ചീഫ് വിപ്പ് പദവി. സി പി ഐയ്ക്കകത്ത് ഉരുള്‍പൊട്ടല്‍

തിരുവനന്തപുരം : കാനം രാജേന്ദ്രനെതിരെ സി പി ഐയില്‍ രൂക്ഷവിമര്‍ശനം. ചീഫ് വിപ്പ് പദവിക്ക് വേണ്ടി പണ്ട് പറഞ്ഞതൊക്കെ വിഴുങ്ങുന്നത് ശരിയാണോ എന്ന് ചോദിച്ച സംസ്ഥാന നേതാവിനെ കാനം രൂക്ഷമായ രീതിയില്‍ ശകാരിച്ചതായാണ് പുറത്തുവരുന്ന സൂചനകള്‍. ചീഫ് വിപ്പ് പദവി അനാവശ്യമെന്ന നിലയില്‍ കാനം നേരത്തെ നടത്തിയ പ്രതികരണമാണ് ഇപ്പോള്‍ പുറത്തുവരികയും കാനത്തിന്റെ എതിര്‍ വിഭാഗം ആയുധമാക്കുകയും ചെയ്യുന്നത്.

ഓരോ പാര്‍ട്ടിക്കും വിപ്പുള്ളതിനാല്‍ പ്രത്യേകം ചീഫ് വിപ്പ് വേണ്ട. ദുര്‍ച്ചെലവു കുറയ്ക്കാനും ഇതു സഹായിക്കുമെന്ന് കാനം രാജേന്ദ്രന്‍ 2016 മേയ് 24ന് പറഞ്ഞതാണ് ഇപ്പോള്‍ മാധ്യമങ്ങള്‍ പുറത്ത് വിട്ടത്. മാത്രമല്ല, നേരത്തെ യു ഡി എഫ് സര്‍ക്കാര്‍ കാലത്തും പേര്‍സണല്‍ സ്റ്റാഫിന്റെ കാര്യത്തിലും മറ്റും ചീഫ് വിപ്പ് പദവിയെ കാനവും സിപിഐയും രൂക്ഷമായി വിമര്‍ശിച്ചിരുന്നു. കാബിനറ്റ് റാങ്കോടെയുള്ള അതേ ചീഫ് വിപ്പ് പദവി ഇപ്പോള്‍ ഏറ്റെടുക്കുന്നതില്‍ നാണമില്ലേ എന്നാണ് സി പി ഐയിലെ കാനം വിരുദ്ധ വിഭാഗം ചോദിക്കുന്നത്. ആ ചോദ്യത്തിന് മറുപടി നല്‍കാന്‍ കാനത്തിന് സാധിക്കുന്നില്ല.  എന്നാല്‍, ചീഫ് വിപ്പാകാന്‍ മോഹമുള്ള സി പി ഐ എം എല്‍ എമാര്‍ കാനത്തോടൊപ്പം നില്‍ക്കുകയാണ്. 

പ്രഥമ കേരളനിയമസഭ മുതല്‍ ചീഫ് വിപ്പുമാര്‍ ഉണ്ടായിരുന്നെങ്കിലും 1982ല്‍ ഡോ. കെ സി ജോസഫിനാണ് ആദ്യമായി കാബിനറ്റ് റാങ്ക് അനുവദിച്ചത്. 2001ലെ ആന്റണി സര്‍ക്കാര്‍ ചീഫ് വിപ്പിനെ പാര്‍ലമെന്ററികാര്യ മന്ത്രിയാക്കി. വിഎസ് സര്‍ക്കാരും അതു തുടര്‍ന്നുവെങ്കിലും ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് കേരള കോണ്‍ഗ്രസ് എം അധിക മന്ത്രിസ്ഥാനത്തിനായി വാശി പിടിച്ചതിനൊടുവിലാണു ജോര്‍ജിന് ആ പദവി കൊടുക്കുന്നത്.

കെ എം മാണിക്കെതിരായി നിരന്തരം വിമര്‍ശനം ഉന്നയിക്കുന്ന കാനം രാജേന്ദ്രന്‍ ചീഫ് വിപ്പ് വിഷയത്തിലും മാണിയെ പ്രതിരോധത്തിലാക്കിയിരുന്നു. എന്നാല്‍, ഇപ്പോള്‍ സ്വന്തം പാര്‍ട്ടിക്ക് ചീഫ് വിപ്പ് സ്ഥാനം ലഭിക്കുമെന്ന് കണ്ടപ്പോള്‍ പഴയ നിലപാടില്‍ നിന്ന് പിറകോട്ട് പോവുകയാണ്.  കാനം രാജേന്ദ്രനും സി പി ഐയും ഇപ്പോള്‍ ചീഫ് വിപ്പിന്റെ കാര്യത്തിലെടുത്ത നിലപാടിനോട് കേരള കോണ്‍ഗ്രസ് ഔദ്യോഗികമായി പ്രതികരിക്കാന്‍ തയ്യാറായില്ല. സി പി ഐ ആദര്‍ശം അട്ടത്തിട്ട് അധികാരത്തിന് പിറകെ പോവുകയാണെന്ന് മുതിര്‍ന്ന കേരള കോണ്‍ഗ്രസ് നേതാവ് പേര് വെളിപ്പെടുത്തരുതെന്ന് പറഞ്ഞുകൊണ്ട് അഭിപ്രായപ്പെട്ടു. കാനം രാജേന്ദ്രന്റെ ആദര്‍ശ പാപ്പരത്തമാണ് ചീഫ് വിപ്പ് സ്ഥാനം സി പി ഐ ഏറ്റെടുക്കുമ്പോള്‍ ജനങ്ങള്‍ക്ക് മനസിലാവുക എന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

14-Aug-2018