തിരുവനന്തപുരം : ബംഗാള്‍ തീരത്ത് രൂപംകൊണ്ട ന്യൂനമര്‍ദത്തിന്റെ സ്വാധീനത്തില്‍ അടുത്ത രണ്ടുദിവസം സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാനിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്കി. കാറ്റിന്റെ വേഗം മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെയാകാം. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പുണ്ട്. മലയോര മേഖലയില്‍ മഴ തുടരാനാണ് സാധ്യത.
കോഴിക്കോട്, വയനാട് അടക്കമുള്ള വടക്കന്‍ കേരളത്തിലും ചൊവ്വാഴ്ച രാവിലെ മുതല്‍ കനത്ത മഴയാണ് പെയ്യുന്നത്. ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ എല്ലാ അണക്കെട്ടുകളും തുറന്നിരിക്കുകയാണ്. ഇടമലയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 168.71 മീറ്ററാണ്. നാല് ഷട്ടറുകളും ഒരു മീറ്റര്‍ വീതം തുറന്നിരിക്കുകയാണ്. ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് 2396.88 അടിയായി. 2,3,4 ഷട്ടറുകള്‍ 1.5 മീറ്റര്‍ തുറന്നിട്ടുണ്ട്. കക്കി, പമ്പ, ഇടമലയാര്‍, മലമ്പുഴ അണക്കെട്ടുകളും തുറന്നിരിക്കുകയാണ്. മാട്ടുപ്പട്ടി ഡാമിന്റെ ഒരു ഷട്ടര്‍ ചൊവ്വാഴ്ച ഒമ്പത് മണിക്ക് തുറക്കുമെന്ന് മുന്നറിയിപ്പുണ്ട്. ബാണാസുര സാഗര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നിരിക്കുകയാണ്. മേഖലയില്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വാളയാര്‍, ചുള്ളിയാര്‍ അണക്കെട്ടുകള്‍ ഇന്ന് തുറക്കും.
കേരളം, കര്‍ണാടകം, തമിഴ്നാട്, ഹിമാചല്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ അടുത്ത 48 മണിക്കൂറില്‍ കനത്ത മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ടിരിക്കുന്ന ന്യൂനമര്‍ദ്ദമാണ് ഈ സംസ്ഥാനങ്ങളില്‍ മഴയ്ക്ക് കാരണം.