aug-2018