ദുരന്തം വിതച്ച് മഴ തുടരുന്നു

എറണാകുളം : സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽ മഴ അടങ്ങിയിട്ടും വയനാട്ടിലും ഇടുക്കിയിലും ദുരന്തം വിതച്ച് കനത്ത മഴ തുടരുകയാണ്. മാനന്തവാടി തലപ്പുഴ നാല്‍പ്പത്തിയൊന്നാം മയിലില്‍ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. വയനാട്ടില്‍ മാനന്തവാടി, വൈത്തിരി താലൂക്കുകളിൽ ശക്തമായ മഴ തുടരുകയാണ്.

ഇടുക്കി ഡാമിലെ ജലനിരപ്പ് ഇപ്പോൾ 2399.52 അടിയാണ്. നേരത്തേതിൽ നിന്നും ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് കുറഞ്ഞു. വൃഷ്ടിപ്രദേശങ്ങളില്‍ മഴ വീണ്ടും ശക്തിപ്രാപിച്ചു. ഇന്നലെ മഴ അല്‍പം ശമിച്ചെങ്കിലും ഇന്ന് വീണ്ടും ശക്തി പ്രാപിച്ചിരിക്കുകയാണ് . ഡാമില്‍ നിന്നും പുറത്തേക്ക് ഒഴുക്കുന്ന ജലത്തിന്റെ അളവ് കുറച്ചിട്ടില്ല. അളവ് കുറക്കേണ്ടതില്ലെന്ന തീരുമാനത്തിലെത്തിയിരിക്കുകയാണ് അധികാരികൾ.

ഇടമലയാര്‍ അണക്കെട്ടിലും ജലനിരപ്പ് താഴ്ന്ന് തുടങ്ങി. 168.93 മീറ്ററാണ് ഇപ്പോള്‍ ജലനിരപ്പ്. 169 മീറ്ററാണ് ഡാമിന്റെ പരമാവധി സംഭരണ ശേഷി. 200 ഘനമീറ്റര്‍ വെള്ളമാണ് ഒഴുക്കി കളയുന്നത്. രണ്ട് ഷട്ടറുകള്‍ ഒരോ മീറ്റര്‍ ഉയര്‍ത്തിയിട്ടുണ്ട്.

കേരളത്തിൽ കനത്ത മഴ ഉണ്ടാകുമെന്ന് ദേശീയ ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി.

12-Aug-2018