ഇടുക്കിയിലും വയനാട്ടിലും അതീവ ജാഗ്രത. മഴ തുടരുന്നു.

ഇടുക്കി : ഒഡീഷ തീരത്തു വീണ്ടും ന്യൂനമര്‍ദം, സംസ്ഥാനത്തു മഴ അഞ്ചു ദിവസം കൂടി തുടരുമെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ഇന്നും നാളെയും 12 മുതല്‍ 20 സെ.മീ. വരെ ശക്തമായ മഴയ്ക്കും സാധ്യതയെന്നു മുന്നറിയിപ്പ്. മണിക്കൂറില്‍ 55 കി.മീ. വേഗത്തില്‍ കാറ്റ് വീശുമെന്നതിനാല്‍ അറബിക്കടലിന്റെ മധ്യഭാഗത്തും തെക്കുപടിഞ്ഞാറന്‍ ഭാഗങ്ങളിലും മത്സ്യബന്ധനത്തിനു വിലക്ക്. മഴ തുടരുന്ന സാഹചര്യത്തില്‍ എട്ട് ജില്ലകളില്‍ ദുരന്തനിവാരണ അതോറിറ്റി പ്രഖ്യാപിച്ച ജാഗ്രതാനിര്‍ദേശം തുടരും. 

ആലപ്പുഴ, കണ്ണൂര്‍ ജില്ലകളില്‍ ഇന്നേക്കും വയനാട്, ഇടുക്കി ജില്ലകളില്‍ നാളേക്കുകൂടിയുമാണ് അതിജാഗ്രതാ നിര്‍ദേശം. എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഇന്നു മുതല്‍ ഓറഞ്ച് അലെര്‍ട്ടാണ്. പമ്പാ നദിയിലെ നീരൊഴുക്കിന്റെ തീവ്രത കുറഞ്ഞെങ്കിലും അപ്പര്‍ കുട്ടനാട്ടില്‍ വെള്ളപ്പൊക്കക്കെടുതി രൂക്ഷമായി തുടരുന്നു. താഴ്ന്ന പ്രദേശങ്ങളില്‍ ജലനിരപ്പ് ഉയരുകയാണ്.

പമ്പാ ഡാമിന്റെ ആറ് ഷട്ടറുകളില്‍ രണ്ടെണ്ണം അടച്ചു.കക്കി അണക്കെട്ടിന്റെ ഷട്ടറുകള്‍ ഒരടി തുറന്നിരുന്നത് അരയടിയായി കുറച്ചു. മൂഴിയാര്‍ അണക്കെട്ടിന്റെ രണ്ടു ഷട്ടറുകള്‍ തുറന്ന നിലയിലാണ്. രണ്ടിടത്തും വെള്ളം പരമാവധി സംഭരണശേഷിയിലാണ്. ഇടമലയാര്‍ അണക്കെട്ടിന്റെ ഒരു ഷട്ടര്‍ കൂടി ഉയര്‍ത്തി. രണ്ട് ഷട്ടറുകളില്‍നിന്ന് വെള്ളം എത്തിയതോടെ പെരിയാറിലെ ജലനിരപ്പ് വീണ്ടും ഉയര്‍ന്നു.

ഇടുക്കി, മുല്ലപ്പെരിയാര്‍ അണക്കെട്ടുകളില്‍ ജലനിരപ്പ് ആശ്വാസത്തിന്റെ പരിധിക്കുള്ളില്‍. ജലസംഭരണിയിലേക്കുള്ള നീരൊഴുക്കു കുറയുകയും ജലനിരപ്പ് 2400 അടിക്കു താഴെയെത്തുകയും ചെയ്തതോടെ ഇടുക്കി ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകള്‍ അടയ്ക്കുന്ന കാര്യത്തില്‍ ഇന്നു തീരുമാനമുണ്ടായേക്കും. തമിഴ്‌നാട് കൂടുതല്‍ വെള്ളം കൊണ്ടുപോകുന്നതിനാല്‍ മുല്ലപ്പെരിയാറിലെ ജലനിരപ്പും നിയന്ത്രണത്തിലായി. മൂന്നു ഷട്ടറുകള്‍ തുറന്നിട്ടും ഇടമലയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് പരമാവധി സംഭരണശേഷിക്ക് അടുത്തുതന്നെ. ഇടുക്കിയില്‍ ഇന്നലെ െവെകിട്ട് ആറിന് 2398.58 അടിയായി താഴ്ന്ന ജലനിരപ്പ് ഇന്നു രാവിലെയോടെ  2398 അടിയിലെത്തിയേക്കും. ഇന്നത്തെ നീരൊഴുക്കും മഴയും വിലയിരുത്തിയും ഇടമലയാര്‍ അണക്കെട്ടില്‍നിന്നു കൂടുതല്‍ വെള്ളം തുറന്നുവിടുന്നതു കണക്കിലെടുത്തുമാകും ഷട്ടര്‍ അടയ്ക്കുകയോ ജലമൊഴുക്ക് കുറയ്ക്കുകയോ ചെയ്യുന്ന കാര്യത്തില്‍ തീരുമാനമെടുക്കുക.

ഇടുക്കി വൃഷ്ടിപ്രദേശത്ത് ഞായറാഴ്ച രാവിലെ എടുത്ത കണക്കു പ്രകാരം 25 മി.മീ. മഴ മാത്രമാണു ലഭിച്ചത്. ഇന്നലെ വൈകിട്ട് അഞ്ചിന് 774 ക്യുമെക്‌സ് വെള്ളം ഒഴുകിയെത്തിയിരുന്നത് വൈകിട്ട് ആറിന് 497 ക്യുമെക്‌സായി കുറഞ്ഞു. സെക്കന്‍ഡില്‍ 7.5 ലക്ഷം ലിറ്ററാണു ഇപ്പോഴും പുറത്തേക്ക് ഒഴുക്കുന്നത്. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഇന്നലെ രാവിലെ ആറിന് 135.20 അടിയായിരുന്നു. ശക്തമായ മഴയും നീരൊഴുക്കുമുണ്ടെങ്കിലും തമിഴ്‌നാട്‌ െവെദ്യുതി ഉല്‍പ്പാദനം കൂട്ടിയതിനാലാണ് ജലനിരപ്പ് കുതിച്ചുയരാത്തത്. ഇന്ന് വൈകുന്നേരത്തോടെ 136 അടിയോടടുക്കുമെന്നാണു കണക്കുകൂട്ടല്‍. സെക്കന്‍ഡില്‍ 2000 ഘനയടി വെള്ളം കൊണ്ടുപോയിരുന്നത് അവര്‍ 2200 ഘനയടിയായി കൂട്ടിയിട്ടുണ്ട്.

മുല്ലപ്പെരിയാറിലെ ജലം ഉപയോഗിച്ച് തമിഴ്‌നാട് ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതിയുടെ തോത് വര്‍ധിപ്പിച്ചു. 42 മെഗാവാട്ട് വൈദ്യുതി വീതം ശേഷിയുള്ള നാല് ജനറേറ്ററുകളാണ് തമിഴ്‌നാട്ടിലെ ലോവര്‍പെരിയാര്‍ വൈദ്യുതി നിലയത്തിലുള്ളത്. കഴിഞ്ഞ വര്‍ഷം വരെ നാലു ജനറേറ്ററുകളും കൂടി 140 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിച്ചിരുന്നത് ഇന്നിപ്പോള്‍ 168 മെഗാവാട്ടായി വര്‍ധിപ്പിച്ചു. ഇടമലയാര്‍ അണക്കെട്ടിലെ വെള്ളമാണ് വൈദ്യുതി ബോര്‍ഡിന്റെ കണക്കുകൂട്ടലുകളെ തെറ്റിച്ച് കൂടിയും കുറഞ്ഞും നില്‍ക്കുന്നത്. ഇന്നലെ ഉച്ചയ്ക്ക് 12ന് രണ്ടാമത്തെ ഷട്ടര്‍ തുറന്നെങ്കിലും നീരൊഴുക്ക് കുറയാത്തതിനാല്‍ മൂന്നു മണിക്കൂറിനു ശേഷം മൂന്നാമത്തെ ഷട്ടറും തുറന്നു. രാത്രി വൈകി നാലാമത്തെ ഷട്ടറും തുറന്നു. പുറത്തേക്ക് ഒഴുക്കുന്ന വെള്ളത്തിന്റെ അളവ് 300 ക്യുമെക്‌സ് ആയിട്ടും ജലനിരപ്പ് കാര്യമായി കുറയുന്നില്ല. വൈകിട്ട് 168.92 മീറ്ററാണു ജലനിരപ്പ്. 169 മീറ്ററാണ് പരമാവധി പരിധി. ഇടമലയാറില്‍നിന്നു വെള്ളമെത്തുന്ന ഭൂതത്താന്‍കെട്ടില്‍ ജലനിരപ്പ് കാര്യമായി വര്‍ധിച്ചിട്ടില്ല.

ഉരുള്‍പൊട്ടല്‍ സാധ്യത കണക്കിലെടുത്ത് രാത്രികളില്‍ മലയോര മേഖലയിലേക്കുള്ള യാത്ര പരിമിതപ്പെടുത്തണമെന്ന നിര്‍ദേശം നിലനില്‍ക്കുന്നു. ബീച്ചുകളില്‍ കടലില്‍ ഇറങ്ങാതിരിക്കണം. ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ പുഴകളിലും ചാലുകളിലും വെള്ളക്കെട്ടിലും ഇറങ്ങാതിരിക്കാന്‍ ശ്രദ്ധിക്കണം. മലയോര മേഖലയിലെ റോഡുകള്‍ക്കു കുറുകെയുള്ള ചെറിയ ചാലുകളിലൂടെ മലവെള്ളപ്പാച്ചിലിനു സാധ്യതയുള്ളതിനാല്‍ അവയ്ക്കരികില്‍ വാഹനങ്ങള്‍ നിര്‍ത്തരുത്.

13-Aug-2018