കേരളം ഒറ്റക്കെട്ടായി കാഴ്ചവെച്ചത് സമാനതകളില്ലാത്ത രക്ഷാ പ്രവര്‍ത്തനം : മുഖ്യമന്ത്രി
അഡ്മിൻ
തിരുവനന്തപുരം : സമാനതകളില്ലാത്ത രക്ഷാ പ്രവര്‍ത്തനമാണ് മഴക്കെടുതിയെ നേരിടാന്‍ സംസ്ഥാനം കാഴ്ചവെച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. മന്ത്രിസഭാ യോഗത്തിനുശേഷം തിരുവനന്തപുരത്ത് മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷ നേതാവടക്കമുള്ള സംഘമാണ് മഴക്കെടുതി നേരിട്ട പ്രദേശങ്ങള്‍ സന്ദര്‍ശിക്കുകയും കേന്ദ്രമന്ത്രിയുമായി ചര്‍ച്ച നടത്തുകയും ചെയ്തത്. ഗവര്‍ണര്‍ നല്കിയ സംഭാവനയും മാതൃകാപരമാണ്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഒന്നുച്ചുനില്ക്കാനാകും എന്ന സന്ദേശം ഇതിനാല്‍ നല്‍കാനായെന്നും അദ്ദേഹം പറഞ്ഞു.
സമാനതകളില്ലാത്ത ദുരന്തമാണ് നേരിടേണ്ടി വന്നത്. അസാധാരണമാം വിധം ഗുരുതരമാണ് കേരളത്തിലെ സ്ഥിതിയെന്ന് കേന്ദ്രമന്ത്രി രാജ്നാഥ് സിംഗ് പ്രളയ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം വാര്‍ത്താ മാധ്യമങ്ങളെ അറിയിച്ചെന്നും പിണറായി മാധ്യമങ്ങളോട് വ്യക്തമാക്കി. പ്രാഥമികമായ വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ് 1220 കോടി കേന്ദ്രത്തോട് ചോദിച്ചത്. 38 പേര് ഇതുവരെ മരിച്ചു. നാലുപേരെ കാണാതായി. 10000 കിലോമീറ്റര്‍ റോഡുനശിച്ചു. 20,000 വീടുകള്‍ പൂര്‍ണമായും തകര്‍ന്നു.
സംസ്ഥാന ചരിത്രത്തില്‍ ആദ്യമായാണ് 27 ഡാമുകള്‍ തുറക്കേണ്ടിവന്നത്. കുടിവെള്ള പ്രശ്നവും ജലസംഭരണികള്‍ മലിനമാകുന്നതുമായ പ്രശ്നങ്ങള്‍ ഉണ്ടായിട്ടുണ്ട്. രണ്ടാംഘട്ട പ്രളയക്കെടുതി നേരിട്ട് ദൂരിതാശ്വാസ ക്യാമ്പിലെത്തിച്ചേര്‍ന്ന 60,000ത്തോളം പേരില്‍ 30,000ത്തോളം പേര് ഇപ്പോഴും ക്യാമ്പുകളെ ആശ്രയിച്ചാണ് കഴിയുന്നത്. ദുരിതാശ്വാസ ക്യാമ്പിലെ മുഴുവന്‍ സജ്ജീകരണങ്ങളും പരാതിയില്ലാതെ തന്നെ പ്രവര്‍ത്തിച്ചുപോരുന്നുണ്ട്.
വെള്ളമിറങ്ങിയാല്‍ മാത്രമേ കൃത്യമായ നഷ്ടം കണക്കാക്കാനാകു. അതിനാല്‍ വീണ്ടും കേന്ദ്രസംഘത്തെ അയക്കണമെന്ന ആവശ്യം മുന്നോട്ടുവച്ചിട്ടുണ്ട്. ദേശീയ ദുരന്തനിവാരണ ഫണ്ടിന്റെ മാര്‍ഗരേഖയിലെ പരിമിതി കണക്കിലെടുത്ത് നഷ്ടത്തിന്റെ തീവ്രതയ്ക്കും വ്യാപ്തിക്കും അനുസൃതമായി നഷ്ടപരിഹാരം നല്‍കേണ്ടതുണ്ട് എന്ന ആവശ്യം ഉന്നയിച്ചിട്ടുണ്ട്. അയല്‍ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും എല്ലാ പിന്തുണയും നല്കുകയുണ്ടായി. സംസ്ഥാനത്തിനകത്തുള്ള മുഴുവന്‍ വ്യക്തികളും സംഘടനകളും ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ സഹായിക്കാന്‍ തയ്യാറായി മുന്നോട്ടുവന്നിട്ടുണ്ട്. ഐടി കമ്പനികളും ദുരിതത്തിന് സഹായം നല്കി. ആഘോഷങ്ങള്‍ക്ക് കരുതിവച്ച തുക ദുരിതാശ്വാസത്തിന് നല്കിയവര്, കമ്പിളി പുതപ്പ് നല്കിയ ഇതര സംസ്ഥാനക്കാരന്, ആദ്യ ശമ്പളം നല്കിയവര്, കുട്ടികള്‍ അങ്ങനെ എല്ലാവരും തങ്ങള്‍ക്ക് കഴിയാവുന്ന വിധത്തില്‍ സഹായം നല്കി.
പ്രളയത്തിന്റെ തീവ്രത കണക്കിലെടുത്ത് നേരത്തെ പ്രഖ്യാപിച്ച 193 വില്ലേജുകള്‍ക്കു പുറമെ, 251 വില്ലേജുകള്‍ കൂടി പ്രളയബാധിത പ്രദേശമായി പ്രഖ്യാപിക്കാന്‍ തീരുമാനിച്ചു. രണ്ട് ദിവസത്തിലധികം വെള്ളം കെട്ടിനില്ക്കുകയും വീട് ആവാസയോഗ്യമല്ലാതാവുകയും ചെയ്ത ഓരോ കുടുംബത്തിനും ആശ്വാസസഹായമായി പതിനായിരം രൂപ നല്‍കും. പൂര്‍ണമായി തകര്‍ന്നതോ പൂര്‍ണമായി വാസയോഗ്യമല്ലാതാകുകയോ ചെയ്ത വീടിന് ഒന്നിന് 4 ലക്ഷം രൂപ നല്‍കും. വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക് മൂന്ന് മുതല്‍ അഞ്ച് സെന്റ് വരെ സ്ഥലം വാങ്ങുന്നതിനായി മാനദണ്ഡപ്രകാരം പരമാവധി ആറുലക്ഷം രൂപ വരെ നല്‍കും. വീടുവയ്ക്കുന്നതിന് നാലുലക്ഷവും സ്ഥലം വാങ്ങുന്നതിന് ആറുലക്ഷവും ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
സര്‍ക്കാര്‍ പൊതുമേഖല ജീവനക്കാരുടെ രണ്ട് ദിവസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നല്‍കണമെന്ന് എല്ലാ ജീവനക്കാരോടും ഈ ഘട്ടത്തില്‍ അഭ്യര്‍ഥിക്കുകയാണ്. പൊതുമേഖല സ്ഥാപനങ്ങളും സഹകരണ സ്ഥാപനങ്ങളും ഇവരുടെ സിഎസ്ആര്‍, പൊതുനന്മ ഫണ്ടുകള്‍ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നല്‍കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു. സംഭാവനകള്‍ കൈമാറി നല്‍കുന്നതിന് പൊതുമേഖല സഹകരണ ബാങ്കുകള്‍ ഈടാക്കുന്ന കമ്മീഷനുകളും എക്സ്ചേഞ്ച് ചാര്‍ജുകളും ഒഴിവാക്കണമെന്ന് സംസ്ഥാന ബാങ്കിംഗ് സമിതിയോട് ആവശ്യപ്പെടും.
ദുരിതബാധിതര്‍ക്ക് സര്‍ക്കാര്‍ നല്കുന്ന തുക ബാങ്ക് അക്കൗണ്ടുകളിലേക്ക് നിക്ഷേപിക്കുമ്പോള്‍ അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് സൂക്ഷിക്കണമെന്ന നിബന്ധന ഒഴിവാക്കണമെന്ന് ബാങ്കുകളോട് ആവശ്യപ്പെടും. ബാങ്കുകള്‍ പാവപ്പെട്ടവരെ കൂടുതല്‍ ദരിദ്രരാക്കുന്ന പ്രവര്‍ത്തനമാണ് കാണിക്കുന്നത്. ഇത് അംഗീകരിക്കാനാകില്ല.
നഷ്ടപ്പെട്ട രേഖകള്‍ നല്‍കുന്നതിന് ഒരുകാലതാമസവും വരരുത് എന്നാണ് കരുതുന്നത്. സമയബന്ധിതമായി തന്നെ എല്ലാം നല്‍കണമെന്ന് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നു. ഇതിനായി അദാലത്തുകള്‍ സംഘടിപ്പിക്കും. ഫീസ് കൂടാതെ പുതിയ രേഖകള്‍ അനുവദിക്കുന്നതിന് വരുന്ന സെപ്റ്റംബര്‍ 30 വരെ സമയം അനുവദിക്കും. സെപ്റ്റംബര്‍ മൂന്ന് മുതല്‍ 15 വരെയുള്ള തീയതികളില്‍ പ്രത്യേക അദാലത്തുകള്‍ നടത്തും. രേഖകള്‍ക്കുള്ള അപേക്ഷകള്‍ അക്ഷയ കേന്ദ്രം സൗജന്യമായി സ്വീകരിക്കേണ്ടതാണ്. ആ ഫീസ് സര്‍ക്കാര്‍ നല്‍കും.
സമയബന്ധിതമായി തീരുമാനങ്ങള്‍ നടപ്പാക്കാന്‍ മന്ത്രിസഭ ഉപസമിതിയെ നിശ്ചയിച്ചിട്ടുണ്ട്. ഇ പി ജയരാജന്, മാത്യു ടി തോമസ്, രാമചന്ദ്രന് കടന്നപ്പിള്ളി , ഇ ചന്ദ്രശേഖരന്, എ കെ ശശീന്ദ്രന് എന്നിവരാണ് അംഗങ്ങള്‍. സര്‍ക്കാറിന്റെ നേതൃത്വത്തില്‍ നടത്താറുള്ള ഓണാഘോഷ പരിപാടി ഒഴിവാക്കും. ഇതിനായി വകുപ്പുകള്‍ക്ക് ലഭ്യമാക്കിയ തുക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
പത്ര സമ്മേളനത്തില്‍ പങ്കാളികളായ മാധ്യമ പ്രവര്‍ത്തകരും മാധ്യമങ്ങളും കഴിയുന്നവിധത്തില്‍ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു. ചില മാധ്യമങ്ങള്‍ സ്വന്തം നിലയില്‍ ധനസമാഹരണം നടത്തുന്നുണ്ട്. അത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിവഴി അശരണരിലേക്ക് എത്തിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
14-Aug-2018
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ