മുല്ലപ്പെരിയാര്‍ ഡാം തുറന്നു
അഡ്മിൻ
ഇടുക്കി : ജലനിരപ്പ് 140 അടി ഉയര്‍ന്നതോടെ മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു. 10 ഷട്ടറുകള്‍ 1 അടി വീതം തുറന്ന് 4500 ക്യൂസെക്സ് വെള്ളം ഒഴുക്കുന്നു. നീരൊഴുക്ക് 23200 ക്യുസെക്സ് ആണ്. ഇവിടെ നിന്നുള്ള വെള്ളം വണ്ടിപ്പെരിയാര്‍ ചപ്പാത്തുവഴി ഇടുക്കി അണക്കെട്ടിലെത്തും. മുല്ലപ്പെരിയാറിന്റെ തീരത്തുനിന്ന് 1250 കുടുംബങ്ങളെ ഒഴിപ്പിക്കുന്ന നടപടി ആരംഭിച്ചു. ദുരിതാശ്വാസ കമ്മിഷണറുടെ ജാഗ്രതാ നിര്‍ദേശം പെരിയാര്‍ തീരവാസികളെ അറിയിച്ചത് രാത്രി എട്ടോടെയാണ്. തിടുക്കത്തിലുള്ള പ്രഖ്യാപനംമൂലം ആവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കാനോ ദുരിതാശ്വാസ ക്യാമ്പുകള്‍ സജ്ജീകരിക്കാനോ ആവശ്യമായ സമയം ലഭിച്ചില്ലെന്ന് ആക്ഷേപമുണ്ട്.
ജലനിരപ്പ് 140 അടിയായതോടെയാണ് മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നത്. ബുധനാഴ്ച പുലര്‍ച്ചെ 2.35ന് ഡാമിലെ ജലനിരപ്പ് 140 അടിയായതിനു പിന്നാലെയാണ് സ്പില്‍വേ ഷട്ടറുകള്‍ ഉയര്‍ത്തി ഡാം തമിഴ്നാട് തുറന്നുവിട്ടത്. സ്പില്‍വേയിലെ 13 ഷട്ടറുകള്‍ ഒരടി വീതമാണ് ആദ്യം തുറന്നത്. രണ്ടു മണിക്കൂറിനു ശേഷം ഇതില്‍ മൂന്നു ഷട്ടറുകള്‍ അടച്ചു. 15 ന് പുലര്‍ച്ചെ 1.30 നുള്ള കണക്കുകള്‍ പ്രകാരം ജലനിരപ്പ് 139.70 അടിയായിരുന്നു. ജലം തുറന്നുവിട്ടിട്ടും പുലര്‍ച്ചെ മൂന്നു മണിക്കുള്ള കണക്കുകള്‍ പ്രകാരം ഡാമിലെ ജലനിരപ്പ് 140.10 അടിയായി. പുലര്‍ച്ചെ 3.30 ന് ഇത് 140.15 അടിയായും പുലര്‍ച്ചെ നാലിന് 140.25 അടിയായും ഉയര്‍ന്നു. രാവിലെ അഞ്ചരയ്ക്കുള്ള കണക്കുകള്‍ പ്രകാരം ഇത് 140.55 അടിയായി. സ്പില്‍വേ ഷട്ടറുകള്‍ തുറന്നിട്ടിട്ടും ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ മണിക്കൂറുകളായി തുടരുന്ന മഴയിലെ നീരൊഴുക്കാണ് ജലനിരപ്പ് ഉയരാന്‍ ഇടയാക്കുന്നത്. സ്പില്‍വേ ഷട്ടറുകള്‍ തുറക്കുന്നതിനു മുന്നോടിയായി രാത്രിയേറെ വൈകി തമിഴ്നാട് രണ്ടാമത്തെ മുന്നറിയിപ്പു നല്‍കിയിരുന്നു.
നീരൊഴുക്ക് വര്‍ധിക്കുന്നതിനാല്‍ സ്പില്‍വേ ഷട്ടറുകള്‍ ഉയര്‍ത്തി കൂടുതല്‍ ജലം പുറത്തേക്ക് ഒഴുക്കിവിടാന്‍ സാധ്യതയുണ്ടെന്ന് തമിഴ്നാട് ദുരിതാശ്വാസ കമ്മിഷണര്‍ അറിയിച്ചതായി ചീഫ് സെക്രട്ടറി ടോം ജോസ് ചൊവ്വാഴ്ച രാത്രി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചിരുന്നു. ചെറുതോണിയില്‍ നിന്നു വര്‍ധിച്ച അളവില്‍ ജലം പുറത്തേക്ക് ഒഴുക്കി വിടുവാന്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി തീരുമാനിച്ചിട്ടുണ്ടെന്നും ചീഫ് സെക്രട്ടറി അറിയിച്ചു. എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളില്‍, പെരിയാര്‍ തീരത്ത് വസിക്കുന്നവര്‍ ജില്ലാ കലക്ടര്‍മാര്‍ ആവശ്യപ്പെടുന്ന സമയത്ത് ക്യാംപുകളിലേക്ക് ഒഴിഞ്ഞുപോകണമെന്നും പൊതുജനങ്ങള്‍ സര്‍ക്കാര്‍ സംവിധാനങ്ങളുമായി പൂര്‍ണമായും സഹകരിക്കണമെന്നും ചീഫ് സെക്രട്ടറി അഭ്യര്‍ഥിച്ചു.
ജലനിരപ്പു കൂടുന്ന സാഹചര്യത്തില്‍ രാത്രി ഒന്‍പതിനുശേഷം മുല്ലപ്പെരിയാര്‍ ഡാമിന്റെ ഷട്ടറുകള്‍ തുറന്നു വിട്ടു നിയന്ത്രിതമായ അളവില്‍ ജലം പുറത്തേക്ക് ഒഴുക്കുന്നതിനുള്ള സാധ്യത ഉണ്ടെന്ന് ഇടുക്കി ജില്ലാ കലക്ടര്‍ ജീവന് ബാബു അറിയിച്ചിരുന്നു. സുരക്ഷ മുന്‍നിര്‍ത്തി മുല്ലപ്പെരിയാറിന്റെ ഇരുകരകളിലും താമസിക്കുന്നവര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും സുരക്ഷിത സ്ഥാനങ്ങളിലേക്ക് ഒന്പതിനു മുന്‍പായി മാറി താമസിക്കണമെന്നും കലക്ടര്‍ നിര്‍ദേശിച്ചു. കഴിഞ്ഞ വര്‍ഷം നവംബര്‍ 30 ന് ഒറ്റരാത്രികൊണ്ട് ആറര അടി വെള്ളം ഉയര്‍ന്ന അണക്കെട്ടാണു മുല്ലപ്പെരിയാര്‍. ജലം നിറഞ്ഞുകിടക്കുന്ന വിസ്തൃതമായ പ്രദേശം കുറവായതിനാല്‍ ഒഴുകിയെത്തുന്ന വെള്ളം പെട്ടെന്നു കവിയുന്ന സ്വഭാവമാണ് ഡാമിനുള്ളത്.
അണക്കെട്ടില്‍ നിന്നുള്ള വെള്ളം വണ്ടിപ്പെരിയാര്‍ ചപ്പാത്തുവഴി ഇടുക്കി അണക്കെട്ടിലേക്ക് എത്തും. ഇതിനിടെ മുല്ലപ്പെരിയാറിന്റെ തീരത്തുനിന്ന് കുടുംബങ്ങളെ ഒഴിപ്പിക്കുന്ന നടപടി പൂര്‍ത്തിയായെന്ന് കലക്ടര്‍ അറിയിച്ചതായി മന്ത്രി എം എം മണി പറഞ്ഞു. നാലായിരത്തോളം പേരെയാണ് ക്യാംപുകളിലേക്കു മാറ്റുന്നത്. ചപ്പാത്തില്‍ നിന്ന് ശാന്തിപ്പാലം വഴി ചെങ്കരയിലേക്കുള്ള ഗതാഗതം നിരോധിച്ചു. അതേസമയം സ്ഥിതി വിലയിരുത്താന്‍ മുല്ലപ്പെരിയാര്‍ സമിതി ബുധനാഴ്ച ഡാമിലെത്തും.
ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന് സെന്റര്‍ നമ്പറുകള്‍.
എറണാകുളം 04842423513, മൊബൈല്‍: 7902200300, 7902200400
ഇടുക്കി 04862233111, മൊബൈല്‍: 9061566111, 9383463036
തൃശൂര്‍ 04872362424, മൊബൈല്‍: 9447074424
15-Aug-2018
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ