തിരുവനന്തപുരം : കാലവര്‍ഷക്കെടുതി അനുഭവിക്കുന്നവര്‍ക്ക് ആശ്വാസം പകരാനും പകര്‍ച്ചവ്യാധി തടയാനും സന്നദ്ധപ്രവര്‍ത്തനത്തില്‍ ഏവരുമൊന്നാകെ രംഗത്തിറങ്ങണമെന്ന് എല്‍ഡിഎഫ് സംസ്ഥാന കമ്മിറ്റി പ്രമേയത്തിലൂടെ അഭ്യര്‍ഥിച്ചു. എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ അടിയന്തരമായി ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകണമെന്ന് കണ്‍വീനര്‍ എ വിജയരാഘവന്‍ ആഹ്വാനം ചെയ്തു.
വ്യക്തികളും സംഘടനകളും രാഷ്ട്രീയപാര്‍ടികളും അയല്‍ സംസ്ഥാനങ്ങളും സഹായവുമായി രംഗത്തെത്തിയിട്ടുണ്ട്. എങ്കിലും കേന്ദ്രത്തില്‍നിന്ന് കൂടുതല്‍ സഹായമുണ്ടായേ തീരൂ. ദുരിതാശ്വാസസഹായത്തിന് കേന്ദ്രത്തിന് ഒരു പൊതുമാനദണ്ഡമുണ്ട്. അതിന്റെ ഭാഗമായാണ് 100 കോടി അനുവദിച്ചത്. എന്നാല്‍, അതുകൊണ്ട് കേരളത്തിലെ സാഹചര്യം കൈകാര്യം ചെയ്യാനാകില്ല.
1924നുശേഷമുണ്ടായ ഏറ്റവും വലിയ പ്രകൃതിദുരന്തമാണിത്. ഇത്ര ഗുരുതരമായ ഒരു സാഹചര്യം കേരള സംസ്ഥാനം രൂപം കൊണ്ടശേഷം ഉണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ കേന്ദ്രത്തില്‍നിന്ന് കൂടുതല്‍ സഹായം ഉണ്ടാകണം. പഴയ പ്രൊപ്പോസലുകളും പുതിയ സാഹചര്യത്തിനനുസരിച്ച് കൂടുതല്‍ ആവശ്യങ്ങളും ഉന്നയിച്ച് കേന്ദ്രസഹായത്തിനുള്ള നിവേദനം സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിക്കും. കേരളത്തിന്റെ അടിയന്തരസാഹചര്യം കണക്കിലെടുത്ത് അധിക കേന്ദ്രസഹായം വേണം എ വിജരാഘവന്‍ പറഞ്ഞു.