നെടുമ്പാശ്ശേരി വിമാനത്താവളം ഉച്ചവരെ പ്രവര്‍ത്തനം നിര്‍ത്തി

എറണാകുളം : കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം ഉച്ചയ്ക്ക് രണ്ടു മണി വരെ നിര്‍ത്തിവെച്ചു. വിമാനത്താവളത്തിന്റെ ഓപ്പറേഷന്‍സ് ഏരിയയില്‍ അടക്കം വെള്ളം കയറിയതിനെത്തുടര്‍ന്നാണ് വിമാനത്താവളം താത്ക്കാലികമായി അടച്ചത്. ബുധനാഴ്ച പുലര്‍ച്ചെ നാല് മുതല്‍ രാവിലെ ഏഴു വരെ വിമാനങ്ങള്‍ ഇറങ്ങുന്നതിനായിരുന്നു ആദ്യ ഘട്ടത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ വെള്ളം കയറുന്നത് നിയന്ത്രണാതീതമായതോടെ ഉച്ചയ്ക്ക് രണ്ടു മണിവരെ വിമാനത്താവളം താത്ക്കാലികമായി അടയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു.

വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം താത്ക്കാലികമായി നിര്‍ത്തിവെച്ചതിനാല്‍ എയര്‍ ഇന്ത്യാ എക്‌സ്പ്രസിന്റെ എല്ലാ സര്‍വീസുകളും തിരുവനന്തപുരത്ത് നിന്ന് നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു. എയര്‍ഇന്ത്യ ജിദ്ദ മുംബൈയിലേക്കും ജെറ്റ് ദോഹ ബംഗളൂരുവിലേക്കും ഇന്‍ഡിഗോ ദുബായ് ബംഗളൂരുവിലേക്കും വഴി തിരിച്ചുവിട്ടു.

നെടുമ്പാശ്ശേരി വിമാനത്താവളം കണ്‍ട്രോള്‍ റൂം നമ്പറുകള്‍: 0484 3053500, 2610094

15-Aug-2018