കേരളത്തിന്റെ ആവശ്യങ്ങളെയും താൽപര്യങ്ങളെയും അശേഷം പരിഗണിക്കാത്ത കേന്ദ്രബജറ്റ് : മുഖ്യമന്ത്രി
അഡ്മിൻ
കേരളത്തിന്റെ ആവശ്യങ്ങളെയും താൽപര്യങ്ങളെയും അശേഷം പരിഗണിക്കാത്ത വിധത്തിലാണ് കേന്ദ്രം ബജറ്റ് രൂപപ്പെടുത്തിയിട്ടുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആഭ്യന്തര റബ്ബർ കൃഷിയെ പരിരക്ഷിക്കണമെന്ന ആവശ്യം പരിഗണിക്കാതെ റബ്ബർ ഉൾപ്പെടെയുള്ളവയുടെ ഇറക്കുമതിച്ചുങ്കം ഉയർത്തി. കേരളത്തിന്റെ നെൽ കൃഷി, കേരകൃഷി, സുഗന്ധവ്യഞ്ജന കൃഷി തുടങ്ങിവയ്ക്ക് പ്രത്യേക പരിഗണന നൽകിയില്ലായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എയിംസ് പോലുള്ള പുതിയ സ്ഥാപനങ്ങളില്ല, പുതിയ തീവണ്ടികളില്ല, റെയിൽ സർവ്വേകളില്ല, ശബരിപാതയില്ല, പാത ഇരട്ടിപ്പിക്കലുകളുമില്ല ഇത്തരത്തിലുള്ള കേരളത്തിന്റെ ന്യായമായ ആവശ്യങ്ങളൊന്നും ബജറ്റിൽ പരിഗണിച്ചിട്ടില്ലായെന്നും മുഖ്യമന്ത്രി വിമർശിച്ചു.
2047 ൽ ഇന്ത്യയെ വികസിത രാഷ്ട്രമാക്കി മാറ്റുമെന്നു പറയുന്ന ബജറ്റിൽ ഏത് തരത്തിൽ സംസ്ഥാനങ്ങളെ ശാക്തീകരിക്കണമെന്ന അടിസ്ഥാന തത്വം തന്നെ മറന്നിരിക്കുന്നുവെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. സംസ്ഥാന താൽപര്യങ്ങളെ മാനിക്കാത്തതും അസന്തുലിതാവസ്ഥ വർദ്ധിപ്പിക്കുന്നതും പണപ്പെരുപ്പം ശക്തിപ്പെടുത്തുന്നതും ജനങ്ങളെ പാപ്പരീകരിക്കുന്നതുമാണ് ബജറ്റും അതിലെ സാമ്പത്തിക സമീപനങ്ങളുമെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
ബജറ്റിൽ സംസ്ഥാനങ്ങളുടെ കടമെടുപ്പു പരിധി വർദ്ധിപ്പിക്കണമെന്നതടക്കമുള്ള ആവശ്യങ്ങൾ അംഗീകരിക്കുന്നില്ല. മൂലധന ചെലവുകൾക്കായി സംസ്ഥാനങ്ങൾക്കു പൊതുവിൽ ലഭ്യമാക്കുന്ന വായ്പയുടെ അളവ് കുറയ്ക്കുകയും ചെയ്തിരിക്കുന്നുവെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. കഴിഞ്ഞ വർഷത്തെ നീക്കിവെപ്പിൽ കുറച്ചു മാത്രമേ പല മേഖലകളിലും കേന്ദ്ര സർക്കാർ ചെലവഴിച്ചിട്ടുള്ളു എന്ന് വ്യക്തമാക്കുന്നതാണ് റിവൈസ്ഡ് ബജറ്റ് എസ്റ്റിമേറ്റ്സ് എന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.