ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ ഒമ്പത് മണിക്കൂര്‍ ചോദ്യം ചെയ്തു
അഡ്മിൻ
ന്യൂഡല്‍ഹി : ജലന്ധര്‍ രൂപതാ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ കേരളത്തില്‍നിന്നുള്ള അന്വേഷണസംഘം ഒമ്പത് മണിക്കൂര്‍ ചോദ്യംചെയ്തു. കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തെന്ന കേസിനെ തുടര്‍ന്നാണ് ചോദ്യം ചെയ്യല്‍ നടന്നത്. അന്വേഷണ സംഘത്തോട് ഫ്രാങ്കോ പൂര്‍ണ്ണമായും സഹകരിച്ചു. ബിഷപ്പിനെ ഇതുവരെയും അറസ്റ്റ് ചെയ്തിട്ടില്ല. അന്വേഷണ സംഘം ഇന്നോ നാളെയോ കേരളത്തിലേക്കു മടങ്ങും. ആവശ്യമെങ്കില്‍ വീണ്ടും ബിഷപ്പ് ഹൗസില്‍ എത്തുമെന്നു പോലീസ് വ്യക്തമാക്കി. കന്യാസ്ത്രീയുടെയും ബിഷപ്പിന്റെയും മൊഴികളും മറ്റ് വിവരങ്ങളും വിശദമായി പരിശോധിച്ച ശേഷം ആവശ്യമെങ്കില്‍ മാത്രമേ അറസ്റ്റ് ഉണ്ടാവുകയുള്ളു.
രാത്രി എട്ടു മണിക്ക് ആരംഭിച്ച ചോദ്യം ചെയ്യല്‍ ഒമ്പത് മണിക്കൂറോളം തുടര്‍ന്നു. പീഡനം നടന്നുവെന്ന് പറയുന്ന തീയതികളില്‍ വൈരുദ്ധ്യം ഉണ്ടെന്നു അന്വേഷണ സംഘം പറഞ്ഞു. പീഡനം നടന്ന ദിവസം മഠത്തില്‍ എത്തിയിട്ടില്ലെന്നാണ് മൊഴി. കുറവിലങ്ങാട് മഠത്തില്‍ താമസിച്ച തീയതികളില്‍ വൈരുധ്യമുണ്ട്. ഏത് ശാസ്ത്രീയ പരിശോധനക്കും തയ്യാറെന്ന് ഫ്രാങ്കോ പറഞ്ഞു.
ബിഷപ്പിന്റെ മൊബൈല്‍ഫോണ്‍ അന്വേഷണ സംഘം പിടിച്ചെടുത്തു. ചോദ്യം ചെയ്യലിന്റെ ഒരുഘട്ടത്തില്‍ ബിഷപ്പ് പൊട്ടിക്കരഞ്ഞുകൊണ്ടാണ് മറുപടികള്‍ നല്‍കിയത്. തന്നെ കുടുക്കാനുള്ള ഗൂഡാലോചനയുടെ വിശദാംശങ്ങളും ബിഷപ്പ് അന്വേഷണ സംഘത്തിന് കൈമാറി. ജലന്ധറില്‍ നിന്നുള്ള ബാക്കി തെളിവ് ശേഖരിച്ച ശേഷമാകും അന്വേഷണ സംഘത്തിന്റെ മടക്കം.
ബിഷപ്പിനെ വൈദ്യ പരിശോധനക്ക് വിധേയനാക്കുന്നുണ്ട്. ലൈംഗീകശേഷിയും പരിശോധിക്കും. നിലവില്‍ ശേഖരിച്ചതിന് പുറമേ കൂടുതല്‍ ശാസ്ത്രിയ പരിശോധനകളിലൂടെ ശാസ്ത്രിയ തെളിവുകള്‍ ശേഖരിക്കുകയും ചെയ്യും. ബിഷപ്പിനെ വീണ്ടും ചോദ്യം ചെയ്യാനാണ് സാധ്യത. കേസുമായി ബന്ധപ്പെട്ട ഫോറന്‍സിക് പരിശോധനകള്‍ കേരളത്തില്‍ എത്തിയ ശേഷം നടത്തും.
ബിഷപ് ഫ്രാങ്കോ ജലന്ധറിലെ ബിഷപ്സ് ഹൗസിലേക്ക് എത്തുന്നത് ക്യാമറയില്‍ പകര്‍ത്താന്‍ ശ്രമിച്ച ദൃശ്യമാധ്യമപ്രവര്‍ത്തകരെ ക്രിസ്ത്യന്‍ പാതിരിമാരും ബിഷപ്സ് ഹൗസിലെ ജീവനക്കാരും ചേര്‍ന്ന് മര്‍ദിച്ചു. പഞ്ചാബ് പോലീസ് രാത്രിയോടെ ബാരിക്കേഡ് തീര്‍ത്ത് സുരക്ഷ ശക്തമാക്കി. വൈകുന്നേരം അന്വേഷണ സംഘത്തിന് മുന്നിലേക്ക് ബിഷപ് ഫ്രാങ്കോ എത്തുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ മാധ്യമപ്രവര്‍ത്തകര്‍ ശ്രമിച്ചതോടെയാണ് ബിഷപ്സ് ഹൗസിലെ പരിവാരങ്ങള്‍ തടസവുമായി വന്നത്. അവിടെയുണ്ടായിരുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്കെല്ലാം മര്‍ദനമേറ്റു. ക്യാമറകള്‍ തകര്‍ത്തു. ഗേറ്റ് പൂട്ടിയതോടെ ക്യാമറാമാന്മാര് അകത്തായി. ക്യാമറാമാന്മാരെ അകത്തും റിപ്പോര്‍ട്ടര്‍മാരെ പുറത്തുമാക്കി ബിഷപ്സ് ഹൗസിന്റെ കവാടം പൂട്ടുകയായിരുന്നു.
സുരക്ഷയൊരുക്കിയ പഞ്ചാബ് പോലീസ് കാഴ്ചക്കാരായി. ഇടപെടാതെ മടിച്ചുനിന്നു. ഇന്നലെ ഉച്ചയ്ക്കു മൂന്നരയോടെ അന്വേഷണസംഘം ബിഷപ്സ് ഹൗസിലെത്തുമ്പോള്‍ ബിഷപ് ഫ്രാങ്കോ അവിടെ ഉണ്ടായിരുന്നില്ല. ചണ്ഡിഗഡില്‍ ബിഷപ് ഇഗ്നേഷ്യസ് മസ്കിനാസിന്റെ ക്ഷണമനുസരിച്ച് ഒരു പരിപാടിയില്‍ പങ്കെടുക്കുകയായിരുന്ന അദ്ദേഹം വൈകുന്നേരം ഏഴരയ്ക്കാണു മടങ്ങിയെത്തിയത്്. തുടര്‍ന്നായിരുന്നു ചോദ്യം ചെയ്യല്‍.
ഇതിനിടെ അന്വേഷണ സംഘം ബിഷപ്പിന്റെ പ്രൈവറ്റ് സെക്രട്ടറി ഫാ. പീറ്റര്‍ കാവുംപുറം, ഫാ. ആന്റണി മാടശേരി എന്നിവരില്‍ നിന്നും വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. രാവിലെ പതിനൊന്നരയോടെ പഞ്ചാബ് പോലീസ് ബിഷപ്സ് ഹൗസ് പരിസരത്തെത്തി സുരക്ഷ ഒരുക്കിയിരുന്നു. ബിഷപ് ഫ്രാങ്കോയുടെ അറസ്റ്റ് ഉണ്ടായേക്കുമെന്നു കേരള സര്‍ക്കാര്‍ ഇന്നലെ ഹൈക്കോടതിയെ അറിയിച്ചിരുന്ന സാഹചര്യത്തില്‍, അന്വേഷണസംഘം ബിഷപ്സ് ഹൗസിലെത്തിയത് അറസ്റ്റിനായാണെന്ന് അഭ്യൂഹമുണ്ടായി. വിശ്വാസികള്‍ അവിടെ തടിച്ചുകൂടുകയും ചെയ്തു.
ബിഷപ് ഫ്രാങ്കോ അവിടെ ഇല്ലാതിരുന്നപ്പോഴും അദ്ദേഹത്തെ ചോദ്യംചെയ്യുകയാണെന്നു ചില ടിവി ചാനലുകളില്‍ വാര്‍ത്ത വന്നത് വിശ്വാസികള്‍ക്കിടയില്‍ പ്രകോപനം സൃഷ്ടിച്ചു. ദൃശ്യമാധ്യമപ്രവര്‍ത്തകര്‍ തോന്നുംപോലെ വാര്‍ത്തകള്‍ നല്കി സംഘര്‍ഷമുണ്ടാക്കാനുള്ള ശ്രമം നടത്തിയെന്ന് ജലന്ധര്‍ പോലീസ് വിലയിരുത്തി.
കന്യാസ്ത്രീ പരാതി നല്കി ആഴ്ചകള്‍ പിന്നിട്ടിട്ടും ബിഷപ്പിന്റെ മൊഴിയെടുക്കാന്‍ പോലും അന്വേഷണ സംഘം തയാറാകാതിരുന്നത് ഏറെ വിമര്‍ശനത്തിനിടയാക്കിയിരുന്നു. പഴുതുകളെല്ലാമടച്ച ശേഷമാണ് അന്വേഷണ സംഘം ബിഷപിലേക്ക് എത്തിയിരിക്കുന്നത്. വേണമെങ്കില്‍ ബിഷപിനെ അറസ്റ്റ് ചെയ്യാനുള്ള അനുവാദവും ആഭ്യന്തര വകുപ്പ് അന്വേഷണം സംഘത്തിന് നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന് അന്വേഷണ സംഘത്തിന് എല്ലാ സ്വാതന്ത്ര്യവും നല്‍കിയിരിക്കുകയാണ്. കുറ്റവാളികള്‍ ആരായാലും രക്ഷപ്പെടാന്‍ പാടില്ല. കേസില്‍ ഒരു തരത്തിലുള്ള ഇടപെടലും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാവുകയില്ല. പക്ഷെ, ഒരു കാര്യത്തിലും ഒരു വീഴ്ചയും ഉണ്ടാവാന്‍ പാടില്ലെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശം അന്വേഷണ സംഘത്തെ വലിയ സമ്മര്‍ദ്ദത്തിലാക്കിയിരിക്കുകയാണ്. മുഖ്യമന്ത്രി തങ്ങളില്‍ അര്‍പ്പിച്ച വിശ്വാസം നഷ്ടമാവാതിരിക്കാന്‍ വരും വരായ്കകളും മറ്റെല്ലാ വശങ്ങളും പരിശോധിച്ച് നൂറ് ശതമാനം സത്യസന്ധമായി പോകാന്‍ ശ്രമിക്കുകയാണ് പോലീസ്. അതിനാല്‍ മതമേലധ്യക്ഷന്മാര് അടക്കമുള്ളവര്‍ക്ക് ബിഷപിനെതിരെയുള്ള അന്വേഷണത്തില്‍ ഒരു പ്രതിഷേധവുമില്ലെന്നത് അന്വേഷണ സംഘം നേട്ടമായി ചൂണ്ടിക്കാണിക്കുന്നു.
14-Aug-2018
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ