അടങ്ങാതെ, അവസാനിക്കാതെ പ്രളയമഴ

ഇടുക്കി: സംസ്ഥാനത്തിന്റെ വിഴിധ ഭാഗങ്ങളില്‍ കനത്ത മഴയും കാറ്റും തുടരുകയാണ്. ബാണാസുര ഡാം വൃഷ്ടി പ്രദേശത്ത് വീണ്ടും കനത്ത മഴ പെയ്യുന്നു. ജലനിരപ്പ് ഉയര്‍ന്ന പശ്ചാത്തലത്തില്‍ ഷട്ടറുകള്‍ ഉച്ചക്ക് രണ്ടരയോടു കൂടി 30. സെ.മീ കൂടി ഉയര്‍ത്തി. ഇപ്പോള്‍ 210 സെ.മീ ഉയര്‍ത്തിയ നിലയിലാണ് ഷട്ടറുകളുള്ളത്. പരിസരവാസികള്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങള്‍ ഇപ്പോള്‍ തന്നെ വെള്ളത്തിനടിയിലാണ്. കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ പമ്പ നദിയിലെ ജലനിരപ്പ് ഉയരുന്നുകൊണ്ടിരിക്കുകയാണ്. ശബരിഗിരി പദ്ധതിയുടെ വ്യഷ്ടി പ്രദേശത്ത് കനത്ത മഴ പെയ്യുന്നതിനെ തുടന്‍ന്ന് പമ്പയിലേക്കുള്ള നീരൊഴുക്ക് വര്‍ദ്ധിച്ചു.

കനത്തമഴയില്‍ ജലനിരപ്പുയരുന്നതിനാല്‍ ചുള്ളിയാര്‍, വാളയാര്‍ ഡാമുകള്‍ ഏത് നിമിഷവും തുറക്കുമെന്നും മലമ്പുഴ ഡാം ഷട്ടറുകള്‍ ഉച്ചയ്ക്ക് ഒരു മണിയോടെ നിലവിലുളളതില്‍ നിന്ന് ആറ് സെന്റീമീറ്റര്‍ ഉയര്‍ത്തുമെന്നും ബന്ധപ്പെട്ട എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍മാര്‍ അറിയിച്ചിട്ടുണ്ട്. മംഗലം, അയിലൂര്‍, ഗായത്രി, മുക്കം, കല്‍പ്പാത്തി, ഭാരതപുഴ, വാളയാര്‍ പുഴ തീരത്തുളളവര്‍ അതീവജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ തുറന്ന ഷട്ടറുകള്‍ ഏഴ് അടി കൂടി ഉയര്‍ത്താന്‍ സാധ്യതയുള്ളതിനാല്‍ ചാലക്കുടി പുഴയുടെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ ടി വി അനുപമ അറിയിച്ചു. ഇതിനിടെ, വയനാട്ടിലെ പൊഴുതനകുറിച്യര്‍ മലയില്‍ വീണ്ടും ഉരുള്‍ പൊട്ടല്‍ ഉണ്ടായിട്ടുണ്ട്. അല്‍പ്പം മുന്‍പാണ് കുറിച്യര്‍ മലയില്‍ ഉരുള്‍പൊട്ടിയത് കഴിഞ്ഞ ദിവസങ്ങില്‍ ഉരുള്‍ പൊട്ടിയ സ്ഥലത്തോട് ചേര്‍ന്നാണ് ഉരുള്‍ പൊട്ടിയത് ആളപായം ഇല്ലന്നാണ് പ്രാഥമിക വിവരം.

കക്കയം ഡാമിന്റെ വൃഷ്ടി പ്രദേശത്ത് മഴ വളരെ ശക്തമായതിനാല്‍ കൂടുതല്‍ വെള്ളം തുറന്നു വിടാന്‍ സാധ്യതയുണ്ടെന്നും പുഴയുടെ ഇരുകരകളിലും താമസിക്കുന്നവരും പരിസരവാസികളും ജാഗ്രത പാലിക്കണമെന്നും കക്കയം ഡാം സേഫ്റ്റി എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. വാളയാര്‍ ഡാമിന്റെ മൂന്ന്  ഷട്ടറുകള്‍ അഞ്ചു സെന്റിമീറ്റര്‍ വീതം ഉടനെ തുറക്കുന്നതാണെന്നു എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

തമിഴ്‌നാട് ബോര്‍ഡര്‍ മൂവന്തന്‍പതിയില്‍ നിന്നും ചുണ്ണാമ്പുക്കല്‍ തോട്,  കുഴിയന്‍കാട്, പാമ്പുപാറ, ലക്ഷംവീട്, കോഴിപ്പാറ, പൂളപ്പാറ, പാമ്പാന്‍പള്ളം, കഞ്ചിക്കോട്, സത്രപ്പടി, കൈലാസ്‌നഗര്‍, കൊട്ടേക്കാട്ആനപ്പാറ  പടലിക്കാട്, കടുക്കാംകുന്ന് മുക്കൈ, ജൈനിമേട്, കല്പാത്തി, പറളിയിലൂടെ ഭാരതപ്പുഴയില്‍ വെള്ളം എത്തിച്ചേരും. പ്രദേശവാസികള്‍ അതീവജാഗ്രത പാലിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കോഴിക്കോട്ടെ കൂടരഞ്ഞി നായാടം പൊയിലില്‍ ഉരുള്‍പൊട്ടി. വനമേഖലയിലാണ് ഉരുള്‍പൊട്ടിയത്.  കണ്ണൂര്‍ കൊട്ടിയൂരിലും വീണ്ടും ഉരുള്‍പ്പൊട്ടി. കൊട്ടിയൂര്‍ ചപ്പമലയിലാണ് ഉരുള്‍പ്പൊട്ടിയത്.  കനത്ത മഴയില്‍ മരം വീണ് കൊട്ടിയൂര്‍ ക്ഷേത്രത്തിന്റെ വഴിപാട് കൗണ്ടര്‍ തകര്‍ന്നു. ബാവലിപ്പുഴയും ചീങ്കണ്ണിപ്പുഴയും കരകവിഞ്ഞൊഴുകുകയാണ്.

മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 137.3 അടിയിലേക്ക് ഉയര്‍ന്നു. രാവിലെ 11 മുതല്‍ 12 വരെ സെക്കന്‍ഡില്‍ അണക്കെട്ടിലേക്ക് 15,000 ഘനയടി വെള്ളമാണ് ഒഴുകിയെത്തിയിരുന്നത്. നാല് മണിയോടെ സെക്കന്‍ഡില്‍ കാല്‍ ലക്ഷം ആയി ഉയര്‍ന്നിട്ടുണ്ട്. തമിഴ്‌നാടിന് കൊണ്ടുപോകാവുന്ന പരമാവധി വെള്ളം സെക്കന്‍സില്‍ 2400  ഘനയടിയാണ്. അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് കനത്ത മഴ തുടരുകയാണ്. ഇടവിട്ട് ശക്തിയായ കാറ്റും വീശുന്നുണ്ട്. പ്രദേശത്ത്   ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.  



14-Aug-2018