മോഹന്‍ലാല്‍ നിര്‍ദേശിച്ചത് പത്ത് കോടി, അമ്മ നല്‍കുന്നത് പത്ത് ലക്ഷം !

എറണാകുളം : താരസംഘടനയായ എ എം എം എയുടെ ദുരിതാശ്വാസ വിഹിതമായി പ്രസിഡന്റ് മോഹന്‍ലാല്‍ നിര്‍ദേശിച്ചത് പത്ത് കോടി രൂപ. എന്നാല്‍, ജനറല്‍ സെക്രട്ടറിയും അദ്ദേഹത്തിന്റെ പിന്നിലുള്ള ശക്തികളും പത്ത് ലക്ഷമായി സഹായധനം കുറച്ചു. സംഭവത്തില്‍ മോഹന്‍ലാല്‍ കടുത്ത അമര്‍ഷം പ്രകടിപ്പിച്ചു.

സൂര്യ, കാര്‍ത്തി തുടങ്ങിയ തമിഴ് താരങ്ങളും കമല്‍ഹാസനുമൊക്കെ ഇരുപത്തിയഞ്ച് ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നല്‍കുമെന്ന് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് അമ്മയുടെ പത്ത് ലക്ഷം രൂപയുടെ സഹായം വിമര്‍ശന വിധേയമാവുന്നത്. മമ്മൂട്ടി പ്രത്യേകമായി അമ്പത് ലക്ഷം രൂപ ദുരിതാശ്വാസനിധിയിലേക്ക് നല്‍കുമെന്നാണ് സൂചനകള്‍. എന്നാല്‍, എ എം എം എയിലെ അംഗങ്ങള്‍ അത്തരത്തില്‍ വ്യക്തിപരമായി സംഭാവന നല്‍കുന്നതിനേക്കാള്‍ നല്ലത് സംഘടനവഴി നല്‍കുന്നതാണെന്ന് എ എം എം എയിലെ ഒരു വിഭാഗം പറയുന്നു.

എ എം എം എ പ്രസിഡന്റായി ചുമതലയേറ്റ മോഹന്‍ലാലിന്റെ തീരുമാനങ്ങളെ അട്ടിമറിക്കുന്ന ഒരു വിഭാഗത്തിന്റെ നിയന്ത്രണത്തിലാണ് ഇപ്പോള്‍ സംഘടനയുള്ളത്. അവരില്‍ നിന്നും സംഘടനയെ മോചിപ്പിക്കാനുള്ള ശ്രമമാണ് മോഹന്‍ലാലിന്റെ നടത്തുന്നത്. പത്ത് ലക്ഷത്തില്‍ നിന്നും പത്തുകോടി ദുരിതാശ്വാസമെന്ന മോഹന്‍ലാല്‍ വിഭാഗത്തിന്റെ തീരുമാനം എ എം എം എയുടെ ഔദ്യോഗിക തീരുമാനമായി ഉടന്‍ പുറത്തുവരുമെന്നാണ് സൂചനകള്‍. ദുരിതാശ്വാസ നിധി എത്രവേണമെന്ന തര്‍ക്കം ഓണം റിലീസ് ചിത്രങ്ങളുടെ പ്രദര്‍ശനത്തെ ബാധിക്കുമെന്ന ഭയത്തിലാണ് താരങ്ങളുള്ളത്.       

13-Aug-2018