കേന്ദ്രത്തിനെതിരെ ഫെബ്രുവരി 8ന് സമരത്തിനിറങ്ങാനൊരുങ്ങി മുഖ്യമന്ത്രിയും മന്ത്രിമാരും

കേരളത്തോടുള്ള കേന്ദ്രത്തിന്റെ അവഗണനയിൽ പ്രതിഷേധിച്ച് ഡൽഹിയിൽ ഫെബ്രുവരി 8ന് സമരത്തിനിറങ്ങാനൊരുങ്ങി മുഖ്യമന്ത്രിയും മന്ത്രിമാരും. ജനപ്രതിനിധികളെയടക്കം പങ്കെടുപ്പിച്ച് ജന്തർ മന്ദറിൽ സമരം നടത്താൻ ഇടത് മുന്നണി യോഗത്തിൽ തീരുമാനമായി.

കേരള ഹൗസിൽ നിന്ന് രാവിലെ 11.30ന് ജാഥ ജന്തർ മന്ദറിലേക്ക് നീങ്ങും. ഇന്ത്യാ മുന്നണിയിലെ കക്ഷി നേതാക്കളെയും എല്ലാ മുഖ്യമന്ത്രിമാരെയും സമരത്തിന് ക്ഷണിച്ചിട്ടുണ്ട്. ബിജെപി മുഖ്യമന്ത്രിമാർക്കും സമരത്തിന് ക്ഷണിച്ച് കത്ത് നൽകും.

ഇന്നലെ വൈകിട്ട് ചേർന്ന യോഗത്തിൽ മുഖ്യമന്ത്രി പ്രതിപക്ഷത്തോടും സമരത്തിൽ പങ്കെടുക്കണമെന്ന് അഭ്യർത്ഥിച്ചിരുന്നു. കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം കേന്ദ്ര സർക്കാരാണെന്ന് ചൂണ്ടികാട്ടിയാണ് മുഖ്യമന്ത്രി ഈ ആവശ്യം മുന്നോട്ട് വച്ചത്.

എന്നാൽ കേരളത്തിന്റെ ചില പ്രശ്നങ്ങൾക്ക് മാത്രമാണ് കേന്ദ്ര സർക്കാർ കാരണക്കാരെന്നും എല്ലാ പ്രശ്നങ്ങൾക്കും കാരണം കേന്ദ്രമല്ലെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. ഡൽഹിയിൽ സമരം ചെയ്യാൻ വരണോയെന്നത് മുന്നണിയിൽ ആലോചിച്ച് പറയേണ്ട കാര്യമാണെന്നും അദ്ദേഹം യോഗത്തിൽ വ്യക്തമാക്കിയിരുന്നു.

16-Jan-2024